Sunday, December 5, 2010

ജീവിതം പരാജയത്തില്‍

വിണ്ടുകീറിക്കിടക്കുന്ന വാടകവീടാണെങ്കിലും കണ്ട പട്ടികള്‍ക്ക്‌ കയറിവന്ന്‌ പെററുകിടക്കാന്‍ ‍വേണ്ടി ഇതൊരു തൊഴുത്താണോ? മുളന്തണ്ടെടുത്ത്‌ കോലായില്‍ ചുരുണ്ടു കൂടിക്കിടക്കുന്ന ചക്കിപ്പട്ടിയെ ആട്ടിപ്പുറത്തുപായിച്ചു. പൂച്ചക്കുട്ടിയെയെന്നപോലെ കുഞ്ചിക്കുനുള്ളി കുഞ്ഞുങ്ങളെ ഓരോന്നിനേയും തൂക്കിയെടുത്ത്‌ പുറത്തിട്ടു. ഈ ക്രുദ്ധനായ മനുഷ്യന്റെ നിര്‍ദ്ദയത്വത്തെ പഴിച്ചു കൊണ്ട്‌ സംഭ്രാന്തിയോടെ നോക്കിനിന്ന ആ കറയററ മാതൃത്വം ഭയചകിതയായി മുററത്തുകിടന്ന്‌ തേങ്ങി.
നോക്കി നില്‍ക്കുകയായിരുന്ന മകള്‍ സഹികെട്ട്‌ പറഞ്ഞുപോയി: "വേണ്ടച്ഛാ...വേണ്ട, അങ്ങനെ വലിച്ചെറിയണ്ടാ. കുട്ട്യോളല്ലേ...?"
ഒട്ടും ഗൌനിക്കാതെ പറഞ്ഞു: "അവലക്ഷണങ്ങള്‌! പോയ്ത്തുലയട്ടെ."
വിഷാദതപ്‌തമായ മനസ്സില്‍ പുകഞ്ഞുകൊണ്ടിരുന്നത്‌ വര്‍ദ്ധിച്ച വൈരമായിരുന്നു. ലോകത്തോടു ള്ള വൈരം. സ്വന്തം ജീവിതത്തോടുതന്നെയുള്ള വൈരം.
കാരണം...?
ജനിച്ചുപോയില്ലേ? മാത്രമല്ല, ഒന്നുരണ്ടെണ്ണത്തെ ജനിപ്പിക്കുകയും ചെയ്‌തു.
മൃഗങ്ങളോടാണെങ്കിലും ഇങ്ങനെയൊരു കടുംകൈ കാണിക്കാന്‍ പാടില്ലാത്തതായിരുന്നു. അതും ഈ സന്ധ്യാവേളയില്‍...
വെറും തറയില്‍ ഒരുകഷണം തുണിപോലും വിരിക്കാതെ തൂണുംചാരിയിരുന്നു. പണ്ടെങ്കില്‍ അമ്മ കണ്ടാല്‍ പറയുമായിരുന്നു:
"സന്ധ്യക്കിങ്ങനെ തൂണും ചാരി തിണ്ണേലിരിക്കല്ലേ, രാഘ്വേ, അശ്രീകരം!"
ആ അമ്മയ്ക്കിന്നൊന്നും പറയാനില്ല. ഇന്ന്‌ പറയേണ്ടവനും കേള്‍ക്കേണ്ടവനും താന്‍തന്നെയാണ്‌. കത്തിച്ചുവെച്ച വിളക്കിന്റെ തിരി നിറത്തി, മകള്‍ വായിക്കുകയാണ്‌. കാതരങ്ങളായ ആ മിഴിയി ണകളിലും ഘനീഭവിച്ചു നില്‍ക്കുന്നത്‌ വിഷാദത്തിന്റെ നീരദപാളികള്‍.
അവളുടെ പുസ്‌തകങ്ങളില്‍ ചിലതിനിയും വാങ്ങുവാനിരിക്കുന്നു. ഒന്നരമാസം കഴിഞ്ഞു. എന്നിട്ടും, വാങ്ങപ്പെടാത്ത പുസ്‌തകങ്ങളെ ചൊല്ലി ഒരക്ഷരം മിണ്ടണ്ടേ അവള്‍. അച്ഛനില്ലാത്ത ക്ഷമ മകള് ‍ക്കെവിടന്നു കിട്ടി?
മോളേ, നീ എന്തുകൊണ്ടീ ഗതികെട്ട അച്ഛന്റെ നേര്‍ക്കു തിരിഞ്ഞ്‌ പ്രതിഷേധത്തിന്റെ ശബ്ദമുയ ര്‍ത്തുന്നില്ല? വരൂ, നീ നിന്റെ നന്ദികെട്ട അച്ഛന്റെ മുമ്പില്‍ വന്നിരുന്ന്‌ മാറത്തടിച്ച്‌ നിലവില്‍ക്കൂ. നിന്റെ വ്യഥിത ഹൃത്തില്‍നിന്നൂര്‍ന്ന്‌ നിപതിക്കുന്ന ആ പൊള്ളുന്ന അശ്രുധാരകണ്ട്‌ ഈ പിതാവി ന്റെ മനസ്സ്‌ കലങ്ങട്ടെ.
