Sunday, December 5, 2010

മനക്കണ്ണില്‍ പതിയിരിപ്പുള്ളൊരപരന്‍

"സാറേ, ഇതിന്റുള്ളീലൊര്‌ പരസ്യോണ്ട്‌. ജൂറോങ്ങില്‌ ഏട്യോ ഉള്ള ഓയല്‌ കമ്പനീന്റെതാന്നാ കടലാസ്‌ തന്നാള്‌ പറഞ്ഞിരിക്ക്ന്നേ. ഓര്‍ക്ക്‌ ആബിശ്യം ഡിറില്ലമറ്‌ത്താന്‍‍ ശഹായത്തിന്‌ ബേണ്ട്ന്നെ ആളാ..."
സെപ്റ്റെംബര്‍ ഇരുപത്തി നാലാം തീയ്യതിയത്തെ സിങ്കപ്പൂര്‍ സ്ട്രേറ്റ്‌ ടൈംസിന്റെ ഒരു നനഞ്ഞ താള്‌ നീട്ടിക്കൊണ്ടുള്ള മരക്കാറുടെ അഭ്യര്‍ത്ഥന.
"ഒന്ന്‌ ഏട്യാത്‌ കൊടുത്തേന്ന്‌ കണ്ടൂടിച്ച്‌ കാണണ്ടെ ആള്‍ടെ മേലിലാസം കുറിച്ച്യന്നെങ്കില്‌ ബെല്ലിയൊര്‌ ഒപകാരേയ്നും..."

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു വര്‍ഷകാലത്തില്‍ കാറ്റത്തു പറന്നുപോയ മേലോട്ടിന്റെ വിടവില്‍കൂടി കാലവര്‍ഷം നടുവകത്തു ചോര്‍ന്നു വീണപ്പോള്‍ കട്ടപ്പുര വിട്ടോടിയ മരക്കാര്‍ നാടുനീളെ ചുറ്റിയടിച്ച്‌, ഒടുക്കം, ഈയൊരു നിമിഷത്തില്‍ ഇതാ തന്റെ മുമ്പില്‍...

ഒരു മുന്നറിയിപ്പും തരാതെ പെട്ടെന്ന്‌ പെയ്ത്‌ പോകാറുള്ള സിങ്കപ്പൂരിലെ മഴയത്ത്‌ നനഞ്ഞ കുപ്പായക്കീശയില്‍ തിരുകിയ വര്‍ത്തമാനപത്രത്തിന്റെ പരസ്യങ്ങള്‍ അച്ചടിച്ച താളുമായി 'താമന്‍ജൂറോങ്ങ്‌'ലെ രണ്ടാം നമ്പര്‍ മാര്‍ക്കറ്റില്‍ നാലാം നമ്പര്‍ ചായക്കടയിലേക്ക്‌ മരക്കാര്‍ കയറിവന്നപ്പോള്‍, രണ്ടു കേരളീയര്‍ തമ്മിലൊരു അഭിമുഖത്തിന്നിട...

"പന്നാസ്‌, പന്നാസ്‌, മാറിക്കോളീ..." ഹോട്ടല്‍പരിചാരകനായ അസ്സനാറിന്റെ കയ്യില്‍കൂടി ചൂടുള്ള മൂന്ന്‌ പത്തിരിയും പൊരിച്ചെടുത്ത കോഴിയുടെ മൊരിഞ്ഞ തുടയും പ്രത്യക്ഷപ്പെടുന്നു.

"ഞമ്മള്‌ നോക്ക്യാല്‌ പിടുത്തം കിട്ടീന്ന്‌വരൂലാ. കിട്ടീന്ന്‌ വെച്ചാത്തെന്നെ കണ്ണീക്കുടുങ്ങീന്നും വരൂലാ. കണ്ണിന്‌ ഇച്ചിരി മാശിയാ. കായ്‌ച്ചക്ക്‌ള്ള കണ്ണാടി എട്ത്ത്‌ ബെച്ചിറ്റാ പിട്ത്തോള്ളെ സംഗതികള്‌ തെന്നെ വായിക്ക്ന്നേ..." തുടര്‍ന്ന്‌ പ്രത്യാശയുടെ കുമിളകള്‍ പതവെച്ചുയര്‍ന്ന ഒരു ചിരി. കൌതുകത്തോടെ ആ ചിരി നോക്കി ഇരുന്നു.

മുന്‍വരിപ്പല്ലുകള്‍ക്കിടയില്‍ രണ്ടെണ്ണത്തിന്റെ നഷ്ടം. മലപ്പുറത്തു നിന്നും പുറപ്പെട്ടതിനു ശേഷം കിതച്ചുകൊണ്ടോടി പിന്നിട്ട കവലകളില്‍ എവിടെയൊക്കെയോ ആ പല്ലുകള്‍ കൊഴിഞ്ഞു വീണു കാണും. നഷ്ടപ്പെട്ട ആ പല്ലുകള്‍ സൃഷ്ടിച്ച വലിയ വിടവിലൂടെ ചോരയുടെ തിളക്കമുള്ള യൌവനം കുറേയങ്ങ്‌ ചോര്‍ന്നുപോയിരിക്കുന്നു.

"മലേഷ്യന്‍ സെറ്റീസ്സനാ... അതോണ്ടുള്ള എടങ്ങാറാ. ഇബിഡെ ഒര്‌ പണികിട്ടാമ്പേണ്ടി പരക്കം പായണം. ന്നാലും ബേണ്ടില്ലാ, സിങ്കപ്പൂരിലെ ബെള്ളോം കൊര്‍ച്ച്‌ കുടിച്ച്വോക്കണോല്ലോ..." ഭാരതത്തിന്നു പുറത്ത്‌ ചാരിതാര്‍ത്ഥ്യത്തോടെ ഇങ്ങിനെ കണ്ടെത്താന്‍ കഴിഞ്ഞ ഈ കേരളീയന്‌ അയാള്‍ പിന്നിടേണ്ടിവന്ന ജീവിതസമരത്തിന്റെ അന്ത്യത്തില്‍ കയ്യിലടക്കാന്‍ കിട്ടി, ഒരു മലയേഷ്യന്‍ പൌരത്വം. അവിടെ കിട്ടാതിരുന്ന ഏതോ ഒരു സൌഭാഗ്യം അയാള്‍ക്ക്‌ ഒരുപക്ഷെ ഇവിടെ കിട്ടിക്കാണണം. ഏവര്‍ക്കും യാത്രയ്ക്കൊരു ലക്ഷ്‌യമുണ്ടല്ലോ. .

രണ്ടു വലിയ കുപ്പി കാള്‍സ്ബേര്‍ഗ്‌ ബിയറും ഒരു വമ്പന്‍ ഗ്ലാസും മുമ്പില്‍ വെച്ചുകൊണ്ട്‌ നില്‍ക്കുകയാണ്‌ ഒരു ചീനക്കാരി. കിട്ടാനുള്ള കാശ്‌ കയ്യില്‍ കിട്ടേണ്ട താമസം, പതിഞ്ഞ മൂക്കിന് ‍മുകളിലുള്ള ഇറുങ്ങിയ കണ്ണുകളില്‍ സംതൃപ്തിയുടെ ഒളി മിന്നിച്ചുകൊണ്ട്‌ സ്ത്രീ സ്ഥലം വിട്ടു. കോണ്‍ക്രീറ്റില്‍ വാര്‍ത്ത വട്ടമേശയുടെ മുകളിലെ മാര്‍ബിള്‍പ്പലകമേല്‍ ചീനക്കാരി വെച്ച ഗ്ലാസില്‍ നിറഞ്ഞു കവിഞ്ഞൊലിച്ച കാള്‍സ്ബേര്‍ഗ്‌ ബിയറിന്റെ നുര മരക്കാന്റെ വെളുത്ത ചിരിയെ അനുകരിക്കുന്നതായി തോന്നി.

"ഒഴിച്ചുതരാം, ഒരു ഗ്ലാസ്‌ കുടിക്കുന്നോ...?" ബിയറിന്റെ പകുതിയൊഴിഞ്ഞ കുപ്പി കയ്യിലെടുത്ത്‌ നീട്ടിക്കൊണ്ട്‌ ക്ഷണിച്ചപ്പോള്‍-

