Sunday, December 5, 2010

ഹരിലീല
പുറത്തു കെട്ടിനിന്ന മഞ്ഞുപുക അവള്‍ തള്ളിത്തുറന്ന ജനാലയിലൂടെ അകത്തേക്കു കടന്നു. ഉണരാതെ കൂമ്പിനിന്ന അവളുടെ കണ്‍പോളകളില്‍ ഇളകി തൂങ്ങിക്കിടപ്പുള്ള കിനാവിന്റെ കിന്നരികളില്‍ തുഷാരബിന്ദുക്കള്‍ കുടഞ്ഞിട്ടുകൊണ്ട്‌ ഒപ്പം ഓടിയെത്തി, ഒരു കുളിര്‍കാറ്റ്‌. സുഷുപ്‌തിയുടെ ശേഷിച്ച തരികള്‍കൂടി പെറുക്കിയെടുത്തുകൊണ്ട്‌ സിമന്റ്‌തറയില്‍ വിരിച്ച പതിഞ്ഞ കിടക്കയില്‍ ചരിഞ്ഞ്‌ പതിയെ കൂര്‍ക്കംവലിച്ച്‌ കിടക്കുകയായിരുന്ന മെല്ലിച്ച പുരുഷനെ അവള്‍ പതുക്കെ കുലുക്കിയുണര്‍ത്തി. പെട്ടെന്ന്‌ അയാള്‍ ഉണര്‍ന്നെങ്കിലും ഉണര്‍ന്നുതന്നെ കിടപ്പുണ്ടായിരുന്ന അയാളിലെ സ്വപ്നങ്ങളുടെ കണ്ണുകള്‍ അതോടെ കൂമ്പിപ്പോയി. മഞ്ഞുപാളികള്‍ അണിഞ്ഞ ഊഴിയുടെ മുഖാ‍വരണം വലിച്ചുകീറാന്‍ അകലത്തെങ്ങോനിന്ന്‌ ദിവാകരന്‍ കൈ നീട്ടുന്നു.

മുഖം പാതി മറച്ചുകൊണ്ട്‌ എന്നും അണിയാറുള്ള സില്‍ക്ക്‌തട്ടം മാറ്റിവെച്ചിട്ട്‌ നാളുകളേറെ കഴിഞ്ഞിട്ടും ഓര്‍ക്കാതെ വീണ്ടും അവള്‍ തലമുകളിലൂടെ കൈയ്യോടിച്ചുപോകുന്നു. ഹരിലാലി ന്റെ ജീവിതത്തിലേക്ക്‌ കയറിച്ചെന്നപ്പോള്‍ ഇനി വേണ്ടെന്നുവെച്ചു സ്വയം വലിച്ചെറിഞ്ഞ കസവുതട്ടം. അതിന്റെ നേര്‍ത്ത ഇഴകള്‍ ഇനിയും തന്റെ മുഖത്തു പിണഞ്ഞു കിടപ്പുള്ളതായി അകലെ തെളിഞ്ഞുനില്‍ക്കുന്ന പച്ചച്ചായം തേച്ച പള്ളിച്ചുമരുകളില്‍ കണ്ണുടക്കുമ്പോഴൊക്കെ അവള്‍ക്കു തോന്നാറുണ്ട്‌.

പള്ളിപ്പറമ്പത്തെ ജമായത്ത്‌ പള്ളിക്കൂടത്തില്‍ അറബി ഭാഷ പഠിപ്പിച്ചുകൊണ്ടാണ്‌ മിയാഫത്‌ ദാവൂദ്‌ സാബ്‌, അകാലത്ത്‌ മയ്യത്തായ തന്റെ ബീബി ഫാത്തീമയുടെ അഭാവത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ ജമീലയെ പോറ്റിയിരുന്നത്‌. അവള്‍ ഇപ്പോള്‍ പൊറുക്കുന്നത്‌ ഹരിലാലി ന്റെ കൂടെയാണ്‌. ദാദാഭായ്‌ യുടെ ഒരുനിലക്കെട്ടിടത്തിലെ പന്ത്രണ്ടാംനമ്പര്‍ പാര്‍പ്പുമുറിയില്‍. തലയില്‍ തട്ടമിടാത്ത 'ലീല'പ്പെണ്ണ്‌.