നിരുദ്ധകണ്ഠയായി, പതിഞ്ഞ സ്വരത്തില്‍ അവള്‍ ചൊല്ലുകയാണ്‌:

"Nor fame, nor love, nor leisure;
Others I see whom, these surrounded
Smiling they live and call life pleasure,
To me that cup has been dealt in another measure....."

മോളേ, ശരിതന്നെ. നീ വായിക്കുന്നത്‌ അക്ഷരം തെററാതെ ശരിയാണ്‌. നീ പാടുന്നത്‌ നിന്റെ ജീവിത ത്തെക്കുറിച്ചു തന്നെയാണ്‌. ഇവിടെ വെറും നിലത്ത്‌ തൂണും ചാരി കീറുവീണ ചുമരുകളില്‍ തറച്ചു നോക്കിയിരിക്കുന്ന നിന്റെ അച്ഛന്‍ വേദനയോടെ അത്‌ കേള്‍ക്കുകയാണ്‌....
നിന്റെ ജീവിതം.
നിനക്കു വേണ്ടപ്പെട്ട, നിന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മററുള്ളവരുടെ ജീവിതം.
നിന്റെ അച്ഛന്റെ ജീവിതം...
-ഇന്നത്തേത്‌ മാത്രമല്ല, അന്നത്തേതും.
അന്ന്‌....
ഉള്ളതു കഴിച്ച്‌, വാങ്ങാന്‍ തരപ്പെട്ട പുസ്‌തകങ്ങള്‍ മാത്രം അടുക്കിക്കൂട്ടി സ്കൂളി‍ലേക്ക്‌ നടന്നു ചെല്ലുന്നു.
പുസ്‌തകങ്ങള്‍ മുഴുവനും മേശവലിപ്പില്‍ അട്ടിയാക്കിയിട്ടുവെച്ച്‌ തോളില്‍ കുറേ പുതിയ ഹിന്ദി സിനിമാപാട്ടുബുക്കുകളോ ഡിററക്ടീവ്‌ നോവലുകളോ ഇറുക്കിപ്പിടിച്ച്‌ മുഖംവെളുത്ത പെണ്‍കുട്ടി കളുടെ പുറകുപററി നടന്നുവരുന്ന പൂവാലന്‍മാരെ വഴിയില്‍ കാണുന്നു. 'വാദ്ധ്യാരു'ടെ മുറുക്കാ ന്‍കടക്കു മുമ്പില്‍നിന്നുകൊണ്ട്‌ ചുണ്ടില്‍ അപ്പോള്‍ പിടിപ്പിച്ചുവെച്ച ഉമ്മര്‍ബീഡിയില്‍നിന്നും ആദ്യ ത്തെ ദെമ്മെടുത്ത്‌ ഉശിരോടെ വലിച്ചൂതുന്ന ശങ്കുവേയും കാദറേയും കാണുന്നു. രാഷ്ട്രീയ നേതാക്ക ന്‍മാര്‍ പുറപ്പെടുവിച്ച പ്രസ്‌താവനകളെ ആവേശപൂര്‍വ്വം വിമര്‍ശിക്കുന്ന ഹബീബിനേയും മട്ട്ന ക്കി മുകുന്നനേയും സഖാവ്‌ പെരുന്തടത്തിനേയും മററും കുഞ്ഞാപ്പുവിന്റെ ബാര്‍ബര്‍ ഷാപ്പില്‍ വട്ടമിട്ടു കാണുന്നു...
ആരേയും കണ്ടഭാവം പോലും നടിക്കാതെ മുമ്പോട്ടു നടക്കുന്നു. തന്നില്‍നിന്നും വളരെ അകലങ്ങളി ല്‍ ജീവിച്ചുപോരുന്ന ആ കൂട്ടരെ മനപ്പൂര്‍വ്വം വെറുക്കാന്‍ ശ്രമിക്കുന്നു.
ക്ലാസ്സില്‍വെച്ച്‌ അവര്‍ പിടികൂടുന്നു-"രാഘ്വേ, നീയൊന്നാ വീട്ടുകണക്കിന്റുത്തരം..." തലചൊറിഞ്ഞു കൊണ്ട്‌ ശമ്മു അപേക്ഷിക്കുന്നു.
"എടാ രാഘ്വേ, നീ നിന്റെ കണക്കു ബൌണ്ടിങ്ങെടുക്കുന്നോ ഇല്ലെയോ?" തന്റെ കണക്കു ബൌ ണ്ടില്‍ നിന്നും അന്തപ്പന്‍ മാസ്‌ററര്‍ തന്ന അന്നത്തെ വീട്ടു കണക്കിന്റെ ഉത്തരം ചുളുവിലങ്ങ്‌ പകര്‍ത്തിയെഴുതാനായി എത്ര അധികാരത്തോടെ പരുന്തുമ്മര്‍ കല്‍പ്പിക്കുന്നു?
കയ്യില്‍ പണമുണ്ട്‌. ഇരുമ്പിന്റെ ശക്‌തി ദേഹത്തിന്നും.
ജീവിതംകൊണ്ട്‌ പന്താടിക്കളിച്ച ചെറുപ്പക്കാരനായ പരുന്തുമ്മര്‍
-"ഓ മൈ ഡിയര്‍...
നോ നോ ഫീയര്‍...
