Thursday, September 15, 2016

ഓണാശംസകള്‍!

ഓണം വന്നു, മാവേലി വന്നു.
ഓണപ്പൂക്കള്‍ തലകുനിച്ചു.
തെങ്ങോലകളിലൂടെ ഒലിച്ചിറങ്ങിയ സൂര്യകിരണം
ദലങ്ങളില്‍ തൂങ്ങിനിന്ന മഞ്ഞുതുള്ളികളില്‍ വര്‍ണ്ണരാജി പതിപ്പിച്ചു,
മലനാടിന്റെ ചുമപ്പ്‌ കൂട്ടി.
മലയാളമക്കള്‍ തൊഴാനിറങ്ങി. മാവേലി അനുഗമിച്ചു.
മസ്ജിദിലേക്ക്‌, പള്ളിയിലേക്ക്‌, അമ്പലത്തിലേക്ക്‌...
ദേവാലയത്തിന്ന്‌ മറകെട്ടിയ ഭിത്തിയില്‍ ഭഗവദ്ഗീതയിലെ വാക്കുകള്‍-
വായിച്ചും വായിക്കാതെയും തള്ളി നീക്കപ്പെട്ട തുണ്ടു പദങ്ങള്‍:
"നഷ്ടപ്പെട്ടതോര്‍ത്ത്‌ എന്തിന്‌ ദുഃഖിക്കുന്നു?
നഷ്ടപ്പെട്ടത്‌ എന്തെങ്കിലും നീകൊണ്ടുവന്നതാണോ?
നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്നും ലഭിച്ചതാണ്‌
ഇന്ന്‌ നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേയോ ആയിരുന്നു.
നാളെ അത്‌ മറ്റാരുടേയോ ആകും."

തൊട്ടു താഴെ മാവേലി എഴുതി: "മാനുഷരെല്ലാരുമൊന്നുപോലെ."
ഭിത്തിക്ക്‌ മുകളില്‍ കാലുകളൂന്നി നിന്ന കിളി ആകാശം നോക്കി ചിലച്ചു
ചിറകുലച്ചു ഒരു തൂവല്‍ പൊഴിഞ്ഞു വീണു.
നഷ്ടം അനിവാര്യം, അനിശ്ചിതം.
നഷ്ടമറിയാതെ, നഷ്ടത്തില്‍ വ്യാകുലപ്പെടാതെ,
കോവിലകത്തെ മണിയൊച്ചയുടെ ഉണര്‍വ്വില്‍ വിടര്‍ത്തിയ
ചിറകുകളുടെ നിഴല്‍ ഗീതയിലെ ഉദ്ധരണികളില്‍ വീഴ്ത്തിക്കൊണ്ട്‌
സുരസിദ്ധസ്ഥാനം തേടി കിളി പറന്നുയര്‍ന്നു...

Thursday, April 17, 2014

കൊന്നപ്പൂവിന്റെ മാസ്മരീകത ഉള്‍ക്കൊള്ളിക്കാന്‍ ഒത്തില്ലെങ്കിലും, വീട്ടുതോട്ടത്തില്‍ കായ്ച്ച വാഴക്കുലയും ചേര്‍ത്തുള്ള വിഷുക്കണിയുടെ കനകദ്വിതിയില്‍ ഈ ആണ്ടിലും ഉഷയുടെ പ്രഭാതവന്ദനം...! 
നേരുന്നു, ഹൃദ്യമായ വിഷു ആശംസകള്‍!

Thursday, December 19, 2013ചായങ്ങളിലൂടെ ജിം വോറന്‍ കാണിച്ച മാസ്മര വിദ്യ...!

ദൈവീകതയുടെ സര്‍വജ്ഞത്വം, സര്‍വശക്തിത്വം, സര്‍വവ്യാപകത്വം...
മര്‍ത്ത്യാവബോധത്തിന്നതീതമായ പ്രപഞ്ച നിഗൂഢത...
പ്രകൃതിയുടെ നിസ്തുലസൗന്ദര്യം... മാനവീയാവബോധത്തിന്ന്‌ അതീതമായ പ്രകൃതിയില്‍ സര്‍വചരാചരങ്ങളുടെ നിമജ്ജനം...
കാണാക്കണ്ണുകളുമായി നാം കാണാനുഴലുന്ന, വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാനാവത്ത, ആ സത്ത...
ഒട്ടേറെ എല്ലാംതന്നെ ഉള്‍ക്കാഴ്ചയുടെ ആഴങ്ങളില്‍ കിടന്ന ചായക്കൂട്ടില്‍ ദൈവം നല്‍കിയ വര്‍ണ്ണത്തൂവല്‍ മുക്കി ജിം വോറന്‍ സറീയലിസ (Surrealism) ത്തിന്റെ സങ്കേതങ്ങളില്‍ അധിഷ്ഠിതനായി രചിച്ചു വിശ്വപ്രേക്ഷകര്‍ക്കു കാഴ്ചവെച്ച ഈ ചിത്രകലാസമ്പത്ത്‌ കണ്ട്‌ കൊതിതീരാതെ നില്‍ക്കുന്ന ജനസമൂഹത്തിലൊരുവനായി ഇതാ ഈയുള്ളവനും... }
അതുല്യനായ ആ കലാപ്രവീണന്റെ അനുഭവജ്ഞാനാതീതമായ അമൂര്‍ത്ത രൂപ രചനാ പാടവത്തിനു മുന്‍പില്‍ എന്റെ പ്രണാമം...!

(തുടര്‍ന്ന് കാണുക)