വെള്ളമെടുക്കാനും, ചെമ്പകമരം പൂത്തു വിടര്‍ന്നു പൂക്കള്‍ കാറ്റത്തു കൊഴിയുമ്പോള്‍ അവ പെറുക്കാനും എത്തുന്ന ജമീലയെ ഹരിലാല്‍ തന്റെ മുറിയിലെ ജനലഴികളിലൂടെ ആര്‍ത്തിയോടെ നോക്കി നില്‍ക്കുമായിരുന്നു. നിലാവെളിച്ചത്തെ തുരന്നും ആ ദൃഷ്ടിപാതം ജമീലയുടെ ഖല്‍ബിന്റെ കങ്കണത്തറയില്‍ കനകദ്വിതി കൊളുത്താറുണ്ട്‌. ഇഷ്ടകാമുകന്റെ കടക്കണ്‍നോട്ടം ഖല്‍ബില്‍ കൊളുത്തിട്ടു വലിക്കുമ്പോള്‍ അവളുടെ പാദസരങ്ങള്‍ പുളകം കൊണ്ടു ചിലമ്പും. ആഹ്‌ളാദം പൂണ്ട്‌ കുപ്പിവളകള്‍ കിലുങ്ങും. കിലുക്കമുയര്‍ത്തുന്ന അഭിമന്ത്രണം, ഹരിലാലിന്റെ പ്രണയ ലഹരി ഉണര്‍ത്തും ഒരു കിത്താബ്‌ തോളത്തിറുക്കി നടക്കുന്ന ഹരിലാലിന്റെ നടപ്പാത നീളുന്നത്‌ എവിടേക്കാണെന്ന്‌ നന്നായറിഞ്ഞവളാണ്‌ ജമീല. ആ നടവഴിക്കു കുറുകെ ചുകന്ന മണല്‍ത്തരികളില്‍, മൈലാഞ്ചി മുക്കിയ നഖം കൊണ്ട്‌ അവള്‍ എഴുതി: "യേ മേരി പ്യാര്‍ കേ നഗ്മാ ഹയ്‌..." [ഇതെന്റെ പ്രേമഗീതമാണ്‌...]

- ഒരിക്കലും മുഴുമിക്കാനാവാതെ മനസ്സില്‍ തളംകെട്ടിക്കിടന്ന പ്രേമകവിതകളുടെ തുടക്കം. ഹരിലാലിന്റെ ജീവിതത്തില്‍ ഓരോ കാല്‍വെപ്പിലും തൊട്ടുചേര്‍ന്ന്‌ കൂടെ ചരിക്കണമെന്ന മോഹത്തില്‍ ഹൃദയഭാഷയില്‍ എഴുതപ്പെട്ട ലളിത കാവ്യം. ചെമ്പകമരത്തണലില്‍ വിടര്‍ന്ന പൂവുകള്‍ കാറ്റത്ത്‌ ഞെട്ടറ്റ്‌ ഉതിരുമ്പോള്‍, ഒരിതള്‍പോലും വേര്‍പെടുത്താതെ പെറുക്കിയെടുക്കാ നെത്തുന്ന ജമീലയുടെ നെറ്റിയിലും കവിളിലും സന്ധ്യയുടെ കുങ്കുമഛവി പതിയുമ്പോള്‍ ഹരിലാലി ന്റെ നെഞ്ചില്‍ മറ്റേതോ വര്‍ണ്ണപ്പൂക്കള്‍ പൊട്ടി വിരിയുന്നു. ആ വര്‍ണ്ണപ്പൂക്കള്‍ പിച്ചിച്ചീന്തി യെടുത്ത ഇതളുകള്‍, ആമ്പല്‍പ്പൂവിറുക്കാന്‍ പഠാണ്‍വാടിക്കടുത്തുള്ള കുളക്കരയില്‍ തനിച്ച്‌ എത്തുന്ന ജമീലയുടെ കസവുതട്ടം വലിച്ചു മാറ്റി, കവിളത്തു കുടഞ്ഞിടുന്നു. ഹര്‍ഷോന്‍മാദത്താല്‍ പൊട്ടിച്ചിരിച്ച്‌, തിരിഞ്ഞു നോക്കിക്കൊണ്ട്‌ അവള്‍ ഓടിയകലുന്നത്‌ ഇഷ്ടക്കൂടുതല്‍കൊണ്ടു തന്നെയായിരുന്നു...

ദിവ്യ മതസ്‌തോത്രങ്ങളുടെ അഭിലഷണീയത ദൃഢമായ സ്നേഹബന്ധത്തില്‍ കണ്ടെത്തിയ പിതാവ്‌ മകളുടെ കൈപിടിച്ചു അനാഥനായി വളര്‍ന്നുവലുതായ ഏകനായ ഇഷ്ടതോഴന്റെ കരവലയത്തില്‍ ഏല്‍പിച്ച്‌, ഒടുക്കം മനസ്സംതൃപ്‌തിയോടെ കണ്ണടച്ചു. തേടിയെത്തിയ ജമീലയുടെ മൂര്‍ദ്ധാവില്‍ ആനന്ദാശ്രുക്കള്‍ വീഴ്ത്തി അഭിഷേകിച്ചുകൊണ്ട്‌ ഹരിലാല്‍ ജമീലയെ 'ലീല' എന്ന പേര്‌ നല്‍കി, സ്വീകരിച്ചു. അവള്‍ അതീവ സംതൃപ്‌തി കണ്ടെത്തുകയും ചെയ്‌തു.. . .

പതിവുപോലെ ഹരി അന്ന്‌ മലാഡ്‌ റെയ്ല്‍വെയ്‌ സ്റ്റെയ്ഷനില്‍ രണ്ടാം നമ്പര്‍ പ്‌ളാറ്റ്ഫോംല്‍ എത്തിയപ്പോഴേക്കും ദാദര്‍ലേക്കുള്ള വണ്ടി എത്തിക്കഴിഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ വണ്ടിയില്‍ ഒരു എട്ടിഞ്ച്‌ സ്ഥലം പിതുക്കിയെടുക്കാന്‍വേണ്ടി തിരക്കിട്ടു ഓടാന്‍ തുടങ്ങിയപ്പോള്‍ തിരക്കി നിടയിലും കേട്ടു: "പാളീഷ്‌ സാബ്‌, ചമാ ചമക്‌ പാളീഷ്‌..." നിരന്നിരുന്ന്‌ ഷൂ പോളീഷ്‌ ചെയ്യുന്നവരില്‍ ഒരു പയ്യന്‍ അവന്റെ അന്നത്തെ ക്ഷാമം നികത്താനുള്ള വഴി തേടിക്കൊണ്ട്‌ പതിവുസഞ്ചാരികളെ വിളിക്കുകയാണ്‌. കാലില്‍ ചെരിപ്പിട്ട അയാള്‍ക്ക്‌ തന്റെ ബിസിനസ്സില്‍ പങ്കില്ലെന്നുകണ്ട്‌ പയ്യന്‍ ഗൌനിച്ചേയില്ല. കാത്തു നില്‍ക്കാന്‍ കൂട്ടാക്കാതെ ജനാരവത്തെ തള്ളി നീക്കി, ഓടാനായി ഇളകിത്തുടങ്ങിയ വണ്ടിയുടെ ചവിട്ടുപടിയില്‍ വെപ്പ്രാളത്തോടെ കാലുകുത്തി യപ്പോള്‍ അയാള്‍ക്കു പിടിച്ചുനില്‍ക്കാന്‍ ഉള്ളിലെ ആള്‍ക്കൂട്ടത്തില്‍നിന്നും പെട്ടെന്നൊരാള്‍ കൈ നീട്ടി.

"ശുക്രിയാ!" പറഞ്ഞ്‌, നീണ്ടുവന്ന ഔദാര്യത്തിന്റെ തുറന്ന കൈപ്പത്തിയില്‍ മുറുകെ പിടിച്ചപ്പോള്‍, 'തന്റെ ജീവന്‍ എന്റെ കൈയ്യിലാണിപ്പോള്‍' എന്ന ഭാവത്തോടെ ഉദാരനായ ആ ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു: "സംഭാല്‍ കരോ ഭായ്‌!" [സഹോദരാ, സൂക്ഷിച്ചോളൂ!]

കമ്പിത്തൂണുകളും നഗരപ്പ്രാന്തങ്ങളിലെ ഇരമ്പുന്ന തെരുവുകളും നെട്ടോട്ടമോടുന്ന വാഹനങ്ങളും പിന്നിട്ടുകൊണ്ട്‌ വണ്ടി യാത്രികര്‍ക്കിടയില്‍നിന്നും ഉയര്‍ന്നുവരുന്നൊരു ഗാനശകലത്തിന്ന്‌ താളംപിടിച്ചുകൊണ്ടെന്നപോലെ ഒച്ചവെച്ച്‌ ഓടി.

- "യേ ദുനിയാ, യേ മഹ്ഫില്‍ മേരേ കാം കാ നഹീ..." കാല്‍പ്പടം ഒതുക്കി നിര്‍ത്താനുള്ള ഒരു എട്ടിഞ്ചിനുവേണ്ടി കിട്ടിയതെന്തിലും അള്ളിപ്പിടിച്ചു തൂങ്ങി നില്‍ക്കുന്ന യാത്രക്കാര്‍ക്കിടയില്‍ വയറ്റത്തടിച്ചുകൊണ്ട്‌ ഒരു പിച്ചക്കാരന്‍ ചെറുക്കന്‍ റാഫി പാടിയ ആ പഴയ പാട്ട്‌ ലോകരെ മുഴുവന്‍ തന്റെ നെഞ്ച്പിളര്‍ത്തി പാടിക്കേള്‍പ്പിക്കുകയാണ്‌.

- ഈ ലോകം, ഈ സമ്മേളനം; ഒന്നും എനിക്ക്‌ ഉപയുക്‌തമല്ല... മറിച്ച്‌, ഈ ലോകത്തിന്‌ തന്നെക്കൊണ്ടും ഒരുപയോഗവുമില്ലെന്ന വസ്‌തുത പാടിക്കേള്‍പ്പിക്കാന്‍ ആ ഭിഖാ‍രി പയ്യന്ന്‌ വാക്കുകളില്ലാതെപോയെങ്കിലും അവന്റെ സന്ദേശം പരിസരത്ത്‌ ശ്വാസവായുവില്‍ ലയിച്ചും ലയിക്കാതെയും തങ്ങിനിന്നു. ആര്‍ക്കും ആരെക്കൊണ്ടും ഒരു ഉപയോഗവുമില്ലിവിടെ എന്ന്‌ തോന്നിപ്പോകും വണ്ടിയിലുള്ള ഓരോരുത്തരുടേയും മുഖഭാവം കണ്ടാലും.

ആരൊക്കെയോ ദേഹത്തു പുരട്ടിയ പരിമളം വണ്ടിയിലെ അന്തരീക്ഷത്തില്‍ തലയുയര്‍ത്തി നില്‍ക്കെ വേനല്‍ ചൂടിന്റെ വിയര്‍പ്പു ചുരത്തുന്ന ഗന്ധം മൂക്ക്കുത്തി വീഴുന്നു. അകിട്ടില്‍ പാല്‍ നിറഞ്ഞ എരുമയുടെ കഴുത്തില്‍ കയര്‍ കുടുക്കി തൊഴുത്തിലേക്ക്‌ നയിച്ചു കൊണ്ടുപോകുന്ന പാല്‍ക്കാരന്‍ ഭയ്യ പുറത്ത്‌ ജോഗേശ്വരി റെയില്‍വേ ക്രോസിംഗ്‌ ല്‍ മറ്റെല്ലാവരേയും പോലെതന്നെ ക്ഷമയറ്റ്‌ നില്‍ക്കുന്നു. പതുക്കെ നീങ്ങിനീങ്ങി ഒടുവില്‍ നിവര്‍ന്നുനില്‍ക്കാന്‍ ഒരിടം കിട്ടി. അപ്പോഴേക്കും കയ്യിലെന്തോ ഒഴിഞ്ഞുപോയതായി ഹരിലാലിന്നു തോന്നി. റ്റിഫിന്‍ മറന്നു... പൂരിയും ബാജിയും അലൂമിനിയം റ്റിഫിന്‍ പാത്രത്തില്‍ ചൂടോടെ ഒരുക്കിവെച്ച്‌ എന്നത്തേയും പോലെ ഇന്നും അവള്‍ താക്കീതു നല്‍കിയതായിരുന്നു. "ഹരി ഭായ്‌, ഭൂലോമത്‌ ആപ്കാ റ്റിഫിന്‍!" [ഹരിച്ചേട്ടാ, താങ്കളുടെ റ്റിഫിനെടുക്കാന്‍ മറക്കരുതേ!]. . . . .

കഴുകിയെടുത്ത ഉടുപ്പുകള്‍ പുറത്ത്‌ പരത്തിയിട്ടശേഷം അകത്തു വന്നു വാതിലിന്റെ തഴുകിട്ടു, വീണ്ടും അടുക്കളയിലേക്കു കടന്നപ്പോഴാണ്‌ ഹരിഭായ്‌ യുടെ 'റ്റിഫിന്‍' വെച്ചിടത്തു തന്നെ കിടക്കുന്നത്‌ ലീലയുടെ ശ്രദ്ധയില്‍ പെട്ടത്‌. "യേ ദേഖോ, ക്യാ ഹുവാ!"[ഇതു നോക്കൂ, എന്താ പറ്റ്യേന്ന്‌] അവള്‍ അറിയാതെ സ്വയം പറഞ്ഞുപോയി. തനിക്കു വിശപ്പില്ലായിരുന്നിട്ടും റ്റിഫിനിന്റെ അഭാവത്തില്‍ ഹരിലാലിന്‌ ഉണ്ടായേക്കാവുന്ന വിശപ്പോര്‍ത്തു അവളുടെ വയറ്റില്‍ തീ വീണു...

ഹരിലാലിന്‌ വേണ്ടി പുതുതായി തുന്നിയെടുത്ത തലയണയുടെ കോണില്‍ നീല നൂല്‌ കോര്‍ത്തെടുത്തു തുന്നിയ നീലപ്പൂക്കളുടെ മുകളില്‍ തന്റെ എല്ലാമായ ഹരിലാല്‍ എന്ന്‌ സങ്കല്‍പ്പിച്ചു, മഞ്ഞച്ചിറകുകളുള്ള ഒരു പൂമ്പാറ്റയെ തുന്നിച്ചേര്‍ത്തു. കരളിന്റെ ചുടുനിശ്വാസത്തില്‍ മന്ദമായടുപ്പിച്ചുകൊണ്ട്‌ താന്‍ പിടിപ്പിച്ച പൂമ്പാറ്റയുടെ ചിറകുകളില്‍ അവള്‍ ആര്‍ദ്രതയോടെ ചുണ്ടമര്‍ത്തി...

ആരോ കതകിനു മുട്ടുന്ന ശബ്ദം...

വാതിലിന്റെ തഴുക്നീക്കി ആശങ്കയോടെ പതുക്കെ വാതില്‍ തുറന്നപ്പോള്‍, നീട്ടിയ ഒരു കടലാസു തുണ്ടുമായി നില്‍ക്കുന്നു, രണ്ട്‌ പോലീസുകാരിലൊരാള്‍.

"യേ ഹരിലാല്‍ ആപ്‌ കാ...?" [ഈ ഹരിലാല്‍ താങ്കളുടെ...?] അയാളുടെ ചോദ്യം.

"ക്യാ ഹുവാ...?" [എന്തുണ്ടായി...?] ലീലയുടെ ശബ്ദം തൊണ്ടയില്‍ തടഞ്ഞുനിന്നു.

"എലക്ട്രിക്ക്‌ ട്രേന്‍സേ ഗിര്‍കേ...," [ഇലക്ട്രിക്‌ റ്റ്രെയ്നില്‍നിന്നു വീണ്‌...,] എന്നു തുടങ്ങിയെങ്കിലും, "മൌത്‌ ഹോചുകാ ഹയ്‌, ബിചാരാ!" [പാവം! മരണപ്പെട്ടിരിക്കുന്നു.] എന്നു മുഴുമിപ്പിക്കാന്‍ അയാള്‍ തെല്ലിട അറച്ചുനിന്നു. പേറിനിന്ന കദനഭാരം എളുപ്പത്തില്‍ ഇറക്കിവെക്കാന്‍ ആവാത്തതാണെന്ന്‌ തോന്നിക്കുമാറ്‌ മറ്റേ പോലീസുദ്യോഗസ്ഥന്‍ ഒരു മണിപ്പേഴ്സുപേറി നില്‍പുണ്ടായിരുന്നു. ഹരിലാലിന്റെ മണിപ്പേഴ്സില്‍ എന്തുണ്ടാകുമെന്ന്‌ ലീലയല്ലാതെ മറ്റാരറിയാനാണ്‌? യാത്ര എന്നും വണ്ടിയില്‍ തൂങ്ങിപ്പിടിച്ചാണെങ്കിലും അതു മുടങ്ങാതെ തുടരാന്‍വേണ്ടി വാങ്ങിച്ച വണ്ടിച്ചീട്ട്‌ ഇല്ലാതിരിക്കില്ല. ആരുമാരും കാണാതെ ഭദ്രമായി സ്വന്തം ഹൃദയത്തിനുള്ളിലെന്ന പോലെ തിരുകിവെച്ച തന്റെ ഒരു ഫൊട്ടോവും കാണാതിരിക്കില്ല. ലോട്ടസ്‌ സ്റ്റൂഡിയോയില്‍ നിന്നെടുപ്പിച്ച, തട്ടംകൊണ്ട്‌ തലമറയ്ക്കാതെയെടുപ്പിച്ച ആ പഴയ ചിത്രം. പോലീസുദ്യോഗസ്ഥനില്‍നിന്നും മണിപ്പേഴ്സ്‌ ഏറ്റുവാങ്ങി. മരവിച്ച വിരല്‍ത്തുമ്പുകളില്‍നിന്നു പിടിവിട്ടു പേഴ്സും അതിന്റെ അറയില്‍നിന്നു തെറിച്ച്‌, മടക്കുകളുള്ള ഒരു മഞ്ഞക്കടലാസും താഴെക്കിടന്നു.

- ഹരിലാല്‍ ഇന്നുവരെ ഹൃദയത്തില്‍ തിരുകിവെച്ച അവളുടെ പഴയ ഒരു പ്രേമകാവ്യം.

"മേരി ചീര്‍ഫാര്‍ഡ്‌ നഹീം കരോ, അപ്നെ പ്യാര്‍ ഭരെ ആലിംഗന്‍ സെ മുഝെ മേരി മര്‍ജീ സഹിത്‌ അപ്നെ പാസ്‌ അപ്നീ ബാഹോം മെ ലപേട്‌ കര്‍ ഹൃദയ്‌ സെ പ്യാര്‍ കരേ... ഖോ ജാനേ ദോ മുഝെ ആപ്‌ കീ പ്രതിഭാ കിരണോം കീഊഷണതാ ലിയേ പ്യാര്‍ കൊ കാമുക്‌താ സെ സജാ ദോ..."

[സ്നേഹനിര്‍ഭരമായ കൈവലയങ്ങളില്‍നിന്നും എന്നെ അടര്‍ത്തിയെടുക്കാതിരിക്കൂ. തീക്ഷ്ണപ്പ്രേമത്താല്‍ പൊതിഞ്ഞ ആ കൈകളില്‍ ഒതുക്കി ഇനിയും അരികത്തേക്കണയ്ക്കൂ. ആ പ്രേമാഗ്നിജ്ജ്വാലയില്‍ ഉരുകി ഞാന്‍ സാന്ദ്രമായിഴുകിച്ചേരട്ടെ...]

തന്റെ കൈപ്പടം...

തന്റെ മോഹങ്ങള്‍...

എന്തൊക്കെയോ അടുക്കിക്കെട്ടിയത്‌ ഒതുക്കിപ്പിടിച്ചുകൊണ്ട്‌ നീങ്ങിക്കൊണ്ടിരുന്ന ആ വലിയ മനസ്സിലേക്കുള്ള ചവിട്ടുപടിക്കല്‍ കാലൂന്നി അള്ളിപ്പിടിച്ചുനില്‍ക്കാന്‍ ഒരിടംതേടി സമര്‍പ്പിച്ച ഒരു തുണ്ടുകടലാസ്‌. അതില്‍ നിറയെ, ഒഴിഞ്ഞ കൈക്കുമ്പിളുമായി കമിതാവിനെ കാത്തിരുന്ന നാളുകളില്‍ പ്രേമം യാചിക്കാനായി ഉറക്കമൊഴിച്ചിരുന്ന്‌ താന്‍ രചിച്ച വാക്കുകള്‍. പ്രണയവികാരത്തില്‍ തുടിച്ചുനിന്ന ഹൃദയത്തിന്റെ ഒരു പഴുതിലൂടെയും ഒലിച്ചിറങ്ങാനാവാതെ ഘനീഭവിച്ചുനിന്ന ആത്മാവിന്റെ നിശാന്തമന്ത്രം...

പട്ടടയില്‍ എരിഞ്ഞൊടുങ്ങാനായി കാത്തുകിടക്കുന്ന ഹരിയുടെ ജഡം ആശുപത്രിയിലെ പ്രേതഗൃഹ ത്തില്‍ നിന്നേറ്റുവാങ്ങി ചുടുകാട്ടിലെത്തിക്കാന്‍പോലും ആരുമില്ല.

കുളക്കരയില്‍വെച്ച്‌ കസവുതട്ടം വലിച്ചുമാറ്റി ഹരി അന്ന്‌ തന്റെ കവിളത്തെറിഞ്ഞ വര്‍ണ്ണപ്പൂവു കള്‍ ഇടിത്തീയില്‍ കരിഞ്ഞു ചമ്പലായിക്കഴിഞ്ഞു. ചുടുകാറ്റില്‍ പാറിയെത്തുന്ന മരിച്ച ഓര്‍മ്മകളുടെ ചിതാഭസ്മം മനസ്സില്‍ ഭദ്രതയോടെ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞ പ്രിയ പതിയുടെ പ്രതിഷ്ഠയില്‍ വന്നടിച്ചു തരികളായുതിര്‍ന്നു വീഴുന്നു...

ഒഴിഞ്ഞു ബലഹീനമായ്ക്കഴിഞ്ഞ വിറപൂണ്ട കൈകള്‍. അതിലെ ഞരമ്പുകളിലെ രക്‌തം ചോര്‍ന്നു പൊയിക്കഴിഞ്ഞു. കുനിഞ്ഞു, നിലത്ത്‌ വീണുകിടക്കുന്ന ആ തുണ്ടുകടലാസ്‌ പെറുക്കാന്‍പോലും കൈകള്‍ക്കു ശക്‌തി നഷ്ടപ്പെട്ടുകഴിഞ്ഞു. ശേഷിച്ച വീര്യവും പെട്ടെന്നുണങ്ങിയപ്പോള്‍ ഹൃദയത്തില് ‍നിന്നും തൊണ്ടയിലേക്ക്‌ വരണ്ട ഒരു ഗദ്ഗദം പൊങ്ങി:

"മേരി പ്യാരീ ലാല്‍..." [എന്റെ പ്രിയ ലാല്‍...]

സര്‍വ്വ നഷ്ടങ്ങളും സഹിക്കാനുള്ള ശക്‌തി തന്നു ഒരു നെടുത്തൂണായി തന്റെ ജീവിതത്തില്‍ വിരാജിച്ച നാഥന്റെ അഭാവം വിളിച്ചറിയിച്ചു കേഴാമെന്ന്‌ നിനച്ചു കൊച്ചുപുരയ്ക്കുള്ളില്‍ ആ പ്രിയ നാഥനാല്‍ ഒരുക്കപ്പെട്ട പ്രാര്‍ത്ഥനാമുറിയില്‍ ഒടുവില്‍ അവള്‍ അഭയം തേടി. എല്ലാം ഹരിലീലയാണെന്ന്‌ ഇതിനകം വിശ്വസിച്ചുകഴിഞ്ഞ ലീല- അതെ, ജമീല, മന്ദഹാസം തൂകിനില്‍ക്കുന്ന സാക്ഷാല്‍ ഹരിഭഗവാന്റെ വിഗ്രഹത്തിന്നുമുമ്പില്‍, പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കുന്ന നൊമ്പരം തേങ്ങലുകളായി ഒലിച്ചിറക്കി:

"യേ ഭഗ്‌വാന്‍, അപ്നേ കൃപാ സെ മുഝേ മേരീ പ്യാരീ ഹരിലാല്‍ കാ ജീവന്‍ വാപസ്‌ ദേ! നഹീ തൊ ഉന്‍കേ പാസ്‌ മുഝേ ഭീ ലേ ജാക്കേ ഛോഢ്‌ ദേ...!!"

[ഹേ ഭഗവാന്‍, അങ്ങയുടെ കൃപയാല്‍ എനിക്കെന്റെ പ്രിയപ്പെട്ട ഹരിലാലിനെ തിരിച്ചുതരൂ! അല്ലെങ്കില്‍ അയാളുടെ അടുത്തേക്ക്‌ എന്നെയും കൊണ്ടുചെന്നെത്തിക്കൂ!!]

കണ്ണുനീര്‍മുത്തുകള്‍ ഭഗവാന്‍ വിഷ്ണുവിന്റെ പാദങ്ങളില്‍ വിതറിക്കൊണ്ട്‌ ലീല നെഞ്ചത്തടിച്ചു കുമ്പിട്ടിരുന്നു കേണു....

* * * * *

അങ്ങകലെ ബാന്ത്രാ സ്റ്റേഷനിലെ നാലാംനമ്പര്‍ പ്ലേറ്റ്ഫോമില്‍, പറഞ്ഞതു വ്യക്‌തമായില്ലെന്ന ഭാവത്തില്‍ ടിക്കറ്റ്‌ പരിശോധകന്‍ ചോദ്യമാവര്‍ത്തിച്ചു.

"ക്യാ ബോലാ തൂ? കിസീനെ തുംഹാരാ പോക്കറ്റ്‌ മാരാ?"

[നീയെന്താ പറഞ്ഞേ, ആരോ നിന്റെ പോക്കറ്റടിച്ചെന്നോ?]

"ജീ ഹാം!" സത്യം മറ്റൊന്നുമല്ലെന്ന്‌ അയാള്‍ കേണുവീണ്‌ പറഞ്ഞു. "ഛോഢോ യാര്‍‍, ചലാക്കി ഛോഢ്‌‌! യേ കയി ബാര്‍ ഹംനെ സുനാ ഹുവാ ഹയ്‌. അബ്‌ തൊ ഔര്‍ കുഛ്‌ ബോല്‍!"

[വിട്‌ ചങ്ങാതീ, സൂത്രം വിട്‌! ഇതു പലതവണ നമ്മള്‍ കേട്ടിട്ടുള്ളതാ. ഇനിയിപ്പോ വേറെവല്ലതും ഉണ്ടെങ്കി പറ!]

Tharjani (July 2009)

2 comments:

  1. ജമീലയുടെ പ്രാര്‍ത്ഥന കേട്ട് വീണ്ടും ഹരിലാലിനെ കൊണ്ടുവന്ന കഥാകൃത്തിനു നന്ദി

    ReplyDelete
  2. @അജിത്‌ ഭായ്‌,
    ഈ കഥയില്‍, തിരശ്ശീലയ്ക്കു പിന്നില്‍ നടന്ന ഒരു സംഭവമുണ്ട്‌. ആസംഭവം ഏതാണെന്ന്‌ വായനക്കാരന്‌ അറിയാന്‍ ആവുന്നുണ്ടോ എന്ന സംശയം എന്നില്‍ ബാക്കി നില്‍ക്കുന്നു.

    ReplyDelete