ഓടാതെയെന്നെ വിട്ടു ഡാര്‍ലിങ്ങ്‌..."
പിന്നാലെ പാടിനടന്നപ്പോള്‍ ഹര്‍ഷോന്‍മാദിനികളായി മണികിലുക്കുംപോലെ പൊട്ടിച്ചിരിച്ചുകൊ ണ്ട്‌ പിന്‍മറിഞ്ഞുനോക്കാന്‍ കുറേ പെണ്‍കുട്ടികളുണ്ടായിരുന്നു. കൂടാതെ വാരിക്കല്‍ക്കാന്‍വേണ്ടി ബാപ്പ സമ്പാദിച്ചുവെച്ച പച്ച നോട്ടുകളും.
യഥാര്‍ത്ഥത്തില്‍ ജീവിതം ആസ്വദിച്ചത്‌ അവരൊക്കെത്തന്നെയല്ലേ? അല്ലാതെ തന്നെപ്പോലെ-"അല്ലെടാ, പൊസ്‌തകം പൊസ്‌തകംന്നും പറഞ്ഞ്‌ നെലോളിച്ചോണ്ടിരുന്നാ നെന്റെച്ഛനെവിടപ്പോയി കവര്‍ന്നേച്ച്വൊണ്ടരാനാ? നെയ്ത്തില്ലാണ്ട്‌ വീട്ടി മുട്ടി നിക്കണെ നെനക്ക്‌ കാണാമ്മേലേ..?" മുഖത്തെ ഴുന്നുനിന്ന നീല ഞരമ്പുകള്‍ പോലെതന്നെ പെററമ്മയുടെ നൊമ്പരപ്പെട്ട ഹൃദയത്തിലെ ചുകന്ന
രക്‌തധമനികളും അപ്പോള്‍ എഴുന്നു നിന്നുകാണും.
കാണാമായിരുന്നു. ഒക്കെ നോക്കിക്കാണുകയുംചെയ്‌തു. എന്നിട്ടും, രോഗം പിടിച്ച കോഴിയെപ്പോലെ ഇറയത്ത്‌ തൂങ്ങിയിരിക്കാറുള്ള ഊമയായ അച്ഛന്റെ കണ്‍മുമ്പില്‍ചെന്നിരുന്ന്‌ ആട്ടിന്‍കുട്ടിയെ പോ ലെ കരയുകയാണുണ്ടായത്‌. മകന്റെ ദു:ഖം അച്ഛനും കാണേണ്ടതല്ലേ?
നാക്കു ചലിപ്പിക്കാനാവാത്ത, നിസ്സഹായനായ പിതാവ്‌, താന്തോന്നിയായ മകന്റെ നനഞ്ഞ മുഖത്ത്‌ ഒരിക്കല്‍പൊലും നോക്കുകയുണ്ടായില്ല. ഈര്‍പ്പമണിഞ്ഞ നയനങ്ങള്‍ പ്രിയപുത്രനെ കാണിക്കേണ്ടെ ന്നുവെച്ചാവാം.
സ്നേഹമുള്ള അച്ഛാ, അടര്‍ന്ന്‌ നിലംപതിച്ച വാചാലങ്ങളായ ബാഷ്പകണങ്ങള്‍ ഈ ദുര്‍ബ്ബലനായ മകന്റെ ദൃഷ്ടിയില്‍ പെടാതിരുന്നില്ല. വരണ്ട മണ്ണിനെ നനച്ച ആ തുള്ളികളെ നോക്കി, പക്ഷേ, ഈ മൂഢനന്ന്‌ വായിച്ചില്ല: 'മോനേ, നീ ഇനിയും ഒരു കൊച്ചു കുട്ടിയാണ്‌. ജീവിതത്തെ ഇനിയും നീ കാണാനിരിക്കുന്നു.'
പട്ടുതുണികളുടെ പൊട്ടിയ നൂലിഴകള്‍ ഏച്ചുകൂട്ടിത്തഴകിയ ആ കൈകള്‍ക്ക്‌ സ്വന്തം ജീവിതത്തി ന്റെ പൊട്ടിയ ഇഴകള്‍ ഏച്ചുകൂട്ടാന്‍ എത്രതന്നെ പണിപ്പെട്ടിട്ടും തരപ്പെട്ടില്ല.
ചെയ്യാമായിരുന്നു, തനിക്കും. ശമ്മുവെപ്പോലെ ഇല്ലാത്ത പുസ്‌തകങ്ങള്‍ക്കുവേണ്ടി ഉള്ളവരുടെ ഡസ്ക്കുകളി‍ല്‍ കൈകടത്തുക. എന്നിട്ട്‌ സങ്കോചമെന്യെ അന്യരുടെ കൂക്കുവില്‍കള്‍ക്കുമുമ്പില്‍ നിവ ര്‍ന്നുതന്നെനില്‍ക്കുക-
"കള്ളന്‍! കള്ളന്‍!! പുസ്‌തകം കള്ളന്‍!!!"
ഇല്ല. തറവാടിത്തമുള്ള അച്ഛനമ്മമാരില്‍നിന്നും അതുമാത്രം താന്‍ പഠിച്ചില്ല!