"ബേണ്ട സാറേ, അത്‌ ഞമ്മക്ക്‌ പറഞ്ഞേല്ല. ഞമ്മക്കത്‌ ഹറാമാ!..." ഒരു നല്ല ശീലം. മതം പഠിപ്പി ക്കുന്ന നല്ല പാഠങ്ങളിലൊന്ന്‌.
പുകവലിക്കരുതെന്ന്‌ മതം പഠിപ്പിച്ചില്ലായിരിക്കുമോ?
ആവാനിടയില്ല.
ഏതായാലും ഒന്ന്‌ തീര്‍ച്ചയാണ്‌. കടുത്ത ഒരു ജാവാ ചുരുട്ടിന്റെ കുറ്റിപോലും കളയാതെ പുക വലിച്ചു വലിച്ചുകയറ്റുമ്പോള്‍ മരക്കാര്‍ മറ്റെവിടെയൊക്കെയോ ചെന്നെത്തുകയാണെന്ന്‌ അയാളുടെ വിടരുന്ന മുഖം വിളിച്ചു പറയുന്നു. വലിച്ചൂതിക്കൊണ്ടിരിക്കുന്ന വെളുത്ത പുകച്ചുരുളുകളുടെ കനത്ത മറ കാറ്റത്തു നീങ്ങുമ്പോള്‍ അയാളുടെ കറുത്ത താടിപ്പരപ്പില്‍ ഒളിഞ്ഞിരിക്കാന്‍ പാടു പെടുന്ന വെളുത്ത രോമങ്ങള്‍ തെളിഞ്ഞു.
"ഈ ഹലാക്കിന്റെ ബലി ഞമ്മള്‌ ചെറുപ്പ്രായത്തിലേ ശീലിച്ചു പോയതാ എടങ്ങാറ്‌, സാറേ. അന്നൊക്കെ കള്ള ബലി ബലിച്ചിറ്റ്‌ ഇന്നിപ്പോ ഒയിക്കാമ്പറ്റാണ്ടായീന്ന്‌ ബെച്ചോളീ. ഈ ദുര്‍ഗ്ഗുണോ ക്കെ ഇബിലീസിന്റെ മാതിരി ബേളക്ക്‌ വന്നൊര്‌ പിട്ത്താ. പിന്നങ്ങട്‌ ഒയ്ച്ചലാക്കാന്ന്വെച്ചാ, ഹലാക്ക്‌, ബെല്‌യെ പാട്‌തെന്ന്യാ..."
ചോദിക്കാതെ തന്നെ മരക്കാര്‍ തന്റെ കുറ്റത്തിന്‌ കുര്‍ബാന ചൊല്ലുകയാണ്‌.

"അല്ലാ, സാറെപ്പറ്റി അറിഞ്ഞില്ലല്ലാ. സാറ്‌ സിങ്കപ്പൂര്‍ക്കാരനാ?"
മരക്കാര്‍ വെറുതേ നില്‍ക്കുന്ന മട്ടില്ല.
"അല്ല. ഇന്ത്യാക്കാരന്‍."
"അതല്ല ചോതിച്ചേന്റെ സാരം. അങ്ങനെ നോക്ക്യാല്‌ ഞമ്മളും ഇന്ത്യാ മലബാറി തെന്ന്യാണല്ലാ. എബ്ഡ്ത്തെ സെറ്റീസനാന്നാ അന്റെ ചോത്യം."
"ഇന്ത്യന്‍ സിറ്റിസണ്‍ തന്നെ."
"ഓ, അപ്പോ, കാണ്‍ട്രേറ്റില്‌ ബന്നതാവും."
"അതെ."
"ഏത്‌ കമ്പനിക്കാ, വന്നീക്കണേ...?"
"ജൂറോങ്ങിലൊരു കമ്പനി."
"ശമ്പളോക്കെ നല്ല പിടിപ്പത്ണ്ടാവൂന്ന്‌ നിരീക്കാ, ല്ലേ...?"
മുറത്തില്‍ കയറി കൊത്താന്‍ തുടങ്ങി, മരക്കാര്‍. ഒരു വര മുമ്പേ വരക്കേണ്ടിയിരുന്നു. മുമ്പിലിരുന്ന പത്തിരി ധൃതിയില്‍ തിന്നു തീര്‍ത്തു. കയ്യില്‍ കിടന്ന പത്രം നിവര്‍ത്തി ഒട്ടും വൈകാതെ മരക്കാര്‍ അടിച്ചേല്‍പ്പിച്ച വിഷയത്തിലേക്കു കടന്നു. കംപനിയുടെ പേരും കാണേണ്ട ആളുടെ പേരും ചെന്നു കാണേണ്ടുന്ന സമയവും ഏതെന്ന്‌ ഒരു തുണ്ടു കാടലാസില്‍ മലയാളത്തി ല്‍ കുറിച്ചു കൊടുത്ത ശേഷം മരക്കാര്‍ എന്ന കക്ഷിയെ ഉടനെ ഒഴിവാക്കാന്‍ ശ്രമിച്ചു.
പുറത്ത്‌, താനിങ്ങോട്ടു വരുമ്പോള്‍ കണ്ട നീലാകാശത്തില്‍ ഏതോ അദൃശ്യകരങ്ങള്‍ കുറേക്കൂടി കരി വാരിത്തേച്ചുകഴിഞ്ഞിരുന്നു. മഴ ചൊരിഞ്ഞു. തകര്‍പ്പന്‍ മഴയുടെ ശക്തി കൂടിയും കുറഞ്ഞും കൊണ്ടിരുന്നു.

അറുപതു കിലോമീറ്റര്‍ വേഗതയില്‍ ഓടുകയായിരുന്ന വെള്ള ഫോര്‍ഡ്‌ കോര്‍ട്ടിനയുടെ സ്റ്റിയറിംഗ്‌ വീലില്‍ മുറുകെ പിടിച്ച്‌ ഇരുന്നപ്പോള്‍ മരക്കാര്‍ കാണാന്‍ പോകുന്നത്‌ ആരെയാവുമെന്നും, അയാളെ കാണാന്‍ പോകുന്നത്‌ എന്തോര്‍ത്തുകൊണ്ടാവാമെന്നും, കണ്ടാല്‍ അയാളുടെ ചോദ്യങ്ങള്‍ക്കു മരക്കാര്‍ എങ്ങിനെയൊക്കെയാവും മറുപടി പറയുക എന്നും മറ്റും മനസ്സില്‍ ഓര്‍ത്തു ചിരിച്ചുപോയി. പുറലോകത്ത്‌ എത്തപ്പെട്ടതിനു ശേഷം അകക്കളച്ചുമരുകളില്‍ പതിച്ചു വെക്കാന്‍ ഇടയാക്കപ്പെട്ട ഏതാനും പ്രവാസികളുടെ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തുവക്കാന്‍ മറ്റൊന്നുകൂടി കിട്ടിയതിലുള്ള ചാരിതാര്‍ത്ഥ്യം. കുറേ മുമ്പ്‌ ഒഴിഞ്ഞു കിടക്കുകയായിരുന്ന മനസ്സില്‍ ഇപ്പോള്‍ വീണ്ടും എന്തൊക്കെയോ വന്നു നിറഞ്ഞു നില്‍ക്കുന്നതായി തോന്നി. ജീവിതത്തിന്റെ അപൂര്‍വ്വമായ ഇത്തരം അനുഭവങ്ങള്‍ക്കു വേണ്ടി വല്ലപ്പോഴൊക്കെ ഒരു മദീനാ ഈറ്റിങ്ങ്‌ സെന്ററിന്റെ കോണ്‍ക്രീറ്റില്‍ വാര്‍ത്തുണ്ടാക്കപ്പെട്ട വട്ടമേശയുടെ മുകളിലെ മാര്‍ബിള്‍ പലകമേല്‍ ഒലിച്ചു വീഴുന്ന നുരയില്‍ അറിയാതെ വീണു ചാവുന്ന ഈച്ചയെ നോക്കി ഇരിക്കമെന്നുണ്ടാവാം. ഒറ്റതിരിഞ്ഞെത്തുന്ന മരക്കാര്‍ എന്ന കഥാപാത്രത്തെ അല്ലെങ്കിലൊരിക്കലും ഞാന്‍ കണ്ടുമുട്ടുക യില്ലായിരുന്നു.

(International Malayali- 2008)

2 comments:

  1. സിംഗപ്പൂരിലെ അനുഭവങ്ങള്‍ പറഞ്ഞാല്‍ എനിക്കുമൊരു നൊസ്റ്റാള്‍ജിക് ഭാവം വരും. ജുറോങ്ങ്, ബൂണ്‍ ലേ, സെറാംഗൂണ്‍ തുവാസ്, റ്റെബാന്‍ ഗാര്‍ഡന്‍, പാണ്ടന്‍ തടാകം ആഹാ...

    ReplyDelete
  2. @അജിത്‌ ഭായ്‌:
    സിംഗപ്പൂരിലെ ജൂറോംഗ്‌ ല്‍ Diamond shapeല്‍ ഒരു 22 നില കെട്ടിടമുള്ളത്‌ കണ്ടുകാണും. അതിന്റെ ഉള്ളിലായി ഒരു shoepping complexഉം ഉണ്ടായിരുന്നു. ആ കെട്ടിടത്തില്‍ പതിനാലാമത്തെ നിലയിലായിരുന്നു അന്ന്‌ എന്റെ മൂന്നു വര്‍ഷക്കാലത്തെ താമസം. സിംഗപ്പൂരിലെ ജീവിതം ഞാന്‍ അമ്പേ ഇഷ്ടപ്പെട്ടു. ആഹാ! എന്ന്‌ വീണ്ടും പറയാം.

    ReplyDelete