Monday, December 27, 2010

പുതുവത്സരാശംസകള്‍ 2011

ബൂലോകത്തിലേക്ക്‌ കടന്നുപറ്റാന്‍ ഈയ്യിടെ യാത്രാനുവാദപത്രം കൈപ്പറ്റിയ ധര്‍മ്മടന്‍, അറിഞ്ഞും അറിയാതെയും ഇദ്ദുനിയാവില്‍ കണ്ടെത്തിയ, എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയംഗമമായ പുതുവത്സരാശംസകള്‍ കുടുംബസമേതം നേരുന്നു!

പുതുവത്സരാശംസകള്‍ 2010

ബൂലോക പ്രവേശനം ലഭിക്കും മുമ്പേ സവിനയം ഇന്നലെകളിലേയ്ക്ക്‌ അര്‍പ്പിച്ച ആശംസാപത്രം, ഇങ്ങനെ....

Sunday, December 5, 2010

അപൂര്‍ണ്ണ

www.malayaalam.com (December 2010)

ഒരു കൂറ്റന്‍ കാരാഗൃഹത്തിലെ
ചികിത്സാലയത്തില്‍ പതിനൊന്നു വര്‍ഷം നേഴ്സായി ജോലിചെയ്തവള്‍. അള്ളിപ്പിടിച്ച്‌ കുമ്പസാരിക്കാന്‍ കിട്ടിയ കല്‍ത്തുറുങ്കിലെ ഇരുമ്പുകമ്പികളില്‍ തലതല്ലി നെറ്റിയില്‍ നിണമണിഞ്ഞ കുറേ ബഹിഷ്കൃതരുടെ
കേസ്പേപ്പറുകളുമായി ഇടനാഴികകള്‍ താണ്ടിയവള്‍. പാദങ്ങളേക്കാള്‍ തളര്‍ച്ച ബാധിച്ച മനസ്സുമായി ഒടുക്കം ആ തടങ്കല്‍പ്പാളയത്തിലെ ആതുരസേവനം വിട്ടു പുറംപൂകാന്‍ ബദ്ധപ്പെട്ട ഒരു ചിത്രകാരി. യാഥാസ്ഥിതിക കുടുംബം അടിച്ചേല്‍പിച്ച അതികൃത്യതയുടെ
ചുറ്റുവേലി തള്ളിമാറ്റി പുറത്തു കടന്നവള്‍. ആയ എന്ന്‌ അവഹേളിച്ചും, പൊന്നുരച്ചു നോക്കിയും, ജാതകത്താളുകള്‍ തിരിച്ചും മറിച്ചും കുടഞ്ഞും, കണ്ണടക്കീഴിലൂടെ മഷിയിട്ടു നോക്കിയും അസാധുവാക്കപ്പെട്ട ഒരു പെണ്ണുരുപ്പടി. ഉയിരിന്റെ പൊരുള്‌ കാത്തിരുന്നു മടുത്തവള്‍. അപൂര്‍ണ്ണ.
കരഞ്ഞു കലങ്ങിയ കണ്ണുകളും വിതുമ്പി നിന്ന ചുണ്ടുകളുമായി കൈലേസ്‌വീശിക്കാണിച്ചു കൊണ്ട്‌, വിമാനം താഴ്ത്തിക്കൊടുത്ത പടവുകള്‍ കയറി ആ ധിക്കാരിപ്പെണ്‍കൊടി ഒടുവില്‍ നാടുകടന്നു...

വിദേശം പൂകി, പുത്തന്‍ പരിസ്ഥിതിയുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടിരിക്കെ അവളുടെ ജാതകത്താളുകളിലൊരിടത്ത്‌ കുറിച്ചിടപ്പെട്ട നിര്‍ണ്ണായകമായ സ്വകാര്യജീവിതത്തി ലേക്ക്‌ ഒരു തല്‍ക്കുറിയുമില്ലാതെ മറ്റൊരാള്‍ കടന്നു ചെന്നു- ഡോക്ടര്‍
ഡെനിസ്‌ കളഗന്‍. മിനുക്കിയ ചെമ്പു തകിടിന്റെ തിളക്കം പൂണ്ട മുടി പകുതിയും മുപ്പത്തഞ്ചാം വയസ്സി ല്‍തന്നെ കൊഴിഞ്ഞു. മധുരനാരങ്ങയുടെ നിറമുള്ള, വസൂരിക്കല വീണു പരുത്ത മുഖം പക്ഷെ അയാള്‍ പുഞ്ചിരിയില്‍ പൊതിയുമായിരുന്നു. വയസ്സിന്റെ ഒന്നര മടങ്ങ്‌ പരുവം പ്രദര്‍ശിപ്പിച്ച ആ ഭിഷഗ്വരന്റെ സഹജഗുണം ആസ്പത്രി വാര്‍ഡുകളില്‍ പുഴയായി ഒഴുകി. പൗരസ്ത്യ യുവതിയായ ഒരു നേഴ്സിന്റെ ഹൃദയത്തില്‍ ആ ഒഴുക്കിന്റെ കുഞ്ഞലകള്‍ നുര കുത്തിക്കയറി. അംഗലാവണ്യം തികഞ്ഞ കറുത്ത മേനിയിലും അളകങ്ങള്‍ സുലഭമായ ചുരുള്‍മുടിയിലും കരിമീന്‍ മിഴികളിലും മയങ്ങിയിട്ടോ, ആസ്പത്രി ലോബി അലങ്കരിച്ച അവളുടെ ആതുരന്‍ എന്ന എണ്ണഛായാ ചിത്രത്തിന്റെ ആരാധകനായിട്ടോ അവളുടെ ജീവിതത്തിലേക്ക്‌ ആവേശപൂര്‍വ്വം കടന്നുചെന്നു, ഐറിഷ്‌ യുവാവായ ഡോകര്‍ കളഗന്‍. അയാളുടെ വിവാഹാഭ്യര്‍ത്തന വരദാനമായെടുത്ത്‌ അവള്‍ പിന്നിട്ട ജീവിതം ഐശ്വര്യപൂര്‍ണ്ണമെന്ന ജനസമ്മതി നേടി. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക്‌ ഒരു മാതൃകയായ ഇണയാണെന്ന്‌ സുഹൃദ്‌വലയത്തിന്റെ പുകഴ്പ്പും.
യുവമിഥുനങ്ങളില്‍ അങ്കുരിക്കാറുള്ള അഭിനിവേശത്താല്‍ പ്ലാറ്റിനം ക്രെഡിറ്റ്‌ കാര്‍ഡുകളി ലൂടെ ആര്‍ഭാടപൂര്‍വ്വം തള്ളിനീക്കപ്പെട്ട നാളുകളായിരുന്നു പിന്നീട്‌. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഗ്ലോബ്‌-ട്രോട്ടേര്‍സ്‌ എന്ന ഖ്യാതിയുമുണ്ടായി.
- ആംസ്റ്റര്‍ഡാം, ബുഡാപെസ്റ്റ്‌, പ്രാഗ്‌, റോം ... ഷാങ്ങ്ഗ്രീലാ, റീജന്റ്‌, ഇംപീരിയല്‍, മാന്‍ഡരിന്‍
...
പേരുകള്‍ കൊണ്ട്‌ മാത്രം പൂരിതമാവാത്ത നഗരങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളും. നക്ഷത്ര ഖചിതമായ വാടകമുറികളില്‍ പങ്കിടാന്‍ മണിമെത്തകള്‍. രതിമൂര്‍ച്ചയില്‍ കറുത്തതും വെളുത്തതുമായ രണ്ടു തൂവലുകളായി പൊങ്ങിക്കിടന്ന അവസരങ്ങള്‍. അയാള്‍ അവളോട്‌ പറയുമായിരുന്നു:
"അപൂ, വര്‍ത്തമാനകാലം എന്ന്‌ പറയാവുന്നത്‌
ഈ നിമിഷങ്ങള്‍ മാത്രമാണ്‌. ഇതു കഴിഞ്ഞാല്‍ ഇതേ നിമിഷങ്ങള്‍ ഭൂതകാലത്തിലേക്ക്‌ തള്ളപ്പെടും. അതോടെ ഈ അനുഭവങ്ങള്‍ ഇന്നലെയുടെ ആടിത്തകര്‍ത്ത സ്വപ്നം മാത്രം."
"നൃത്തം
ചവിട്ടി കടന്നുപോകുന്ന ആ നിറംകെട്ട നിഴലുകള്‍ക്കു ജീവന്‍ പകരുകയല്ലേ ധര്‍മ്മം?" അവള്‍ സ്മരിപ്പിച്ചു.
"കൊള്ളാം. എന്താണെളുപ്പ മാര്‍ഗ്ഗം?"
"ഒരുണ്ണി."
"ഫര്‍ഗെറ്റ്‌ എബൗട്ടിറ്റ്‌!" ദീര്‍ഘവിരാമം.

വാന്‍കൂവറില്‍ നിന്നും ജാസ്‌വറിലേക്കുള്ള ദീര്‍ഘിച്ച ഒരു ഉല്ലാസയാത്ര. ഉരുകാന്‍ മടിച്ച ഹിമക്കട്ടകള്‍ പേറുന്ന നീലമലകളുടെ കാറ്റിലിളകുന്ന രൂപം പ്രതിഫലിപ്പിച്ചുകൊണ്ട്‌ ഒഴുകാന്‍ അറച്ചു നില്‍പുള്ള കായലിന്റെ ഓരങ്ങളിലൂടെ ഓടുന്ന 'റോക്കീമൗണ്ടെനിയേ ര്‍സ്‌ ' തീവണ്ടി. പുല്‍മേടകളും പച്ചിലക്കാടുകളും യാത്രികര്‍ക്കു ഇടക്കിടെ ചൂളമടിച്ചു തൊട്ടുകാട്ടിക്കൊണ്ട്‌ ഓടുന്ന വണ്ടിയുടെ ഏറ്റവും പിന്നില്‍ 'ഗോള്‍ഡ്‌ ലീഫ്‌ ലക്ഷ്വറി വാഗ' നില്‍ പുറംകാഴ്ചകള്‍ കണ്ടു മതിമറന്നുള്ള സഞ്ചാരം. കാട്ടുമേടകള്‍ക്കിടയിലൂടെ ഏന്തി നോക്കാറുള്ള കാട്ടുമൃഗങ്ങള്‍ക്കൊപ്പം
വല്ലപ്പോഴെങ്കിലും പ്രത്യക്ഷപ്പെടാറുള്ള കടമാനുകളു ടെ നേര്‍ക്ക്‌ നോക്കാന്‍ കൗതുകപൂര്‍വ്വം കൈ ചൂണ്ടിയപ്പോള്‍ ഭര്‍ത്താവ്‌ അവഗണിച്ചത്‌ അവളുടെ മനസ്സില്‍ ശ്രുതിപൂണ്ടു നില്‍പുള്ള വീണക്കമ്പികളിലൊന്നില്‍ പിണഞ്ഞു . അയാളുടെ ശ്രദ്ധ ട്രേയില്‍ 'മിമോസ്‌ ' ഷാംഫെയ്ന്‍ ഏന്തിവന്ന പെണ്‍മാനിലേക്ക്‌ തിരിഞ്ഞത്‌ ഹൃദയരാഗത്തില്‍ അപ്രീതമായ അപശ്രുതി ചേര്‍ക്കുകയുമുണ്ടായി. മിനക്കെട്ട്‌ അവളുടെ ഒരു ചിത്രവും ക്യാമറയില്‍ പകര്‍ത്തി എന്ന വസ്തുത ഒരു വീണക്കമ്പി വലിച്ചു പൊട്ടിക്കുകതന്നെ ചെയ്‌തു. ക്യാമറയില്‍ മറ്റ്‌എല്ലാ ദൃശ്യങ്ങളേയും പോലെ ഒരു ചന്ദമിയന്ന സ്‌ത്രീരൂപവും പകര്‍ത്തപ്പെട്ടുവെന്നു മാത്രം കണക്കാക്കാന്‍ ഭാര്യാ പദവിയി ലിരുന്നുകൊണ്ട്‌ ഒരു ഭാരതീയ യുവതിക്ക്‌ എളുപ്പമായിരുന്നില്ല.

ചരല്‍കല്ലുകള്‍ ചിതറിവന്നു വീണുകൊണ്ടിരുന്ന ജീവിതവീഥിയുടെ ഇറക്കം പിന്നീട്‌ ഝടിതിയിലായിരുന്നു. സാമ്പത്തീക ക്ലേശങ്ങള്‍ അരക്കെട്ടിലെ കുടുക്ക്‌ മുറുക്കിയപ്പോള്‍ സുഖഭോഗജിതത്തിന്‌ കടിഞ്ഞാണ്‍ വീണു.
ഒരുണ്ണിയെ സ്വന്തമാക്കാനുള്ള തന്റെ അഭിലാഷം സഫലീകൃതമാവാന്‍
ഒരിക്കലെങ്കിലും ഇടവരാതിരിക്കില്ല എന്ന പ്രത്യാശയില്‍ അവള്‍ പക്ഷെ സമാശ്വസിച്ചു.

സാമ്പത്തിക ക്ലേശങ്ങള്‍ക്കു പ്രതിവിധിയായി മുന്നില്‍വെച്ച തന്റെ ഉത്കട പ്രേരണക ള്‍ക്കു വഴങ്ങി ഗൈനക്കോളജി ഐഛികമാക്കി ഡെനിസ്‌ പഠനം തുടങ്ങി. രണ്ടു വര്‍ഷ ത്തെ പഠനവേളയില്‍ മുമ്പൊരിക്കലുമില്ലാത്ത ദാരിദ്ര്യം തലകാട്ടി. നിറഞ്ഞ അലമാരിക ള്‍ ഒഴിഞ്ഞു. കടബാധ്യതകള്‍ക്കിടയിലും അദ്ദേഹത്തെ ഒട്ടും ശല്യപ്പെടുത്താതെ വീട്ടുകാര്യ ങ്ങള്‍ അലമ്പില്ലാതെ ഒപ്പിച്ചു. സുഹൃത്തുക്കളുടെ
എണ്ണം കുറഞ്ഞുകൊണ്ടിരുന്നത്‌ ശ്രദ്ധി ച്ചേയില്ല. തലമറന്ന്‌ എണ്ണ തേച്ചതിന്റെ ഫലം തങ്ങള്‍ തന്നെ പേറി. അച്ഛന്റെ മരണ വാര്‍ത്ത അറിഞ്ഞിട്ടുപോലും ചെന്നൊന്നു കാണാനുള്ള സാമ്പത്തിക ശേഷിയുണ്ടായില്ല. കത്തിയെരിഞ്ഞ പട്ടടയുടെ പുക മനസ്സില്‍ നിറച്ചു നീറ്റി.
"നീ ധാരാളം പഠിക്കും. പഠിച്ചതില്‍ കുറേയങ്ങ്‌ മറക്കുകയും ചെയ്യും. ഇത്‌ പ്രകൃതിയുടെ

വഴിയാണ്‌." അച്ഛന്റെ ഉപദേശവാക്കുകള്‍ വേദനയോടെ ഓര്‍ത്തുകൊണ്ട്‌ കുറേ കരഞ്ഞു തീര്‍ത്തു.
ഭര്‍ത്താവിന്റെ പ്രതികരണങ്ങള്‍ക്കു കാലക്രമേണ കൂടുതല്‍ മാന്ദ്യത സംഭവിച്ചുതുടങ്ങി. വല്ലപ്പോഴെങ്കിലും നീട്ടിത്തരാറുള്ള ഒരു കപ്പ്‌ ചായയില്‍നിന്ന്‌ പൊങ്ങി അന്തരീക്ഷത്തില്‍ ഒടുങ്ങുന്ന നിറമില്ലാത്ത ആവിയുടേയൊ അര്‍ത്ഥഗര്‍ഭമായ ഒരു നിശ്വാസത്തിന്റെയൊ അപ്പുറത്തൊന്നും കടന്നു ചെല്ലാത്ത ഭാവതരളത മാത്രം.
ഗ്രാജ്വേഷന്‍ സെറമൊണി, മുന്‍ നിരയില്‍ ഇരുന്നു അഭിമാനപൂര്‍വ്വം അവള്‍ കണ്ടു. യോഗ്യതാപത്രവുമായി അടുത്തുവന്നപ്പോള്‍ അയാള്‍ പറയുകയുണ്ടായി:
"ഇതു വാങ്ങാനുള്ള അവകാശം യഥാര്‍ത്ഥത്തില്‍ നിനക്കായിരുന്നു. ഞാന്‍ ഈ 'റാറ്റ്‌ റെയ്സില്‍' നീക്കാന്‍ ഉപയോഗിക്കപ്പെട്ട ഒരു കരു മാത്രമാണ്‌."
കരുവിന്‌ നിയോഗിക്കപ്പെട്ട കുതിരസവാരിയില്‍ വാലില്‍ കെട്ടിവലിക്കപ്പെട്ട കഴുതയായി താന്‍ മാറുമെന്ന്‌ അപ്പോള്‍ അവള്‍ ഓര്‍ത്തതേയില്ല.

നഗരത്തില്‍ ജനനിബിഡതയുള്ള ഒരു സ്ഥലം നോക്കി, എളിയ നിലയില്‍ ഒരു മെഡിക്കല്‍ സെന്റര്‍ തുറക്കാന്‍ എല്ലാ ഏര്‍പ്പാടുകളും, വീണ്ടും കടം വാങ്ങി, നിവര്‍ത്തിച്ചു. ഡോക്ടര്‍ ഡെനിസ്‌ കളഗന്റെ ലിസ്റ്റില്‍ ശുശ്രൂഷാര്‍ത്ഥികള്‍ ശീഘ്രഗതിയില്‍ പെരുകി. ഭാര്യയെ കൂടാതെ വേറെയും ഒരു റിസെപ്ഷനിസ്റ്റ്‌ വേണ്ടി വന്നു.
സമ്പത്ത്‌ വര്‍ദ്ധിക്കുന്തോറും സ്നേഹിതരുടെ എണ്ണവും പെരുകി. പിരിഞ്ഞു പോയവര്‍ തിരിച്ചെത്തി. സാമൂഹികബന്ധം കലശലായി. സമൂഹത്തില്‍ അന്തസ്സ്‌ കൂടി. ഡിസൈനര്‍ ഡ്രസ്സുകള്‍ അളമാരിയില്‍ നിരന്നു. ഓഡീ, മെര്‍ക്‌, ജാഗ്വര്‍ - പെരുമയാര്‍ന്ന മോട്ടോര്‍ വാഹനങ്ങളുടെ സ്വന്തം താക്കോല്‍കൂട്ടം. ഇലീറ്റ്‌ ക്ലബ്ബുകളില്‍ അംഗത്വം.
സഹചാരികളുടെ കൂട്ടത്തില്‍ നിന്നും കാലക്രമേണ അവള്‍ പുറം തള്ളപ്പെട്ടു. എത്രയോ സായാഹ്നങ്ങള്‍ തനിച്ചു ചെലവഴിക്കേണ്ടിവന്നു. സാരമാക്കാനില്ല, അവള്‍ സമാധാനിച്ചു. സമൂഹത്തോടുള്ള പരസ്പരബന്ധംകൊണ്ട്‌ തങ്ങളുടെ ലാഭവീതംകൂടുകയേ ഉള്ളൂ. പക്ഷെ മാസങ്ങള്‍ കഴിയുന്തോറും പരസ്പരം കാണുകതന്നെ ദുര്‍ല്ലഭമായി. പരിഹാരം തേടി, ഒരു കുഞ്ഞിനെ കൂട്ട്‌തരാനുള്ള അനുകമ്പയെങ്കിലും കാണിക്കണമെന്നു അവള്‍ വീണ്ടും കെഞ്ചി.
"ഇല്ലേയില്ല!" പ്രതികരണത്തിന്റെ പരുഷത കൂടിയേയുള്ളൂ.
ഒരു ഗൈനക്കോളജിസ്റ്റിന്ന്‌ സ്വന്തം ഭാര്യയ്ക്ക്‌ ഒരു കുഞ്ഞിനെ പ്രദാനം ചെയ്യാന്‍ പാടില്ലെ ന്നുണ്ടോ?
ഒരുകിണ്ണത്തില്‍നിന്ന്‌ എന്നപോലെ ഉണ്ടു കഴിച്ചുകൂട്ടിയ, വലിയ കുടുംബത്തില്‍നിന്നും വിലക്കുകള്‍ ലങ്കിച്ചു പുറത്തു കടന്ന അഹമ്മതിക്കാരി. സ്വന്തം കുഞ്ഞിലൂടെ അത്ഭുതങ്ങ ള്‍ കാഴ്ചവെക്കാനിരിക്കുന്ന ഒരസാധാരണ പ്രപഞ്ചം കാണാനുള്ള അഭീഷ്ടം നിഷേധിക്ക പ്പെട്ട്‌, ഒഴിഞ്ഞ കൂട്ടിലിരുന്ന്‌ തേങ്ങുക പതിവായി. അപ്പോഴാണ്‌ സുലഭതയുടെ നടുവില്‍ നിന്നുകൊണ്ട്‌ ഒരു സുപ്രഭാതത്തില്‍ സ്വന്തം ഭാര്യയുടെ ഹൃദയം
പറിച്ചുകീറി ചുരുട്ടിയെറി ഞ്ഞു കൊണ്ട്‌ ഭര്‍ത്താവ്‌ വിവാഹമോചനം വേണമെന്ന്‌ ആവശ്യപ്പെട്ടതും. മെഡിക്കല്‍ സെന്ററില്‍ പുതുതായി വന്നുചേര്‍ന്ന റിസെപ്ഷനിസ്റ്റിനെ കല്യാണം കഴിക്കണമത്രെ. പ്രായത്തില്‍ ഇരുപതു വര്‍ഷത്തോളം കുറവുള്ള മിസ്സ്‌ മാര്‍ഗറെറ്റ്‌.
അരുതെന്ന്‌ കേണു വീണ്‌ പറയാനേ അവള്‍ക്ക്‌ സാധിച്ചുള്ളൂ. കണ്ണുകളില്‍ അപ്പോള്‍ കണ്ണുനീരില്ലായിരുന്നു- കിട്ടാതിരുന്ന പിഞ്ചു പൈതലിനുവേണ്ടി തന്നെപ്പോലും കാണിക്കാതെ ഒഴുക്കിത്തീര്‍ത്ത കണ്ണുനീര്‍.
ഹോട്ടല്‍ മുറികളില്‍വെച്ച്‌ നടത്തിയ പാഴ്‌വാഗ്ദാനങ്ങളെ അവളപ്പോള്‍ ഓര്‍മ്മിപ്പിച്ചില്ല. ബിരുദക്കടലാസിന്മേല്‍ വാക്കാല്‍ മുമ്പ്‌അദ്ദേഹം നല്‍കിയ പങ്കിനെക്കുറിച്ചു വിളിച്ചു പറയുകയുമുണ്ടായില്ല. തന്റെ കുടുംബജീവിതത്തിന്റെ ജ്വാല കാറ്റത്തിളകാന്‍ തുടങ്ങിയിട്ട്‌ ഒത്തിരി നാളുകള്‍ കഴിഞ്ഞിരിക്കുന്നു എന്ന്‌ കരുതി വീണ്ടും തപിച്ചു.
അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഒരപൂര്‍ണ്ണയാക്കപ്പെട്ടു കഴിഞ്ഞുവെന്ന അപമാനഭാരത്താല്‍ താഴ്‌ന്നുകിടന്ന അപൂര്‍ണ്ണയുടെ തല അയാള്‍ പിടിച്ചുയര്‍ത്തി, അവളുടെ വിളര്‍ത്ത ചുണ്ടില്‍ ചുംബിച്ചു. അവസാനമായി 'ഗുഡ്‌ ബൈ' പറഞ്ഞു ഡോകര്‍ പോകാനിറങ്ങി.
കോര്‍ത്തുകെട്ടിയ കൈകള്‍ മാറത്തു ചേര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ നടത്തിയ ജീവിതയാത്ര യില്‍ അങ്ങിങ്ങായി തനിക്കു കിട്ടിയ സഹാനുഭൂതിയ്ക്ക്‌ പ്രതിഫലം നല്‍കാന്‍ ഒന്നുമില്ലാതെ ഒഴിഞ്ഞുകിടന്ന ബലമറ്റ കൈ ഉയര്‍ത്തി ആത്യന്തികമായി നന്ദി പറഞ്ഞതിന്റെ കൂട്ടത്തി ല്‍ വറ്റിത്തീര്‍ന്ന കണ്ണുനീരിന്റെ അകമ്പടിയോടെ അവള്‍ നേര്‍ന്നു:
"ഓള്‍ ദ ബെസ്റ്റ്‌, ഡെനിസ്‌. എന്‍ജോയ്‌ ദ റെസ്റ്റ്‌ ഒഫ്‌ യുവര്‍
ലൈഫ്‌!"
തന്നിലുയര്‍ന്ന നൈരാശ്യത്തിന്റെയും അസൂയയുടേയും ആളുന്ന തീയില്‍ കത്തിയെരിഞ്ഞ വശേഷിച്ച വെറും ചാരമായി മാത്രം അവളുടെ നന്ദി വാക്കുകള്‍ ഡോക്ടര്‍ കളഗന്‍ മുന്നോട്ടുവെച്ച കാലടികളില്‍ ചിതറി വീണു.

ബന്ധം അഴിച്ചെടുത്ത്‌ പോയിട്ട്‌ വര്‍ഷങ്ങള്‍ രണ്ട്‌ കഴിഞ്ഞുവെങ്കിലും കണ്ണുകളിലെ നനവ്‌ തികച്ചും ഉണങ്ങാനിരിക്കുന്നു. തന്റെ മനോവൃത്തിക്കും
ശാരീരികചലനങ്ങള്‍ക്കും നാടകീയമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നു എന്തുകൊണ്ടോ ഈയ്യിടെയായി അവള്‍ക്കു തോന്നിത്തുടങ്ങി. സ്റ്റേഷ്യനില്‍ വണ്ടി കയറാന്‍ തുടങ്ങുമ്പോഴാവും അടുക്കള യില്‍ പരിപ്പു വേവാനിട്ട സ്റ്റൗ കെടുത്തിയില്ലേ എന്ന ശങ്ക. വീടു ലോക്ക്‌ ചെയ്തിട്ടാണോ ഇറങ്ങിയത്‌? സ്റ്റേഷന്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ട്രാഫിക്‌ ലൈറ്റ്‌ ഗ്രീന്‍ ആവുന്നതു കാത്തു നിന്നപ്പോള്‍ തന്റെ പേരുവിളിച്ചു കുശലം പറഞ്ഞു കടന്നുപോയതാരായിരുന്നു?
ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങളുടെ പെരുക്കം.
പലതും മറക്കാനുള്ള സംരംഭത്തില്‍ ചില അപൂര്‍വ്വ സംഭവങ്ങള്‍ അവളറിയാതെ ദൈനം ദിന ജീവിതത്തില്‍ കടന്നുചെല്ലാറുണ്ട്‌. അതിലൊന്നായിരുന്നു അപ്രതീക്ഷിതമായുണ്ടായ മാര്‍ഗറെറ്റിന്റെ ഫോണ്‍ വിളി. സ്വന്തം ഭര്‍ത്താവിനെ കൈക്കലാക്കിയതിനു ശേഷം
നല്‍കിയ ആദ്യത്തെ വിളി.
"ആര്‍ യൂ ഗൊയിങ്ങ്‌ റ്റു ടോക്ക്‌ എബൗട്ട്‌ ദാറ്റ്‌ ഇന്‍ഗ്ലോറിയസ്‌ ബാസ്റ്റര്‍ഡ്‌!"
എമ്പാടും സംയമനം പാലിക്കാറുള്ള അവളുടെ സമചിത്തത എന്തുകൊണ്ടോ തെറ്റി. മാനസിക വികാരം പലപ്പോഴും താനറിയാതെ പിടിവിട്ടു ഉല്‍ക്കടാവസ്ഥയില്‍ എത്തി ച്ചേരുന്നു. ചുണ്ടുകളില്‍ നാമജപം മാത്രം പ്രതീക്ഷിക്കാറുള്ള അച്ഛന്റെ മകള്‍ വിദേശത്തു നിന്നും ഇത്തരം വാക്കുകള്‍ കടമെടുക്കുക അരുതാത്തതാണെന്ന്‌ മനസ്സ്‌ വിലക്കിയത്‌ വൈകിപ്പോയി. മറുപടിക്കുവേണ്ടി കാത്തിരിക്കേണ്ടി വന്നുവെങ്കിലും ഒരു നീണ്ട തേങ്ങ ലിന്റെ അലകള്‍ ചെവിയിലലച്ചപ്പോള്‍ കുറ്റബോധമുണ്ടായി.
ആഘാതങ്ങള്‍ ഏറ്റുവാങ്ങി തന്റെ മനസ്സിന്റെ ലോലത വിരമിച്ചു കഴിഞ്ഞില്ലായിരുന്നു വെങ്കില്‍ ഒരുപക്ഷെ ഞെട്ടി നിലം പതിക്കുമായിരുന്നു. കാലില്‍ ഒരു ചെറിയ മുള്ളു കൊണ്ട ലാഘവത്തോടെ മാത്രം മാര്‍ഗറെറ്റ്‌ എന്ന രണ്ടാംഭാര്യയുടെ തേങ്ങല്‍ അവള്‍ കേട്ടു നിന്നു. ഒരു വിഡോഷിപ്പ്‌ തന്നില്‍ നിന്നും ഏറ്റുവാങ്ങാനിരിക്കുന്നു എന്ന്‌ വിളിച്ചറിയി ച്ചുകൊണ്ടുള്ള ഒരു ഹതഭാഗ്യയുടെ തേങ്ങലായിരുന്നു അതെന്ന്‌ മനസ്സിലാക്കാന്‍ താമസ മുണ്ടായില്ല.
ഒരു സിസേറിയന്‍ കഴിഞ്ഞുള്ള യാത്രയില്‍ നേരിടേണ്ടിവന്ന കാറപകടം.
ഒട്ടിനിന്ന ഒരു കുരുന്നു ജന്മത്തെ ഗര്‍ഭപാത്രം കീറി വലിച്ചെടുത്ത്‌ നോവില്‍ പുളയുന്ന ജനയിത്രിയുടെ മാറില്‍ ചേര്‍ത്തുവെച്ച്‌ പുളകം കൊള്ളിച്ചുകൊണ്ടുള്ള തിരിച്ചുപോക്കായി രുന്നു. വഴിമാറി ചെന്നെത്തിയത്‌ മൃത്യുവിന്റെ
ഗുഹാമുഖത്ത്‌!
ക്ര്റ്റിക്കല്‍ കെയര്‍
യൂനിറ്റിലെ ഡീലക്സ്‌ മുറിയില്‍ നാസാരന്ധ്രങ്ങളില്‍ തിരുകിയ കൃത്രിമ
ശ്വസനോപകരണത്തിന്റെ നീണ്ട കുഴലുകളിലൂടെ തന്റെ കൈവലയം വിട്ട്‌ ഓടിപ്പോയ ഒരു ജീവന്റെ ശേഷിച്ച പൊന്‍തരികള്‍ ഒന്നൊന്നായി ഉതിര്‍ന്നു വീഴുകയായിരുന്നു.
ജീവിതത്തിന്റെ ദുരവസ്ഥ മനക്കരുത്തോടെ നേരിട്ടിട്ടുള്ളവളാണെന്ന്‌ പലപ്പോഴും ഊറ്റം കൊണ്ടിരുന്നു. എങ്കിലും കരിന്തിരി കത്തിക്കിടക്കുന്ന മുന്‍ പതിയുടെ സവിധത്തില്‍ നമിതശിരസ്സുമായി അവള്‍ പൊട്ടിക്കരഞ്ഞു.
ഹോട്ടല്‍മുറികളില്‍ താന്‍ പങ്കിട്ട എത്രയോ കിടക്കകളിലൊന്നില്‍ കിടന്ന്‌ അദ്ദേഹം പറഞ്ഞത്‌ വീണ്ടും തികട്ടിവന്നു:
"അപൂ, വര്‍ത്തമാനകാലം എന്ന്‌ പറയാവുന്നത്‌
ഈ നിമിഷങ്ങള്‍ മാത്രമാണ്‌. ഇതു കഴിഞ്ഞാല്‍..." അവള്‍ ആ സ്വപ്നങ്ങളെ മറക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ട്‌ വീണ്ടും തേങ്ങി.

പങ്കെടുക്കാന്‍ പറ്റാതെപോയ അച്ഛന്റെ ശവസംസ്കാര കര്‍മ്മങ്ങളെക്കുറിച്ചുള്ള തിക്തമായ ഓര്‍മ്മകള്‍ കൂടെ പേറിയിട്ടാണ്‌ സെമിറ്റ്‌റിയില്‍ ഡോക്ടര്‍
കളഗന്റെ ശവസംസ്കാരച്ചടങ്ങി ല്‍ പങ്കെടുക്കാന്‍ അവള്‍ എത്തിയത്‌.
മാര്‍ഗററ്റിന്റെ പരിചിതരെല്ലാം ശ്മശാനയാത്രയുടെ തുടക്കംമുതല്‍ അന്ത്യംവരെ സഹതാപ പ്രകടനങ്ങള്‍ നടത്തി.
"അയാള്‍ പോയതോടെ ആ പെണ്‍ക്കുട്ടിയുടെ ജീവിതം ഈ ഇളം പ്രായത്തില്‍തന്നെ വഴിമുട്ടിയില്ലേ."
"പാവം, ഒരച്ഛന്റെ പ്രായമുള്ള ഒരാളുടെ ഭാര്യയായിക്കഴിയേണ്ടി വന്ന വിധവയെ കൂട്ടിന്‌ വിളിക്കാന്‍ ഏത്‌ ചൊണച്ചെക്കനെ ഇനി കിട്ടും?"
കാലടികള്‍ക്ക്‌ എത്താവുന്നിടത്തൊക്കെ എത്താന്‍ ശ്രമിച്ചു, കാണാന്‍ കൊതിച്ച ഇടങ്ങ ളെല്ലാം സഞ്ചരിച്ചു തീര്‍ത്ത യാത്രികന്‍ തനിക്കിനി നിയോഗിക്കപ്പെട്ട യാത്ര എവിടേക്കെ ന്നറിയാതെ സ്വസ്ഥമായുറങ്ങുന്നു... ആ ഉറക്കം മനസ്സില്‍ കണ്ടുകൊണ്ട്‌ തനിക്കാരുടേയും അനുകമ്പ വേണ്ടെന്ന്‌ തീരുമാനിച്ച അപൂര്‍ണ്ണ ആള്‍ക്കൂട്ടത്തില്‍ നിന്നകലെ മാറിനിന്നു വിതുമ്പി.
പൂച്ചെണ്ടുകളാല്‍ കുന്നുകൂടിയ, ആഡംബരപൂര്‍ണ്ണമായ, രജതപേടകത്തിന്നുള്ളില്‍ അന്ത്യശയനം കൊള്ളുന്ന ഡോക്‌ടരുടെ
മേലില്‍ സര്‍വ്വരും ശ്ലാഘനങ്ങകള്‍കൊണ്ട്‌ പൂമഴ പെയ്യിച്ചു.
- അഞ്ചായുസ്സ്‌ ജീവിച്ചു തീര്‍ത്തവന്‍.
- പുണ്യം കിട്ടുന്ന കര്‍മ്മമല്ലേ ചെയ്തു തീര്‍ത്തിരിക്കുന്നത്‌!
- എത്ര ജന്മങ്ങള്‍ക്കു ആദ്യസാക്ഷ്യം വഹിച്ചു. കഷ്ടം! അനുഭവിക്കാന്‍ സ്വന്തമായി ഒരു കുഞ്ഞിനെ കിട്ടാനുള്ള യോഗമില്ലാതെ പോയി.
- അഗ്രഗണ്യനായ ഗൈനക്കോളജിസ്റ്റ്‌ ആയിരുന്നു, ഡെനിസ്‌!
- എല്ലാംകൊണ്ടും ഒരു പുരുഷനെപ്പോലെ ജീവിച്ചവന്‍.
വിധവയായ മാര്‍ഗററ്റിനെ നോക്കിനിന്നപ്പോള്‍ അപൂര്‍ണ്ണയ്ക്ക്‌ ഒട്ടും അനുകമ്പയുണ്ടായില്ല. അദ്ദേഹത്തിന്റെ വിധവത്വം പോലും അര്‍ഹിക്കാത്തവള്‍. അവള്‍ സ്വായത്തമാക്കിയ തെല്ലാം - അവളുടെ ശരീര്‍ത്തില്‍ ഏറ്റ നഖക്ഷതങ്ങള്‍ പോലും- തനിക്കവകാശപ്പെട്ടവ യായിരുന്നു എന്ന ബോധം അപുവിന്റെ മനസ്സിനെ മഥിച്ചു.
ഐശ്വര്യപൂര്‍ണ്ണമായിരുന്നു മാര്‍ഗററ്റിന്റെ അന്നത്തെ വേഷവിധാനം. അംഗലാവണ്യ ത്തിന്ന്‌ ഒട്ടും കിഴിവ്‌ കൂട്ടാതെ ഒതുക്കം കൂടിയ കറുത്ത പട്ടുവസ്‌ത്രം
. കഴുത്തില്‍ തൂങ്ങി ക്കിടക്കുന്ന പവിഴമാല. ഹയ്‌ ഹീല്‍ഡ്‌ ഷൂ. കറുത്ത കണ്ണടയും പ്രതാപസൂചകമായ കൈയ്യുറയും. സ്വര്‍ണ്ണ നിറമുള്ള മിനുത്തമുടി തോളില്‍ മുട്ടി ഒടിഞ്ഞുകിടന്നു. സുഭഗതയുടെ ഒരു പൂര്‍ണ്ണ ചിത്രം.
മുന്‍കാലത്ത്‌ അദ്ദേഹം തന്റെ കറുത്തു ചുരുണ്ട തലമുടിയുടെ ആരാധകനായിരുന്നു. മുടി യില്‍ അവിടവിടെ വെളുപ്പ്‌ എത്തിനോക്കാന്‍ തുടങ്ങിയതുകണ്ട്‌ തന്നെക്കാള്‍ വിഷമിച്ചത്‌ അദ്ദേഹമായിരുന്നു. നാല്‍പതാം പിറന്നാള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ അപ്രതീക്ഷിതമായി എത്തിയ ഒരു സമ്മാനപ്പൊതിയിലെ ഉള്ളടക്കം, കറുത്ത ഹെയര്‍ഡൈ യും ബീജ്‌ പെര്‍ഫ്യു മും ആയിരുന്നു. തന്റെ ജന്മദിനം അപ്രധാനമല്ലാതാക്കിയ പിറന്നാള്‍ സമ്മാനപ്പൊതിക്ക്‌ ഉള്ളടക്കത്തേക്കാള്‍ ആവരണത്തിനായിരുന്നു വശ്യത. 'അപൂ, പുതുമോടിയണിഞ്ഞ ലോകരീതിക്കൊത്ത്‌ നീയും ഉയരേണ്ടിയിരിക്കുന്നു,' എന്ന ഓര്‍മ്മിപ്പിക്കല്‍.
യൂളജി പറയുമ്പോള്‍ മാര്‍ഗററ്റിന്റെ ചുണ്ടുകള്‍ വിറച്ചില്ല. കറുത്ത കണ്ണട ധരിച്ചത്‌ നനഞ്ഞ കണ്ണുകള്‍ മറക്കാനാവണം. അനുശോചനത്തിന്റെ ഭാഷയില്‍ കാപട്യത്തിന്റെ ഋജുരേഖകള്‍ക്കു സ്ഥാനമില്ല.
ചടുലതയോടെ അവള്‍ പറഞ്ഞു:
"അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ഞാന്‍ കണ്ടറിഞ്ഞത്‌ സന്ദേഹപൂര്‍ണ്ണമായ ഈ ലോകത്തോടുള്ള നിസന്ദേഹ പ്രകാശനമായിരുന്നു. അനിശ്ചിത പ്രപഞ്ചത്തിന്റെ ഗതിവിഗതികള്‍ ഒരുപക്ഷെ തിരിച്ചറിയാതെയാവാം, സന്ദേഹരഹിതമായ വാഗ്ദാനങ്ങ ള്‍ എമ്പാടും നല്‍കിയിട്ടാണ്‌ ദാനശീലനായ ഡോക്ടരുടെ തിരോധാനം..."
പുറകിലെ ബെഞ്ചില്‍, മിടിക്കുന്ന ഹൃദയ
വും ഒഴുകുന്ന കണ്ണുകളുമായി എല്ലാം കേട്ടുകൊണ്ടിരുന്ന തനിക്കും അയാള്‍ അങ്ങിനെയൊക്കെ തന്നെയായിരുന്നു.
മാറിടത്തു കൈ ചേര്‍ത്ത്‌ കെഞ്ചിയിട്ടും ഒരു പിഞ്ചു പൈതലിനെത്തരാന്‍ നിഷേധിച്ച അദ്ദേഹത്തിന്റെ നിശിതസന്ദേഹം മാത്രം അതിന്നപവാദം.
കുറേ ഓര്‍മ്മകളുമായാണ്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്‌. തിരയടിച്ചെത്തുന്ന തീരാത്ത ഓര്‍മ്മകളും പേറി തനിച്ചുതന്നെ അപര്‍ണ്ണ സ്ഥലം വിട്ടു.
പരേതന്റെ ഉറ്റ സുഹൃത്തുക്കളില്‍
ഒരാള്‍ തിരക്കിട്ട്‌ അടുത്തു ചെന്നു അവളെ സാന്ത്വന പ്പെടുത്താന്‍ ഒരു ശ്രമം നടത്തി.
"ഒറ്റപ്പെട്ട ജീവിതമാണെന്നറിയാം. സങ്കടമുണ്ട്‌. നോക്കൂ, കൂട്ടുവേണമെങ്കില്‍ ഒരു വാക്ക്‌ മതി. നമ്പര്‍ അറിയാമല്ലോ, വിളിക്കുക."
ചിരകാല സുഹൃത്തിന്റെ
കുഴിമൂടാന്‍ എറിഞ്ഞ മണ്ണ്‌ കൈക്കുടന്നയില്‍നിന്ന്‌ തട്ടിക്കളയുക കൂടി ചെയ്യാതെ ശവക്കുഴിയിലെങ്കിലും അദ്ദേഹത്തിന്‌ ഒന്നൊതുങ്ങി കിടക്കാനുള്ള അവസരം നല്‍കാതെ, പ്രിയ തോഴന്‍ ഒരു ശൃംഗാരവേദി ഒരുക്കുകയായിരുന്നു. ആ ശൃംഗാരാഭാസത്തിന്റെ നേര്‍ക്ക്‌ കാര്‍ക്കിച്ചു തുപ്പിയില്ലെങ്കിലും ഏറിയ പുച്ഛത്തോടെ അവള്‍ വലീയൊരു നന്ദി നീട്ടിപ്പറഞ്ഞു.
ഇടുങ്ങിയ നടപ്പാതയിലൂടെ വീട്ടിലേക്കു നടന്നു.
പുറത്തേക്കുള്ള വഴിയറിയാതെ. മുമ്പോട്ടു നടന്നു. കണ്‍മുമ്പില്‍ അങ്ങിങ്ങായി നിരന്നു നില്‍കുന്ന വെണ്ണക്കല്ലറകള്‍. കൊച്ചു കൊച്ചു കുഴിമാടങ്ങള്‍. സായാഹ്നവെയിലില്‍ നിഴലുകള്‍ പതിച്ചു എഴുന്നു നില്‍കുന്ന കുരിശുരൂപത്തിലുള്ള കുറേ സ്മാരകസ്തംഭങ്ങള്‍. ഗ്രനൈറ്റ്‌ ശിലാഫലകങ്ങളില്‍ പൊതിഞ്ഞ ഒരു കല്ലറയുടെ
തലക്കല്ലില്‍ ചേര്‍ത്ത വാക്കുകളില്‍ അവളുടെ കണ്ണുടഞ്ഞു:
'ഹെയ്‌, ഗിവ്‌ ഇറ്റ്‌ എനദര്‍ ചാന്‍സ്‌ റ്റു വര്‍ക്ക്‌ ഔട്ട്‌.'
സത്ത പെട്ടെന്ന്‌ അരിച്ചെടുക്കാനാവാത്ത വാക്കുകള്‍. വരികള്‍ക്കിടയില്‍ വായിക്കാന്‍ ഒരു വലീയ ഖണ്ഡം മറച്ചുവെച്ചതുപോലെ. കാലാന്തരങ്ങളായി നിഷേധിക്കപ്പെട്ട മര്‍ത്ത്യധര്‍മ്മത്തിന്റെ പൊരുള്‍ കണ്ടെത്താനുള്ള ശ്രമം വിഫലമാവില്ലെന്ന്‌ ഉദ്ബോധിപ്പിച്ചുകൊണ്ട്‌, അതിന്റെ ആറടി ആഴമെങ്കിലും കണ്ടുപറ്റി ഒരുവേളകൂടി ശ്രമിക്കാനുള്ള ആഹ്വാനത്തിന്റെ ശീര്‍ഷകം പോലെ.
മുന്നോട്ടിനി പാതയില്ലെന്നു കണ്ടു, അവള്‍ ഇടത്തോട്ടു തിരിഞ്ഞു നടന്നു. വെണ്ണക്കല്ലില്‍ പണിത മറ്റൊരു തലക്കല്ലില്‍ കുറിച്ചിട്ടിരിക്കുന്നു:
'സ്റ്റേയ്‌ ദ കോഴ്സ്‌'.
അപരന്റെ വഴിയില്‍ വിലങ്ങു സൃഷ്ടിക്കാതെയാണ്‌
ഇതുവരെ മുന്നോട്ടു നീങ്ങിയിട്ടുള്ളത്‌. ആര്‍ക്കും കൂട്ടുനില്‍കാതെ വിടപറഞ്ഞു പുറപ്പെട്ടതും അതുപോലെതന്നെ. കാലത്തിന്റെ കനത്ത ചുവടുകള്‍ മനസ്സിലെ പച്ചിലകളെ ചവിട്ടി ഞെരിച്ചു. എങ്കിലും ദൂരത്തില്‍ ഇനിയുമേറെ മുന്നേറാനിരിക്കുന്നു എന്ന ബോധം അസംഗത്വത്തിലേയ്ക്കു കൊഴിഞ്ഞു വീഴാനുള്ള വെറുമൊരു ഉണക്കിലയാവാന്‍ സമ്മതിക്കരുതെന്ന്‌ വിലക്കുന്നു. ജീവിതത്തിന്റെ തീ ഇനിയെങ്കിലും ആളിക്കത്തണം. ചുടലക്കളത്തില്‍ നിന്ന്‌ ചോര്‍ത്തിയെടുത്ത പ്രസരിപ്പോടെ ഗൃഹം പൂകാന്‍ വേഗത കൂട്ടി മുമ്പോട്ടു നടന്നു.
അങ്ങകലെയായി, എക്സിറ്റ്‌ ഗെയ്റ്റ്‌ കാണാറായി. അപ്പോഴാണ്‌, പൊതിഞ്ഞ ഇഷ്ടികകള്‍ ഇടിഞ്ഞുവീണ്‌ ജീര്‍ണ്ണതബാധിച്ചു കിടന്ന ഒരു കുഴിമാടത്തില്‍നിന്നും വടികുത്തി ഇറങ്ങിവന്നതാണെന്നു തോന്നിപ്പിക്കുമാറ്‌ എങ്ങോ നോക്കി നിശ്ചലനായി സ്വന്തം നിഴല്‍ വീഴ്ത്തി നില്‍കുന്ന ഒരു രൂപം പെട്ടെന്ന്‌ കണ്ണില്‍ പെട്ടത്‌. തന്നെപ്പോലെ വഴിതെറ്റിയതോ അതോ ഇനി എത്താന്‍ അധികദൂരമില്ലാത്ത അന്തിമ വിശ്രമസ്ഥലി യിലേക്ക്‌ വലിഞ്ഞുകയറി വന്നതോ? ചുടുകാട്ടിലെ ഈ വിജനതയില്‍ മറ്റൊരു മനുഷ്യ ഗന്ധം ശ്വസിച്ചിട്ടാവാം, അല്ലെങ്കില്‍ ഒരപരന്റെ കാലൊച്ച കേട്ടു ഞെട്ടിയിട്ടാവാം കൈയിലെ വടി തെറിപ്പിച്ച്‌ ആ അസ്ഥിപഞ്ജരം അവളുടെ നേര്‍ക്കു തിരിഞ്ഞു. കത്തിയൊടുങ്ങിയ ചിതയില്‍നിന്നെന്നപോലെ അന്തരീക്ഷത്തില്‍ ഒരു നേരിയ പുക. കര്‍പ്പൂരഗന്ധവും. വിളര്‍ത്ത ആകാശത്ത്‌ ചുകപ്പും മഞ്ഞയും ചായങ്ങള്‍ ചാലിച്ചു പ്രകൃതി
വരച്ചെടുത്ത കുറേ വിചിത്ര രൂപങ്ങളുടെ പശ്ചാത്തലത്തില്‍ ഭയചകിതനായി നില്‍ക്കുന്ന ഒരു വൃദ്ധന്‍. പിളര്‍ന്ന ചുണ്ടുകള്‍ക്കിടയില്‍നിന്നും പിന്‍വലിച്ച നാക്ക്‌. മേല്‍പോട്ടു തുറന്നിട്ട കണ്‍പോളകള്‍ക്കു കീഴില്‍ ഇളകുന്ന കൃഷ്ണമണികള്‍‍. കൈവള്ളകള്‍ കൊണ്ട്‌ കാതുകള്‍ പൊത്തി വിഭ്രാന്തിയോടെ വിറച്ചു നില്‍കുന്ന ഒടിഞ്ഞ രൂപം- ആശുപത്രിച്ചുമ രില്‍ തൂക്കപ്പെട്ട, തന്റെ കൈകളാല്‍ പകര്‍ത്തിവരക്കപ്പെട്ട വിശ്വവിഖ്യാതനായ എഡ്വാര്‍ഡ്‌ മഞ്ചിന്റെ 'ദ്‌ സ്ക്രീം' എന്ന വര്‍ണ്ണ ചിത്രത്തിലെന്ന പോലെ തന്റെ മുന്‍പില്‍ നരച്ചുവിളര്‍ത്ത സ്വന്തം അച്ഛന്റെ മുഖം...
വ്യഥാസാന്ദ്രമായി അവള്‍ നിലവിട്ടു മുറവിളിച്ചുപോയി. "അച്ഛാ...!"
കവി എ.അയ്യപ്പന്ന്‌ ആദരാഞ്ജലി!

Monday, October 25, 2010മനസില്‍ വെളിച്ചം പെട്ടെന്നു പോയ ഒരു ദിവസം...

തെരുവോരത്ത്‌ ആലിന്‍ചോട്ടിലിരുന്ന്‌, പീടികത്തിണ്ണയിലിരുന്ന്‌, തീവണ്ടിയാപ്പീസിലെ ബെഞ്ചുകളില്‍ ഇരുന്ന്‌,

കുറിച്ചിട്ട കടലാസു തുണ്ടങ്ങളില്‍ കവിതയുടെ മാസ്മരികതയും ജീവിതത്തിന്റെ സര്‍വ്വസാരവും നിറച്ച്‌, താന്‍ നേടിയെടുത്ത സര്‍വ്വ സ്വത്തിനുമുള്ള സാക്ഷിപത്രങ്ങളാക്കി, കേരളീയരുടെ മനസില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ശേഷം, ജീവിച്ചു തീര്‍ത്തതില്‍ ബാക്കിവന്ന ചില്ലറക്കാശ്‌ ആര്‍ക്കെന്നില്ലാതെ തിരിച്ചേല്‍പ്പിക്കാന്‍ കുപ്പായക്കൈമടക്കില്‍ ഇട്ടേച്ച്‌ പതിവുപോലെ അപരിചിതമായ ഒരു പുതിയ വഴിയിലൂടെതന്നെ എന്നേക്കുമായി തെരുവ്‌വിട്ടു കടന്നു പോയി,
ജനങ്ങളുടെ കവി, എ. അയ്യപ്പന്‍-
കവിക്കുള്ള രാജപട്ടം തന്റെ നേര്‍ക്കു നീട്ടിയത്‌ ഏറ്റുവാങ്ങാന്‍ പോലും കാത്തുനില്‍ക്കാതെ......

ഒരു മേല്‍വിലാസം ഇല്ലായിരുന്നെന്നോ?
ശാശ്വതമല്ലാത്ത ഒരു മേല്‍വിലാസം ആര്‍ക്കുവേണം?
അതായിരുന്നല്ലോ അനാഥനായി ഈ ഭൂമിയില്‍ പിറക്കേണ്ടിവന്ന ഭാഗ്യദോഷിയായ താങ്കളുടെ കല്‍പിതവും. എന്നിരുന്നാലും, താങ്കളുടെ വിയോഗം ഭൂമിയില്‍നിന്നുള്ള ഒരു മലയാള നക്ഷത്രത്തിന്റെ അസ്തമനമായി മലയാളസാഹിത്യം അതിന്റെ താളുകളില്‍ കുറിച്ചിടും മുമ്പേ മലയാള മനസ്സില്‍ സ്ഥായിയായ ഒരിടം താങ്കള്‍ നേടിക്കഴിഞ്ഞിരുന്നു. ലഹരിപകര്‍ന്ന കവിതകളിലൂടെ ഞങ്ങള്‍ക്കായി, ലഹരിയോടെ തെരുവുകള്‍ താണ്ടി നടന്ന, താങ്കള്‍ മലയാളക്കരയില്‍ ഏല്‍പിച്ചുപോയ അസുലഭ സമ്പത്ത്‌ സൂക്ഷിക്കുവാനായി മേല്‍വിലാസമുള്ള ഒരു മന്ദിരത്തിന്റേയും ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല. കവിതാപ്രേമികളായ താങ്കളുടെ ആരാധകരുടെ ഹൃദയങ്ങളില്‍ അവ സ്ഥാനം പിടിച്ചുകഴിഞ്ഞു. അവരുടെ മാറില്‍ ചേര്‍ത്തുവെക്കാന്‍ ഇപ്പോഴിതാ താങ്കളുടെ ഒരിക്കലും മായ്ക്കാനാവാത്ത, സന്തുഷ്ടിയാര്‍ന്ന പുഞ്ചിരിയും-
നീലാകാശത്തൊരു ഉജ്ജ്വലനക്ഷത്രപ്രഭയായി ആ പുഞ്ചിരി ഭൂമിയില്‍ പെയ്തിറങ്ങട്ടെ...

എ.അയ്യപ്പന്റെ കവിതാപ്രവാഹത്തിനു മുന്‍പില്‍,
ആ അനര്‍ഘ പ്രതിഭയ്ക്കു മുന്‍പില്‍,
നമോവാകം!

11 comments:

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയപ്പെട്ട ശ്രീ വി.പി.ഗംഗാധരന്‍,
എന്നെ സന്ദര്‍ശിച്ചതില്‍ അളവറ്റ ആഹ്ലാദം.അകലെ നിന്ന്‌,സിഡ്‌നിയില്‍ നിന്ന്‌,ഞാന്‍ കാണാത്ത വിദൂരദേശത്തുനിന്ന്‌ വന്നെത്തിയ സന്ദേശത്തിന്‌്‌ നന്ദി.
കവി അയ്യപ്പന്‍ മലയാളിയുടെ മനോഭാവത്തിനുനേരെ നീട്ടിപ്പിടിച്ച കണ്ണാടി.ഇക്കാലത്തെ ഏറ്റവും സജീവമായ യുവത്വം.എഴുത്തിന്റെ സഫലത.ഇപ്പോള്‍ താനായിരുന്നു ഏറ്റവും ജനകീയനായ കവി എന്നുകൂടി സ്ഥാപിച്ചിരിക്കുന്നു..സുഗതകുമാരി ടീച്ചര്‍ ഏറ്റുപറഞ്ഞപോലെ അസൂയ തോന്നിപ്പിച്ചുകൊണ്ട്‌ കടന്നുപോയി..അത്‌ മനുഷ്യത്വം കൊണ്ടാണ്‌ അദ്ദേഹം സാധ്യമാക്കിയത്‌.
ആ കവിതകളാവും ഇനിയുള്ള കാലത്ത്‌ ഏറെ വില്‍ക്കപ്പെടുക.
നന്ദി.

ഒറ്റയാന്‍ said...

അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓ!ടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി
(അയ്യപ്പന്‍ അവസാനം എഴുതിയ കവിത

ആ മനുഷ്യനെ കുറിച്ച് പറയാന്‍ മാത്രം വാക്കുകളുടെ അറിവ് എനിക്കില്ല

V P Gangadharan, Sydney said...

പ്രിയപ്പെട്ട ശ്രീ സുസ്മേഷ്‌,
അഭിപ്രായം കുറിച്ചതിനു നന്ദി! ഏതാനും വാക്കുകളില്‍ താങ്കള്‍ കവിതയുടെ മാണിക്യച്ചെപ്പായിരുന്ന അയ്യപ്പനാശാനെ (ഇങ്ങിനെ നാമകരണം ചെയ്ത ബാലചന്ദ്രന്‍ ചുള്ളിക്കാട്ടിനു സ്തുതി!) അര്‍ഹിക്കുംവിധം വിലയിരുത്തിയ കുറിപ്പിനു പ്രത്യേകം നന്ദി! താങ്കളെ മാതൃഭൂമിയിലൂടെ കുറേ ഏറെ വായിച്ചു തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ താങ്കളുടെ എഴുത്തിനെ ആദരിക്കുന്ന ഒരു വ്യക്തിയാണ്‌ ഞാന്‍ എന്ന്‌ കൂടി ഇതോടൊപ്പം കുറിക്കുന്നതില്‍ എനിക്കഭിമാനം! ബന്ധം പുലര്‍ത്തുമെന്ന്‌ ആശിക്കുന്നു.

V P Gangadharan, Sydney said...

അയ്യപ്പനാശാന്റെ പേനയിലൂടെ ആത്യന്തികമായി തികട്ടിവന്ന കവിതാശകലത്തില്‍ പ്രിയ കവിയുടെ ആത്മഭാവം പൂര്‍ണ്ണമായും പ്രതിഫലിച്ചതായി കാണുന്നു-
അയ്യപ്പന്റേതു മാത്രമായി, വേറിട്ടു നിര്‍വചിക്കപ്പെടേണ്ട ഒരു യാത്രാമൊഴി...
യഥായോഗ്യം ആ കവിതാശകലം ഇവിടെ ഉദ്ധരിച്ചതിന്‌ ഒറ്റയാന്‌ പ്രത്യേകനന്ദി!


അവസാന യാത്രയിലും പോക്കറ്റിൽ കവിത മാത്രം

പാവപ്പെട്ടവന്‍ said...

അതെ... കാവ്യകേരളം കിനിയാത്ത കരുണയില്‍ പരിഭവിക്കാതെ പടിയിറങ്ങിയവന്‍ , വെളുപ്പിച്ചു വെടുപ്പാക്കിയ ഉടയാടകള്‍ക്കു മാത്രം ആദരവ് പകരുന്ന സംസ്കാരത്തിന് മുഖം കൊടുക്കാത്തവന്‍ .....ശത്രുവിനും ,സഖാവിനും ,സമകാലിന സുഹൃത്തുക്കള്‍ക്കും പകരം കൊടുത്ത നോവിന്റെ കവിതകള്‍ മാത്രം

V P Gangadharan, Sydney said...

'പാവപ്പെട്ടവനാ'യ സ്നേഹിതാ, അതെ! അതെ!! അതെ!!!

'പാവപ്പെട്ടവന്‍' എന്ന താങ്കളുടെ എളിമയുടെ പുറംതൊലിയുരിച്ചു നോക്കുമ്പോള്‍, സുഹൃത്തേ, ഞാന്‍ കാണുന്നു: ഐശ്വര്യം!

ഒഴാക്കന്‍. said...

അയ്യപ്പന്‍ .... ശരിക്കും ഒരു തീരാ നഷ്ട്ടം ആണ്. ജീവിച്ചിരുന്നപ്പോ പലര്‍ക്കും ഒരു മതിപ്പില്ലയിരുന്നില്ലെങ്കിലും ഇപ്പോഴെങ്കിലും ആ യ്യപ്പനെ ലോകം തിരിച്ചറിയും എന്ന് വിശ്വസിക്കാം

V P Gangadharan, Sydney said...

അയ്യപ്പന്റെ ആരാധകര്‍ അസംഖ്യം! അവര്‍ക്ക്‌ ഈ കവി അമരന്‍!
കവിക്ക്‌ ഹൃദ്യമായ അംഗീകാരമേകി ഇവിടെ കുറിച്ചിടപ്പെട്ട വാക്കുകള്‍ക്ക്‌ നന്ദി! കലാവല്ലഭന്നും, ഒഴാക്കന്നും Sydnyan ന്റെ നമസ്കാരം!

Echmukutty said...

kavikk aadaraanjalikal!

V P Gangadharan, Sydney said...

എച്ച്മുക്കുട്ടിക്കു നന്ദി!

ഓണാശംസകള്‍!


Sunday, August 22, 2010

1 comments:

Echmukutty said...

വൈകിയെങ്കിലും ഓണാശംസകൾ!ഈണംതെറ്റിയ ഒരോണദിനം സിഡ്നിയില്‍

Posted originally on Sunday, August 22, 2010റക്കമുണര്‍ന്ന്‌ കാലത്തെ ഴുനേറ്റ്‌ ഇറങ്ങിച്ചെന്നത്‌ ഓണപ്പുലരിയിലേക്കായിരുന്നു. ഈ മറുനാട്ടില്‍, സിഡ്നി ഹാര്‍ബര്‍ബ്രിഡ്ജ്‌ന്റെ ഉച്ചിയില്‍ മലയാളികള്‍ക്കായി ഉദിച്ചുയരുകയായി മറ്റൊരു പൊന്നോണം!
കാലത്തെഴുനേറ്റ്‌ ചെയ്യേണ്ടുന്ന മറ്റൊരു പതിവു കര്‍മ്മം കൂടി തന്റെ ദിനചര്യകളില്‍ ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നു. ഒട്ടും അമാന്തിക്കാതെ കാലം ബാക്കിവെച്ച ചുറുചുറുക്കോടെ തന്നെ അത്‌ അനുഷ്ടിക്കുന്നുമുണ്ട്‌. റോഡിനു സമാന്തരമായി നീണ്ടുപോകുന്ന മൂന്നടി വീതിയുള്ള കോണ്‍ക്രീറ്റ്‌ നടപ്പാതയിലൂടെയുള്ള ശീഘ്രഗമനം തനിക്കിപ്പോള്‍ എന്തുകൊണ്ടോ അനിവാര്യമായിരിക്കുകയാണ്‌. പ്രായത്തിനൊത്ത്‌ പതുക്കെ തലപൊക്കിയ രക്‌ത സമ്മര്‍ദ്ദത്തിന്ന്‌ പ്രതിരോദ്ധ്യമായി ചെലവില്ലാത്ത ഒരു ചികിത്സ.

വീട്ടില്‍ നിന്ന്‌ ഇറങ്ങുമ്പൊള്‍ ഭാര്യ ചോദിച്ചു: "ഓണമായിട്ടിന്നുമിതു വേണോ?"
"ശരീരത്തിനും മനസ്സിനും അല്‍പമൊരുന്മേഷം ആവാഹിച്ചെടുക്കാന്‍ ഇതില്‍പരം എന്തുണ്ട്‌, ഉഷേ? നീയാ പൂള്‍ ല്‍ ഇറങ്ങി മുങ്ങി നിവരുമ്പോഴേക്കും ഞാനിങ്ങെത്തിയേക്കാം; പോരേ?" മൗന സമ്മതത്തിന്റെ മുഖച്ചാര്‍ത്ത്‌ വായിച്ചെടുക്കാന്‍ കൂട്ടാക്കാതെ ഇറങ്ങി.

പ്രഭാതാഭിവാദ്യം കൈനീട്ടമായി അയലക്കത്തെ ഡേവിഡ്‌ മെക്നമാര യില്‍ നിന്നു ലഭിച്ചു: "Good morning."

നാട്ടിലെ ചേറ്റംകുന്ന്‌ പോലെയുള്ള ബോക്സ്‌റോഡ്‌ ലെ രണ്ട്‌ വലിയ കയറ്റവും രണ്ടിറക്കവും കഴിഞ്ഞപ്പോള്‍ ചെറിയൊരു കിതപ്പ്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നാട്ടിന്‍പുറത്തെ മരതകപ്പച്ചയില്‍ മുങ്ങി ആന്തോളനം ചെയ്തു പിന്നിട്ട ഓണപ്പെരുന്ന്നാളുകളുടെ പഴയ ഓര്‍മ്മകള്‍ മനസ്സിന്റെ താഴ്ത്തട്ടുകളില്‍നിന്നും കുടഞ്ഞെടുത്തുകൊണ്ട്‌ അപ്പുറവും ഇപ്പുറവും നോക്കാതെ നടന്നപ്പോള്‍ കിതപ്പിന്‌ ഏറെ ശമനം കിട്ടി. രണ്ടു ജടയന്മാരായ നായ്ക്കുട്ടികളുമായി നടക്കാനിറങ്ങാറുള്ള സ്വര്‍ണ്ണത്തലമുടിക്കാരി യുവതി സുപ്രഭാതം നേര്‍ന്നുകൊണ്ട്‌ എതിരേ കടന്നു പോയി. തല മുണ്ഠനം ചെയ്ത മറ്റൊരു പാശ്ചാത്യ യുവസുന്ദരി ശോഷിച്ച്‌ വിളറിയ മുഖത്തു പൊടിഞ്ഞുനിന്ന വിയര്‍പ്പുകണങ്ങള്‍ ഒപ്പിക്കൊണ്ട്‌ തൊട്ടടുത്തുകൂടെ നടന്നു പോയി. ഏതോ രോഗാധീനയാണെന്ന്‌ തോന്നിപ്പിക്കുന്ന ദൈന്യതയാര്‍ന്ന വദനം. ഓണപ്പൂക്കളം കൂട്ടാനായി പപ്പടക്കാരി കസ്തൂര്‍ബായ്‌ യുടെ വീട്ടുവേലിക്കുള്ളില്‍ ജമയന്തിപ്പൂവിറുക്കാന്‍ അനുവാദമില്ലാതെ കടന്നുചെന്നപ്പോള്‍ അരവിന്ദ ഷേണായ്‌ ആട്ടിപ്പായിച്ചതും, മാത്തന്‍ അച്ചുമാസ്റ്റരുടെ നെല്‍പ്പാടത്തിന്റെ വരമ്പത്ത്‌ പൂത്തു നില്‍പ്പുള്ള കൊച്ചപ്പൂക്കളും തുമ്പപ്പൂക്കളും മഞ്ഞപ്പൂക്കളും കൊട്ടനിറയെ പറിച്ചെടുത്ത്‌ ഉന്മാദത്തോടെ വീട്ടിലേക്കോടവേ കണ്ടി തടഞ്ഞ്‌ കമിഴ്‌ന്നടിച്ച്‌ വീണതും, മാസ്റ്റരുടെ മകള്‍ രാഗിണി അതുകണ്ട്‌ കുടുകുടാ ചിരിച്ചതും മറ്റും സ്മൃതിപഥത്തില്‍ അവാച്യമായ രാമണീയത തുന്നിച്ചേര്‍ത്തു. എമ്പാടും സ്വപ്നങ്ങള്‍ പേറിയുള്ള നടത്തത്തിന്ന്‌ അറിയാതെ വേഗത കൂടി. അകാരണമായി ആ മധുരസ്വപ്ന ശൃംഖല എവിടെയോ വെച്ചു അറുക്കപ്പെട്ടു.

- ആകാശത്തുനിന്ന്‌ ആരോ അരിശത്തോടെ വലിച്ചെറിഞ്ഞതുപോലെ തൊട്ടു മുമ്പിലായി പെട്ടെന്ന്‌ വന്നു വീണു, ഒരു പച്ചമാംസത്തുണ്ടം. കൂമ്പിയ ചിറകുകളോടെ ഒരു പക്ഷിയുടെ ജഡം. കാല്‍ക്കീഴില്‍ എവിടെനിന്നോ വന്നു വീണടിഞ്ഞ ജീര്‍ണ്ണാവശിഷ്ടം. നിസ്സാരമായൊരു മൃത്യു...

തന്റെ കിതപ്പ്‌ അല്‍പ്പം കൂടി. തനിക്കിന്ന്‌ ഒരു ഉത്സവദിനമാണെന്ന ചെറിയൊരു പരിഗണന പോലും നല്‍കാതെ മരണത്തെ കുറിച്ച്‌ ഓര്‍മ്മിപ്പിക്കാനുള്ള മഹാബലിത്തമ്പുരാന്റെ, അല്ലെങ്കില്‍ പടച്ചവന്റെ, കുറുക്കുവഴിയാണോ ഇതെന്ന്‌ സംശയിച്ചുകൊണ്ട്‌ മേലോട്ടു നോക്കി. കണ്ടത്‌, ആട്ടം നിലച്ചിട്ടില്ലാത്ത വെറുമൊരു ഉണങ്ങിയ മരക്കൊമ്പായിരുന്നു. ചുള്ളിക്കൊമ്പത്തിതുവരെ അള്ളിപ്പി ടിച്ചുനിന്ന ഒരെളിയ ജന്മത്തിന്റെ അവസാനത്തെ പിടിവിട്ടു, കിതച്ചുകൊണ്ട്‌ നീങ്ങുന്ന ഈ മലയാളി മനുഷ്യന്റെ മുന്നിലായി താഴെ റോഡരുകില്‍ ഒരു മൃതിയായി നിപതിച്ച പക്ഷിയുടെ തുമ്പപ്പൂ നിറമുള്ള തൂവലുകള്‍ നോക്കി നിര്‍വികാരനായി നില്‍ക്കുകയല്ലാതെ താന്‍ ഒരു നെടുവീര്‍പ്പിടുകപോലും ചെയ്തില്ല...

നിലത്തു വീണുകിടന്ന ഒരു പൂവിനെ നോക്കി കുമാരനാശാന്‍ ഒരു വിലാപകാവ്യം രചിച്ചു. നിശ്ചലതയില്‍ നിന്ന്‌ നിശ്ചലതയിലേയ്ക്ക്‌ ഞെട്ടറ്റു വീണ പൂവിന്റെ ദലങ്ങള്‍ നോക്കി ആശാന്‍ കണ്ണീര്‍ വീഴ്ത്തി. നീലവിഹായസ്സില്‍ ചിറകടിച്ചുയര്‍ന്നു, പറന്നു, പറന്നു, ഒടുക്കം പാതവക്കില്‍ ഈ പഥികന്റെ കാല്‍ക്കീഴില്‍, ഓണപ്പൂക്കള്‍ കോര്‍ത്ത്‌ മിനഞ്ഞെടുത്ത മധുര സ്വപ്നങ്ങള്‍ക്കു മുമ്പില്‍, തൂവെള്ളത്തൂവലുകളാല്‍ പൊതിയപ്പെട്ട ഒരു തുണ്ടം മാംസമായവശേഷിച്ച പറവ തലകുത്തി വീണിട്ടും താന്‍ കരഞ്ഞില്ല. പലതും ചെയ്തുതീര്‍ക്കാനും ചെയ്ത തെറ്റുകള്‍ തിരുത്താനുമുള്ള തിരക്കുപിടിച്ച തന്റെ ജീവിതയാത്രയ്ക്കിടയില്‍ ആത്മീയ ചിന്തയ്ക്കിടമില്ല. ഒരു വിലകെട്ട മരണത്തെ ഓര്‍ത്ത്‌ വിലപിക്കാനെന്തുണ്ട്‌? എങ്കിലും അല്‍പം മാറിനിന്നു. ഓര്‍ത്തുപോയി:

ഇന്നലെ, നീലാകാശത്തിലൊരു പൊലിമയാര്‍ന്ന ഭസ്മക്കുറിയായി തെളിഞ്ഞു നിന്ന ഒരു കിളി. ഇന്ന്‌, ഒരു മാംസപിണ്ഠം.

നാളെ, ചീഞ്ഞളിയും മാലിന്യം...

വീടുകള്‍ക്കു മുന്‍പില്‍ റോഡു നീളെ ചവറ്റുതൊട്ടികള്‍ നിരന്നു കിടക്കുന്നു. അവയില്‍ നിന്നും മാലിന്യം കുടഞ്ഞെടുത്തിട്ടു കൊണ്ടുപോകാന്‍ കൗണ്‍സില്‍ ന്റെ കാട്ടംകോരി-വാഹനം ഓടിയെത്താനുള്ള സമയം അടുത്തുകഴിഞ്ഞിരുന്നു. ഒട്ടും അമാന്തിച്ചില്ല. ആത്മാവ്‌ പഞ്ചരം വെടിഞ്ഞ്‌ പറന്നകന്നുകഴിഞ്ഞ ആ നിശ്ചല ദേഹത്തിന്റെ വാല്‍ത്തുമ്പില്‍ നുള്ളിപ്പിടിച്ച്‌ തൊട്ടടുത്തു കണ്ട ഒരു ചവറ്റുതൊട്ടി തുറന്ന്‌ പതുക്കെ അതിലേക്ക്‌ താഴ്ത്തി. ചത്തു മലച്ച കിളിയുടെ കൂമ്പിയ ചിറകുകള്‍ക്കുള്ളില്‍ കുടുങ്ങി അപ്പോള്‍ തന്റെ ഹൃദയമിടിപ്പുകളിലൊന്ന്‌ നഷ്ടപ്പെട്ടു.

“Good on you mate!" കുറുകെ ഓടിച്ചുവന്ന ഒരു വാഹനത്തില്‍ നിന്നും തല പുറത്തിട്ടുകൊണ്ട്‌ നല്ലകാര്യമാണ്‌ ചെയ്തതെന്ന്‌ തന്നെ പ്രശംസിച്ചശേഷം ഒരു താടിക്കാരന്‍ മദ്ധ്യവയസ്കന്‍ പുകപരത്തിക്കൊണ്ട്‌ വാഹനത്തിന്റെ വേഗതകൂട്ടി.

ഫലം മറിച്ചായിരുന്നു. ചവറ്റുതൊട്ടിയുടെ ഉടമയായ വീട്ടുകാരന്‍ ഒരു വെള്ളപ്പുലിയായി പെട്ടെന്നെവിടെനിന്നോ ചാടിക്കയറിവന്നു. ചൊടിപ്പോടെ ചോദിച്ചു: “Aye, what’s up? Don’t put anything in there!”

താന്‍ ഒന്നു നടുങ്ങി. സ്വരം താഴ്ത്തിക്കൊണ്ടുതന്നെ മറുപടി പറഞ്ഞു: “Sorry, I thought I could get rid of that carcass from the road.”

അയാളുടെ തന്നെ വീട്ടുപരിസരത്ത്‌ കിടന്ന്‌ ചീഞ്ഞു നാറാനിരിക്കുന്ന ഒരു കുരുവിയുടെ ജഡം. സദ്പരിണതഫലത്തില്‍ തൂങ്ങിനില്‍ക്കുന്ന പ്രത്യയശാസ്ത്രം ഇവിടെ അപ്രസക്‌തമാകുകയാണ്‌. പുലി ക്ഷമ കെട്ട്‌ വീണ്ടും അലറി: “Stuff it! Not in my bin.”

എല്ലാം എന്റേതെന്നുള്ള മാനുഷഃപ്രജ്ഞയുടെ തുടര്‍കഥ. എന്നിത്‌ പര്യവസാനിക്കും? വന്ന വഴിയുടെ അവസാനത്തില്‍ അവിടെ ഒരു നീണ്ടപെട്ടി കാത്തിരിക്കുന്നുണ്ടെന്ന്‌ മനുഷ്യന്‍ മറന്നു പോകുന്നു. നിറച്ച പെട്ടി ഏറ്റുവാങ്ങാന്‍ ചിലപ്പോള്‍ ‍ആരെയും കിട്ടിയില്ലെന്നും വരാം. കരയാനും.

നിര്‍വീര്യനായി താന്‍ തെല്ലിട പകച്ചു നിന്നു. കഴുത്തില്‍ പിടിച്ച്‌ അപ്പാടെ ഈ വെള്ളപ്പുലിയെ ആയിരുന്നു ചവറ്റുതൊട്ടിയിലേക്കിടേണ്ടിയിരുന്നത്‌ എന്ന്‌ കുറ്റബോധത്തോടെയാണെങ്കിലും അപ്പോള്‍ തോന്നിപ്പോയി. ജഗത്തെന്ന വലീയ ത്രാസിലെ രണ്ടു തട്ടുകളിലൊന്നില്‍, സമനിലതെറ്റി ക്കാനായിമാത്രം വന്നുവീണ കരിങ്കല്‍ ചീളുകളിലൊന്ന്‌ -ഈ മനുഷ്യന്‍!

മനസ്സില്‍ താന്‍ തീര്‍ത്ത വര്‍ണ്ണശബളിമയാര്‍ന്ന ഓണപ്പൂക്കളം വീട്ടില്‍ തിരിച്ചെത്തും മുമ്പേ അങ്ങിനെ തുലഞ്ഞു.

6 comments:

Echmukutty said...

വേദനിപ്പിയ്ക്കുന്ന അനുഭവം.
ഒത്തിരി ഒന്നാം സമ്മാനാർഹമായ കഥകൾ എഴുതിയ ഒരാളോട് ഇങ്ങനെ പറയാമോ എന്നറിയില്ല, എങ്കിലും ......
കുറച്ച് കൂടി ഒതുക്കി എഴുതിയിരുന്നെങ്കിൽ കൂടുതൽ ശക്തമാകുമായിരുന്നു. ആത്മാർഥത അധികരിക്കുമ്പോൾ സംഭവിയ്ക്കുന്ന വാചാലത അല്പം കല്ലുകടിപ്പിയ്ക്കുന്നുണ്ടെന്ന് തോന്നി.
ഈ കറുപ്പ് വർണ്ണത്തിലെ വെളുത്ത ലിപി ഒന്നു മാറ്റിക്കൂടേ?
വായിയ്ക്കാൻ വലിയ ബുദ്ധിമുട്ട് തോന്നുന്നു.

V P Gangadharan, Sydney said...

അഭിപ്രായം കുറിച്ചതിഷ്ടപ്പെട്ടു. നന്ദി! മുപ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എന്റെ കഥകള്‍ സമ്മാനാര്‍ഹമായെന്നതുകൊണ്ട്‌ ഊറ്റം കൊള്ളാന്‍ എന്തിരിക്കുന്നു? ഇന്നത്തെ മലയാള കഥാരംഗത്ത്‌ കാലുകുത്തുവാന്‍ പോലും അറച്ചു നില്‍ക്കുന്ന ഞാന്‍ പൂജ്യത്തില്‍ നില്‍ക്കുന്നുവെന്ന ലജ്ജ മാത്രം ബാക്കി. മലയാള സാഹിത്യവുമായി ഏറെക്കാലത്തെ അകല്‍ച്ച സംഭവിച്ചുപോയതാണ്‌ കാരണം. ഈ വസ്തുത 'വിശ്വാസപൂര്‍വ്വം' എന്ന ലേബലില്‍ 'സവിനയം സസ്നേഹം' എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പില്‍ പ്രകടമാക്കുകയുണ്ടായി. അഭിപ്രായങ്ങള്‍ നിസ്സങ്കോചം പറയാവുന്നതാണ്‌. ഞാന്‍ ആദരവോടെ സ്വീകരിക്കുകയേ ഉള്ളൂ. എന്റെ English കൃതികള്‍ വായിച്ചിട്ടുണ്ടാകുമല്ലോ. Comments എഴുതാം. 'വിശ്വാസങ്ങള്‍' ലെ മറ്റു കഥകളെക്കുറിച്ച്‌ ഒന്നും എഴുതിയതു കണ്ടില്ല.
പേജ്‌ ലേയ്‌ ഔട്ട്‌ മാറ്റാന്‍ ശ്രമിക്കാം.

മനോഹര്‍ കെവി said...

ഇപ്പോഴാണ് ഈ കഥ വായിച്ചതു... എങ്ങനെയാണു ഇവിടെ എത്തിയത് എന്നും ഓര്‍മയില്ല.. എന്നാലും വന്നത് മോശായില്ല... ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ കഥ ഓണക്കാലത്ത് വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയി. കടലുകള്‍ ക്കപ്പുറം , അവിടെ സിഡ്നിയില്‍ ഇരുന്നും, കേരളത്തിന്റെ ഗ്രാമ്യാന്തരീക്ഷം മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ടല്ലോ.. ഭാവുകങ്ങള്‍.. സമയം കിട്ടിയാല്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുക ..തികച്ചും വ്യത്യസ്തമായൊരു വീക്ഷണ കോണിലാണ് ആ ബ്ലോഗ്‌.

jazmikkutty said...

എച്ച്മുന്റെ ബ്ലോഗ്‌ വഴിയാണ് ഇവിടെ എത്തിയത്..
എത്ര നന്നായാണ് അങ്ങ് നശ്വരമായ ജീവിതത്തെ കുറിച്ച് ഓര്‍മിപ്പിച്ചത്!
വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ എല്ലാവരും മറന്നു പോകുന്ന അല്ലേല്‍ മറന്നെന്നു നടിക്കുന്ന ഒരു കാര്യം..
ഈ അടുത്ത കാലത്തൊന്നും ഇത്ര നല്ല എഴുത്ത് വായിച്ചിട്ടില്ല.കീപ്‌ ഇറ്റ്‌ അപ്പ്‌ സര്‍...

V P Gangadharan, Sydney said...

മനൂ,
വൈകിയിട്ടെങ്കിലും എന്നെ കണ്ടെത്തിയതില്‍ സന്തോഷം. തിരക്കുകാരണം താങ്കളുടെ ബ്ലോഗിലേക്ക്‌ ഒന്നെത്തിനോക്കാനേ സാധിച്ചുള്ളൂ. ഒരേ നാട്ടുകാരാണെന്നു വെളിപ്പെട്ടതില്‍ അതിസന്തോഷം. മുമ്പേ ഇട്ട കഥകള്‍ വായിച്ച്‌ അഭിപ്രായം കുറിക്കുമല്ലോ. ഇനിയും ബന്ധം പുലര്‍ത്താം.

V P Gangadharan, Sydney said...

ജാസ്മിക്കുട്ടീ,
താങ്കളുടെ നല്ല വാക്കുകള്‍ സ്വീകരിക്കാന്‍ പണ്ടത്തെ മലയാളസാഹിത്യത്തറവട്ടിന്റെ മുറ്റം അടിച്ചുവാരിക്കൊണ്ടിരുന്ന ഞാന്‍ ഒട്ടും അര്‍ഹിക്കപ്പെടുന്നവനല്ല. എങ്കിലും സുന്ദരശൈലിയില്‍ കുറിച്ചിട്ട അനുമോദനത്തിന്‌ തലകുനിച്ചുള്ള നന്ദി! എന്റെ പഴയ കഥകള്‍ സമയം കിട്ടുമ്പോള്‍ വായിക്കുമെന്ന്‌ വിശ്വസിക്കട്ടെ.
ഇന്നിന്റെ അനുഭവം മറിച്ചാണെങ്കിലും, ഭാരതസംസ്കാരം പണ്ട്‌ വിരല്‍ചൂണ്ടിയിരുന്നത്‌ മനുഷ്യരാശിയുടെ സമത്വമേഖലകളിലേക്കായുരുന്നു. അതിന്റെ വൈശിഷ്ട്യം സത്യത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞത്‌ ദത്തുപുത്രനായി എന്നെ സ്വീകരിച്ച ഈ വന്‍കരയില്‍ കാല്‍കുത്തിയതിനു ശേഷം മാത്രമാണ്‌. ഈ അറിവിന്റെ വെളിച്ചത്തില്‍ ജാസ്മിക്കുട്ടിയോട്‌ ആത്മാര്‍ത്ഥമായൊരു അഭ്യര്‍ത്തന മാത്രം: ദയവായി എന്നെ 'സാര്‍' എന്നു വിളിക്കാതിരിക്കൂ.
താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിച്ച്‌ ഞാനും അഭിപ്രായം എഴുതാം.

വിശ്വം അദൃശ്യം"എക്ക്വയേഡ്‌ ഇമ്മ്യൂണ്‍ ഡിഫിഷ്യന്‍സി സിന്‍ഡ്രം."
രക്തധമനി കൃത്യമായും കണ്ടെത്താതെ രോഗിയുടെകയ്യില്‍ കുത്തിയിറക്കിയ സിറിഞ്ചില്‍ രക്തം കിട്ടാന്‍ പാടുപെടുന്ന ഭിഷഗ്വരന്റെ മുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ പുറപ്പെടുവിച്ച ഡോക്ടര്‍ വിക്ടര്‍ ജോണ്‍സിന്റെ വിജ്ഞാപനം ഹൃത്ത്‌ ഇടിച്ചുതകര്‍ക്കുന്ന ഒരു കദനമൊഴിയായി തന്റെ ചെവിയില്‍ തറച്ചു. അയാളുടെ കഴുത്തില്‍ ഒരു സര്‍പ്പത്തെപ്പോലെ തൂങ്ങിനില്‍പ്പുള്ള ഹൃദയ സ്പന്ദന പരിശോധിനിയിലേക്ക്‌ നിശ്ചലയായി, മൌനയായി, ബലിന്‍ഡ തുറിച്ചു നോക്കി. ധ്വനി തെറ്റിയ ഹൃദയമിടിപ്പുകളിലേക്ക്‌ ഡോക്ടറുടെ വാക്കുകള്‍ ആലിപ്പഴം പൊഴിച്ചുകൊണ്ടുള്ള കൊടുങ്കാറ്റായി പതിഞ്ഞപ്പോള്‍ അവളിരുന്ന കസേല കടലലയില്‍ കുടുങ്ങിയ ചെറുവള്ളമായി മാറി. തുഴയും മുമ്പെ തുഴവലിച്ചെറിഞ്ഞു കൊണ്ടുള്ള വിധേയത്വ മായിരുന്നു പിന്നീടുണ്ടായത്‌: എയ്ഡ്സ്‌!

താന്‍ ഈ മഹാരോഗത്തിന്ന്‌ അടിമപ്പെട്ടിരിക്കയാണെന്ന ഡോക്ടറുടെ ആധികാരിക പ്രഖ്യാപന ത്തിന്റെ ഭീകരതയില്‍ നടുങ്ങിയെങ്കിലും പൊടുന്നനെ നേരിടേണ്ടിവന്ന അപകീര്‍ത്തിയില്‍ അറിയാതെ തല താഴുകയാണുണ്ടായത്‌.

"നോ, ഡോക്ടര്‍, അയ്കാണ്ട്‌ ബിലീവിറ്റ്‌.. ! ലെറ്റെലോണ്‍ ദ്‌ ഫാക്റ്റ്‌ ദാറ്റ്‌ അയ്നെവര്‍ കാന്‍ വിന്‍ ദിസ്‌ ഫയ്റ്റ്‌..."

കോഫ്ഹാര്‍ബറില്‍നിന്നും ഒരു ഉല്ലാസബോട്ടില്‍ സായാഹ്ന സവാരിക്കെന്നും പറഞ്ഞ്‌ പ്രീണിപ്പിച്ച്‌ കൊണ്ടുപോയി, ആഴക്കടലിലെത്തിയപ്പോള്‍ ബലം പ്രയോഗിച്ച്‌ തന്നെ അധീനപ്പെടുത്തിയ കാമാസക്തനായ വില്ല്യം ഷെഫേര്‍ഡിന്റെ ബീജം ഒരു അണുബോംബായി കളങ്കമറ്റ തന്റെ മേനിയില്‍ ഇങ്ങിനെ പൊട്ടിത്തെറിക്കുമെന്ന്‌ എങ്ങിനെ വിശ്വസിക്കും? പാപത്തിന്റെ വഴിതേടിയവനായിരുന്നു എന്നറിഞ്ഞിട്ടും രോഗബാധിതനായി മൃതിപ്പെട്ടുവെന്നു കേട്ടപ്പോള്‍ ശ്മശാനയാത്രയില്‍ പങ്കുകൊണ്ടു. വിഷയലമ്പടനായ ഒരു ഹീനന്റെ പുറംതൊണ്ടായിരുന്നു എന്ന്‌ മനസ്സിലാക്കിക്കഴിഞ്ഞിട്ടും കുഴി മണ്ണിട്ടുമൂടിയപ്പോള്‍ എന്തിനെന്നറിയാതെ കരഞ്ഞുപോയി. അയാള്‍ ചെയ്ത തെറ്റുകള്‍ക്ക്‌ മാപ്പുനല്‍കാന്‍ ജഗന്നിയന്താവിനോട്‌ എന്തിനെന്നറിയാതെതന്നെ കേണപേക്ഷിക്കുകയുമുണ്ടായി...

ഒരു വിഷസര്‍പ്പത്തിന്റെ കുഴിമാടത്തില്‍ വീഴ്ത്തിയ കണ്ണുനീരിന്റെ പ്രതിഫലമാണോ തനിക്കിപ്പോള്‍ കിട്ടിയ ഈ മഹാദീനം? പ്രപഞ്ച സത്യത്തിന്റെ, നീതിയുടെ, ഭീമമായ തട്ടുകളുടെ അനുപാതരാഹിത്യത്തെക്കുറിച്ച്‌ എവിടെച്ചെന്നാണ്‌ താന്‍ ചോദ്യം ചെയ്യേണ്ടത്‌? തന്റെ മുമ്പില്‍ ഇരിക്കുന്ന, വരാനിരിക്കുന്ന യാതനകളെ തന്നോടിപ്പോള്‍ വിളിച്ചറിയിച്ച, ഈ ഡോക്ടറോടാണോ?ചെറുവള്ളത്തില്‍ കിടന്ന്‌ ആടിക്കൊണ്ടിരുന്ന തന്റെ മനസ്സിന്റെ തുരുമ്പിച്ച ചങ്ങല പതുക്കെ വലിച്ചു നങ്കൂരമിട്ടുറപ്പിച്ചു തരുവാന്‍ ശ്രമിച്ചുകൊണ്ടാവണം, ഡോക്ടര്‍ പറയുന്നതു കേട്ടു: "ലിസന്‍, ബലിന്‍ഡാ, ഡോണ്ട്‌ ജസ്ട്‌ ലുക്കെറ്റ്‌ ദ പ്രോഗ്നോസിസ്‌, യൂ മേ ഹേവ്‌ ചാന്‍സ്‌. ആന്‍ഡ്‌ ഡോണ്ട്‌ ഗിവപ്പ്‌! വി ഗോട്‌ റ്റു ഫൈറ്റിറ്റ്‌!"

ഇതേ ദുര്‍ഗ്ഗതിയില്‍ പെട്ട എത്രയെത്ര രോഗികള്‍ ഈ കണ്‍സള്‍ട്ടിങ്ങ്‌ റൂം കയറിയിറങ്ങിക്കാണും? ഡോക്ടര്‍ ജോണ്‍സണ്‍ ഹതഭാഗ്യരായ എത്രയെത്ര മഹാരോഗികളൂടെ കൈകള്‍ പിടിച്ച്‌ ഇതേ സ്വരത്തില്‍ പറഞ്ഞുകാണണം?

"ഡോണ്ട്‌ ഗിവപ്പ്‌! വി ഗോട്റ്റു ഫൈറ്റിറ്റ്‌!"

രക്തത്തില്‍ ജീവാണുക്കള്‍ തുടിച്ചുനിന്നപ്പോഴും ഒരു കൊതുകിനോടുപോലും പൊരുതാന്‍ മടിച്ച ഒരു ബലഹീനയായിരുന്നു ബലിന്‍ഡ. സോഷ്യോളജിയിലും, സൈക്കോളജിയിലും ബിരുദങ്ങള്‍ നേടിയെടുക്കാന്‍ തടിച്ച പുസ്തകങ്ങളോട്‌ മാത്രം പൊരുതിയ ശീലമേ ഉണ്ടായുള്ളൂ. ആ പോരാട്ട ത്തില്‍ മുഴുക്കെ, പക്ഷെ, വിജയം മാത്രമായിരുന്നു.

ഇപ്പോഴിതാ സ്വന്തം സിരകളിലൂടെ ഓടുന്ന രക്തത്തില്‍ പെരുകിക്കൊണ്ടിരിക്കുന്ന വിഷാണുക്ക ളോട്‌ അദ്ദേഹത്തോടൊപ്പം പൊരുതുവാന്‍ ഡോക്ടര്‍ ഉപദേശിക്കയാണ്‌.

-ബലക്ഷയംപൂണ്ട ഈ ശരീരത്തോട്‌ കല്‍പ്പിക്കുകയാണ്‌!

സാന്ത്വനത്തിന്റെ സൂചന നല്‍കിക്കൊണ്ടുള്ള ആ കല്‍പ്പന കേട്ടും കേള്‍ക്കാതെയും കരുത്തറ്റ കൈകള്‍ മുമ്പിലെ മേശക്കുമുകളില്‍ ഊന്നി, എഴുനേറ്റ്‌ പതുക്കെ നടന്ന്‌ കണ്‍സള്‍ട്ടിംഗ്‌ റൂം വിട്ടിറങ്ങുവാന്‍ ഒരുങ്ങിക്കൊണ്ട്‌ താന്‍തന്നെ തുറന്ന വാതില്‍ അടക്കും മുമ്പ്‌ എന്നും എന്നപോലെ പറയാതിരുന്നില്ല: "തേങ്ക്‌യൂ, ഡോക്ടര്‍, സീയൂ ലെയ്റ്റര്‍..."

താനെന്തിനാണ്‌ ഡോക്ടറോട്‌ നന്ദി പറഞ്ഞത്‌?

കണ്ണട നെറ്റിയിലേക്കുയര്‍ത്തി വെച്ചുകൊണ്ട്‌, ഇളംചുകപ്പുള്ള ഹയ്‌ലയ്റ്റര്‍കൊണ്ട്‌ മുഴുക്കെ അടയാളപ്പെടുത്തപ്പെട്ട, വിഷരക്താണുക്കളുടെ സംഖ്യയിലേക്ക്‌ സംശയാസ്പദമായി വീണ്ടും വീണ്ടും കണ്ണോടിക്കുമ്പോള്‍, കണ്ണാടിപ്പലക പതിപ്പിച്ച മേശപ്പുറത്ത്‌ തകര്‍ന്നുവീണതായി അയാള്‍ കാണാറുള്ള കേവലം സ്ഫടികസമാനമായിക്കഴിഞ്ഞ എത്രയോ നിരാധാരരില്‍ ഒന്നു മാത്രമാണ്‌ ഇവള്‍ എന്നറിഞ്ഞിട്ടും ഡോക്ടര്‍ ജോണ്‍സന്റെ ശബ്ദം എന്തേ ഇടറി?

സാമാന്യത്തോതില്‍ അവകാശപ്പെടാവുന്ന എഴുപത്തഞ്ചുവര്‍ഷത്തോളം പോന്ന മനുഷ്യായുസ്സില്‍ ഇനിയും തനിക്കു ശേഷിക്കാവുന്ന അമ്പതു വര്‍ഷങ്ങളെ, കുറേ വിഷാണുക്കളുടെ എണ്ണം കാണിച്ചു കൊണ്ട്‌, രക്തപരിശോധനാപരിണതഫലം കുറിച്ചിടപ്പെട്ട ഒരു വെള്ളക്കടലാസില്‍ ചുരുട്ടിക്കൂട്ടി കുറേ മാസങ്ങളാക്കി തന്റെ കയ്യില്‍ തിരുകിത്തന്ന വൈദ്യശാസ്ത്രത്തിന്റെ വക്താവെന്ന നിലയ്ക്കാണോ താന്‍ ഡോക്ടര്‍ ജോണ്‍സനോട്‌ നന്ദിപറഞ്ഞത്‌?

തനിക്കവകാശപ്പെടാമായിരുന്ന അഞ്ചില്‍ രണ്ട്‌ ദശകങ്ങളെങ്കിലും മറ്റൊരാള്‍ക്കുവേണ്ടി മാറ്റി വെക്കാമെന്ന്‌ നിനച്ചപ്പോള്‍ നിയതി വിലക്കുകല്‍പ്പിച്ചതെന്തിനാവാം?അതും തന്റെ ആരാധകനും ആത്മഗുരുവും ആയ പ്രൊഫസര്‍ വിശ്വംഭരന്‍, ഹയ്ഡ്പാര്‍ക്കിലെ രാത്രിയുടെ മറവില്‍ കോണ്‍ക്രീറ്റ്ബെഞ്ചില്‍ ഇരുന്നുകൊണ്ട്‌ അരുളിയ സാക്ഷിമൊഴിയില്‍ വിശ്വാസമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍..!

സ്വപ്രത്യയനേയമായ വിശ്വത്തിന്റെ വാക്കുകളില്‍:

കുലുക്കംകൊണ്ട ഭൂമിയുടെ പിളര്‍ന്ന പാര്‍ശ്വങ്ങളില്‍ കാലുകളൂന്നിക്കൊണ്ടേന്തിപ്പിടിക്കാനൊരു കൈത്തണ്ടയായി,

സൂര്യബിംബം തുപ്പുന്ന തീക്കനലില്‍ ചുട്ട മണല്‍പ്പരപ്പില്‍ ഒരുഗജം മരുപ്പച്ചയായി,

മഞ്ഞുപെയ്ത്‌ വിറങ്ങലിച്ച പൂമേടയില്‍ അല്‍പ്പം ചൂടുനല്‍കാന്‍ ഇത്തിരി തീക്കനലായി...

അനിര്‍വചനീയമായ ഒരു ശക്തി പ്രസരിച്ചുനില്‍ക്കുന്ന വിശ്വംഭരന്‍ എന്ന പുരുഷനില്‍ അര്‍പ്പിക്കാനായി ഒടുവില്‍ തീര്‍പ്പ്‌ കല്‍പ്പിച്ചുകഴിഞ്ഞപ്പോഴേക്കും എന്ത്‌ ശേഷിച്ചു?

നിര്‍ലോഭം നല്‍കാമെന്നു കരുതി തുറന്ന കൈത്തലം നീട്ടിയപ്പോള്‍, അനര്‍ത്ഥം കുറിക്കപ്പെട്ട അവ്യക്തങ്ങളായ കൈരേഖകള്‍ മാത്രം.

ആ കൈയ്യില്‍നിന്നും ഫലപുഷ്ടി നിറഞ്ഞ യൌവനം ആകസ്മിക്മായി തട്ടിപ്പറിക്കാനെത്തിയ നിയതിയുടെ ക്രൂരതയെക്കുറിച്ചുള്ള തന്റെ ആപത്സൂചകധ്വനി ചെന്നെത്തേണ്ടുന്ന കാതുകള്‍, തന്നില്‍ വീര്യം പകരാന്‍ ഓടിയെത്താറുള്ള ആത്മഗുരുവായ വിശ്വത്തിന്റേതല്ലാതെ മറ്റാരു ടേതാണ്‌?

ഇരുപത്തഞ്ച്‌ വയസ്സായെങ്കിലും താനിന്നും കുടുംബത്തിലെ അഞ്ച്‌വയസ്സായ ഒരു ഇളം കുഞ്ഞാണ്‌. രക്തബന്ധമുള്ള ഒരു കുടുംബമായി ബാക്കിനില്‍ക്കുന്ന ജ്യേഷ്ഠനേയും ജ്യേഷ്ഠത്തി യേയും എങ്ങിനെ ഈ വിവരം പറഞ്ഞറിയിക്കും? കേട്ടുനില്‍ക്കാന്‍ അവര്‍ക്കൊട്ടും നെഞ്ചുറപ്പു കാണില്ല.

എന്നാല്‍, ആത്മദൃഢത വേണ്ടുവോളം കൈമുതലായുള്ള വിശ്വം ഒരിക്കലും പതറുകയില്ല. തന്നില്‍ വീര്യം പകരാന്‍ ഓടിയെത്തുകയേ ഉള്ളൂ. അതോര്‍ത്തുകൊണ്ടുതന്നെ, നടുക്കുന്ന തെ‍ന്‍റ ഹതവിധി ആദ്യമായി വിളിച്ചറിയിച്ചത്‌ വിശ്വത്തെ ആയിരുന്നു.

കേമ്പര്‍ഡൌണ്‍ ആശുപത്രിയുടെ പ്രവേശനമാര്‍ഗ്ഗത്തില്‍ ഒരുചുഴിയാണിയില്‍ ചുറ്റിക്കൊണ്ടി രിക്കുന്ന മാര്‍ഗ്ഗശുല്‍ക്കദ്വാരത്തിന്റെ നാലറകളിലൊന്നില്‍കൂടെ പെറ്റമ്മയുടെ കൈകളിലും മാറി ലും ചൂടുപറ്റി ഒതുങ്ങിക്കിടന്നുകൊണ്ട്‌ പുറത്തിറങ്ങിവന്നതില്‍ പിന്നെ താന്‍ പിന്നിട്ട ഇരുപ്ത്തി യഞ്ച്‌ വര്‍ഷങ്ങളെ വെറും സങ്കല്‍പംമാത്രമാക്കി അഞ്ചെന്ന യാഥാര്‍ത്ഥ്യമാക്കാന്‍ ഇഷ്ടപ്പെടുന്ന മാതാപിതാക്കളും സഹോദരീ സഹോദരങ്ങളും.

ഗദ്ഗദങ്ങളുടെ വിറങ്ങലിച്ച, എങ്ങോട്ടെന്നില്ലാത്ത, വഴിത്താരകളിലൂടെ മരണത്തിന്റെ പിന്‍മടങ്ങാത്ത രഥചക്രങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വലിച്ചിഴച്ചുകൊണ്ടുപോയ സ്വന്തം അച്‌ച്ഛന്റെ, ശ്വേതവസ്ത്രത്തില്‍ പൊതിഞ്ഞ, ദേഹത്തിലെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനശേഷി കാര്‍ന്നെ ടുത്തത്‌ അര്‍ബ്ബുദമായിരുന്നു. അച്‌ച്ഛന്റെ കൈവിടാതെ നടത്തിയ അമ്മയുടെ ആത്യന്തിക യാത്ര യുടെ തുടക്കവും അര്‍ബ്ബുദത്തില്‍ തന്നെ!

സദാചാരവിരുദ്ധരായ സുഹൃദ്‌വലയത്തില്‍നിന്നും അവര്‍ ചരിച്ചിരുന്ന അപ്രതിബന്ധകമായ ഇരുണ്ട വഴിത്താരകളില്‍നിന്നും വാത്സല്യാതിരേകത്താല്‍ ഈ മകളെ വിലോപിച്ചെടുത്ത്‌ സനാത ന ധര്‍മ്മത്തില്‍ സ്വച്‌ച്ഛമായ ഒരു പാതയിലേക്ക്‌ വിളക്കുകാട്ടി നയിച്ചു, പാശ്ചാത്യസംസ്കാര ത്തിന്റെതന്നെ പൊന്‍മകളായ അമ്മ. ആ അമ്മയുടെ തിരോഭാവത്തിന്നു ശേഷം എന്തുകൊണ്ടോ തന്റെ ജീവിതം അര്‍ത്ഥം നഷ്ടപ്പെട്ട്‌, വിരസതയിലേക്ക്‌ കാല്‍തെറ്റിവീണു. ആശയറ്റ്‌ ഇരുണ്ടുകിടന്ന ആ വലിയ ഗര്‍ത്തത്തിന്റെ ആഴം നികത്തി, തന്നെ പൊതിഞ്ഞ നാസ്തികത്വത്തിന്റെ ചിതല്‍പുറ്റ്‌ തട്ടിമാറ്റി, വിടര്‍ത്തിപ്പിടിച്ച അര്‍ത്ഥഗര്‍ഭങ്ങളായ തത്വജ്ഞാന പുസ്തകങ്ങളിലെ അക്ഷരമാലകളി ലൂടെ, പിച്ചവെക്കുന്ന ഒരു കുട്ടിയെയെന്നപോലെ, അപങ്കിലമായ കൈകോര്‍ത്ത്‌ പിടിച്ചുകൊണ്ട്‌ തന്നെ നയിച്ചു, ഒരു യുവാവ്‌. ധര്‍മ്മ ക്ഷേത്രത്തില്‍ ഭൂജാതനായ, തന്റെ സര്‍വകലാശാലാദ്ധ്യാപകന്‍ എന്ന നിലയില്‍ സുപരിചിതനായ ഈ യുവാവിന്റെ ഉള്ളില്‍ കുറേ അറിവിനും കുറച്ച്‌ സ്നേഹത്തിനും വേണ്ടിമാത്രം തപ്പിയെങ്കിലും, കണ്ടെത്തിയത്‌ ഒരു വിജ്ഞാനഭണ്ഡാഗാരത്തെ യായിരുന്നു!

സര്‍വ്വകലാശാലയിലെ വൈജ്ഞാനിക ശാഖയില്‍ തിയോളജി പ്രൊഫസറായി ഫിനോമിനോളജിയും, സ്ട്രക്ചറലിസവും പഠിപ്പിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ വിശ്വംഭരന്‍ എന്ന ഭാരതീയന്‍.

ലൈകികപ്രേമത്തിന്റെ അഭിനിവേശം ഒട്ടും ഉണ്ടായില്ല. കാമാതിരേകത്തിന്റെ കണികപോലും ഇല്ലാതിരുന്ന അക്ഷരസ്നേഹിയായ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതാന്വേഷണം മാത്രം. ഡോക്ടര്‍ബിരുദത്തിനുവേണ്ടി ഒടുക്കം താന്‍ തന്റെ കലാശാലാപദവിപ്രബന്ധമായ 'ദി മീനിംഗ്‌ ഓഫ്‌ ലൈഫ്‌' സമര്‍പ്പിക്കേണ്ടിവന്നതും അയാള്‍ക്കുതന്നെയായിരുന്നു.

മോഹങ്ങളില്‍നിന്നും, സ്വപ്നങ്ങളില്‍നിന്നും നിസ്തുലസൌന്ദര്യവും അഖണ്ഡമായ യാഥാര്‍ത്ഥ്യവും വേറിട്ടെടുത്ത്‌ അതിന്റെ നിഗൂഢതയിലേക്ക്‌ പ്രസരണദീപം വീശി, ബോധദീപ്തമാക്കി തന്നെ വശീകരിച്ച ഒരു ഗുരുവായും വിശ്വത്തെ കണ്ടുകിട്ടി. മനുഷ്യത്വത്തിന്റെ പ്രകൃതി എന്തെന്നും അതിനെ വലയംചെയ്യുന്ന പ്രതിഭാസങ്ങള്‍‍ എന്തൊക്കെയാണെന്നും ഒരു തത്ത്വജ്ഞാനിയെപ്പോലെ പറഞ്ഞുതരുന്നു. അപ്പോഴൊക്കെ സമര്‍ത്ഥനത്തിനുള്ള അംഗീകാരം സ്നേഹമസൃണമായ ഒരു ചുംബനത്തില്‍ പൊതിഞ്ഞ്‌ വിറപൂണ്ട കൈവള്ളകള്‍ കവിളത്തെ വെടിപ്പാര്‍ന്ന കറുത്ത താടിരോമങ്ങളില്‍ ചേര്‍ത്തുകൊണ്ട്‌ അയാളുടെ നെറ്റിയില്‍ താന്‍ സമര്‍പ്പിക്കുന്നു.

പാശ്ചാത്യസംസ്കാരത്തെയും പൌരസ്ത്യ സംസ്കാരത്തെയും വ്യവച്ഛേദിച്ചു അറിവിന്റെ സൂക്ഷ്മദര്‍ശിനിയിലൂടെ വിശകലനംചെയ്ത്‌ അസ്തിത്വത്തിന്റെ അളവുകോലുമായി വിലാപയാത്ര തുടരുന്ന ഒരു ബുദ്ധിജീവിയെപ്പോലെ തന്റെ ചഞ്ചല ഹൃദയത്തിന്നുമുമ്പില്‍ കയ്യിലിരുന്നതെ ന്തൊക്കെയോ അഴിച്ചെടുത്ത്‌ അടിയറവെക്കാന്‍ ഒരുങ്ങിനിന്നുകൊണ്ട്‌ വിശ്വന്‍ നെടുവീര്‍പ്പിടുമാ യിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ലയിച്ച്‌ പരിസരബോധം മറന്ന്‌, ഓക്ക്മരത്തിന്റെ തണല്‍ നീണ്ടുനീണ്ട്‌ ഒടുക്കം അപ്രത്യക്ഷമായിക്കഴിയുമ്പോഴാവും വീടണയാന്‍ സമയം വൈകീ എന്ന്‌ താന്‍ കണ്ടെത്തുക.

തന്റെ മാതൃഭാഷയായ ഫ്രഞ്ചില്‍ 'അഡ്യൂ' (ഗുഡ്ബൈ) പറഞ്ഞ്‌ പിരിയുമ്പോള്‍, തിരിച്ച്‌ വിശ്വം അയാളുടെ കൈപ്പടമുയര്‍ത്തി, കറുത്ത താടിപ്പടര്‍പ്പില്‍നിന്നും വിടരുന്ന വെളുത്ത പുഞ്ചിരി വീണ്ടും സമ്മാനിച്ചുകൊണ്ട്‌ ഹൃദ്യതയോടെ പറയുന്നു:

"ധന്യവാദ്‌!"

അങ്ങിനെ ഒരുരാത്രി 'അഡ്യൂ' പറഞ്ഞ്‌ പിരിയുവാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ്‌ അടുത്തേതോ ഒരു 'പബ്ബി'ല്‍നിന്നും കുടിച്ച്‌ ലക്ക്‌ തെറ്റി പാര്‍ക്കിന്റെ കുറുകെ ആടിക്കുഴഞ്ഞ്‌ നടക്കുകയായിരുന്ന ഒരു വ്യക്തി ഇടയിലേക്ക്‌ കയറിവന്നത്‌. കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്തനിലയില്‍ ശിഥിലമായ തന്റെ ജീവിതം അങ്ങാടിയിലെ പൊതുമദ്ധ്യശാലയില്‍ നിന്നും കണ്ടെടുക്കാന്‍ വിഫലശ്രമം നടത്തി, ഇരമ്പുന്ന നഗരവീഥിയിലൂടെ കണ്ടവരോടൊക്കെ പുലമ്പിക്കൊണ്ട്‌, തനിക്കുതന്നെ തിരിച്ചറിയാനാവാത്ത സ്വന്തം ശരീരവും പേറി പാര്‍ക്കിലെത്തിയ ആ മനുഷ്യനെ കണ്ടപ്പോള്‍ ഒരു ഹിപ്പിയുടെ ആകാരസാദൃശ്യം ഉണ്ടെന്ന്‌ തോന്നി. കുഴയുന്ന കൈ നീലാകാശത്ത്‌ ചൂണ്ടിക്കൊണ്ട്‌, അതിനേക്കാള്‍ കുഴഞ്ഞ നാക്ക്‌ നീട്ടി, അയാള്‍ക്കും പ്രൊഫസര്‍ വിശ്വംഭരനോട്‌ ചോദിക്കാന്‍ ഒരു ചോദ്യമുണ്ടായി:

"ഹാ...യ്‌! ഡു...യൂ ന്വ്‌., വേര്‍ര്‍... വേര്‍ര്‍ ദ്‌ സണ്ണീ...സ്‌ ഗോ...എല്‍?" ചോദിച്ച ഭാഷ അവ്യക്തമായിരുന്നുവെങ്കിലും ചോദ്യം സ്പഷ്ടമായിരുന്നു. തിരക്കുന്നത്‌ സൂര്യബിം ബത്തെയാണ്‌. ആവശ്യമില്ലെന്നറിഞ്ഞിട്ടും അയാളോടും വിശ്വന്‌ ഉത്തരമുണ്ടായിരുന്നു.

"നോ, മേയ്റ്റ്‌, നോബഡീ നോവ്സ്‌‌."

സിദ്ധാന്തപരമായി, വിശ്വന്റെ ഭാഷയില്‍:

"കേവലം അജ്ഞാതം!"

ഉത്തരം കേട്ടിട്ടാവാനിടയില്ല, കുഴഞ്ഞ നാക്കും തളര്‍ന്ന കയ്യും ഉയര്‍ത്തിക്കൊണ്ട്‌ ചില ലാറ്റിന്‍ പദങ്ങള്‍ ഉപയോഗിച്ച്‌ തുടര്‍ന്നയാള്‍ ഉദ്ഘോഷിക്കുകയുണ്ടായി:

"വേനി.... (ഞാന്‍ വന്നു), വീഡീ... (ഞാന്‍ കണ്ടൂ), വീസീ... (ഞാന്‍ വെന്നു)"

ഒട്ടും അഹമ്മതിയില്ലാതെയുള്ള ആ കുടിയന്റെ പ്രഖ്യാപനം കേട്ടപ്പോള്‍ വിശ്വം ലാറ്റിന്‍ പദങ്ങള്‍ ഉപയോഗിച്ചുതന്നെ തന്നോട്‌ ഉദ്ബോധിപ്പിച്ചു:

"വോക്സ്‌ ഇറ്റെ പ്രേക്റ്റേറീ നിഹില്‍. (എ വോയ്സ്‌ ആന്‍ഡ്‌ നത്തിംഗ്‌ മോര്‍)"

ഇന്ന്‌ ഈ രാത്രിയില്‍ മാത്രം താന്‍ ആരെയോ, അല്ലെങ്കില്‍ തന്നെത്തന്നെ, കീഴടക്കി എന്ന അയാളുടെ തോന്നല്‍ വകവെക്കാനൊന്നുമില്ല. നാളെയാകുമ്പോള്‍മാത്രം അയാളില്‍ വന്നെത്താനിരിക്കുന്ന ജീവിതാനുഭവം പ്രഭാതത്തോടെ പൊട്ടിവിരിയാന്‍ ഒരുങ്ങിനില്‍ക്കുമ്പോഴേക്കും അയാള്‍ ഇവിടെ യെങ്ങാനും ഒരു കോണ്‍ക്രീറ്റ്‌ ബെഞ്ചിലോ മറ്റോ കമിഴ്ന്ന്‌വീണ്‌ ഉറങ്ങിക്കിടക്കുകയാവും; അയാള്‍ 'വെന്നു' എന്നവകാശപ്പെട്ടതായ 'വെറും ഇരുട്ടി' ന്റെ ശൂന്യതയില്‍, പൊങ്ങിയും താണും...!"

ബലിന്‍ഡാ, ജര്‍മ്മന്‍ ഫിലോസഫറും കവിയുമായിരുന്ന ഗേയ്ഥേ പറഞ്ഞതെന്തെന്നറി യാമോ?

"വീയാര്‍ ബോണ്‍ സീയിംഗ്‌, ബട്ട്‌ വീയാര്‍ റിക്ക്വയേര്‍ഡ്‌ റ്റു ലുക്ക്‌."

എത്ര അര്‍ത്ഥഗര്‍ഭം: 'നാം കാണാന്‍ ജനിച്ചു. പക്ഷെ നാം നോക്കേണ്ടിയിരിക്കുന്നു.'

യോജിക്കാതെ നിവൃത്തിയുണ്ടോ? വിശ്വം തന്റേതായ അവലോകനം കൂടി കൂട്ടിച്ചേര്‍ത്തു:

"പര്‍ട്ടിക്കുലേര്‍ലി സൊ, റ്റു ഫൈന്‍ഡ്‌ ദി ക്വീന്റസ്സെന്‍സ്‌ ഓഫ്‌ ലൈഫ്‌...."

വിശേഷിച്ചും ജീവിതത്തിന്റെ സാരം കണ്ടെത്താന്‍. ‍

ആ സാരം ഇനിയും കണ്ടെത്താന്‍ കഴിയാതെ...

ഒരു മാറാരോഗത്തിന്നുള്ള ചികിത്സയ്ക്കായി ആശുപത്രിയിലെ ഐസെലേഷന്‍ വാര്‍ഡില്‍, വാടിവീണ ചീരച്ചപ്പ്‌ കണക്കെ, ഛര്‍ദിക്കാന്‍‍ തോന്നുമാറുള്ള മനമ്പുരട്ടലോടെ കുഴഞ്ഞു കൂടി ഒരുവശത്ത്‌ ചരിഞ്ഞ്‌ കിടക്കവെ, ചുറ്റുവട്ടത്തുയര്‍ന്നുകൊണ്ടിരുന്ന ഏതാനും ഹതഭാഗ്യരുടെ ദീനരോദനങ്ങള്‍ ശ്രവിച്ചു.

അടഞ്ഞുകിടക്കുന്ന ജനവാതിലിന്റെ കണ്ണാടിച്ചില്ലില്‍ ചുകന്ന രക്തം തെറിപ്പിച്ച്‌ രക്തസ്രാവത്തി നുള്ള ചികിത്സ കിട്ടാതെ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന അസ്തമനസൂര്യന്റെ ചിത്രം മനസ്സില്‍ വരച്ചിട്ടു. വെറും നിമിഷങ്ങള്‍ക്കുള്ളില്‍ മൃതിപ്പെട്ടു വീഴാനിരിക്കുന്ന സൂര്യന്‍...

കുടിയനായ മനുഷ്യന്‍ ഹയ്ഡ്പാര്‍ക്കിലെ രാത്രിയുടെ ഇരുട്ടില്‍ തേടിനടന്ന സൂര്യന്‍...

തന്റെ മനസ്സിന്റെ ചക്രവാളത്തിലും, ഉദിക്കുകയല്ലാതെ ഒരിക്കലും അസ്തമിക്കാനിടയില്ലാത്ത, മറ്റൊരു സൂര്യന്‍! ആ സൂര്യനൂവേണ്ടി, കണ്ണിലെണ്ണയൊഴിച്ചു കൊണ്ട്‌ അനവരതം തുറന്നും അടഞ്ഞും കൊണ്ടിരിക്കുന്ന ക്രിറ്റിക്കല്‍ കെയര്‍ വാര്‍ഡിലെ വാതില്‍പ്പാളികളിലൂടെ പ്രത്യക്ഷമാകാ തിരിക്കില്ലെന്ന നിഗമനത്തോടെ, കാത്തിരുന്നു...

വിഷാദം സ്ഫുരിക്കുന്ന മുഖമുള്ള, പിംഗലവര്‍ണ്ണനായ വിശ്വത്തെ കാത്ത്‌.

മിഥ്യയെ യഥാര്‍ത്ഥമാക്കി കാട്ടിത്തരാന്‍ യത്നിച്ച ഗുരുവും മിത്രവുമായ വിശ്വത്തെ കാത്ത്‌...

ആദ്ധ്യാത്മികത്വത്തിന്റെ ദാഹജലത്തിന്നായി ഇതാ ഈ ഭിക്ഷുകി വിറയാര്‍ന്ന കൈകളും പിടയുന്ന ഹൃത്തുമായി ക്ഷമയറ്റ്‌ കാത്തിരിക്കുകയാണ്‌. തന്റെ കണ്ണിലെ നീര്‍ത്തുള്ളികള്‍ അകാരണമായി തുളുമ്പുമ്പോള്‍ ഒരേയൊരാഭരണമായി കഴുത്തില്‍ ശേഷിപ്പുള്ള രുദ്രാക്ഷമാലയിലെ കറുത്ത ജപമണികളില്‍ ഹതാശ ഇഴുകിയ ഓര്‍മ്മകളുടെ ഈര്‍പ്പം ചേര്‍ക്കുന്നു...

ഒരു വരദാനം പോലെ വിശ്വം തനിക്കു നല്‍കിയ ജപമാല!

ജീവന്‍ ചോര്‍ന്നുകൊണ്ടിരിക്കുന്ന വിരല്‍ത്തുമ്പുകളാല്‍ സംരക്ഷണപ്രതീകമായി കഴുത്തില്‍ തൂങ്ങി നില്‍ക്കുന്ന കറുത്ത മാലയില്‍ അള്ളിപ്പിടിച്ചുകൊണ്ട്‌, ശേഷിച്ച ഏതാനും മാസങ്ങളുടെ 'ടിക്‌ ടിക്‌' ശബ്ദത്തില്‍ കാതോര്‍ക്കുന്നു.

സാക്ഷാല്‍ അദ്ധ്യാത്മവിദ്യാലയത്തിന്റെ പടിക്കല്‍, കഴുത്തില്‍ കുടുക്കുമായി, ഇനിയും ഇറങ്ങിച്ചെല്ലേണ്ടുന്ന ചവിട്ടുപടികള്‍ എത്രയെന്നറിയാതെ, നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന

തനിക്ക്‌ അതുവരെയൊന്ന്‌ ചാഞ്ഞുറങ്ങാന്‍, ഒരു മാറിടം തേടി...

ഒരു സാന്ത്വനം തേടി...

ജീവന്‍ തൂങ്ങിക്കിടക്കുന്ന നൂല്‍ച്ചരടിന്റെ ബലം കൂട്ടാന്‍, തന്നില്‍ ഉറഞ്ഞുനില്‍പ്പുള്ള വിഷാണുക്കളെ വിഷം കയറ്റിക്കൊല്ലാനുദകുന്ന രാസദ്രവ്യങ്ങളുടെ മിശ്രം സിരകളില്‍ കുത്തിക്കയറ്റുമ്പോഴൊക്കെ ലജ്ജയിലലിഞ്ഞ വിഷാദത്തിന്റെ വരണ്ട ബാഷ്പകണങ്ങല്‍ വീണ്ടും വീണ്ടുമായി തന്നിലേക്കു തന്നെ ഊറിക്കൂടുന്നത്‌ താന്‍മാത്രമറിയുന്നു.

ദിനംതോറും മുടങ്ങാതെ സന്ദര്‍ശിക്കാറുള്ള സഹോദരീ സഹോദരന്‍മാരുടെയും സുഹൃത്തുക്കളുടെ യും മുമ്പില്‍, വിടരുംമുമ്പെ വാടിക്കരിഞ്ഞുപോകുന്ന പുഞ്ചിരിയുടെ പൂക്കള്‍ ഉതിര്‍ക്കാന്‍ താന്‍ ശ്രമിക്കുമ്പോള്‍, അവരിലുളവാകുന്ന ആര്‍ദ്രതയും, നൈരാശ്യവും ഉയര്‍ത്തുന്ന വികാരങ്ങളാല്‍ ഘനീഭവിച്ച മൌനമായ ദുഃഖസന്ദേശങ്ങള്‍ വായിക്കുവാന്‍ കണ്ണുകള്‍ക്ക്‌ ശക്തി നഷ്ടപ്പെടുന്നു.

'കാണാന്‍ ജനിച്ച താന്‍ കണ്ണുതുറന്നു നോക്കേണ്ടിയിരിക്കുന്ന', ആവരണമില്ലാത്ത ഏതാനും വാത്സല്യത്തിന്റെ മുഖങ്ങള്‍...

ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, ഇതേ ആശുപത്രിയുടെ പ്രസവവാര്‍ഡില്‍നിന്നുമിറങ്ങി ദ്വാരപഥം കടന്ന്‌, പ്രപഞ്ചത്തിന്റെ തേജസ്സ്‌ ആവാഹിച്ചെടുത്ത്‌ അത്‌ മുഴുക്കെ തന്റെ നെറ്റിയില്‍ പതിപ്പിച്ച ഒരു ചുടുചുംബനത്തില്‍ ഒതുക്കിക്കൊണ്ട്‌ പെറ്റമ്മ ഈ കുഞ്ഞിനോട്‌ മൌന മായി മന്ത്രിച്ചത്‌ താനന്ന്‌ ഇങ്ങിനെ കേട്ടു കാണും:

"ബലിന്‍ഡാ, മൈ ഡാര്‍ലിംഗ്‌, യോണ്‍ഡര്‍ യുവര്‍ വേള്‍ഡ്‌...!"

ബലിന്‍ഡാ, എന്റോമനേ, അതാ അവിടെ, നിന്റെ വിശ്വം...!

ചുട്ടുപഴുത്ത കദനത്തിന്റെ തീക്കനലുകള്‍ ഉള്ളില്‍ അടിച്ചമര്‍ത്തിക്കൊണ്ട്‌, ഇതുവരെ ഒതുക്കി നിറുത്തിയിരുന്ന വിലാപത്തിന്റെ തേങ്ങലുകളിലൂടെ ബലിന്‍ഡ ആ അമ്മയോടിപ്പോള്‍ ഉറക്കെയുറക്കെ ചോദിക്കുകയാണ്‌:

"എവിടെ? എവിടെ, എന്റെ വിശ്വം?"

പാശ്ചാത്യസംസ്കാരത്തിന്റെ ഒരു വളര്‍ത്തുപുത്രി ആത്മവേദനയുടെ നിശ്ശബ്ദ സന്ദേശവും പേറി, ഹൃദയത്തില്‍ അതുവരെ അടുക്കിവെച്ച വിജ്ഞാനകോശത്തിന്റെ താളുകളില്‍നിന്ന്‌ പറിച്ചെടുത്ത്‌, പ്രപഞ്ചത്തിന്റെ സത്യമെന്നുല്‍ഘോഷിക്കപ്പെടുന്ന മിഥ്യയായ ഗുഹാന്തരങ്ങളിലേക്ക്‌ വലിച്ചെറിഞ്ഞ ആ ചോദ്യം കല്‍ഭിത്തികളെ ഭേദിച്ച്‌ ആശുപത്രിയുടെ പ്രേതശാലയില്‍ ചെന്ന്‌ അലയടിച്ചുയര്‍ന്നു...

മാനവരാശിയുടെ ജീവല്‍സത്ത വേദഗ്രന്ഥങ്ങളിലും, പാഠപുസ്തകത്തിലും മാത്രം നിറച്ച്‌ അവയെ തോളത്തിറുക്കി ആത്മശാന്തി തേടി തീര്‍ത്ഥയാത്ര നടത്തുന്ന പൌരസ്‌തിയനായ ഒരു ഗുരുവിന്റെ കര്‍ണ്ണപുടങ്ങളില്‍ ആ ദയനീയ വിലാപത്തിന്റെ അലകള്‍ ചെന്നടിച്ച്‌ പ്രകമ്പനം കൊള്ളട്ടെ....2 comments:

jazmikkutty said...

nalloru story..........

V P Gangadharan, Sydney said...

Thank you, Jazmikkutty.
International Malayali (August 2007)

ഹരിലീല
പുറത്തു കെട്ടിനിന്ന മഞ്ഞുപുക അവള്‍ തള്ളിത്തുറന്ന ജനാലയിലൂടെ അകത്തേക്കു കടന്നു. ഉണരാതെ കൂമ്പിനിന്ന അവളുടെ കണ്‍പോളകളില്‍ ഇളകി തൂങ്ങിക്കിടപ്പുള്ള കിനാവിന്റെ കിന്നരികളില്‍ തുഷാരബിന്ദുക്കള്‍ കുടഞ്ഞിട്ടുകൊണ്ട്‌ ഒപ്പം ഓടിയെത്തി, ഒരു കുളിര്‍കാറ്റ്‌. സുഷുപ്‌തിയുടെ ശേഷിച്ച തരികള്‍കൂടി പെറുക്കിയെടുത്തുകൊണ്ട്‌ സിമന്റ്‌തറയില്‍ വിരിച്ച പതിഞ്ഞ കിടക്കയില്‍ ചരിഞ്ഞ്‌ പതിയെ കൂര്‍ക്കംവലിച്ച്‌ കിടക്കുകയായിരുന്ന മെല്ലിച്ച പുരുഷനെ അവള്‍ പതുക്കെ കുലുക്കിയുണര്‍ത്തി. പെട്ടെന്ന്‌ അയാള്‍ ഉണര്‍ന്നെങ്കിലും ഉണര്‍ന്നുതന്നെ കിടപ്പുണ്ടായിരുന്ന അയാളിലെ സ്വപ്നങ്ങളുടെ കണ്ണുകള്‍ അതോടെ കൂമ്പിപ്പോയി. മഞ്ഞുപാളികള്‍ അണിഞ്ഞ ഊഴിയുടെ മുഖാ‍വരണം വലിച്ചുകീറാന്‍ അകലത്തെങ്ങോനിന്ന്‌ ദിവാകരന്‍ കൈ നീട്ടുന്നു.

മുഖം പാതി മറച്ചുകൊണ്ട്‌ എന്നും അണിയാറുള്ള സില്‍ക്ക്‌തട്ടം മാറ്റിവെച്ചിട്ട്‌ നാളുകളേറെ കഴിഞ്ഞിട്ടും ഓര്‍ക്കാതെ വീണ്ടും അവള്‍ തലമുകളിലൂടെ കൈയ്യോടിച്ചുപോകുന്നു. ഹരിലാലി ന്റെ ജീവിതത്തിലേക്ക്‌ കയറിച്ചെന്നപ്പോള്‍ ഇനി വേണ്ടെന്നുവെച്ചു സ്വയം വലിച്ചെറിഞ്ഞ കസവുതട്ടം. അതിന്റെ നേര്‍ത്ത ഇഴകള്‍ ഇനിയും തന്റെ മുഖത്തു പിണഞ്ഞു കിടപ്പുള്ളതായി അകലെ തെളിഞ്ഞുനില്‍ക്കുന്ന പച്ചച്ചായം തേച്ച പള്ളിച്ചുമരുകളില്‍ കണ്ണുടക്കുമ്പോഴൊക്കെ അവള്‍ക്കു തോന്നാറുണ്ട്‌.

പള്ളിപ്പറമ്പത്തെ ജമായത്ത്‌ പള്ളിക്കൂടത്തില്‍ അറബി ഭാഷ പഠിപ്പിച്ചുകൊണ്ടാണ്‌ മിയാഫത്‌ ദാവൂദ്‌ സാബ്‌, അകാലത്ത്‌ മയ്യത്തായ തന്റെ ബീബി ഫാത്തീമയുടെ അഭാവത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ ജമീലയെ പോറ്റിയിരുന്നത്‌. അവള്‍ ഇപ്പോള്‍ പൊറുക്കുന്നത്‌ ഹരിലാലി ന്റെ കൂടെയാണ്‌. ദാദാഭായ്‌ യുടെ ഒരുനിലക്കെട്ടിടത്തിലെ പന്ത്രണ്ടാംനമ്പര്‍ പാര്‍പ്പുമുറിയില്‍. തലയില്‍ തട്ടമിടാത്ത 'ലീല'പ്പെണ്ണ്‌.

വെള്ളമെടുക്കാനും, ചെമ്പകമരം പൂത്തു വിടര്‍ന്നു പൂക്കള്‍ കാറ്റത്തു കൊഴിയുമ്പോള്‍ അവ പെറുക്കാനും എത്തുന്ന ജമീലയെ ഹരിലാല്‍ തന്റെ മുറിയിലെ ജനലഴികളിലൂടെ ആര്‍ത്തിയോടെ നോക്കി നില്‍ക്കുമായിരുന്നു. നിലാവെളിച്ചത്തെ തുരന്നും ആ ദൃഷ്ടിപാതം ജമീലയുടെ ഖല്‍ബിന്റെ കങ്കണത്തറയില്‍ കനകദ്വിതി കൊളുത്താറുണ്ട്‌. ഇഷ്ടകാമുകന്റെ കടക്കണ്‍നോട്ടം ഖല്‍ബില്‍ കൊളുത്തിട്ടു വലിക്കുമ്പോള്‍ അവളുടെ പാദസരങ്ങള്‍ പുളകം കൊണ്ടു ചിലമ്പും. ആഹ്‌ളാദം പൂണ്ട്‌ കുപ്പിവളകള്‍ കിലുങ്ങും. കിലുക്കമുയര്‍ത്തുന്ന അഭിമന്ത്രണം, ഹരിലാലിന്റെ പ്രണയ ലഹരി ഉണര്‍ത്തും ഒരു കിത്താബ്‌ തോളത്തിറുക്കി നടക്കുന്ന ഹരിലാലിന്റെ നടപ്പാത നീളുന്നത്‌ എവിടേക്കാണെന്ന്‌ നന്നായറിഞ്ഞവളാണ്‌ ജമീല. ആ നടവഴിക്കു കുറുകെ ചുകന്ന മണല്‍ത്തരികളില്‍, മൈലാഞ്ചി മുക്കിയ നഖം കൊണ്ട്‌ അവള്‍ എഴുതി: "യേ മേരി പ്യാര്‍ കേ നഗ്മാ ഹയ്‌..." [ഇതെന്റെ പ്രേമഗീതമാണ്‌...]

- ഒരിക്കലും മുഴുമിക്കാനാവാതെ മനസ്സില്‍ തളംകെട്ടിക്കിടന്ന പ്രേമകവിതകളുടെ തുടക്കം. ഹരിലാലിന്റെ ജീവിതത്തില്‍ ഓരോ കാല്‍വെപ്പിലും തൊട്ടുചേര്‍ന്ന്‌ കൂടെ ചരിക്കണമെന്ന മോഹത്തില്‍ ഹൃദയഭാഷയില്‍ എഴുതപ്പെട്ട ലളിത കാവ്യം. ചെമ്പകമരത്തണലില്‍ വിടര്‍ന്ന പൂവുകള്‍ കാറ്റത്ത്‌ ഞെട്ടറ്റ്‌ ഉതിരുമ്പോള്‍, ഒരിതള്‍പോലും വേര്‍പെടുത്താതെ പെറുക്കിയെടുക്കാ നെത്തുന്ന ജമീലയുടെ നെറ്റിയിലും കവിളിലും സന്ധ്യയുടെ കുങ്കുമഛവി പതിയുമ്പോള്‍ ഹരിലാലി ന്റെ നെഞ്ചില്‍ മറ്റേതോ വര്‍ണ്ണപ്പൂക്കള്‍ പൊട്ടി വിരിയുന്നു. ആ വര്‍ണ്ണപ്പൂക്കള്‍ പിച്ചിച്ചീന്തി യെടുത്ത ഇതളുകള്‍, ആമ്പല്‍പ്പൂവിറുക്കാന്‍ പഠാണ്‍വാടിക്കടുത്തുള്ള കുളക്കരയില്‍ തനിച്ച്‌ എത്തുന്ന ജമീലയുടെ കസവുതട്ടം വലിച്ചു മാറ്റി, കവിളത്തു കുടഞ്ഞിടുന്നു. ഹര്‍ഷോന്‍മാദത്താല്‍ പൊട്ടിച്ചിരിച്ച്‌, തിരിഞ്ഞു നോക്കിക്കൊണ്ട്‌ അവള്‍ ഓടിയകലുന്നത്‌ ഇഷ്ടക്കൂടുതല്‍കൊണ്ടു തന്നെയായിരുന്നു...

ദിവ്യ മതസ്‌തോത്രങ്ങളുടെ അഭിലഷണീയത ദൃഢമായ സ്നേഹബന്ധത്തില്‍ കണ്ടെത്തിയ പിതാവ്‌ മകളുടെ കൈപിടിച്ചു അനാഥനായി വളര്‍ന്നുവലുതായ ഏകനായ ഇഷ്ടതോഴന്റെ കരവലയത്തില്‍ ഏല്‍പിച്ച്‌, ഒടുക്കം മനസ്സംതൃപ്‌തിയോടെ കണ്ണടച്ചു. തേടിയെത്തിയ ജമീലയുടെ മൂര്‍ദ്ധാവില്‍ ആനന്ദാശ്രുക്കള്‍ വീഴ്ത്തി അഭിഷേകിച്ചുകൊണ്ട്‌ ഹരിലാല്‍ ജമീലയെ 'ലീല' എന്ന പേര്‌ നല്‍കി, സ്വീകരിച്ചു. അവള്‍ അതീവ സംതൃപ്‌തി കണ്ടെത്തുകയും ചെയ്‌തു.. . .

പതിവുപോലെ ഹരി അന്ന്‌ മലാഡ്‌ റെയ്ല്‍വെയ്‌ സ്റ്റെയ്ഷനില്‍ രണ്ടാം നമ്പര്‍ പ്‌ളാറ്റ്ഫോംല്‍ എത്തിയപ്പോഴേക്കും ദാദര്‍ലേക്കുള്ള വണ്ടി എത്തിക്കഴിഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ വണ്ടിയില്‍ ഒരു എട്ടിഞ്ച്‌ സ്ഥലം പിതുക്കിയെടുക്കാന്‍വേണ്ടി തിരക്കിട്ടു ഓടാന്‍ തുടങ്ങിയപ്പോള്‍ തിരക്കി നിടയിലും കേട്ടു: "പാളീഷ്‌ സാബ്‌, ചമാ ചമക്‌ പാളീഷ്‌..." നിരന്നിരുന്ന്‌ ഷൂ പോളീഷ്‌ ചെയ്യുന്നവരില്‍ ഒരു പയ്യന്‍ അവന്റെ അന്നത്തെ ക്ഷാമം നികത്താനുള്ള വഴി തേടിക്കൊണ്ട്‌ പതിവുസഞ്ചാരികളെ വിളിക്കുകയാണ്‌. കാലില്‍ ചെരിപ്പിട്ട അയാള്‍ക്ക്‌ തന്റെ ബിസിനസ്സില്‍ പങ്കില്ലെന്നുകണ്ട്‌ പയ്യന്‍ ഗൌനിച്ചേയില്ല. കാത്തു നില്‍ക്കാന്‍ കൂട്ടാക്കാതെ ജനാരവത്തെ തള്ളി നീക്കി, ഓടാനായി ഇളകിത്തുടങ്ങിയ വണ്ടിയുടെ ചവിട്ടുപടിയില്‍ വെപ്പ്രാളത്തോടെ കാലുകുത്തി യപ്പോള്‍ അയാള്‍ക്കു പിടിച്ചുനില്‍ക്കാന്‍ ഉള്ളിലെ ആള്‍ക്കൂട്ടത്തില്‍നിന്നും പെട്ടെന്നൊരാള്‍ കൈ നീട്ടി.

"ശുക്രിയാ!" പറഞ്ഞ്‌, നീണ്ടുവന്ന ഔദാര്യത്തിന്റെ തുറന്ന കൈപ്പത്തിയില്‍ മുറുകെ പിടിച്ചപ്പോള്‍, 'തന്റെ ജീവന്‍ എന്റെ കൈയ്യിലാണിപ്പോള്‍' എന്ന ഭാവത്തോടെ ഉദാരനായ ആ ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു: "സംഭാല്‍ കരോ ഭായ്‌!" [സഹോദരാ, സൂക്ഷിച്ചോളൂ!]

കമ്പിത്തൂണുകളും നഗരപ്പ്രാന്തങ്ങളിലെ ഇരമ്പുന്ന തെരുവുകളും നെട്ടോട്ടമോടുന്ന വാഹനങ്ങളും പിന്നിട്ടുകൊണ്ട്‌ വണ്ടി യാത്രികര്‍ക്കിടയില്‍നിന്നും ഉയര്‍ന്നുവരുന്നൊരു ഗാനശകലത്തിന്ന്‌ താളംപിടിച്ചുകൊണ്ടെന്നപോലെ ഒച്ചവെച്ച്‌ ഓടി.

- "യേ ദുനിയാ, യേ മഹ്ഫില്‍ മേരേ കാം കാ നഹീ..." കാല്‍പ്പടം ഒതുക്കി നിര്‍ത്താനുള്ള ഒരു എട്ടിഞ്ചിനുവേണ്ടി കിട്ടിയതെന്തിലും അള്ളിപ്പിടിച്ചു തൂങ്ങി നില്‍ക്കുന്ന യാത്രക്കാര്‍ക്കിടയില്‍ വയറ്റത്തടിച്ചുകൊണ്ട്‌ ഒരു പിച്ചക്കാരന്‍ ചെറുക്കന്‍ റാഫി പാടിയ ആ പഴയ പാട്ട്‌ ലോകരെ മുഴുവന്‍ തന്റെ നെഞ്ച്പിളര്‍ത്തി പാടിക്കേള്‍പ്പിക്കുകയാണ്‌.

- ഈ ലോകം, ഈ സമ്മേളനം; ഒന്നും എനിക്ക്‌ ഉപയുക്‌തമല്ല... മറിച്ച്‌, ഈ ലോകത്തിന്‌ തന്നെക്കൊണ്ടും ഒരുപയോഗവുമില്ലെന്ന വസ്‌തുത പാടിക്കേള്‍പ്പിക്കാന്‍ ആ ഭിഖാ‍രി പയ്യന്ന്‌ വാക്കുകളില്ലാതെപോയെങ്കിലും അവന്റെ സന്ദേശം പരിസരത്ത്‌ ശ്വാസവായുവില്‍ ലയിച്ചും ലയിക്കാതെയും തങ്ങിനിന്നു. ആര്‍ക്കും ആരെക്കൊണ്ടും ഒരു ഉപയോഗവുമില്ലിവിടെ എന്ന്‌ തോന്നിപ്പോകും വണ്ടിയിലുള്ള ഓരോരുത്തരുടേയും മുഖഭാവം കണ്ടാലും.

ആരൊക്കെയോ ദേഹത്തു പുരട്ടിയ പരിമളം വണ്ടിയിലെ അന്തരീക്ഷത്തില്‍ തലയുയര്‍ത്തി നില്‍ക്കെ വേനല്‍ ചൂടിന്റെ വിയര്‍പ്പു ചുരത്തുന്ന ഗന്ധം മൂക്ക്കുത്തി വീഴുന്നു. അകിട്ടില്‍ പാല്‍ നിറഞ്ഞ എരുമയുടെ കഴുത്തില്‍ കയര്‍ കുടുക്കി തൊഴുത്തിലേക്ക്‌ നയിച്ചു കൊണ്ടുപോകുന്ന പാല്‍ക്കാരന്‍ ഭയ്യ പുറത്ത്‌ ജോഗേശ്വരി റെയില്‍വേ ക്രോസിംഗ്‌ ല്‍ മറ്റെല്ലാവരേയും പോലെതന്നെ ക്ഷമയറ്റ്‌ നില്‍ക്കുന്നു. പതുക്കെ നീങ്ങിനീങ്ങി ഒടുവില്‍ നിവര്‍ന്നുനില്‍ക്കാന്‍ ഒരിടം കിട്ടി. അപ്പോഴേക്കും കയ്യിലെന്തോ ഒഴിഞ്ഞുപോയതായി ഹരിലാലിന്നു തോന്നി. റ്റിഫിന്‍ മറന്നു... പൂരിയും ബാജിയും അലൂമിനിയം റ്റിഫിന്‍ പാത്രത്തില്‍ ചൂടോടെ ഒരുക്കിവെച്ച്‌ എന്നത്തേയും പോലെ ഇന്നും അവള്‍ താക്കീതു നല്‍കിയതായിരുന്നു. "ഹരി ഭായ്‌, ഭൂലോമത്‌ ആപ്കാ റ്റിഫിന്‍!" [ഹരിച്ചേട്ടാ, താങ്കളുടെ റ്റിഫിനെടുക്കാന്‍ മറക്കരുതേ!]. . . . .

കഴുകിയെടുത്ത ഉടുപ്പുകള്‍ പുറത്ത്‌ പരത്തിയിട്ടശേഷം അകത്തു വന്നു വാതിലിന്റെ തഴുകിട്ടു, വീണ്ടും അടുക്കളയിലേക്കു കടന്നപ്പോഴാണ്‌ ഹരിഭായ്‌ യുടെ 'റ്റിഫിന്‍' വെച്ചിടത്തു തന്നെ കിടക്കുന്നത്‌ ലീലയുടെ ശ്രദ്ധയില്‍ പെട്ടത്‌. "യേ ദേഖോ, ക്യാ ഹുവാ!"[ഇതു നോക്കൂ, എന്താ പറ്റ്യേന്ന്‌] അവള്‍ അറിയാതെ സ്വയം പറഞ്ഞുപോയി. തനിക്കു വിശപ്പില്ലായിരുന്നിട്ടും റ്റിഫിനിന്റെ അഭാവത്തില്‍ ഹരിലാലിന്‌ ഉണ്ടായേക്കാവുന്ന വിശപ്പോര്‍ത്തു അവളുടെ വയറ്റില്‍ തീ വീണു...

ഹരിലാലിന്‌ വേണ്ടി പുതുതായി തുന്നിയെടുത്ത തലയണയുടെ കോണില്‍ നീല നൂല്‌ കോര്‍ത്തെടുത്തു തുന്നിയ നീലപ്പൂക്കളുടെ മുകളില്‍ തന്റെ എല്ലാമായ ഹരിലാല്‍ എന്ന്‌ സങ്കല്‍പ്പിച്ചു, മഞ്ഞച്ചിറകുകളുള്ള ഒരു പൂമ്പാറ്റയെ തുന്നിച്ചേര്‍ത്തു. കരളിന്റെ ചുടുനിശ്വാസത്തില്‍ മന്ദമായടുപ്പിച്ചുകൊണ്ട്‌ താന്‍ പിടിപ്പിച്ച പൂമ്പാറ്റയുടെ ചിറകുകളില്‍ അവള്‍ ആര്‍ദ്രതയോടെ ചുണ്ടമര്‍ത്തി...

ആരോ കതകിനു മുട്ടുന്ന ശബ്ദം...

വാതിലിന്റെ തഴുക്നീക്കി ആശങ്കയോടെ പതുക്കെ വാതില്‍ തുറന്നപ്പോള്‍, നീട്ടിയ ഒരു കടലാസു തുണ്ടുമായി നില്‍ക്കുന്നു, രണ്ട്‌ പോലീസുകാരിലൊരാള്‍.

"യേ ഹരിലാല്‍ ആപ്‌ കാ...?" [ഈ ഹരിലാല്‍ താങ്കളുടെ...?] അയാളുടെ ചോദ്യം.

"ക്യാ ഹുവാ...?" [എന്തുണ്ടായി...?] ലീലയുടെ ശബ്ദം തൊണ്ടയില്‍ തടഞ്ഞുനിന്നു.

"എലക്ട്രിക്ക്‌ ട്രേന്‍സേ ഗിര്‍കേ...," [ഇലക്ട്രിക്‌ റ്റ്രെയ്നില്‍നിന്നു വീണ്‌...,] എന്നു തുടങ്ങിയെങ്കിലും, "മൌത്‌ ഹോചുകാ ഹയ്‌, ബിചാരാ!" [പാവം! മരണപ്പെട്ടിരിക്കുന്നു.] എന്നു മുഴുമിപ്പിക്കാന്‍ അയാള്‍ തെല്ലിട അറച്ചുനിന്നു. പേറിനിന്ന കദനഭാരം എളുപ്പത്തില്‍ ഇറക്കിവെക്കാന്‍ ആവാത്തതാണെന്ന്‌ തോന്നിക്കുമാറ്‌ മറ്റേ പോലീസുദ്യോഗസ്ഥന്‍ ഒരു മണിപ്പേഴ്സുപേറി നില്‍പുണ്ടായിരുന്നു. ഹരിലാലിന്റെ മണിപ്പേഴ്സില്‍ എന്തുണ്ടാകുമെന്ന്‌ ലീലയല്ലാതെ മറ്റാരറിയാനാണ്‌? യാത്ര എന്നും വണ്ടിയില്‍ തൂങ്ങിപ്പിടിച്ചാണെങ്കിലും അതു മുടങ്ങാതെ തുടരാന്‍വേണ്ടി വാങ്ങിച്ച വണ്ടിച്ചീട്ട്‌ ഇല്ലാതിരിക്കില്ല. ആരുമാരും കാണാതെ ഭദ്രമായി സ്വന്തം ഹൃദയത്തിനുള്ളിലെന്ന പോലെ തിരുകിവെച്ച തന്റെ ഒരു ഫൊട്ടോവും കാണാതിരിക്കില്ല. ലോട്ടസ്‌ സ്റ്റൂഡിയോയില്‍ നിന്നെടുപ്പിച്ച, തട്ടംകൊണ്ട്‌ തലമറയ്ക്കാതെയെടുപ്പിച്ച ആ പഴയ ചിത്രം. പോലീസുദ്യോഗസ്ഥനില്‍നിന്നും മണിപ്പേഴ്സ്‌ ഏറ്റുവാങ്ങി. മരവിച്ച വിരല്‍ത്തുമ്പുകളില്‍നിന്നു പിടിവിട്ടു പേഴ്സും അതിന്റെ അറയില്‍നിന്നു തെറിച്ച്‌, മടക്കുകളുള്ള ഒരു മഞ്ഞക്കടലാസും താഴെക്കിടന്നു.

- ഹരിലാല്‍ ഇന്നുവരെ ഹൃദയത്തില്‍ തിരുകിവെച്ച അവളുടെ പഴയ ഒരു പ്രേമകാവ്യം.

"മേരി ചീര്‍ഫാര്‍ഡ്‌ നഹീം കരോ, അപ്നെ പ്യാര്‍ ഭരെ ആലിംഗന്‍ സെ മുഝെ മേരി മര്‍ജീ സഹിത്‌ അപ്നെ പാസ്‌ അപ്നീ ബാഹോം മെ ലപേട്‌ കര്‍ ഹൃദയ്‌ സെ പ്യാര്‍ കരേ... ഖോ ജാനേ ദോ മുഝെ ആപ്‌ കീ പ്രതിഭാ കിരണോം കീഊഷണതാ ലിയേ പ്യാര്‍ കൊ കാമുക്‌താ സെ സജാ ദോ..."

[സ്നേഹനിര്‍ഭരമായ കൈവലയങ്ങളില്‍നിന്നും എന്നെ അടര്‍ത്തിയെടുക്കാതിരിക്കൂ. തീക്ഷ്ണപ്പ്രേമത്താല്‍ പൊതിഞ്ഞ ആ കൈകളില്‍ ഒതുക്കി ഇനിയും അരികത്തേക്കണയ്ക്കൂ. ആ പ്രേമാഗ്നിജ്ജ്വാലയില്‍ ഉരുകി ഞാന്‍ സാന്ദ്രമായിഴുകിച്ചേരട്ടെ...]

തന്റെ കൈപ്പടം...

തന്റെ മോഹങ്ങള്‍...

എന്തൊക്കെയോ അടുക്കിക്കെട്ടിയത്‌ ഒതുക്കിപ്പിടിച്ചുകൊണ്ട്‌ നീങ്ങിക്കൊണ്ടിരുന്ന ആ വലിയ മനസ്സിലേക്കുള്ള ചവിട്ടുപടിക്കല്‍ കാലൂന്നി അള്ളിപ്പിടിച്ചുനില്‍ക്കാന്‍ ഒരിടംതേടി സമര്‍പ്പിച്ച ഒരു തുണ്ടുകടലാസ്‌. അതില്‍ നിറയെ, ഒഴിഞ്ഞ കൈക്കുമ്പിളുമായി കമിതാവിനെ കാത്തിരുന്ന നാളുകളില്‍ പ്രേമം യാചിക്കാനായി ഉറക്കമൊഴിച്ചിരുന്ന്‌ താന്‍ രചിച്ച വാക്കുകള്‍. പ്രണയവികാരത്തില്‍ തുടിച്ചുനിന്ന ഹൃദയത്തിന്റെ ഒരു പഴുതിലൂടെയും ഒലിച്ചിറങ്ങാനാവാതെ ഘനീഭവിച്ചുനിന്ന ആത്മാവിന്റെ നിശാന്തമന്ത്രം...

പട്ടടയില്‍ എരിഞ്ഞൊടുങ്ങാനായി കാത്തുകിടക്കുന്ന ഹരിയുടെ ജഡം ആശുപത്രിയിലെ പ്രേതഗൃഹ ത്തില്‍ നിന്നേറ്റുവാങ്ങി ചുടുകാട്ടിലെത്തിക്കാന്‍പോലും ആരുമില്ല.

കുളക്കരയില്‍വെച്ച്‌ കസവുതട്ടം വലിച്ചുമാറ്റി ഹരി അന്ന്‌ തന്റെ കവിളത്തെറിഞ്ഞ വര്‍ണ്ണപ്പൂവു കള്‍ ഇടിത്തീയില്‍ കരിഞ്ഞു ചമ്പലായിക്കഴിഞ്ഞു. ചുടുകാറ്റില്‍ പാറിയെത്തുന്ന മരിച്ച ഓര്‍മ്മകളുടെ ചിതാഭസ്മം മനസ്സില്‍ ഭദ്രതയോടെ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞ പ്രിയ പതിയുടെ പ്രതിഷ്ഠയില്‍ വന്നടിച്ചു തരികളായുതിര്‍ന്നു വീഴുന്നു...

ഒഴിഞ്ഞു ബലഹീനമായ്ക്കഴിഞ്ഞ വിറപൂണ്ട കൈകള്‍. അതിലെ ഞരമ്പുകളിലെ രക്‌തം ചോര്‍ന്നു പൊയിക്കഴിഞ്ഞു. കുനിഞ്ഞു, നിലത്ത്‌ വീണുകിടക്കുന്ന ആ തുണ്ടുകടലാസ്‌ പെറുക്കാന്‍പോലും കൈകള്‍ക്കു ശക്‌തി നഷ്ടപ്പെട്ടുകഴിഞ്ഞു. ശേഷിച്ച വീര്യവും പെട്ടെന്നുണങ്ങിയപ്പോള്‍ ഹൃദയത്തില് ‍നിന്നും തൊണ്ടയിലേക്ക്‌ വരണ്ട ഒരു ഗദ്ഗദം പൊങ്ങി:

"മേരി പ്യാരീ ലാല്‍..." [എന്റെ പ്രിയ ലാല്‍...]

സര്‍വ്വ നഷ്ടങ്ങളും സഹിക്കാനുള്ള ശക്‌തി തന്നു ഒരു നെടുത്തൂണായി തന്റെ ജീവിതത്തില്‍ വിരാജിച്ച നാഥന്റെ അഭാവം വിളിച്ചറിയിച്ചു കേഴാമെന്ന്‌ നിനച്ചു കൊച്ചുപുരയ്ക്കുള്ളില്‍ ആ പ്രിയ നാഥനാല്‍ ഒരുക്കപ്പെട്ട പ്രാര്‍ത്ഥനാമുറിയില്‍ ഒടുവില്‍ അവള്‍ അഭയം തേടി. എല്ലാം ഹരിലീലയാണെന്ന്‌ ഇതിനകം വിശ്വസിച്ചുകഴിഞ്ഞ ലീല- അതെ, ജമീല, മന്ദഹാസം തൂകിനില്‍ക്കുന്ന സാക്ഷാല്‍ ഹരിഭഗവാന്റെ വിഗ്രഹത്തിന്നുമുമ്പില്‍, പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കുന്ന നൊമ്പരം തേങ്ങലുകളായി ഒലിച്ചിറക്കി:

"യേ ഭഗ്‌വാന്‍, അപ്നേ കൃപാ സെ മുഝേ മേരീ പ്യാരീ ഹരിലാല്‍ കാ ജീവന്‍ വാപസ്‌ ദേ! നഹീ തൊ ഉന്‍കേ പാസ്‌ മുഝേ ഭീ ലേ ജാക്കേ ഛോഢ്‌ ദേ...!!"

[ഹേ ഭഗവാന്‍, അങ്ങയുടെ കൃപയാല്‍ എനിക്കെന്റെ പ്രിയപ്പെട്ട ഹരിലാലിനെ തിരിച്ചുതരൂ! അല്ലെങ്കില്‍ അയാളുടെ അടുത്തേക്ക്‌ എന്നെയും കൊണ്ടുചെന്നെത്തിക്കൂ!!]

കണ്ണുനീര്‍മുത്തുകള്‍ ഭഗവാന്‍ വിഷ്ണുവിന്റെ പാദങ്ങളില്‍ വിതറിക്കൊണ്ട്‌ ലീല നെഞ്ചത്തടിച്ചു കുമ്പിട്ടിരുന്നു കേണു....

* * * * *

അങ്ങകലെ ബാന്ത്രാ സ്റ്റേഷനിലെ നാലാംനമ്പര്‍ പ്ലേറ്റ്ഫോമില്‍, പറഞ്ഞതു വ്യക്‌തമായില്ലെന്ന ഭാവത്തില്‍ ടിക്കറ്റ്‌ പരിശോധകന്‍ ചോദ്യമാവര്‍ത്തിച്ചു.

"ക്യാ ബോലാ തൂ? കിസീനെ തുംഹാരാ പോക്കറ്റ്‌ മാരാ?"

[നീയെന്താ പറഞ്ഞേ, ആരോ നിന്റെ പോക്കറ്റടിച്ചെന്നോ?]

"ജീ ഹാം!" സത്യം മറ്റൊന്നുമല്ലെന്ന്‌ അയാള്‍ കേണുവീണ്‌ പറഞ്ഞു. "ഛോഢോ യാര്‍‍, ചലാക്കി ഛോഢ്‌‌! യേ കയി ബാര്‍ ഹംനെ സുനാ ഹുവാ ഹയ്‌. അബ്‌ തൊ ഔര്‍ കുഛ്‌ ബോല്‍!"

[വിട്‌ ചങ്ങാതീ, സൂത്രം വിട്‌! ഇതു പലതവണ നമ്മള്‍ കേട്ടിട്ടുള്ളതാ. ഇനിയിപ്പോ വേറെവല്ലതും ഉണ്ടെങ്കി പറ!]

Tharjani (July 2009)

ഇനിയെങ്കിലുംയ്യുയര്‍ത്തി അവസാനമായി ഒരു 'ഗുഡ്ബൈ' പറയാന്‍ പോലും മിനക്കെടാതെ, പല്ലിറുമ്മി, വലിച്ചുകൊണ്ടിരുന്ന സിഗററ്റിന്റെ കുറ്റി പുറകോട്ടു വലിച്ചെറിഞ്ഞുകൊണ്ട്‌ ചിറ്റപ്പന്‍ തന്റെ തലയെടുത്തുപിടിച്ചുള്ള ഒടുക്കത്തെ പോക്ക്‌ ആരംഭിച്ചു. അപ്രതിരോധ്യ പ്രയാണം, അനിര്‍ദ്ദിഷ്ട പ്രയാണം.

തിളക്കം മാഞ്ഞിട്ടില്ലാത്ത സില്‍വര്‍ ലെക്സസ്‌ ന്റെ ഫ്രണ്ട്‌ ഡോര്‍ വലിച്ചടച്ചുകൊണ്ട്‌ ഡ്രൈവ്‌ വേ കടന്ന്‌ തെരുവിലേക്ക്‌ കാറെടുത്തതും, പുകപരത്തിക്കൊണ്ട്‌ മുമ്പോട്ടോടിച്ചു പോയതും ഞൊടിയിടകൊണ്ട്‌ കഴിഞ്ഞു. റിമോട്ട്കണ്‍ട്രോള്‍ കയ്യിലുണ്ടായിട്ടും ഗേറ്റ്‌ അടക്കാന്‍ ഒട്ടും കൂട്ടാക്കാതെ വാശിവെച്ചുള്ള പോക്കായിരുന്നു. മനസ്സിലും അടയാതെ കിടക്കുന്ന എത്രയോ കനത്ത വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ടുതന്നെയാവും സ്വന്തമായുണ്ടാക്കിയതെല്ലാം ഉപേക്ഷിച്ചുള്ള ആ പുറപ്പാട്‌. ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നും വലിയ വിലകൊടുത്ത്‌ കൊണ്ടുവന്ന്‌, മുന്തിയ മാംസത്തുണ്ടുകളൂട്ടി വളര്‍ത്തിപ്പോന്ന ലാബ്രഡോര്‍ ഇതുവരെ വാലാട്ടിക്കാട്ടിയ തീവ്ര സ്നേഹത്തിന്ന്‌ അവസാനമായി ഒരുതലോടല്‍ തിരിച്ചേകാന്‍പോലും കാത്തുനിന്നില്ല. തിരിച്ചു വരവിനെ കുറിച്ച്‌ തെല്ലും ഓര്‍ക്കാതെ ഈ നിലയില്‍ ഒരുനാള്‍ പടിയിറങ്ങുമെന്ന്‌ ചിറ്റപ്പന്റെ ഉള്ളറിഞ്ഞ തനിക്ക്‌ പക്ഷേ ആശങ്കയുണ്ടായിരുന്നു. കാലടിസ്സ്വരം കേട്ടാല്‍ ഓടിച്ചെല്ലാറുള്ള, ഡാഡി യുടെ ശൂരനായ ഹിറ്റ്‌ലര്‍ പ്രായംകൊണ്ട്‌ അവശനായിക്കഴിഞ്ഞതുകൊണ്ടാവാം ബേക്ക്‌യാര്‍ഡ്‌ ല്‍ തളര്‍ന്നുറങ്ങിപ്പോയിക്കാണും. അതോ, ഒരു ചുടുമുത്തത്തിന്നായുള്ള യാചനയെന്നോണം ഡാഡി യുടെ മേലിലേക്ക്‌ എന്നും കിതച്ചു ചാടിക്കയറാറുള്ള പോറ്റുനായ പോലും അതിന്റെ യജമാനനെ വെറുത്തെന്നോ? ഇല്ല, അവനൊരിക്കലും ഡാഡി യെ വെറുക്കില്ല. അവനെ ഒരു ഹിറ്റ്‌ലര്‍ ആക്കിയെടുത്ത, അവന്റെ ചങ്ങല പൊട്ടിച്ചു വലിച്ചെറിഞ്ഞ യജമാനന്‍. ഡാഡി യുടെ പാദചലനങ്ങളുടെയും ഹൃദമിടിപ്പുകളുടേയും ശ്രോതാവായിട്ട്‌, അര്‍പ്പിതമനസ്കനായി വീട്ടുപരിസരങ്ങളില്‍ ഓടിനടന്ന ആ ശ്വാവ്‌ മാത്രമേ ഉണ്ടായുള്ളൂ.

"ഗുഡ്‌ റിഡ്ഡന്‍സ്‌." ഡാഡി ഓടിച്ചുപോയ കാറിന്റെ പുകക്കുഴലിലൂടെ പുറകോട്ടുതള്ളപ്പെട്ട പുകപടലത്തിലേക്കു കയ്യിലെരിഞ്ഞുനിന്ന മാള്‍ബ്‌റോ സിഗററ്റില്‍നിന്നൂറ്റി വലിച്ചെടുത്ത ഒരുകവിള്‍ പുക ശക്‌തിയോടെ ഊതിത്തള്ളിക്കൊണ്ടുതന്നെ പടിക്കിപ്പുറത്തുനിന്നും മമ്മി ചേര്‍ത്തുകെട്ടി പറയുന്നതു കേട്ടു: "യു ഓണ്‍ലി ലിവ്‌ വണ്‍സ്‌. അയാം ആള്‍സോ ഗോയിംഗ്‌ റ്റു ഹേവ്‌ സം ഫണ്‍."
- ഒരു പ്രതിയോഗിയുടെ വെല്ലുവിളി പോലെ!
"ദാറ്റ്സ്‌ ഗ്രെയ്റ്റ്‌ മാം!"
അവര്‍ക്കിടയില്‍ പിണഞ്ഞു കിടന്ന സ്നേഹപാശം അറ്റുകഴിഞ്ഞത്‌ മുമ്പേ മനസ്സിലാക്കിക്കഴിഞ്ഞ താന്‍ അതുകേട്ട്‌ അമ്മയെ പ്രശംസിക്കുകയേ ചെയ്തുള്ളൂ. ഇനിയെങ്കിലും ഒരു ജീവിതം കണ്ടെത്താനൊരുങ്ങാതെ കേവലം നേരമ്പോക്കിനു വേണ്ടിത്തന്നെയാണവരുടെ പുറപ്പാടെങ്കില്‍ അങ്ങിനെതന്നെ യാവുകയല്ലേ ഭേദം എന്ന്‌ ഉള്ളില്‍ പറയുകയും ചെയ്‌തു. അകലം കൃത്യമായി കുറിച്ചുവെച്ച്‌ ഒരു പോറ്റുമകളായിമാത്രം മാറ്റിനിറുത്തപ്പെട്ട തനിക്ക്‌ ഡാഡിയുടെ വേര്‍പാടിന്റെ അകലം അളക്കാനുള്ള അളവുകോല്‍ മുമ്പെന്നോ നഷ്ടപ്പെട്ടുപോയിരുന്നു.

ദിവസങ്ങള്‍ക്കുശേഷം ഒരു രാത്രി ജോര്‍ജ്‌ മൈക്കിള്‍ പാടിത്തകര്‍ത്ത 'വെയ്ക്‌ മീ അപ്‌ ബിഫോര്‍ യു ഗോ ഗോ...' ആലാപനത്തിന്റെ അലര്‍ച്ച കാതില്‍ വന്നലച്ചപ്പോള്‍ ഉറക്കം ഞെട്ടി. നീരസത്തോടെയാണ്‌ എഴുനേറ്റതെങ്കിലും സംഭവവികാസത്തിനുള്ള ന്യായീകരണം പെട്ടെന്ന്‌ താന്‍തന്നെ കണ്ടെടുത്തു: ആരാകിലും, സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും അപൂര്‍വ്വമൊന്നു മല്ലല്ലോ. എന്തുതന്നെ ആയാലും, പുതുതായി പുറപ്പെടുവിക്കുന്ന ഈ വിചിത്രാവിഷ്കരണം ആരുടെതായിരിക്കാം എന്നറിയാന്‍ കൌതുകമേറി. അങ്ങോട്ടു പതുങ്ങിച്ചെന്നു. ഒരു തകര്‍പ്പന്‍ പ്രണയരംഗത്തിന്റെ പുനരാവര്‍ത്തനം. മമ്മിയും ഒരു പുത്തന്‍ കൂട്ടുകാരനും ചേര്‍ന്ന്‌ ലിവിംഗ്‌ റൂമില്‍ ചവിട്ടി തകര്‍ക്കുകയാണ്‌. പീലിവിടര്‍ത്തിയ ആനന്ദനൃത്തം. പക്ഷെ, മമ്മി കൂട്ടുപിടിച്ച ഗൊറിലയുടെ രൂപമുള്ള മനുഷ്യനെ കണ്ടു നെഞ്ച്‌ പൊള്ളി. ഇതാ വീണ്ടും തനിക്കൊരു പോറ്റച്ഛനെ തരാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്‌ മമ്മി. അതും ഗൊറിലയുടെ ഒരു തനി പകര്‍പ്പിനെ.
"മാം, വുഡ്യൂ പ്ലീസ്‌ ബ്രിംഗ്‌ ദ്‌ വോള്യും ഡൌണ്‍?"
തന്റെ അസഹനീയത പ്രകടമാക്കാന്‍ അറിഞ്ഞുകൊണ്ടുതന്നെ അപേക്ഷയില്‍ കുറേ കനം ചേര്‍ത്തു. പക്ഷെ, ഗാനാലാപത്തിന്റെ വിസ്രുതിയില്‍ മമ്മി ലക്ഷ്‌യമറ്റ്‌ ഉന്‍മാദത്തോടെ നിലംവിട്ടുള്ള നില്‍പായിരുന്നു. അതു കണ്ടറിഞ്ഞു സ്വയം ചെന്ന്‌ സ്റ്റീറിയോവിന്റെ ശബ്ദം പതുക്കെ താഴ്ത്തി.
"ഹായ്‌ ജൂഡീ," മമ്മി ക്ഷണിച്ചു. "കം, ആന്റ്‌ ഡേന്‍സ്‌ വിത്ത്‌ ജോ ആന്റ്‌ മീ."
"നോ, തേങ്ക്സ്‌!" തല്‍ക്ഷണം നിരസിച്ചു. "ഐ ഹാവ്‌ റ്റു ഗോ റ്റു വേര്‍ക്ക്‌ ഇന്‍ ദ മോണിംഗ്‌."
"കമ്മോണ്‍...," ഒരു കൈ മമ്മിയുടെ അരയില്‍ ചുറ്റിക്കൊണ്ട്‌ ഗാനലയത്തില്‍ ചാഞ്ചാടുകയായി രുന്ന ജോ തന്നോട്‌ ശുപാര്‍ശ ചെയ്തു. "ലെറ്റസ്സ്‌ ഹാവ്‌ സം ഫണ്‍."

നിലം പൊതിഞ്ഞ പരവതാനിയുടെ പരപ്പില്‍ പാദരക്ഷയുടെ ഉപ്പൂറ്റി അമര്‍ത്തി, ലയാനുസാരം ചവിട്ടിയുരച്ചുകൊണ്ട്‌തന്നെ തന്റേയും ജീവിതം തുലയ്ക്കാന്‍ ഏതൊ ഒരു അന്യന്‍, പിറവി തന്ന തള്ളയുടെ ഒത്താശയോടുകൂടി ക്ഷണിക്കുകയായിരുന്നു. അവര്‍ അപ്പോള്‍ കൊഞ്ചിക്കുഴഞ്ഞു കൊണ്ടിരുന്ന കേളീഗൃഹത്തിന്റെ താക്കോല്‍ പിടിച്ചുപറ്റി വലിച്ചെറിയാന്‍ ഒരുങ്ങാതെ, അവരുടെ രാസമണ്ഡപത്തിന്റെ സ്ഫടികഭിത്തികള്‍ ഇടിച്ചുടക്കാനുദ്യമിക്കാതെ, ചെവിയില്‍ കൈ ചേര്‍ത്തു കൊണ്ട്‌ ആവും വേഗം സ്ഥലം വിട്ടു. സംഗീതം തീരുംമുന്‍പ്‌ ഒരു മണിക്കൂറെങ്കിലും അവര്‍ തുടര്‍ന്ന്‌ നൃത്തമാടിത്തകര്‍ത്തു. അതുകഴിഞ്ഞതോടെ ശബ്ദവും വെളിച്ചവും കെട്ടടങ്ങി....
ഭയചകിതയായി, സ്വഛമായ നിദ്രയ്ക്കുള്ള ഗതികിട്ടാതെ കലങ്ങിത്തെളിഞ്ഞു കഴിഞ്ഞ ഇരുട്ടിലേക്കു തുറിച്ചുനോക്കി കിടന്നപ്പോള്‍ എന്തൊക്കെയോ കേട്ടു. എവിടെയൊക്കെയോ ചവിട്ടിക്കയറാ നുദ്യമിക്കുന്ന കീറിപ്പറിഞ്ഞ രണ്ടാത്മാക്കളേയും പേറി ഗര്‍ത്തങ്ങളിലേക്കു ഊളിയിട്ടിറങ്ങുന്ന ഇരുളിന്റെ അവ്യക്‌ത ഗുപ്‌തനിവേദനം.
തലയണയ്ക്കു കീഴില്‍ വീണ്ടും തലതിരുകി. സ്വന്തം ലോഞ്ച്‌റൂമില്‍ ഏതോ ഒരു പ്രണയിതാവിന്റെ കരവലയത്തില്‍ കുടുങ്ങി മമ്മി അറിയാതെ വീണ്ടും സ്വയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്‌ ഓര്‍ക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. നനഞ്ഞ തലയണയില്‍ മുഖം അമര്‍ത്തി വിതുമ്പിക്കൊണ്ട്‌ ശബ്ദം നിലച്ച രാത്രിയുടെ കറുത്ത പുതപ്പിനുള്ളില്‍ പതുങ്ങി. ഇറങ്ങിപ്പോയ ചിറ്റപ്പന്‍ പതിനാറാം പിറന്നാള്‍ സമ്മാനമായി വാങ്ങി തന്റെ കിടപ്പറയിലെ ചുമരില്‍ പിടിപ്പിച്ചു തന്ന വലീയ നാഴികമണിയുടെ തുമ്പത്താടിക്കൊണ്ടിരിക്കുന്ന ദോലകത്തില്‍ ഞാന്ന്‌ മന്ദമായുറങ്ങി പ്പോയി...

വേലയ്ക്കു പോകാനായി കാലത്തെഴുന്നേറ്റ്‌ അടുക്കളയിലേക്കു കടന്നപ്പോള്‍, മമ്മിയുടെ പ്രിയ മാനസന്‍ വെറും അണ്ടര്‍വെയറില്‍ കിച്ചന്‍ ടേബിളിന്നു മുമ്പില്‍ നില്‍ക്കുന്നു. ഫ്രിഡ്ജില്‍ നിന്നും കണ്ണില്‍ കണ്ടതെന്തൊക്കെയോ വാരിപ്പെറുക്കി മുന്‍പില്‍ നിരത്തിവെച്ചിട്ടുണ്ട്‌. ആഫീസിലേക്കുള്ള ലഞ്ചിന്‌ താന്‍ കരുതിവെച്ച ചിക്കന്‍ ഫില്ലറ്റ്‌കളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒക്കെ തീന്‍മേശ യില്‍നിന്നും മിനുട്ടുകള്‍ക്കകം ബിയര്‍ കുടിച്ചു വീര്‍ത്ത കുടവയറില്‍ ചെന്നവസാനിച്ചുകഴിഞ്ഞു.
പിന്നീടങ്ങോട്ട്‌ ദിനംപ്രതി അയാളുടെ വിളയാട്ടം തന്നെയായിരുന്നു. എവിടെ തിരിഞ്ഞാലും അവിടമൊക്കെ ജോ എന്ന ഗൊറിലാ രൂപം നിറഞ്ഞു നിന്നു. മമ്മിക്ക്‌ അയാളെ വളരെയേറെ ഇഷ്ടപ്പെട്ടു. തനിക്കാണെങ്കില്‍ മറിച്ചും. ബലമായ ഒരവിശ്വാസം; പുച്ഛവും. ആ ബലിഷ്ഠകായത്തിലെ രോമപടലങ്ങളില്‍ അല്‍പമതിയായ ഒരു സ്‌ത്രീയുടെ ചാപല്യത്തെ പിണച്ചിട്ടുകൊണ്ട്‌ അനധികൃതമായി അയാള്‍ തട്ടിയെടുക്കുന്ന സ്വാതന്ത്ര്യം ആ സ്‌ത്രീയുടെ സ്വന്തം മകള്‍ എങ്ങിനെ പൊറുക്കും. മുമ്പൊരിക്കല്‍, മമ്മി അടിച്ചേല്‍പ്പിച്ചു തന്ന ഒരു പോറ്റച്ഛനുണ്ടായി. വേളികഴിക്കാതെ യുണ്ടായ വേഴ്ചയുടെ വേലിയിറക്കത്തില്‍ പോറ്റച്ഛനുമായി പ്രഖ്യാപിച്ച ദ്വന്ദ്വയുദ്ധം ഇടയ്ക്കിടെ കൊടുമ്പിരിക്കൊള്‍കെ ഉണ്ടായ പതനത്തില്‍ ആ പോറ്റച്ഛന്‍ തിരോഭവിച്ചപ്പോള്‍ മമ്മിക്കു പൊടുന്നനെ സ്വാസ്ഥ്യം വീണ്ടുകിട്ടിയതു കണ്ടറിഞ്ഞു താന്‍ ആശ്വസിച്ചു. എങ്കിലും, അന്യഥാ വീട്ടിലേക്കു വലിഞ്ഞുകയറിയ മറ്റൊരധര്‍മ്മന്‍ മമ്മിയോടൊത്തു കോലംതുള്ളുന്നതു കണ്ടുണ്ടായ നൊമ്പരം ഒതുക്കാന്‍ പ്രയാസപ്പെട്ടു. സ്വയം സമാശ്വാസം കണ്ടെത്താന്‍ വൃഥാ ശ്രമിച്ചു: ധാര്‍മ്മികവൈകല്യം ഉള്ളതാണെങ്കിലും അഭിലാഷത്തിനൊത്ത്‌ അവര്‍ ജീവിച്ചു തീര്‍ക്കുന്നത്‌ അവരുടെതന്നെ ജീവിതങ്ങളാണല്ലോ. തികച്ചും വ്യതിരിക്‌തമായി ധാര്‍മ്മികസ്വത്വത്തോടെ നേരിടാന്‍ തനിക്കു തന്റേതായൊരു ജീവിതമുണ്ടെന്നിരിക്കെ എന്തിന്‌ രോഷം കൊള്ളണം?

അധികനാള്‍ കാത്തിരിക്കേണ്ടി വന്നില്ല. സ്വപ്നലോകം പൂകിയ അവരുടെ ജീവിതം, ബലമറ്റ അച്ചുതണ്ടില്‍ നിന്നിളകിയുള്ള ചുഴറ്റ്‌ ആരംഭിച്ചു. മുറുകെ പുണര്‍ന്ന്‌, വെറും അഭിനിവേശത്താല്‍ തമ്മിലമര്‍ന്നുരയുന്ന ചുണ്ടുകള്‍ക്കിടയിലോ, ഗാനാലാപനത്തിന്റെ ശ്രുതിയ്ക്കിണങ്ങി പേലവ കംബളത്തില്‍ ലയത്തോടെ താളംചവിട്ടിക്കൊണ്ട്‌ സാകൂതം ചലിപ്പിക്കുന്ന കാലിണകളിലെ പാദരക്ഷയ്ക്കടിയിലോ അവര്‍ക്ക്‌ എങ്ങിനെ കണ്ടെത്താനാവും അര്‍ത്ഥവത്തായ ഒരു ജീവിതം..?
"ദേറീസ്‌ നോ ബ്ലഢി ഷുഗര്‍ ഇന്‍ ദിസ്സ്‌ കോഫി!"
മമ്മി പ്രേമം ചാലിച്ചു ഉണ്ടാക്കിക്കൊടുത്ത കാപ്പി കിച്ചന്‍-സിങ്ക്‌ ലേക്ക്‌ ഒഴിച്ചുകൊണ്ട്‌ തങ്ങളുടെ പോറ്റുപട്ടി ഹിറ്റ്‌ലര്‍ക്ക്‌ പശിമൂത്താലെന്നപോലെ ജോ മുറുമുറുത്തപ്പോള്‍, കണ്ടുനിന്ന്‌ പൊറുക്കാ നാവാതെ താന്‍ ചെറുത്തു: "ശിലായുഗ പ്രതിനിധിയായ താങ്കള്‍ക്ക്‌ സ്പൂണുപയോഗിക്കാന്‍ വശമില്ലായിരിക്കും, അല്ലേ?"
രൂക്ഷപരിഹാസം കെട്ടിയിട്ട കനമുള്ള ഒരു കല്ല്‌ ആ ശിലായുഗ പ്രതിമയിലേക്ക്‌ അരിശത്തോടെ ആഞ്ഞെറിഞ്ഞതു കുറിക്കു കൊണ്ടു.
"യൂ... ലിറ്റില്‍..," പല്ലിളിച്ചുകൊണ്ട്‌, 'ഡെവിള്‍' എന്നുകൂടി കൂട്ടിപ്പറയാന്‍ വെമ്പിനിന്ന ഗൊറിലാ രൂപം, അവജ്ഞയാല്‍ കോടിനിന്ന തന്റെ ചുകന്ന മുഖത്ത്‌ ഒന്ന്‌ നോക്കിയെങ്കിലും പറയാനുള്ളതു പെട്ടെന്നു വിഴുങ്ങിക്കളഞ്ഞു. രോഷം തികട്ടിവന്നത്‌ ആ മനുഷ്യക്കുരങ്ങ്‌ ഒരു മുരള്‍ച്ചയില്‍ ഒതുക്കിയത്‌ പക്ഷേ കേള്‍ക്കാതിരുന്നില്ല.
പാവം, മമ്മി ഒന്നും ഉരിയാടാതെ ശൌര്യം നശിച്ച്‌ എല്ലാം കണ്ടും കേട്ടും മാറി നില്‍ക്കുന്നതു കണ്ട്‌ താന്‍ അത്ഭുതപ്പെടുകയായിരുന്നു. തുടങ്ങിവെച്ച മറ്റൊരു നാടകത്തിലെ പുതിയ വേഷമണിഞ്ഞു നില്‍ക്കുകയാണിപ്പോള്‍ മമ്മി. ഔദ്ധത്യത്തോടെ താഴ്ത്തിയിട്ടുകഴിഞ്ഞ തിരശ്ശീലയ്ക്കു പിന്നില്‍ പോയകാലത്ത്‌ ചവിട്ടിത്തകര്‍ത്ത പഴയ നാടകങ്ങളില്‍ ഇതേ വേഷം അണിയുവാന്‍ കൂട്ടാക്കാതിരുന്ന നിര്‍ഭീകയായിരുന്ന അതേ സ്ത്രീ.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മമ്മിയുടെ കണങ്കൈയ്യില്‍ ഒരു കരിവാളിപ്പ്‌ ശ്രദ്ധിക്കപ്പെട്ടു.

"അറിയാതെ മുന്‍വാതിലിന്നിടയില്‍ കുടുങ്ങിപ്പോയി, മോളേ..." തന്റെ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞൊപ്പിച്ച്‌ മുഖം തിരിച്ചപ്പോഴേ പച്ചക്കള്ളമാണതെന്ന്‌ പ്രകടമായിരുന്നു. മമ്മി അണിഞ്ഞു കൊണ്ടിരിക്കുന്ന ഈ പര്‍ദ്ദ ആരുടെ മുഖം മറക്കാന്‍ വേണ്ടിയാണെന്ന്‌ അറിയാഞ്ഞിട്ടല്ല.
"മാം, വൈഡോണ്ട്‌യൂ ഗെറ്റ്‌റിഡ്‌ഓഫ്‌ ഹിം?" ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്ന്‌ നന്നായറിയാം. എങ്കിലും, പെറ്റമ്മയുടെ അടിമത്വം കണ്ടു സന്തപിക്കുന്ന ഒരു മകളുടെ ആഗ്രഹം സൌമ്യതയോടെ പ്രകടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്‌യം.
മമ്മിയുടെ കണ്ണുകള്‍ പെട്ടെന്ന്‌ വീണ്ടും നിറഞ്ഞൊലിക്കുന്നത്‌ ഒളിഞ്ഞുനിന്നു കണ്ടു. പണ്ടൊരിക്കലും ആ കണ്ണുകള്‍ നിറഞ്ഞു കണ്ടിട്ടില്ല. എന്നാലിപ്പോള്‍ കണ്ണുനീര്‍ ധാരകള്‍ അവയിലെ നീലിമ മുഴുക്കെ വടിച്ചെടുത്തു ഒഴുക്കിക്കളഞ്ഞിരിക്കുന്നു. ചെമ്പിച്ചു കലക്കംപൂണ്ട കണ്ണുകളുടെ ആഴത്തിലെവിടെയോ അവരുടെ ആത്മാഭിമാനം പൂഴ്ന്ന്‌ കിടക്കുകയാണിപ്പോള്‍ എന്നു തോന്നിപ്പോകും, ഒറ്റനോട്ടത്തില്‍. എന്തു ചോദിച്ചാലും വീര്യം ക്ഷയിച്ചുകഴിഞ്ഞ കണ്ണുകളുയര്‍ത്തി ദൈന്യതയോടെ ഒന്നു നോക്കുകമാത്രം ചെയ്യും.
കേവലം ഒരു പഥികനെപ്പോലെ ഒരുദിവസം മമ്മിയുടെ തോളത്തു കൈയ്യിട്ടു കടന്നുവന്ന ഈ ക്ഷുദ്രന്‍ അവരുടെ ആത്മാഭിമാനത്തെ കയ്യിലിരിപ്പുള്ള സര്‍വ്വ തന്ത്രങ്ങളും വേണ്ടപ്പോള്‍ വേണ്ടുംവിധം പ്രയോഗിച്ചു തളച്ചിട്ടുകഴിഞ്ഞു. കാല്‍വെപ്പുകളിലും വാക്കുകളിലും പണ്ടത്തെ ദാര്‍ഢ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌ എന്ന്‌ സ്വയം മനസ്സിലാക്കി, പലപ്പോഴും പതിവു തെറ്റി ഹിറ്റ്‌ലര്‍ടെ പുറം തടവിക്കൊണ്ട്‌ ബേക്ക്‌യാര്‍ഡില്‍ മൌനംപൂണ്ടിരിക്കുന്നതു കാണാം. മമ്മിയുടെ നിറഞ്ഞ മനസ്സില്‍നിന്ന്‌ നഷ്ടപ്പെട്ടത്‌ എന്തൊക്കെയാണെന്ന്‌ അവരെക്കാളറിയുന്ന മകളാണ്‌ താന്‍.

ഒരു സുപ്രഭാതത്തില്‍, ഉറക്കം ഞെട്ടി താഴെയിറങ്ങിച്ചെന്നപ്പോള്‍, മമ്മി തനിച്ച്‌ തലയില്‍ കൈ ചേര്‍ത്തുകൊണ്ട്‌ സെറ്റീയില്‍ ഇരിക്കുന്നു. ഒരു നിരായുധയെപ്പോലെ. രണാങ്കണത്തില്‍വെച്ച്‌ ഒടിഞ്ഞുപോയ മൂര്‍ച്ചകെട്ട ഖഡ്ഗം അരക്കെട്ടിലെ ഉറയില്‍നിന്നും തെറിച്ചു വീണുകാണും. അതോ, വലിച്ചെറിഞ്ഞുവോ? അതിശയപ്പെട്ടുവെങ്കിലും ആശങ്ക ഒട്ടും വെളിപ്പെടുത്താതെതന്നെ ചോദിച്ചു:
"മമ്മീ വേറീസ്‌, ജോ?"
പറയത്തക്ക ഭാവപ്പകര്‍ച്ചയൊന്നും മമ്മിയില്‍ കണ്ടില്ല. അസാധാരണമായിട്ടങ്ങിനെ കണ്ടപ്പോള്‍ അത്ഭുതം കൂടിയേ ഉള്ളൂ.
"ബ്‌ളഡി ബാക്‌ സ്‌ലൈഡര്‍! (ധര്‍മ്മഭ്രംശകന്‍) ഹീ ഹാസ്‌ ഗോണ്‍."
വൈരാഗ്യത്തോടൊപ്പം അല്‍പം ജാള്യതയും ആ മറുപടിയില്‍ പ്രകടമായിരുന്നു.
മമ്മി തുടര്‍ന്നു. "കഴിഞ്ഞ രാത്രി ഒരു പഴയ പ്രേമഭാജനത്തെ ക്ലബ്ബില്‍ കണ്ടു. അവളോട്‌ ഇനിയുമെന്തോ തീരാതെ കിടപ്പുണ്ടെന്ന്‌ ആ ചെകുത്താന്റെ നിലപാടില്‍ പ്രകടമായിരുന്നു.
'ഞാന്‍, അല്ലെങ്കില്‍ അവള്‍,' എന്ന്‌ ഞാന്‍ നിഷ്കര്‍ഷിച്ചപ്പോള്‍ അയാള്‍ ആ അവലക്ഷണത്തിന്റെ കൈപിടിച്ചുതന്നെ അങ്ങ്‌ പോയി..."
ഒരു ദീര്‍ഘനിശ്വാസത്തിന്റെ അറ്റത്തു തൂക്കിയിട്ടുകൊണ്ടൊരു പ്രഖ്യാപനവും. "സൊ, ഇറ്റ്സ്‌ ആള്‍ ഓവര്‍!"
"ദാറ്റ്സ്‌ ഗ്രെയ്റ്റ്‌ മാം!" മുന്‍പ്‌ ചിറ്റപ്പന്റെ ഇറങ്ങിപ്പോക്കില്‍ മമ്മിയിലുണ്ടായ പ്രതികരണം കണ്ട്‌ പുറപ്പെടുവിച്ച അതേ വാക്കുകള്‍ ഉരുവിട്ടുകൊണ്ടുതന്നെ ഇപ്പോഴും പ്രശംസിച്ചുവെങ്കിലും ഉള്ളില്‍ മൌനാവലംബിയായി താന്‍ കരയുകയായിരുന്നു. എന്തോ ഓര്‍ത്തെടുക്കാന്‍ പണിപ്പെടുക യാണെന്ന്‌ തോന്നിക്കുമാറ്‌, അങ്ങേത്തലയ്ക്കല്‍ നിമിഷങ്ങളുടെ മൌനം...
"ഊം...?" ചോദ്യരൂപത്തിലുള്ള തന്റെ നീട്ടിയുള്ള മൂളല്‍ മമ്മിയെ ഉണര്‍ത്തി.
"ദേര്‍ഈസ്‌‌ മോര്‍ റ്റു ഇറ്റ്‌, ഡാര്‍ലിംഗ്‌!"
വിശേഷം നീ അറിയാനിരിക്കുന്നേ ഉള്ളൂ, മോളേ...
മമ്മി യുടെ വരണ്ട കണ്ണുകളില്‍ പൊടുന്നനെ ഒരു തിളക്കം. കൌതുകപൂര്‍വ്വം അവര്‍ തുടര്‍ന്നു.
"അയാള്‍ ക്ലബ്ബ്‌ വിട്ടിറങ്ങി പുറപ്പെട്ടപ്പോള്‍ കോവണിപ്പടിയില്‍നിന്ന്‌ വഴുതി പടേന്ന്‌ താഴോട്ടു വീണു. വീഴ്ച കണ്ടിട്ട്‌, മേലാകെ ഒടിഞ്ഞുകാണുമെന്നാ തോന്നുന്നെ. കുറച്ചു കൂടുതല്‍ ഇറക്കിയിരുന്നു..."
"വൌ! ദാറ്റ്സ്‌ എമ്മേയ്സ്സിംഗ്‌!" ചിരിച്ചുകൊണ്ടുതന്നെ മമ്മിയോട്‌ പറഞ്ഞു: "ഐ മീന്‍, ആര്‍യൂ ഓക്കേയ്‌...?"
മമ്മി പെട്ടെന്ന്‌ നിശ്ചലയായി. നിശ്ശബ്ദപൂര്‍വ്വം ഒട്ടുനേരം തന്റെ മുഖത്തേക്ക്‌ ദൈന്യതയോടെ നോക്കുക മാത്രം ചെയ്തു.
ആ നിശ്ചലതയില്‍, നിശ്ശബ്ദതയില്‍, കേള്‍വിക്ക്‌ അതീതമായ ഏതോ പശ്ചാത്താപത്തിന്റെ അനുരണനം ഒരു യാചനയുടെ ക്ഷയിച്ച അലകളായി തന്റെ കാതുകളില്‍ വന്നിടിച്ചു. ആ അമ്മ-മനസ്സില്‍ കോറിയിടുന്നതെന്തും ഓര്‍ത്തെടുക്കാനും, ബാഹ്യഭാവങ്ങളാല്‍ തരളിതമാകാറുള്ള മുഖത്ത്‌ അവര്‍ കുറിച്ചിടാറുള്ളതെല്ലാം വായിക്കാനും പഠിച്ചവളാണ്‌ താന്‍. തൊട്ടിലില്‍ ഒരു ശിശുക്കിടാവായി കൈകള്‍ വീശിയും കാലിട്ടടിച്ചും, പല്ല്‌ മുളക്കാനിരിക്കുന്ന മോണ കാട്ടി പാല്‍ച്ചിരി തൂകിയും താന്‍ കിടന്നിരുന്നപ്പോള്‍ കവിളത്തു നുള്ളിക്കൊണ്ട്‌ മാതൃസ്നേഹത്തിന്റെ പ്രകാശം വികിരണം ചെയ്തു നിന്ന മമ്മിയുടെ മുഖത്ത്‌ സ്ഫുടതയോടെ കുറിച്ചിടപ്പെട്ട കൊച്ചു കൊച്ചു വാക്കുകള്‍ പെറുക്കിയെടുത്തുകൊണ്ടുള്ള തുടക്കമായിരുന്നു.
പിന്നീട്‌, പാര്‍ക്കിലെ ഊഞ്ഞാലില്‍ ആടി തിമര്‍ക്കുകയായിരുന്ന മകളെ, അകലെ പച്ചപ്പുല്‍ത്തകിടി യില്‍ വിരസമായിരുന്നു മടങ്ങാന്‍ തിരക്കുകൂട്ടിക്കൊണ്ട്‌ കാണിക്കാറുള്ള കോടിച്ച മുഖത്തെ വക്ര രേഖകളാല്‍ എഴുതിപ്പിടിപ്പിച്ച കല്‍പന കലര്‍ന്ന സന്ദേശങ്ങളായി. അങ്ങിനെ എന്തൊക്കെ ആ മുഖത്തുനിന്നും ഈ പതിനേഴുകാരി വായിച്ചു പഠിക്കുകയുണ്ടായി. കാലത്തിന്റെ പദവിന്യാസ ത്തിനൊത്തു മായ്ച്ചും തിരുത്തിയും അത്തരത്തില്‍ കുറിക്കപ്പെട്ട പ്രത്യക്ഷ പ്രമാണങ്ങള്‍ മനസ്സില്‍ തിരുകിക്കൊണ്ടുതന്നെ ഇക്കുറി ഇങ്ങിനെ വായിച്ചു:
"മോളെ, ഈ അമ്മയ്ക്കു മാപ്പ്‌. ഇറങ്ങിപ്പോയ നിന്റെ ചിറ്റപ്പനെ എങ്ങിനെയെങ്കിലും തേടിപ്പിടിച്ച്‌ നീ എനിക്കുടനെ തിരിച്ചു തരൂ!"
പക്ഷെ, വാശിയോടെ ഇറങ്ങിപ്പോയ ചിറ്റപ്പനെ തേടി ഏതുവഴി ചെല്ലും എന്ന്‌ വ്യഥയോടെ താന്‍ ഓര്‍ക്കുകയായിരുന്നു.
അപ്പോള്‍, ലക്ഷ്‌യമറ്റലയുന്ന ഉന്‍മദരായ ഏതാനും പഥികരുടെ, ക്രമംതെറ്റി നീങ്ങുന്ന കാലടികളാല്‍ പുറകോട്ടു ചവിട്ടിത്തള്ളപ്പെട്ട ഒരാത്മകഥയുടെ ചുളിഞ്ഞുകിടന്ന ഏടുകളിലൊന്ന്‌ എങ്ങുനിന്നോ കണ്ടെടുത്ത്‌ തിരിച്ചേല്‍പിക്കാനുള്ള ത്വരയാവാമെന്ന്‌ തോന്നിപ്പിക്കുമാറ്‌ കിതച്ചുകൊണ്ട്‌ ഹിറ്റ്‌ലര്‍ ഓടിയെത്തി.
കുനിഞ്ഞിരുന്ന്‌ ഇന്നലെകളുടെ ഉടഞ്ഞുകിടന്ന അടുക്കുകളില്‍ താപപൂര്‍വ്വം തപ്പിക്കൊണ്ടിരുന്ന മമ്മിയുടെ മടിത്തട്ടില്‍ തലചേര്‍ത്തു അവന്‍ പതുക്കെ മോങ്ങി. തന്റെ യജമാനത്തിയോട്‌ അപേക്ഷിക്കാന്‍ എന്തോ ഇനിയും ബാക്കിയുള്ളതുപോലെ. മനുഷ്യനറിയുന്നില്ല, മൃഗങ്ങളുടെ ഭാഷ; അതിലുള്‍ക്കൊണ്ട സാരം ചികഞ്ഞെടുക്കാനുള്ള സമീക്ഷയുമില്ല. പക്ഷെ, അതിലുറഞ്ഞുകിടക്കുന്ന വാത്സല്യവും ലാളിത്യവുമായിരുന്നു പ്രായംചെന്ന ഒരു രക്ഷാകര്‍ത്രീയുടെ മടിത്തട്ടിലേയ്ക്ക്‌ ഇപ്പോള്‍ ഒരു പട്ടിയുടെ ഗദ്ഗദത്തിലൂടെ ഊര്‍ന്നു വീണുകൊണ്ടിരുന്നത്‌.
ഇപ്പോഴും ഓര്‍ക്കുന്നുണ്ട്‌....

മൂത്രമൊഴിച്ചശേഷം ഫ്ലഷ്‌ഔട്ട്‌ ചെയ്തില്ലെന്നും റ്റോയ്‌ലറ്റ്‌-ബൌള്‍ന്റെ മൂടി ഉപയോഗം കഴിഞ്ഞതിനു ശേഷം അടയ്ക്കാതെ തുറന്നുവെച്ചു പോയെന്നും പറഞ്ഞ്‌ മമ്മി ഡാഡിയുമായി ഉടക്കി. നിസ്സാരമായൊരു പാകപ്പിഴയില്‍ പിടിച്ചു തൂങ്ങി പതിവുപോലെ തമ്മിലൊരു നീണ്ട കലഹം തന്നെ ഉണ്ടായി. അസഭ്യം പൊഴിച്ചുള്ള കലമ്പലിന്റെ പിരിമുറുക്കത്തില്‍ ഒച്ച പൊങ്ങിയപ്പോള്‍ ഹിറ്റ്‌ലറുടെ പൊറുതി മുട്ടിയതുകൊണ്ടാവാം, ശണ്ഠകൂടുന്ന യജമാനരുടെ നേരെ നോക്കി അട്ടം പൊട്ടുമാറ്‌ കുരക്കാന്‍ തുടങ്ങി. അതു കണ്ട്‌ കലികയറിയ മമ്മി അലറിക്കൊണ്ട്‌ ആ പോറ്റുനായയെ ഇട്ടൊരാട്ടാട്ടി: "പിസ്സ്‌ ഓഫ്‌, യൂ ഡേര്‍ട്ടീ ബാസ്റ്റെഡ്‌!"

യജമാനത്തിയെ ഭയന്ന്‌ വാല്‌ താഴ്ത്തിയിട്ടുകൊണ്ട്‌ അവന്‍ ഓടിപ്പോകുകയും ചെയ്തു. ഹിറ്റ്‌ലര്‍ക്ക്‌ മമ്മിയെ പേടിയായിരുന്നു. സഹിഷ്ണുത തീരെ ഇല്ലാതെ പോറ്റുനായയോട്‌ പലപ്പോഴും അവര്‍ നിഷ്ക്കരുണത്വം കാണിക്കുക പതിവായിരുന്നു.
ഹിറ്റ്‌ലറുടെ ദയനീയ വിലാപം കേട്ടപ്പോള്‍, അന്ന്‌ ആട്ടിയോടിക്കപ്പെട്ട "ബാസ്റ്റെഡ്‌", യജമാനത്തിയുടെ അടുത്തേക്കു തിരിച്ചുവന്ന്‌, "ഇനിയെങ്കിലും...!" എന്നുരിയാടുന്നതുപോലെ തോന്നിപ്പോയി.

ആവാം, സദയതയ്ക്കു വേണ്ടിയുള്ള ഒരോമനപ്പട്ടിയുടെ അപേക്ഷ; അതല്ലെങ്കില്‍, യജമാനത്തിയുടെ സല്‍ക്രിയ തേടിയുള്ള ഒരു വീട്ടുമൃഗത്തിന്റെ അഭിലാഷം. എന്താകിലും, തല ഒരു വശത്തേക്ക്‌ ചായിച്ചു വിനയപൂര്‍വ്വം വാലാട്ടി കാണിച്ചുകൊണ്ട്‌ ആ വയസ്സന്‍ നായ സ്നേഹാര്‍ദ്രമായ ഒരു നീണ്ട മോങ്ങലിലൂടെ പുറപ്പെടുവിച്ച അസ്ഫുടതയാര്‍ന്ന ദൈന്യമൊഴി, മനുഷ്യന്റെ ധാരണാശക്തി ക്കതീതമായ വെറുമൊരു ധ്വനനം മാത്രമായേ കലാശിച്ചുള്ളൂ.

(Tharjani - June 2009)