ശമ്മു വിരുതനായിരുന്നു. ഇല്ലാത്ത പുസ്‌തകങ്ങള്‍ അവന്‍ കട്ടുണ്ടാക്കി. മിച്ചമുണ്ടായത്‌ വിററ്‌ പൈസയുമാക്കി. ശീലിച്ചുപോയ ബീഡിവലിക്കുപോലും ശമ്മുവിന്‌ മുട്ടുണ്ടായിരുന്നില്ല. ഒരുറുപ്പി കയോ രണ്ടുറുപ്പികയോ കൊടുത്ത്‌ പഴയ പുസ്‌തകങ്ങള്‍ വാങ്ങി അഞ്ചുറുപ്പികക്കും പത്തുറു പ്പികക്കും വിററ്‌ കാശുണ്ടാക്കുവാനും നല്ല വൈദഗ്ധ്യമുണ്ടായിരുന്നു.
അറുമുഖന്‍ ഷണ്‍മുഖച്ചെട്ടിയാര്‍-
വെപ്പുകാരനായ അളഗപ്പച്ചെട്ടിയാരുടെ ഏക തനയന്‍. ഇല്ലത്തെ വെപ്പുകാരനായ അച്ഛന്‌ ജീവിക്കാ നുള്ള വക കഷ്ടിച്ചേ ഉണ്ടായിരുന്നുള്ളൂ. ധിക്കാരിയായ മകനെ നിയന്ത്രിക്കാനാവില്ലെന്ന്‌ കണ്ടതു കൊണ്ടാവാം തന്ത സ്വന്തം പാടു നോക്കി ഒഴിഞ്ഞു നില്‍ക്കുകയാണ്‌ ചെയ്‌തത്‌.
എത്ര ശകാരിച്ചു. എന്നിട്ടും, നല്ലപാതിയായ പാര്‍വ്വതി ഈ മകനേയും ഒക്കത്തുവെച്ചുകൊണ്ട്‌ മാങ്ങാട്ടുമനയ്ക്കല്‍നിന്നും ചേലയും സ്വര്‍ണ്ണച്ചെയ്നുംമററും കട്ടുവിററു. ആ ഒരൊററക്കാരണത്താ ലാണ്‌ ഇരുപതു കൊല്ലക്കാലത്തോളം മാങ്ങാട്ടുമനയ്ക്കലെ വിശ്വസ്‌ത ഭൃത്യനായി സേവനമനുഷ്ടി ച്ചു പോന്ന ചെട്ട്യാര്‍ക്ക്‌ കൂനയ്ക്കല്‍ മനയിലേക്ക്‌ സ്ഥലമാററം വാങ്ങേണ്ടിവന്നതും. എട്ടുമാസം ജയിലില്‍ കിടന്നപ്പോഴും തള്ളയുടെ ഒക്കില്‍ കൈക്കുഞ്ഞായിരുന്ന ശമ്മുവും ഉണ്ടായിരുന്നുവത്രെ. ഇരുളടഞ്ഞ കാരാഗൃഹത്തില്‍ സ്വന്തം തള്ളയുടെ മാറിടത്തിലേക്ക്‌ വലിച്ചെറിയപ്പെട്ട ആ കൈക്കു ഞ്ഞ്‌ മുമ്പിലുയര്‍ന്നുനിന്ന കാരിരുമ്പഴികളിലള്ളിപ്പിടിച്ച്‌ പ്രപത്തെനോക്കി അന്ന്‌ കരഞ്ഞുകാണുമോ? കരഞ്ഞിരിക്കാം, കരഞ്ഞില്ലായിരിക്കാം. വളര്‍ച്ചയെത്തിയപ്പൊള്‍, പക്ഷെ, ആ കുഞ്ഞ്‌ ഒരു കള്ളനായി രുന്നു.
-കള്ളന്‍ ശമ്മു.
ചെയ്യരുതാത്തതായിരുന്നു. പക്ഷേ, ചെയ്‌തുപോയി. അതേക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ സഹതാപാ ര്‍ദ്രമായ തന്റെ മനസ്സെന്നും പുലമ്പാറുണ്ട്‌: 'തെററ്‌, തെററ്‌.'
-എന്താണ്‌ തെററ്‌?
രണ്ടുമാസം കഴിഞ്ഞിട്ടും വാങ്ങാതിരുന്ന സയന്‍സ്‌ ടെക്സ്‌ററ്‌, ഒടുവില്‍ മൂട്ടിലെത്തയ്യില്‍ നിന്ന്‌ മൂക്കുംമുമ്പെ പറിച്ചിട്ട ഇളന്നീറ്‌ വിററിട്ടാണ്‌ വാങ്ങിയത്‌. അതും പഴയ പുസ്‌തകം പകുതി വില യ്ക്ക്‌ കിട്ടാനുണ്ടായിരുന്നതു കൊണ്ട്‌. ശമ്മുവോടു കാര്യം പറഞ്ഞു. പിറേറന്നുതന്നെ പുസ്‌തകം കയ്യില്‍ കിട്ടി. നാലാം ദിവസം അതേ ശമ്മു തന്നെ ആ പുസ്‌തകം കട്ടു! കണ്ടത്‌ ശേഖുമാസ്‌ററരുടെ മകള്‍ മാലതിയാണ്‌. വിവരമറിഞ്ഞ ഉടനെ സകല കരുത്തും ശേഖരിച്ച്‌ ആല്‍ത്തറയിലേക്കോടിച്ചെ ന്ന്‌ ഒരുവാക്ക്‌ ചോദിക്കാതെ കറുത്തു വീര്‍ത്ത കവിള്‍ത്തടം നോക്കി ഊക്കോടെ രണ്ടടിച്ചു.
