Sunday, December 5, 2010

കടമ


















ആഫീസ്‌ അഡ്രസ്സിലാണ്‌ എഴുത്ത്‌ കയ്യില്‍കിട്ടിയത്‌. നീണ്ട മൂന്ന്‌ വര്‍ഷങ്ങളുടെ, വിട്ടുവീഴ്ചക്കിട മില്ലാതെപോയ മൌനത്തിന്നുശേഷം അങ്ങനെയൊരെഴുത്ത്‌ അയാള്‍ പതീക്ഷിച്ചതായിരുന്നില്ല.
മോനേ,
അച്ച്ഛനു വയസ്സായി. മുമ്പത്തെപ്പോലെ വടികുത്തിയും ഇപ്പോള്‍ നടക്കാന്‍ വയ്യ. നിലത്തു കാലു കുത്താനാവാതെ കട്ടിലില്‍തന്നെ കഴിച്ചുകൂട്ടുകയേ ഗത്യന്തരമുള്ളൂ. സമാധാനത്തോടെ ഒരുനാള്‍ എന്നേക്കുമായി കണ്ണുപൂട്ടി സര്‍വ്വശാന്തി നേടുവാനുള്ള കാത്തിരിപ്പായി. മരുമകള്‍ കമലാക്ഷി വേണ്ടുന്ന ശുശ്രൂഷകള്‍ ആവും വിധം ചെയ്തുതരുന്നുണ്ട്‌. എമ്പാടും സ്നേഹമുള്ള ഒരു പെങ്കൊച്ചാണവള്‍. നീയും ഭാര്യയും കൊച്ചുമോനും സന്തുഷ്ടിയോടെ കഴിഞ്ഞുകൂടുന്നുണ്ടാകുമെന്ന്‌ വിശ്വസിക്കുന്നു. കുഞ്ഞിമ്മോനെ വളരെ സൂക്ഷിക്കണം. അവന്‍ തനിയെ മേശമേലുംമറ്റും കയറി ക്കളിച്ചു വീഴാനിട വരുത്തരുത്‌. അച്ച്ഛനിനി അധികമൊന്നും ജീവിച്ചെന്നുവരില്ല. അതിനിടയില്‍ ഒരേയൊരാഗ്രഹമേയുള്ളൂ: മക്കളെ ഒരു നോക്കു കാണണം. ബാലുമോന്‍ അപ്പാപ്പനെ മറന്നോ? അവനെ കാണാന്‍ കൊതിയാകുന്നു. അതുപോലെതന്നെ പ്രഭയേയും നിന്നേയും കണ്ടിട്ട്‌ എത്ര നാളുകളായി! നിങ്ങളെയൊക്കെ ഒന്നു കണ്‍കുളുര്‍ക്കെ കണ്ടിട്ടു കണ്ണടയ്ക്കാന്‍ വേണ്ടി മനസ്സ്‌ കൊതിക്കുകയാണെടാ. അവധി കിട്ടുമെങ്കില്‍ ഒരുദിവസം പ്രഭയേയും ബാലനേയും കൂട്ടി
ഇത്രത്തോളം ഒന്നു വരാന്‍ ഉപേക്ഷ വരുത്തരുതേ, മോനേ! കുഞ്ഞിമ്മോന്ന്‌ അപ്പാപ്പന്റെ
പ്രേമമേറിയ ചുംബനം.
സ്നേഹാശിസ്സുകളോടെ,
സ്വന്തം അച്ച്ഛന്‍.
കുഞ്ഞിമ്മോനെ വളരെ സൂക്ഷിക്കണം. അവന്‍ തനിയെ മേശമേലും മറ്റും കയറിക്കളിച്ചു വീഴാനിടവരുത്തരുത്‌... വിറയാര്‍ന്ന കൈയ്യെഴുത്തില്‍ സ്ഫുടത നഷ്ടപ്പെട്ടിരിക്കുന്ന അക്ഷരങ്ങള്‍ സ്നേഹസാന്ദ്രതയോടെ എഴുന്നുനില്‍ക്കുന്നു. അവയ്ക്കുമുകളില്‍ വീണുടഞ്ഞ മകന്റെ മിഴിനീരില്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു, അവനു നഷ്ടപ്പെട്ട ജീവിതത്തിന്റെ കുറേ ചീളുകള്‍. വരണ്ട ചുണ്ടുകള്‍ നക്കിത്തുടച്ചുകൊണ്ട്‌ കത്തിലെ അവസാനത്തെ വാചകവും വായിച്ചുതീര്‍ത്തു. കൈലേസെര്‍ടുത്തു കണ്ണും മുവും നന്നായി തുടച്ചു. അടഞ്ഞുകിടന്ന വാതില്‍പാളികള്‍ക്കു പുറകില്‍ നിവര്‍ത്തിപ്പിടിച്ച കത്തുമായി ശങ്കിച്ചു നിന്നു. എങ്ങിനെ അവള്‍ ക്കിതു കാണിക്കും? കയ്യില്‍ കിട്ടിയാല്‍ പിച്ചിച്ചീന്തി കാറ്റതു പറപ്പിക്കുകയാണുണ്ടാവുക. എന്നാല്‍ ഈ കത്ത്‌ അവള്‍ വായിക്കേണ്ടിയിരിക്കുന്നുതാനും. ഇതില്‍ കുറിക്കപ്പെട്ട വാക്കുകളെങ്കിലും...
വാതില്‍ പതുക്കെ തുറന്നു, സാവധാനം മുറിക്കകത്തു കടന്നു. എഴുത്ത്‌ നീട്ടിക്കൊണ്ട്‌ വേലക്കാരനെ പ്പോലെയാണ്‌ സംസാരിച്ചത്‌: "പ്രഭേ, അച്ച്ഛന്റെ കത്താണ്‌. അച്ച്ഛന്‍ നമ്മെയെല്ലാം ഒന്നു കാണാന്‍ വേണ്ടി കൊതിച്ചിരിക്കയാണ്‌ പോലും."
നീട്ടിക്കാണിച്ച കത്ത്‌ പുറംകൈകൊണ്ട്‌ തട്ടിക്കളയുകയാണുണ്ടായത്‌. പാറിവീണ എഴുത്ത്‌
ലജ്ജയോടെ കുനിഞ്ഞെടുക്കുന്നതിനിടയില്‍ കേട്ടു- "ഹോ! ഈ കെളവനെക്കൊണ്ട്‌..."
ചോര വറ്റിയതു ശരിതന്നെ. മാംസം ദ്രവിച്ചു ദ്രവിച്ച്‌ അവയെ മൂടിപ്പൊതിഞ്ഞിരിക്കുന്ന ചര്‍മ്മം ചുക്കിച്ചുളിഞ്ഞതും ശരിതന്നെ. ആത്മാഭിമാനത്തോടെ, മനസ്സംതൃപ്‌തിയോടെ, ഒരു നല്ല മനുഷ്യനാക്കി വളര്‍ത്തിയെടുത്ത സ്നേഹമുള്ള തന്റെ പിതാവിനെച്ചൊല്ലി, കഴുത്തില്‍ മിന്നുകെട്ടി താന്‍ കൊണ്ടുവന്ന സ്വന്തം ഭാര്യയുടെ നാക്കില്‍ നിന്നും ഉതിര്‍ന്ന തീപ്പൊരി: കെളവന്‍!
പൊറുത്തു. എന്നിട്ടും പൊറുത്തു.
"എന്തൊരു ശല്ല്യായിത്‌. ഈ കെളവനെ വിട്ട്‌ കൊറച്ച്‌ സൊയ്‌ര്യത്തോടെ പൊറുക്കാന്‍ തൊടങ്ങീതാ. ഇപ്പോ ഇതാ വീണ്ടും തൊടങ്ങീരിക്ക്ണ്‌. മരിക്കണതു വരെ അട്ടയെപ്പോലെ നമ്മളേം പറ്റിപ്പിടിച്ചിരിക്ക്വേള്ളൂന്നാ തോന്നണ്‌......" വീണ്ടും അസത്തിന്റെ പിറുപിറുപ്പുതന്നെ.
പുകