Sunday, December 5, 2010

വിശ്വം അദൃശ്യം"എക്ക്വയേഡ്‌ ഇമ്മ്യൂണ്‍ ഡിഫിഷ്യന്‍സി സിന്‍ഡ്രം."
രക്തധമനി കൃത്യമായും കണ്ടെത്താതെ രോഗിയുടെകയ്യില്‍ കുത്തിയിറക്കിയ സിറിഞ്ചില്‍ രക്തം കിട്ടാന്‍ പാടുപെടുന്ന ഭിഷഗ്വരന്റെ മുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ പുറപ്പെടുവിച്ച ഡോക്ടര്‍ വിക്ടര്‍ ജോണ്‍സിന്റെ വിജ്ഞാപനം ഹൃത്ത്‌ ഇടിച്ചുതകര്‍ക്കുന്ന ഒരു കദനമൊഴിയായി തന്റെ ചെവിയില്‍ തറച്ചു. അയാളുടെ കഴുത്തില്‍ ഒരു സര്‍പ്പത്തെപ്പോലെ തൂങ്ങിനില്‍പ്പുള്ള ഹൃദയ സ്പന്ദന പരിശോധിനിയിലേക്ക്‌ നിശ്ചലയായി, മൌനയായി, ബലിന്‍ഡ തുറിച്ചു നോക്കി. ധ്വനി തെറ്റിയ ഹൃദയമിടിപ്പുകളിലേക്ക്‌ ഡോക്ടറുടെ വാക്കുകള്‍ ആലിപ്പഴം പൊഴിച്ചുകൊണ്ടുള്ള കൊടുങ്കാറ്റായി പതിഞ്ഞപ്പോള്‍ അവളിരുന്ന കസേല കടലലയില്‍ കുടുങ്ങിയ ചെറുവള്ളമായി മാറി. തുഴയും മുമ്പെ തുഴവലിച്ചെറിഞ്ഞു കൊണ്ടുള്ള വിധേയത്വ മായിരുന്നു പിന്നീടുണ്ടായത്‌: എയ്ഡ്സ്‌!

താന്‍ ഈ മഹാരോഗത്തിന്ന്‌ അടിമപ്പെട്ടിരിക്കയാണെന്ന ഡോക്ടറുടെ ആധികാരിക പ്രഖ്യാപന ത്തിന്റെ ഭീകരതയില്‍ നടുങ്ങിയെങ്കിലും പൊടുന്നനെ നേരിടേണ്ടിവന്ന അപകീര്‍ത്തിയില്‍ അറിയാതെ തല താഴുകയാണുണ്ടായത്‌.

"നോ, ഡോക്ടര്‍, അയ്കാണ്ട്‌ ബിലീവിറ്റ്‌.. ! ലെറ്റെലോണ്‍ ദ്‌ ഫാക്റ്റ്‌ ദാറ്റ്‌ അയ്നെവര്‍ കാന്‍ വിന്‍ ദിസ്‌ ഫയ്റ്റ്‌..."

കോഫ്ഹാര്‍ബറില്‍നിന്നും ഒരു ഉല്ലാസബോട്ടില്‍ സായാഹ്ന സവാരിക്കെന്നും പറഞ്ഞ്‌ പ്രീണിപ്പിച്ച്‌ കൊണ്ടുപോയി, ആഴക്കടലിലെത്തിയപ്പോള്‍ ബലം പ്രയോഗിച്ച്‌ തന്നെ അധീനപ്പെടുത്തിയ കാമാസക്തനായ വില്ല്യം ഷെഫേര്‍ഡിന്റെ ബീജം ഒരു അണുബോംബായി കളങ്കമറ്റ തന്റെ മേനിയില്‍ ഇങ്ങിനെ പൊട്ടിത്തെറിക്കുമെന്ന്‌ എങ്ങിനെ വിശ്വസിക്കും? പാപത്തിന്റെ വഴിതേടിയവനായിരുന്നു എന്നറിഞ്ഞിട്ടും രോഗബാധിതനായി മൃതിപ്പെട്ടുവെന്നു കേട്ടപ്പോള്‍ ശ്മശാനയാത്രയില്‍ പങ്കുകൊണ്ടു. വിഷയലമ്പടനായ ഒരു ഹീനന്റെ പുറംതൊണ്ടായിരുന്നു എന്ന്‌ മനസ്സിലാക്കിക്കഴിഞ്ഞിട്ടും കുഴി മണ്ണിട്ടുമൂടിയപ്പോള്‍ എന്തിനെന്നറിയാതെ കരഞ്ഞുപോയി. അയാള്‍ ചെയ്ത തെറ്റുകള്‍ക്ക്‌ മാപ്പുനല്‍കാന്‍ ജഗന്നിയന്താവിനോട്‌ എന്തിനെന്നറിയാതെതന്നെ കേണപേക്ഷിക്കുകയുമുണ്ടായി...

ഒരു വിഷസര്‍പ്പത്തിന്റെ കുഴിമാടത്തില്‍ വീഴ്ത്തിയ കണ്ണുനീരിന്റെ പ്രതിഫലമാണോ തനിക്കിപ്പോള്‍ കിട്ടിയ ഈ മഹാദീനം? പ്രപഞ്ച സത്യത്തിന്റെ, നീതിയുടെ, ഭീമമായ തട്ടുകളുടെ അനുപാതരാഹിത്യത്തെക്കുറിച്ച്‌ എവിടെച്ചെന്നാണ്‌ താന്‍ ചോദ്യം ചെയ്യേണ്ടത്‌? തന്റെ മുമ്പില്‍ ഇരിക്കുന്ന, വരാനിരിക്കുന്ന യാതനകളെ തന്നോടിപ്പോള്‍ വിളിച്ചറിയിച്ച, ഈ ഡോക്ടറോടാണോ?ചെറുവള്ളത്തില്‍ കിടന്ന്‌ ആടിക്കൊണ്ടിരുന്ന തന്റെ മനസ്സിന്റെ തുരുമ്പിച്ച ചങ്ങല പതുക്കെ വലിച്ചു നങ്കൂരമിട്ടുറപ്പിച്ചു തരുവാന്‍ ശ്രമിച്ചുകൊണ്ടാവണം, ഡോക്ടര്‍ പറയുന്നതു കേട്ടു: "ലിസന്‍, ബലിന്‍ഡാ, ഡോണ്ട്‌ ജസ്ട്‌ ലുക്കെറ്റ്‌ ദ പ്രോഗ്നോസിസ്‌, യൂ മേ ഹേവ്‌ ചാന്‍സ്‌. ആന്‍ഡ്‌ ഡോണ്ട്‌ ഗിവപ്പ്‌! വി ഗോട്‌ റ്റു ഫൈറ്റിറ്റ്‌!"

ഇതേ ദുര്‍ഗ്ഗതിയില്‍ പെട്ട എത്രയെത്ര രോഗികള്‍ ഈ കണ്‍സള്‍ട്ടിങ്ങ്‌ റൂം കയറിയിറങ്ങിക്കാണും? ഡോക്ടര്‍ ജോണ്‍സണ്‍ ഹതഭാഗ്യരായ എത്രയെത്ര മഹാരോഗികളൂടെ കൈകള്‍ പിടിച്ച്‌ ഇതേ സ്വരത്തില്‍ പറഞ്ഞുകാണണം?

"ഡോണ്ട്‌ ഗിവപ്പ്‌! വി ഗോട്റ്റു ഫൈറ്റിറ്റ്‌!"

രക്തത്തില്‍ ജീവാണുക്കള്‍ തുടിച്ചുനിന്നപ്പോഴും ഒരു കൊതുകിനോടുപോലും പൊരുതാന്‍ മടിച്ച ഒരു ബലഹീനയായിരുന്നു ബലിന്‍ഡ. സോഷ്യോളജിയിലും, സൈക്കോളജിയിലും ബിരുദങ്ങള്‍ നേടിയെടുക്കാന്‍ തടിച്ച പുസ്തകങ്ങളോട്‌ മാത്രം പൊരുതിയ ശീലമേ ഉണ്ടായുള്ളൂ. ആ പോരാട്ട ത്തില്‍ മുഴുക്കെ, പക്ഷെ, വിജയം മാത്രമായിരുന്നു.

ഇപ്പോഴിതാ സ്വന്തം സിരകളിലൂടെ ഓടുന്ന രക്തത്തില്‍ പെരുകിക്കൊണ്ടിരിക്കുന്ന വിഷാണുക്ക ളോട്‌ അദ്ദേഹത്തോടൊപ്പം പൊരുതുവാന്‍ ഡോക്ടര്‍ ഉപദേശിക്കയാണ്‌.

-ബലക്ഷയംപൂണ്ട ഈ ശരീരത്തോട്‌ കല്‍പ്പിക്കുകയാണ്‌!

സാന്ത്വനത്തിന്റെ സൂചന നല്‍കിക്കൊണ്ടുള്ള ആ കല്‍പ്പന കേട്ടും കേള്‍ക്കാതെയും കരുത്തറ്റ കൈകള്‍ മുമ്പിലെ മേശക്കുമുകളില്‍ ഊന്നി, എഴുനേറ്റ്‌ പതുക്കെ നടന്ന്‌ കണ്‍സള്‍ട്ടിംഗ്‌ റൂം വിട്ടിറങ്ങുവാന്‍ ഒരുങ്ങിക്കൊണ്ട്‌ താന്‍തന്നെ തുറന്ന വാതില്‍ അടക്കും മുമ്പ്‌ എന്നും എന്നപോലെ പറയാതിരുന്നില്ല: "തേങ്ക്‌യൂ, ഡോക്ടര്‍, സീയൂ ലെയ്റ്റര്‍..."

താനെന്തിനാണ്‌ ഡോക്ടറോട്‌ നന്ദി പറഞ്ഞത്‌?

കണ്ണട നെറ്റിയിലേക്കുയര്‍ത്തി വെച്ചുകൊണ്ട്‌, ഇളംചുകപ്പുള്ള ഹയ്‌ലയ്റ്റര്‍കൊണ്ട്‌ മുഴുക്കെ അടയാളപ്പെടുത്തപ്പെട്ട, വിഷരക്താണുക്കളുടെ സംഖ്യയിലേക്ക്‌ സംശയാസ്പദമായി വീണ്ടും വീണ്ടും കണ്ണോടിക്കുമ്പോള്‍, കണ്ണാടിപ്പലക പതിപ്പിച്ച മേശപ്പുറത്ത്‌ തകര്‍ന്നുവീണതായി അയാള്‍ കാണാറുള്ള കേവലം സ്ഫടികസമാനമായിക്കഴിഞ്ഞ എത്രയോ നിരാധാരരില്‍ ഒന്നു മാത്രമാണ്‌ ഇവള്‍ എന്നറിഞ്ഞിട്ടും ഡോക്ടര്‍ ജോണ്‍സന്റെ ശബ്ദം എന്തേ ഇടറി?

സാമാന്യത്തോതില്‍ അവകാശപ്പെടാവുന്ന എഴുപത്തഞ്ചുവര്‍ഷത്തോളം പോന്ന മനുഷ്യായുസ്സില്‍ ഇനിയും തനിക്കു ശേഷിക്കാവുന്ന അമ്പതു വര്‍ഷങ്ങളെ, കുറേ വിഷാണുക്കളുടെ എണ്ണം കാണിച്ചു കൊണ്ട്‌, രക്തപരിശോധനാപരിണതഫലം കുറിച്ചിടപ്പെട്ട ഒരു വെള്ളക്കടലാസില്‍ ചുരുട്ടിക്കൂട്ടി കുറേ മാസങ്ങളാക്കി തന്റെ കയ്യില്‍ തിരുകിത്തന്ന വൈദ്യശാസ്ത്രത്തിന്റെ വക്താവെന്ന നിലയ്ക്കാണോ താന്‍ ഡോക്ടര്‍ ജോണ്‍സനോട്‌ നന്ദിപറഞ്ഞത്‌?

തനിക്കവകാശപ്പെടാമായിരുന്ന അഞ്ചില്‍ രണ്ട്‌ ദശകങ്ങളെങ്കിലും മറ്റൊരാള്‍ക്കുവേണ്ടി മാറ്റി വെക്കാമെന്ന്‌ നിനച്ചപ്പോള്‍ നിയതി വിലക്കുകല്‍പ്പിച്ചതെന്തിനാവാം?അതും തന്റെ ആരാധകനും ആത്മഗുരുവും ആയ പ്രൊഫസര്‍ വിശ്വംഭരന്‍, ഹയ്ഡ്പാര്‍ക്കിലെ രാത്രിയുടെ മറവില്‍ കോണ്‍ക്രീറ്റ്ബെഞ്ചില്‍ ഇരുന്നുകൊണ്ട്‌ അരുളിയ സാക്ഷിമൊഴിയില്‍ വിശ്വാസമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍..!

സ്വപ്രത്യയനേയമായ വിശ്വത്തിന്റെ വാക്കുകളില്‍:

കുലുക്കംകൊണ്ട ഭൂമിയുടെ പിളര്‍ന്ന പാര്‍ശ്വങ്ങളില്‍ കാലുകളൂന്നിക്കൊണ്ടേന്തിപ്പിടിക്കാനൊരു കൈത്തണ്ടയായി,

സൂര്യബിംബം തുപ്പുന്ന തീക്കനലില്‍ ചുട്ട മണല്‍പ്പരപ്പില്‍ ഒരുഗജം മരുപ്പച്ചയായി,

മഞ്ഞുപെയ്ത്‌ വിറങ്ങലിച്ച പൂമേടയില്‍ അല്‍പ്പം ചൂടുനല്‍കാന്‍ ഇത്തിരി തീക്കനലായി...

അനിര്‍വചനീയമായ ഒരു ശക്തി പ്രസരിച്ചുനില്‍ക്കുന്ന വിശ്വംഭരന്‍ എന്ന പുരുഷനില്‍ അര്‍പ്പിക്കാനായി ഒടുവില്‍ തീര്‍പ്പ്‌ കല്‍പ്പിച്ചുകഴിഞ്ഞപ്പോഴേക്കും എന്ത്‌ ശേഷിച്ചു?

നിര്‍ലോഭം നല്‍കാമെന്നു കരുതി തുറന്ന കൈത്തലം നീട്ടിയപ്പോള്‍, അനര്‍ത്ഥം കുറിക്കപ്പെട്ട അവ്യക്തങ്ങളായ കൈരേഖകള്‍ മാത്രം.

ആ കൈയ്യില്‍നിന്നും ഫലപുഷ്ടി നിറഞ്ഞ യൌവനം ആകസ്മിക്മായി തട്ടിപ്പറിക്കാനെത്തിയ നിയതിയുടെ ക്രൂരതയെക്കുറിച്ചുള്ള തന്റെ ആപത്സൂചകധ്വനി ചെന്നെത്തേണ്ടുന്ന കാതുകള്‍, തന്നില്‍ വീര്യം പകരാന്‍ ഓടിയെത്താറുള്ള ആത്മഗുരുവായ വിശ്വത്തിന്റേതല്ലാതെ മറ്റാരു ടേതാണ്‌?

ഇരുപത്തഞ്ച്‌ വയസ്സായെങ്കിലും താനിന്നും കുടുംബത്തിലെ അഞ്ച്‌വയസ്സായ ഒരു ഇളം കുഞ്ഞാണ്‌. രക്തബന്ധമുള്ള ഒരു കുടുംബമായി ബാക്കിനില്‍ക്കുന്ന ജ്യേഷ്ഠനേയും ജ്യേഷ്ഠത്തി യേയും എങ്ങിനെ ഈ വിവരം പറഞ്ഞറിയിക്കും? കേട്ടുനില്‍ക്കാന്‍ അവര്‍ക്കൊട്ടും നെഞ്ചുറപ്പു കാണില്ല.

എന്നാല്‍, ആത്മദൃഢത വേണ്ടുവോളം കൈമുതലായുള്ള വിശ്വം ഒരിക്കലും പതറുകയില്ല. തന്നില്‍ വീര്യം പകരാന്‍ ഓടിയെത്തുകയേ ഉള്ളൂ. അതോര്‍ത്തുകൊണ്ടുതന്നെ, നടുക്കുന്ന തെ‍ന്‍റ ഹതവിധി ആദ്യമായി വിളിച്ചറിയിച്ചത്‌ വിശ്വത്തെ ആയിരുന്നു.

കേമ്പര്‍ഡൌണ്‍ ആശുപത്രിയുടെ പ്രവേശനമാര്‍ഗ്ഗത്തില്‍ ഒരുചുഴിയാണിയില്‍ ചുറ്റിക്കൊണ്ടി രിക്കുന്ന മാര്‍ഗ്ഗശുല്‍ക്കദ്വാരത്തിന്റെ നാലറകളിലൊന്നില്‍കൂടെ പെറ്റമ്മയുടെ കൈകളിലും മാറി ലും ചൂടുപറ്റി ഒതുങ്ങിക്കിടന്നുകൊണ്ട്‌ പുറത്തിറങ്ങിവന്നതില്‍ പിന്നെ താന്‍ പിന്നിട്ട ഇരുപ്ത്തി യഞ്ച്‌ വര്‍ഷങ്ങളെ വെറും സങ്കല്‍പംമാത്രമാക്കി അഞ്ചെന്ന യാഥാര്‍ത്ഥ്യമാക്കാന്‍ ഇഷ്ടപ്പെടുന്ന മാതാപിതാക്കളും സഹോദരീ സഹോദരങ്ങളും.

ഗദ്ഗദങ്ങളുടെ വിറങ്ങലിച്ച, എങ്ങോട്ടെന്നില്ലാത്ത, വഴിത്താരകളിലൂടെ മരണത്തിന്റെ പിന്‍മടങ്ങാത്ത രഥചക്രങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വലിച്ചിഴച്ചുകൊണ്ടുപോയ സ്വന്തം അച്‌ച്ഛന്റെ, ശ്വേതവസ്ത്രത്തില്‍ പൊതിഞ്ഞ, ദേഹത്തിലെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനശേഷി കാര്‍ന്നെ ടുത്തത്‌ അര്‍ബ്ബുദമായിരുന്നു. അച്‌ച്ഛന്റെ കൈവിടാതെ നടത്തിയ അമ്മയുടെ ആത്യന്തിക യാത്ര യുടെ തുടക്കവും അര്‍ബ്ബുദത്തില്‍ തന്നെ!

സദാചാരവിരുദ്ധരായ സുഹൃദ്‌വലയത്തില്‍നിന്നും അവര്‍ ചരിച്ചിരുന്ന അപ്രതിബന്ധകമായ ഇരുണ്ട വഴിത്താരകളില്‍നിന്നും വാത്സല്യാതിരേകത്താല്‍ ഈ മകളെ വിലോപിച്ചെടുത്ത്‌ സനാത ന ധര്‍മ്മത്തില്‍ സ്വച്‌ച്ഛമായ ഒരു പാതയിലേക്ക്‌ വിളക്കുകാട്ടി നയിച്ചു, പാശ്ചാത്യസംസ്കാര ത്തിന്റെതന്നെ പൊന്‍മകളായ അമ്മ. ആ അമ്മയുടെ തിരോഭാവത്തിന്നു ശേഷം എന്തുകൊണ്ടോ തന്റെ ജീവിതം അര്‍ത്ഥം നഷ്ടപ്പെട്ട്‌, വിരസതയിലേക്ക്‌ കാല്‍തെറ്റിവീണു. ആശയറ്റ്‌ ഇരുണ്ടുകിടന്ന ആ വലിയ ഗര്‍ത്തത്തിന്റെ ആഴം നികത്തി, തന്നെ പൊതിഞ്ഞ നാസ്തികത്വത്തിന്റെ ചിതല്‍പുറ്റ്‌ തട്ടിമാറ്റി, വിടര്‍ത്തിപ്പിടിച്ച അര്‍ത്ഥഗര്‍ഭങ്ങളായ തത്വജ്ഞാന പുസ്തകങ്ങളിലെ അക്ഷരമാലകളി ലൂടെ, പിച്ചവെക്കുന്ന ഒരു കുട്ടിയെയെന്നപോലെ, അപങ്കിലമായ കൈകോര്‍ത്ത്‌ പിടിച്ചുകൊണ്ട്‌ തന്നെ നയിച്ചു, ഒരു യുവാവ്‌. ധര്‍മ്മ ക്ഷേത്രത്തില്‍ ഭൂജാതനായ, തന്റെ സര്‍വകലാശാലാദ്ധ്യാപകന്‍ എന്ന നിലയില്‍ സുപരിചിതനായ ഈ യുവാവിന്റെ ഉള്ളില്‍ കുറേ അറിവിനും കുറച്ച്‌ സ്നേഹത്തിനും വേണ്ടിമാത്രം തപ്പിയെങ്കിലും, കണ്ടെത്തിയത്‌ ഒരു വിജ്ഞാനഭണ്ഡാഗാരത്തെ യായിരുന്നു!

സര്‍വ്വകലാശാലയിലെ വൈജ്ഞാനിക ശാഖയില്‍ തിയോളജി പ്രൊഫസറായി ഫിനോമിനോളജിയും, സ്ട്രക്ചറലിസവും പഠിപ്പിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ വിശ്വംഭരന്‍ എന്ന ഭാരതീയന്‍.

ലൈകികപ്രേമത്തിന്റെ അഭിനിവേശം ഒട്ടും ഉണ്ടായില്ല. കാമാതിരേകത്തിന്റെ കണികപോലും ഇല്ലാതിരുന്ന അക്ഷരസ്നേഹിയായ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതാന്വേഷണം മാത്രം. ഡോക്ടര്‍ബിരുദത്തിനുവേണ്ടി ഒടുക്കം താന്‍ തന്റെ കലാശാലാപദവിപ്രബന്ധമായ 'ദി മീനിംഗ്‌ ഓഫ്‌ ലൈഫ്‌' സമര്‍പ്പിക്കേണ്ടിവന്നതും അയാള്‍ക്കുതന്നെയായിരുന്നു.

മോഹങ്ങളില്‍നിന്നും, സ്വപ്നങ്ങളില്‍നിന്നും നിസ്തുലസൌന്ദര്യവും അഖണ്ഡമായ യാഥാര്‍ത്ഥ്യവും വേറിട്ടെടുത്ത്‌ അതിന്റെ നിഗൂഢതയിലേക്ക്‌ പ്രസരണദീപം വീശി, ബോധദീപ്തമാക്കി തന്നെ വശീകരിച്ച ഒരു ഗുരുവായും വിശ്വത്തെ കണ്ടുകിട്ടി. മനുഷ്യത്വത്തിന്റെ പ്രകൃതി എന്തെന്നും അതിനെ വലയംചെയ്യുന്ന പ്രതിഭാസങ്ങള്‍‍ എന്തൊക്കെയാണെന്നും ഒരു തത്ത്വജ്ഞാനിയെപ്പോലെ പറഞ്ഞുതരുന്നു. അപ്പോഴൊക്കെ സമര്‍ത്ഥനത്തിനുള്ള അംഗീകാരം സ്നേഹമസൃണമായ ഒരു ചുംബനത്തില്‍ പൊതിഞ്ഞ്‌ വിറപൂണ്ട കൈവള്ളകള്‍ കവിളത്തെ വെടിപ്പാര്‍ന്ന കറുത്ത താടിരോമങ്ങളില്‍ ചേര്‍ത്തുകൊണ്ട്‌ അയാളുടെ നെറ്റിയില്‍ താന്‍ സമര്‍പ്പിക്കുന്നു.

പാശ്ചാത്യസംസ്കാരത്തെയും പൌരസ്ത്യ സംസ്കാരത്തെയും വ്യവച്ഛേദിച്ചു അറിവിന്റെ സൂക്ഷ്മദര്‍ശിനിയിലൂടെ വിശകലനംചെയ്ത്‌ അസ്തിത്വത്തിന്റെ അളവുകോലുമായി വിലാപയാത്ര തുടരുന്ന ഒരു ബുദ്ധിജീവിയെപ്പോലെ തന്റെ ചഞ്ചല ഹൃദയത്തിന്നുമുമ്പില്‍ കയ്യിലിരുന്നതെ ന്തൊക്കെയോ അഴിച്ചെടുത്ത്‌ അടിയറവെക്കാന്‍ ഒരുങ്ങിനിന്നുകൊണ്ട്‌ വിശ്വന്‍ നെടുവീര്‍പ്പിടുമാ യിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ലയിച്ച്‌ പരിസരബോധം മറന്ന്‌, ഓക്ക്മരത്തിന്റെ തണല്‍ നീണ്ടുനീണ്ട്‌ ഒടുക്കം അപ്രത്യക്ഷമായിക്കഴിയുമ്പോഴാവും വീടണയാന്‍ സമയം വൈകീ എന്ന്‌ താന്‍ കണ്ടെത്തുക.

തന്റെ മാതൃഭാഷയായ ഫ്രഞ്ചില്‍ 'അഡ്യൂ' (ഗുഡ്ബൈ) പറഞ്ഞ്‌ പിരിയുമ്പോള്‍, തിരിച്ച്‌ വിശ്വം അയാളുടെ കൈപ്പടമുയര്‍ത്തി, കറുത്ത താടിപ്പടര്‍പ്പില്‍നിന്നും വിടരുന്ന വെളുത്ത പുഞ്ചിരി വീണ്ടും സമ്മാനിച്ചുകൊണ്ട്‌ ഹൃദ്യതയോടെ പറയുന്നു:

"ധന്യവാദ്‌!"

അങ്ങിനെ ഒരുരാത്രി 'അഡ്യൂ' പറഞ്ഞ്‌ പിരിയുവാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ്‌ അടുത്തേതോ ഒരു 'പബ്ബി'ല്‍നിന്നും കുടിച്ച്‌ ലക്ക്‌ തെറ്റി പാര്‍ക്കിന്റെ കുറുകെ ആടിക്കുഴഞ്ഞ്‌ നടക്കുകയായിരുന്ന ഒരു വ്യക്തി ഇടയിലേക്ക്‌ കയറിവന്നത്‌. കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്തനിലയില്‍ ശിഥിലമായ തന്റെ ജീവിതം അങ്ങാടിയിലെ പൊതുമദ്ധ്യശാലയില്‍ നിന്നും കണ്ടെടുക്കാന്‍ വിഫലശ്രമം നടത്തി, ഇരമ്പുന്ന നഗരവീഥിയിലൂടെ കണ്ടവരോടൊക്കെ പുലമ്പിക്കൊണ്ട്‌, തനിക്കുതന്നെ തിരിച്ചറിയാനാവാത്ത സ്വന്തം ശരീരവും പേറി പാര്‍ക്കിലെത്തിയ ആ മനുഷ്യനെ കണ്ടപ്പോള്‍ ഒരു ഹിപ്പിയുടെ ആകാരസാദൃശ്യം ഉണ്ടെന്ന്‌ തോന്നി. കുഴയുന്ന കൈ നീലാകാശത്ത്‌ ചൂണ്ടിക്കൊണ്ട്‌, അതിനേക്കാള്‍ കുഴഞ്ഞ നാക്ക്‌ നീട്ടി, അയാള്‍ക്കും പ്രൊഫസര്‍ വിശ്വംഭരനോട്‌ ചോദിക്കാന്‍ ഒരു ചോദ്യമുണ്ടായി:

"ഹാ...യ്‌! ഡു...യൂ ന്വ്‌., വേര്‍ര്‍... വേര്‍ര്‍ ദ്‌ സണ്ണീ...സ്‌ ഗോ...എല്‍?" ചോദിച്ച ഭാഷ അവ്യക്തമായിരുന്നുവെങ്കിലും ചോദ്യം സ്പഷ്ടമായിരുന്നു. തിരക്കുന്നത്‌ സൂര്യബിം ബത്തെയാണ്‌. ആവശ്യമില്ലെന്നറിഞ്ഞിട്ടും അയാളോടും വിശ്വന്‌ ഉത്തരമുണ്ടായിരുന്നു.

"നോ, മേയ്റ്റ്‌, നോബഡീ നോവ്സ്‌‌."

സിദ്ധാന്തപരമായി, വിശ്വന്റെ ഭാഷയില്‍:

"കേവലം അജ്ഞാതം!"

ഉത്തരം കേട്ടിട്ടാവാനിടയില്ല, കുഴഞ്ഞ നാക്കും തളര്‍ന്ന കയ്യും ഉയര്‍ത്തിക്കൊണ്ട്‌ ചില ലാറ്റിന്‍ പദങ്ങള്‍ ഉപയോഗിച്ച്‌ തുടര്‍ന്നയാള്‍ ഉദ്ഘോഷിക്കുകയുണ്ടായി:

"വേനി.... (ഞാന്‍ വന്നു), വീഡീ... (ഞാന്‍ കണ്ടൂ), വീസീ... (ഞാന്‍ വെന്നു)"

ഒട്ടും അഹമ്മതിയില്ലാതെയുള്ള ആ കുടിയന്റെ പ്രഖ്യാപനം കേട്ടപ്പോള്‍ വിശ്വം ലാറ്റിന്‍ പദങ്ങള്‍ ഉപയോഗിച്ചുതന്നെ തന്നോട്‌ ഉദ്ബോധിപ്പിച്ചു:

"വോക്സ്‌ ഇറ്റെ പ്രേക്റ്റേറീ നിഹില്‍. (എ വോയ്സ്‌ ആന്‍ഡ്‌ നത്തിംഗ്‌ മോര്‍)"

ഇന്ന്‌ ഈ രാത്രിയില്‍ മാത്രം താന്‍ ആരെയോ, അല്ലെങ്കില്‍ തന്നെത്തന്നെ, കീഴടക്കി എന്ന അയാളുടെ തോന്നല്‍ വകവെക്കാനൊന്നുമില്ല. നാളെയാകുമ്പോള്‍മാത്രം അയാളില്‍ വന്നെത്താനിരിക്കുന്ന ജീവിതാനുഭവം പ്രഭാതത്തോടെ പൊട്ടിവിരിയാന്‍ ഒരുങ്ങിനില്‍ക്കുമ്പോഴേക്കും അയാള്‍ ഇവിടെ യെങ്ങാനും ഒരു കോണ്‍ക്രീറ്റ്‌ ബെഞ്ചിലോ മറ്റോ കമിഴ്ന്ന്‌വീണ്‌ ഉറങ്ങിക്കിടക്കുകയാവും; അയാള്‍ 'വെന്നു' എന്നവകാശപ്പെട്ടതായ 'വെറും ഇരുട്ടി' ന്റെ ശൂന്യതയില്‍, പൊങ്ങിയും താണും...!"

ബലിന്‍ഡാ, ജര്‍മ്മന്‍ ഫിലോസഫറും കവിയുമായിരുന്ന ഗേയ്ഥേ പറഞ്ഞതെന്തെന്നറി യാമോ?

"വീയാര്‍ ബോണ്‍ സീയിംഗ്‌, ബട്ട്‌ വീയാര്‍ റിക്ക്വയേര്‍ഡ്‌ റ്റു ലുക്ക്‌."

എത്ര അര്‍ത്ഥഗര്‍ഭം: 'നാം കാണാന്‍ ജനിച്ചു. പക്ഷെ നാം നോക്കേണ്ടിയിരിക്കുന്നു.'

യോജിക്കാതെ നിവൃത്തിയുണ്ടോ? വിശ്വം തന്റേതായ അവലോകനം കൂടി കൂട്ടിച്ചേര്‍ത്തു:

"പര്‍ട്ടിക്കുലേര്‍ലി സൊ, റ്റു ഫൈന്‍ഡ്‌ ദി ക്വീന്റസ്സെന്‍സ്‌ ഓഫ്‌ ലൈഫ്‌...."

വിശേഷിച്ചും ജീവിതത്തിന്റെ സാരം കണ്ടെത്താന്‍. ‍

ആ സാരം ഇനിയും കണ്ടെത്താന്‍ കഴിയാതെ...

ഒരു മാറാരോഗത്തിന്നുള്ള ചികിത്സയ്ക്കായി ആശുപത്രിയിലെ ഐസെലേഷന്‍ വാര്‍ഡില്‍, വാടിവീണ ചീരച്ചപ്പ്‌ കണക്കെ, ഛര്‍ദിക്കാന്‍‍ തോന്നുമാറുള്ള മനമ്പുരട്ടലോടെ കുഴഞ്ഞു കൂടി ഒരുവശത്ത്‌ ചരിഞ്ഞ്‌ കിടക്കവെ, ചുറ്റുവട്ടത്തുയര്‍ന്നുകൊണ്ടിരുന്ന ഏതാനും ഹതഭാഗ്യരുടെ ദീനരോദനങ്ങള്‍ ശ്രവിച്ചു.

അടഞ്ഞുകിടക്കുന്ന ജനവാതിലിന്റെ കണ്ണാടിച്ചില്ലില്‍ ചുകന്ന രക്തം തെറിപ്പിച്ച്‌ രക്തസ്രാവത്തി നുള്ള ചികിത്സ കിട്ടാതെ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന അസ്തമനസൂര്യന്റെ ചിത്രം മനസ്സില്‍ വരച്ചിട്ടു. വെറും നിമിഷങ്ങള്‍ക്കുള്ളില്‍ മൃതിപ്പെട്ടു വീഴാനിരിക്കുന്ന സൂര്യന്‍...

കുടിയനായ മനുഷ്യന്‍ ഹയ്ഡ്പാര്‍ക്കിലെ രാത്രിയുടെ ഇരുട്ടില്‍ തേടിനടന്ന സൂര്യന്‍...

തന്റെ മനസ്സിന്റെ ചക്രവാളത്തിലും, ഉദിക്കുകയല്ലാതെ ഒരിക്കലും അസ്തമിക്കാനിടയില്ലാത്ത, മറ്റൊരു സൂര്യന്‍! ആ സൂര്യനൂവേണ്ടി, കണ്ണിലെണ്ണയൊഴിച്ചു കൊണ്ട്‌ അനവരതം തുറന്നും അടഞ്ഞും കൊണ്ടിരിക്കുന്ന ക്രിറ്റിക്കല്‍ കെയര്‍ വാര്‍ഡിലെ വാതില്‍പ്പാളികളിലൂടെ പ്രത്യക്ഷമാകാ തിരിക്കില്ലെന്ന നിഗമനത്തോടെ, കാത്തിരുന്നു...

വിഷാദം സ്ഫുരിക്കുന്ന മുഖമുള്ള, പിംഗലവര്‍ണ്ണനായ വിശ്വത്തെ കാത്ത്‌.

മിഥ്യയെ യഥാര്‍ത്ഥമാക്കി കാട്ടിത്തരാന്‍ യത്നിച്ച ഗുരുവും മിത്രവുമായ വിശ്വത്തെ കാത്ത്‌...

ആദ്ധ്യാത്മികത്വത്തിന്റെ ദാഹജലത്തിന്നായി ഇതാ ഈ ഭിക്ഷുകി വിറയാര്‍ന്ന കൈകളും പിടയുന്ന ഹൃത്തുമായി ക്ഷമയറ്റ്‌ കാത്തിരിക്കുകയാണ്‌. തന്റെ കണ്ണിലെ നീര്‍ത്തുള്ളികള്‍ അകാരണമായി തുളുമ്പുമ്പോള്‍ ഒരേയൊരാഭരണമായി കഴുത്തില്‍ ശേഷിപ്പുള്ള രുദ്രാക്ഷമാലയിലെ കറുത്ത ജപമണികളില്‍ ഹതാശ ഇഴുകിയ ഓര്‍മ്മകളുടെ ഈര്‍പ്പം ചേര്‍ക്കുന്നു...

ഒരു വരദാനം പോലെ വിശ്വം തനിക്കു നല്‍കിയ ജപമാല!

ജീവന്‍ ചോര്‍ന്നുകൊണ്ടിരിക്കുന്ന വിരല്‍ത്തുമ്പുകളാല്‍ സംരക്ഷണപ്രതീകമായി കഴുത്തില്‍ തൂങ്ങി നില്‍ക്കുന്ന കറുത്ത മാലയില്‍ അള്ളിപ്പിടിച്ചുകൊണ്ട്‌, ശേഷിച്ച ഏതാനും മാസങ്ങളുടെ 'ടിക്‌ ടിക്‌' ശബ്ദത്തില്‍ കാതോര്‍ക്കുന്നു.

സാക്ഷാല്‍ അദ്ധ്യാത്മവിദ്യാലയത്തിന്റെ പടിക്കല്‍, കഴുത്തില്‍ കുടുക്കുമായി, ഇനിയും ഇറങ്ങിച്ചെല്ലേണ്ടുന്ന ചവിട്ടുപടികള്‍ എത്രയെന്നറിയാതെ, നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന

തനിക്ക്‌ അതുവരെയൊന്ന്‌ ചാഞ്ഞുറങ്ങാന്‍, ഒരു മാറിടം തേടി...

ഒരു സാന്ത്വനം തേടി...

ജീവന്‍ തൂങ്ങിക്കിടക്കുന്ന നൂല്‍ച്ചരടിന്റെ ബലം കൂട്ടാന്‍, തന്നില്‍ ഉറഞ്ഞുനില്‍പ്പുള്ള വിഷാണുക്കളെ വിഷം കയറ്റിക്കൊല്ലാനുദകുന്ന രാസദ്രവ്യങ്ങളുടെ മിശ്രം സിരകളില്‍ കുത്തിക്കയറ്റുമ്പോഴൊക്കെ ലജ്ജയിലലിഞ്ഞ വിഷാദത്തിന്റെ വരണ്ട ബാഷ്പകണങ്ങല്‍ വീണ്ടും വീണ്ടുമായി തന്നിലേക്കു തന്നെ ഊറിക്കൂടുന്നത്‌ താന്‍മാത്രമറിയുന്നു.

ദിനംതോറും മുടങ്ങാതെ സന്ദര്‍ശിക്കാറുള്ള സഹോദരീ സഹോദരന്‍മാരുടെയും സുഹൃത്തുക്കളുടെ യും മുമ്പില്‍, വിടരുംമുമ്പെ വാടിക്കരിഞ്ഞുപോകുന്ന പുഞ്ചിരിയുടെ പൂക്കള്‍ ഉതിര്‍ക്കാന്‍ താന്‍ ശ്രമിക്കുമ്പോള്‍, അവരിലുളവാകുന്ന ആര്‍ദ്രതയും, നൈരാശ്യവും ഉയര്‍ത്തുന്ന വികാരങ്ങളാല്‍ ഘനീഭവിച്ച മൌനമായ ദുഃഖസന്ദേശങ്ങള്‍ വായിക്കുവാന്‍ കണ്ണുകള്‍ക്ക്‌ ശക്തി നഷ്ടപ്പെടുന്നു.

'കാണാന്‍ ജനിച്ച താന്‍ കണ്ണുതുറന്നു നോക്കേണ്ടിയിരിക്കുന്ന', ആവരണമില്ലാത്ത ഏതാനും വാത്സല്യത്തിന്റെ മുഖങ്ങള്‍...

ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, ഇതേ ആശുപത്രിയുടെ പ്രസവവാര്‍ഡില്‍നിന്നുമിറങ്ങി ദ്വാരപഥം കടന്ന്‌, പ്രപഞ്ചത്തിന്റെ തേജസ്സ്‌ ആവാഹിച്ചെടുത്ത്‌ അത്‌ മുഴുക്കെ തന്റെ നെറ്റിയില്‍ പതിപ്പിച്ച ഒരു ചുടുചുംബനത്തില്‍ ഒതുക്കിക്കൊണ്ട്‌ പെറ്റമ്മ ഈ കുഞ്ഞിനോട്‌ മൌന മായി മന്ത്രിച്ചത്‌ താനന്ന്‌ ഇങ്ങിനെ കേട്ടു കാണും:

"ബലിന്‍ഡാ, മൈ ഡാര്‍ലിംഗ്‌, യോണ്‍ഡര്‍ യുവര്‍ വേള്‍ഡ്‌...!"

ബലിന്‍ഡാ, എന്റോമനേ, അതാ അവിടെ, നിന്റെ വിശ്വം...!

ചുട്ടുപഴുത്ത കദനത്തിന്റെ തീക്കനലുകള്‍ ഉള്ളില്‍ അടിച്ചമര്‍ത്തിക്കൊണ്ട്‌, ഇതുവരെ ഒതുക്കി നിറുത്തിയിരുന്ന വിലാപത്തിന്റെ തേങ്ങലുകളിലൂടെ ബലിന്‍ഡ ആ അമ്മയോടിപ്പോള്‍ ഉറക്കെയുറക്കെ ചോദിക്കുകയാണ്‌:

"എവിടെ? എവിടെ, എന്റെ വിശ്വം?"

പാശ്ചാത്യസംസ്കാരത്തിന്റെ ഒരു വളര്‍ത്തുപുത്രി ആത്മവേദനയുടെ നിശ്ശബ്ദ സന്ദേശവും പേറി, ഹൃദയത്തില്‍ അതുവരെ അടുക്കിവെച്ച വിജ്ഞാനകോശത്തിന്റെ താളുകളില്‍നിന്ന്‌ പറിച്ചെടുത്ത്‌, പ്രപഞ്ചത്തിന്റെ സത്യമെന്നുല്‍ഘോഷിക്കപ്പെടുന്ന മിഥ്യയായ ഗുഹാന്തരങ്ങളിലേക്ക്‌ വലിച്ചെറിഞ്ഞ ആ ചോദ്യം കല്‍ഭിത്തികളെ ഭേദിച്ച്‌ ആശുപത്രിയുടെ പ്രേതശാലയില്‍ ചെന്ന്‌ അലയടിച്ചുയര്‍ന്നു...

മാനവരാശിയുടെ ജീവല്‍സത്ത വേദഗ്രന്ഥങ്ങളിലും, പാഠപുസ്തകത്തിലും മാത്രം നിറച്ച്‌ അവയെ തോളത്തിറുക്കി ആത്മശാന്തി തേടി തീര്‍ത്ഥയാത്ര നടത്തുന്ന പൌരസ്‌തിയനായ ഒരു ഗുരുവിന്റെ കര്‍ണ്ണപുടങ്ങളില്‍ ആ ദയനീയ വിലാപത്തിന്റെ അലകള്‍ ചെന്നടിച്ച്‌ പ്രകമ്പനം കൊള്ളട്ടെ....2 comments:

jazmikkutty said...

nalloru story..........

V P Gangadharan, Sydney said...

Thank you, Jazmikkutty.
International Malayali (August 2007)

2 comments:

  1. ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി. ( നമ്മില്‍ ഈ ഇമ്മ്യൂണിറ്റിയൊക്കെ ഫിറ്റ് ചെയ്ത് അയച്ച ദൈവത്തിന് എത്ര നന്ദി പറയേണം അല്ലേ? )

    ReplyDelete
  2. അജിത്‌ ഭായ്‌,
    തീര്‍ച്ചയായും അതെ! 'അതെ' എന്ന പദം, പക്ഷെ, പലപ്പോഴും ഇളകി ആടാറുണ്ടെന്നതും സത്യം. നന്ദി.

    ReplyDelete