-അതാണോ തെററ്‌?
ഇലകള്‍ കൊഴിഞ്ഞ്‌ പൂതലിച്ച കിഴവന്‍ ആല്‍ത്തറയിലെ പ്രതിമപോലെത്തന്നെ നിര്‍വികാരനായി നീറുന്ന കവിള്‍ത്തടം ഒന്നമര്‍ത്തിത്തടവാന്‍പോലും കയ്യുയര്‍ത്താതെ തലതാഴ്ത്തി ചുകന്ന മണ്ണില്‍ മിഴിച്ചുനോക്കി നില്‍ക്കുന്ന ശമ്മുവിന്റെ പഴയ ചിത്രം മുമ്പില്‍ കാണുമ്പോഴൊക്കെ മനസ്സ്‌, പക്ഷെ, വീണ്ടുമതാവര്‍ത്തിക്കുകതന്നെ ചെയ്‌തു: 'തെറ്റ്‌! തെറ്റ്‌!'
ഇന്ന്‌....
ഒന്നിച്ചു പഠിച്ച കൂട്ടുകാരെക്കുറിച്ചറിയുന്നു-
രാഘവന്‍പിള്ള ഫിഷറീസ്‌ വകുപ്പില്‍ ഒരുയര്‍ന്ന ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. ഏതോ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ ഫിസിക്സ്‌ ലക്ചററായി ജോലിനോക്കുകയാണ്‌ തടിയന് ‍രാധാകൃഷ്ണന്‍. ഫിലോസഫിയില്‍ അത്യുന്നതബിരുദം നേടിയ മാത്യു ഒരു ഡീനിന്റെ പദവിയലങ്കരിക്കാനായി ഈ യ്യിടെ വെനീസിലേക്കു പറന്നു.
ഭാഗ്യവാന്‍മാര്‍... ഭാഗ്യവാന്‍മാര്‍... എല്ലാര്‍ക്കുമുണ്ടായിരുന്നു പഠിക്കുവാനും ഉയരുവാനുമുള്ള സാഹചര്യം.
ഈ മുപ്പത്തെട്ടാം വയസ്സിലാണ്‌ ഭരതന്‍ ബോംബെയില്‍നിന്നും കല്യാണം കഴിക്കുവാന്‍ വന്നിരിക്കു ന്നത്‌. ഇന്‍കംടേക്സ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ഒരു ഗസററഡോഫീസറായി ജോലിചെയ്‌തുകൊണ്ടിരിക്കു ന്ന ഭരതന്‍ നാട്ടിലൊരു കുടക്കമ്പനിയില്‍ അല്‍പ്പശമ്പളവും പററി പ്രാരാബ്ധവും പേറി നടക്കുന്ന പഴയ ഈ കൂട്ടുകാരനെ മറന്നില്ല. വിവാഹക്ഷണം വാങ്ങി കീശയില്‍ തിരുകിയെങ്കിലും ഒരു ചില്ലി ക്കാശ്‌ കയ്യിലില്ലാഞ്ഞിട്ട്‌ കല്യാണവീടിന്റെ പടികടന്‍ഞ്ചെന്നില്ല.
"നന്ദികെട്ടവന്‍!" ഭരതന്‍ പിറുപിറുത്തുകാണും.
പന്തലുകെട്ടിച്ചമയിച്ച കല്യാണപ്പുരയുടെ മതില്‍പ്പുറകിലൂടെ തലകുനിച്ച്‌ നടക്കേണ്ടി വന്നു. ഒന്നും കേള്‍ക്കേണ്ടെന്ന്‌വെച്ചു. കാണേണ്ടെന്നുവെച്ചു. പക്ഷെ, കേട്ട്‌ അല്‍പ്പം നിന്നുപോയി-



"ജീനാഭി മുശ്ക്കില്‍...
മര്‍നാഭി മുശ്ക്കില്‍..."



ഉയരത്തില്‍ കെട്ടിയ കാളത്തിലൂടെ ജീവിക്കാനും മരിക്കാനും വിഷമിക്കുന്ന തന്നെപ്പോലെയുള്ളവരു ടെ ജീവിതക്ലേശങ്ങളെ ഉച്ചത്തില്‍ വില്‍ച്ചോതുന്ന സിനിമാപ്പാട്ടിന്‌ എത്ര അര്‍ത്ഥമുണ്ട്‌-"ഇരുനൂറുറുപ്യേലതികം കടംതെരാനൊന്നും ഞമ്മേനക്കൊണ്ടാവൂലാ... ഏത്‌? ങ്ങക്കും ഞമ്മക്കും ണ്ടൊര്‌ നെലവാരൊ. അല്ലാ, ങ്ങക്ക്ന്നെ ഒന്ന്‌ ചിന്തിക്കാലോ, ങ്ങളെപ്പോലുള്ളോല്‌ ബാങ്ങ്യെ തന്നില്ലേല്‌ ഞമ്മ എങ്ങന ചരക്കെട്ക്കും...?"
ഇത്‌ വീണ്ടുമൊരിക്കല്‍ കേള്‍ക്കാതിരിക്കാന്‍ വേണ്ടി ഉമ്മറിന്റെ അനാതിക്കടയുടെ മുന്നിലൂടെ വഴിനടക്കാറുള്ള താന്‍ പാത്തും പതുങ്ങിയും കണ്ടത്തിലെറമുള്ളക്കാന്റെ കണ്ടികടന്ന്‌ വഴിപോ കുന്നു.
"പേപ്പറിങ്ങനെ കടം തരാന്‍ പററൂല്ല മേന്നേ..."
പേപ്പര്‍ വാങ്ങാതെ സ്ഥലം വിടുന്നു.
"പൈസ തെരാനൊക്കൂല്ലെങ്കില്‌ കെട്ട്യോനോട്‌ ചായകാച്ചിക്കുടിയങ്ങ്‌ വേണ്ടെന്ന്‌ വെക്കാമ്പറഞ്ഞൂ ടേ...?" രണ്ടു മാസത്തെ പാലിന്റെ പണം ബാക്കിയാണ്‌. ഒരു സമാധാനമേയുള്ളൂ; ലക്ഷ്മി മുഖ ത്തു നോക്കി രണ്ട്‌ പറഞ്ഞാലും പാല്‌ കൊടുക്കാതെ ഭാര്യയെ മടക്കിയയക്കാറില്ല.
എന്തൊരു മടുത്ത ജീവിതം!
എത്ര ജീവിതങ്ങളാണീ തുച്ഛമായ മാസപ്പടിയില്‍ തൂങ്ങിനില്‍ക്കുന്നത്‌?
കീറുവീണ വാടകവീട്ടിലേക്ക്‌ ഒന്നെത്തിനോക്കുകയേവേണ്ടുള്ളൂ. കാണാം: കോലായില്‍ ഒറ്റപ്പായും ഒററവിരിയും വിരിച്ച്‌ ചുരുണ്ടുകൂടിയിരിക്കുന്ന വയസ്സായ അച്ഛനെ. ചുക്കിച്ചുളിഞ്ഞ്‌, കാഴ്ചയററ ആ കണ്ണുകളില്‍ എത്ര തന്നെ പിഴിഞ്ഞുനോക്കിയാലും ഇനിയൊരിക്കലും കണ്ടെത്തിയെന്നുവരില്ല; ഒരുതുള്ളി കണ്ണുനീര്‍!
ഒരലട്ടുമില്ലാതെ, നടുവകത്ത്‌ വാടിവീണുകിടക്കുന്ന കിഴവിയായ തള്ളയുടെ ചുണ്ടുകള്‍ ഇടക്കിടെ ഉരുവിടുന്നത്‌ കേള്‍ക്കാം: "ഓംകാരമായപൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനെ..."
(നീങ്ങിക്കൊണ്ടിരിക്കുന്ന നിമിഷങ്ങളില്‍ ഏതോ ഒന്നിന്റെ കഴുത്തില്‍ മരണം കെട്ടുപിണഞ്ഞു നില്‍ക്കുന്നു.)
വാങ്ങപ്പെടാത്ത പുത്തന്‍ ചേലയ്ക്കോ ബ്ലൌസിനോവേണ്ടി പരാതിപ്പെടാതെ അടുക്കളയിലെ ഒഴി ഞ്ഞ ടിന്നുകള്‍ കുലുക്കിനോക്കിയും ഒഴിഞ്ഞ ചെമ്പുപാത്രങ്ങള്‍ തപ്പിനോക്കിയും ദിവസങ്ങള്‍ എണ്ണി ക്കഴിയുകയാണ്‌ രണ്ടു മക്കളുടെ മാതാവായിക്കഴിഞ്ഞ ഭാര്യ.
അവളുടെ ചേലത്തുമ്പില്‍ തൂങ്ങി, കിട്ടാത്ത ബിസ്ക്കററിനുവേണ്ടി ഒച്ചയെടുക്കാറുള്ള കൊച്ചുമോന്‍ നടുവകത്തെ മുറിയില്‍ ഒരുമൂലയില്‍, ചാണകം തേച്ച നിലത്ത്‌ കമിഴ്ന്ന്‌ പററിക്കിടക്കുകയാവും- ചേരട്ടയെപ്പോലെ.
ഇന്നും ഇന്നലെയുടെ തുടര്‍ച്ചതന്നെ.
ഇത്‌ നാളെയും തുടരുമോ...?
അരുത്‌, ഈ ജീവിതം ഇങ്ങിനെ തുടരുവാന്‍ അനുവദിക്കരുത്‌.
തുച്ഛമായ വരുമാനവുമായി ഈ തകര്‍ന്ന കുടക്കമ്പനിയിലെ ക്ലാര്‍ക്കായി ഇല്ലിപൊട്ടിത്തകര്‍ന്ന കുട യെപ്പോലെതന്നെയുള്ള ഈ ജീവിതം ഇനിയും പേറി നടന്നു കൂടാ...
പ്രാരബ്ധങ്ങള്‍ക്കിടയിലും ബി.കോമിനു പഠിച്ചു. ലക്ഷ്യങ്ങളും ആഗ്രഹങ്ങളും പഠിത്തത്തിന്‌ ഉത്തേജ നം നല്‍കി. യഥാര്‍ജത്തില്‍ തനിക്കീ ബിരുദം നേടിയെടുക്കാനുള്ള പ്രചോദനമേകിയത്‌, എല്ലാററിനുമു പരി, തന്നെ ബാധിച്ചിരിക്കുന്ന ഈ സാമ്പത്തീകക്ലേശങ്ങള്‍ തന്നെയാണ്‌ താനും. സ്വന്തം ചുമതലാബോ ധങ്ങള്‍ മനപ്പൂര്‍വ്വം മറന്ന്‌ ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‌ പ്രവര്‍ത്തിക്കേണ്ടി വരാറു ണ്ട്‌. താന്‍ ചെയ്‌തതും മറെറാന്നായിരുന്നില്ല.
അഞ്ചോ പത്തോ ഉറുപ്പിക കൊടുത്ത്‌ വാങ്ങാവുന്ന മകളുടെ ഹിസ്റ്ററി ടെക്സ്‌റേറാ, മോറല്‍ സയന്‍സോ വാങ്ങാതെ മുപ്പതും നാല്‍പ്പതും കൊടുത്ത്‌ തനിക്കുള്ള കമേര്‍സ്യല്‍ ആര്‍ട്ട്‌ ഏന്‍ഡ്‌ ടെക്ക്നിക്കും, കമേര്‍സ്യല്‍ പ്രേക്ടീസും വാങ്ങി പഠിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുണ്ടായതോ-തിരിയുന്നിടത്തൊക്കെ കടമായി. വീട്ടില്‍ പട്ടിണി കൂടിവന്നു.
ഒടുവില്‍ കഷ്ടപ്പെട്ട്‌ ബി.കോം കടന്നുചാടി.
അവിരാമമായ അദ്ധ്വാനവും അനന്യസാധാരണമായ പരിശ്രമവും നേടിയെടുത്ത സീലുകുത്തിയൊരു വെള്ളക്കടലാസുമായി പുതിയൊരു പന്ഥാവിലേക്ക്‌ കാലുകുത്തി.
പരസ്യങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങി.
മററുപലതിന്റേയും കൂട്ടത്തില്‍ ബാംഗ്ലൂരില്‍നിന്നുള്ള ഒരു ബാങ്കിന്റെ പരസ്യം കണ്ണില്‍ പെട്ടു. അവരുടെ എക്കൌണ്ട്സ്‌ സെക്ഷനിലാണ്‌ ഒഴിവ്‌. അപേക്ഷ ടൈപ്പു ചെയ്‌ത്‌ അയച്ചു. അല്‍പ്പം വൈകിയെങ്കിലും ഇന്റര്‍വ്യൂകാര്‍ഡ്‌ കയ്യില്‍കിട്ടി. ആശ്വാസമായി.
ലീവെടുത്താണ്‌ ചെന്നത്‌. പെര്‍സണല്‍ മാനേജറുമായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ്‌ അടുത്ത തിങ്കളാഴ്ച തൊട്ട്‌ ജോലിയിലേര്‍പ്പെടുവാനുള്ള ഉത്തരവുമായാണ്‌ പുറത്തിറങ്ങിയത്‌. മനം കുളിര്‍ത്തു.
ഇളംനീല പെയ്ന്റടിച്ച ആ പടുകൂററന്‍ മൂന്നുനില കെട്ടിടത്തില്‍നിന്നും പുറത്തിറങ്ങി, പാര്‍ശ്വങ്ങ ളില്‍ പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ച മനോഹരമായൊരുക്കിയ നടപ്പാതയിലൂടെ തലയുയര്‍ത്തിപ്പിടി ച്ചുകൊണ്ടു നടന്നു, തളിരിടാന്‍ പോകുന്ന നാളെയെക്കുറിച്ച്‌ ഓര്‍ത്തുകൊണ്ട്‌....
എതിരെ, മിന്നുന്ന ഒരു പുത്തന്‍ മര്‍സഡീസ്‌ കാര്‍ പതുക്കെ ഓടിവരുന്നത്‌ കണ്ട്‌ ഇടത്തോട്ടല്‍പ്പം മാറിനിന്നു. ബാങ്കുടമയാണ്‌.
പാര്‍ക്ക്ചെയ്‌ത കാറിന്റെ ബാക്ക്ഡോര്‍ ഡ്രൈവര്‍ തുറന്നുകൊടുത്തപ്പോള്‍ കറുത്തുവീര്‍ത്തൊരു വികൃതരൂപം പുറത്തിറങ്ങുന്നതു കണ്ടു. ശ്രദ്ധിച്ചപ്പോള്‍ അന്തം വിട്ടു പകച്ചു നിന്നുപോയി.
തരിപ്പു കയറിയ മുഖം പതുക്കെ തിരിക്കുകയാണ്‌ ചെയ്‌തത്‌.
അപ്പോള്‍-
ഇരുളടഞ്ഞ കാരാഗൃഹത്തിന്റെ തടിച്ച ഇരുമ്പുകമ്പികള്‍ മുറുകെ പിടിച്ചുകൊണ്ട്‌ പറിഞ്ഞ തലമു ടിയുള്ള പാര്‍വ്വതിയമ്മയുടെ ഒക്കത്ത്‌ അതാ ഒരു കൊച്ചു കുഞ്ഞ്‌...
മുഖം വീണ്ടും തിരിച്ചു-
"രാഘ്വേ, നീയൊന്നാ വീട്ടുകണക്കിന്റുത്തരം..."
കരിമ്പഴത്തിന്റെ നിറമുള്ള ചുണ്ടുകളും മുള്ളന്‍മുടിയുമുള്ള ആ പീക്കാച്ചിച്ചെറുക്കനതാ തലചൊ റിഞ്ഞു കൊണ്ട്‌ മുമ്പില്‍നിന്ന്‌ കെഞ്ചുന്നു...
ലജ്ജയോടെ മുഖം കുനിച്ചു.
"അമുക്കെ! നെന്റെ വാര്യെല്ല്‌ ഞാന്‍..." പണപ്പെട്ടി തുറന്ന്‌ അതില്‍ കണ്ട ചില്ലറനാണ്യങ്ങള്‍ വാരി ക്കീശയിലാക്കാന്‍ ശ്രമിച്ചതിന്‌ ഹോട്ടലുകാരന്‍ ഉണ്ണിയുടെ ചവിട്ടേററ്‌ ചാണകം മെഴുകാത്ത ചെമ്മ ണ്‍നിലത്ത്‌ കമിഴ്ന്നടിച്ച്‌വീണ്‌ അതാ ഒരു ചെറുപ്പക്കാരന്‍ കിടക്കുന്നു...
കൈകള്‍ പൊക്കി മുഖം പൊത്തി.
മുഖത്ത്‌ പൊട്ടിയൊലിച്ച വിയര്‍പ്പുചാലുകളില്‍ തട്ടി കൈവള്ളകള്‍ നനഞ്ഞു. ഹൃദയത്തിന്റെ മിടി പ്പ്‌ കാതുകല്‍ കേള്‍ക്കാം.
വിയര്‍പ്പു തുടക്കാതെ-
താളം തെറ്റിയ ഹൃദയമിടിപ്പുകളെ ശ്രദ്ധിക്കാതെ-
തുറക്കുമ്പോഴും അടക്കുമ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന കൂററന്‍ ഇരുമ്പുഗേററ്‌ കടന്ന്‌ തലതാ ഴ്ത്തിക്കൊണ്ട്‌ നടന്നു. മുമ്പില്‍ നീണ്ടുകിടന്ന പാതയിലൂടെ പന്തയത്തിലോടിത്തളര്‍ന്ന ഒരു കിഴവന്‍ കുതിരയെപ്പോലെ തളര്‍ച്ച ബാധിച്ചിട്ടുണ്ടെന്ന്‌ തോന്നിയ കാലടികള്‍ വേച്ച്‌ വേച്ച്‌ മുമ്പോട്ടു നടന്നു.

കറന്‍സി നോട്ടുകള്‍ അട്ടിയായിക്കിടക്കുന്ന ആ കൂററന്‍ ബാങ്കിന്റെ ഉടമസ്ഥന്‍ ശമ്മുവിന്റെ പിന്നാലെ കാറില്‍നിന്നിറങ്ങി ഓടിപ്പോയ ആ നാടന്‍ അള്‍സേയ്ഷന്‍ നായയുടെ അററംവളഞ്ഞെഴു ന്നുനിന്ന വാലുമാത്രം കണ്ണുകല്‍ല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.
-അന്തം കിട്ടാത്ത ജീവിതത്തിനു നേര്‍ക്കുള്ള ഒരു പരിഹാസച്ചോദ്യം പോലെ....
* * * * *
കിടന്നുറങ്ങിക്കൊണ്ടിരുന്ന അച്ഛന്‍ എഴുന്നേററിരുന്ന്‌ ചുമച്ചുതുടങ്ങി. മകള്‍ ഇപ്പോഴും വായിക്കുക യാണ്‌. ബീജ ഗണിതത്തിലെ ഏതോ ഒരു ഫോര്‍മുലയാണിപ്പോള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്‌.
മോളേ, തല്‍ക്കാലത്തേക്ക്‌ അതവിടെ നിര്‍ത്തിവെക്കുക. എന്നിട്ട്‌ നീ മുമ്പ്‌ വായിച്ചുകൊണ്ടിരുന്ന ഷെല്ലിയുടെ ആ പദ്യശകലംതന്നെ ഒന്ന്‌ നീട്ടിച്ചൊല്ലൂ... അച്ഛനതൊരിക്കല്‍കൂടി കേള്‍ക്കട്ടെ-

"Nor fame, nor love, nor leisure;
............. ............. .............
............ ............ .............
To me that cup has been dealt in another measure....."


* * *

(മലയാളരാജ്യം വാരികയില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി)

1 comment:

  1. മലയാളരാജ്യം വാരിക...ഓര്‍മ്മകളിലേയ്ക്ക് ഒരു ഊളിയിടല്‍. നല്ല കൈവഴക്കമുള്ള രചനാവൈഭവം. ഒരു പക്ഷെ നാട്ടില്‍ തന്നെ നിന്നിരുന്നുവെങ്കില്‍ മലയാളത്തിന് ഒരു നല്ല എഴുത്തുകാരനെക്കൂടെ കിട്ടിയേനെ

    ReplyDelete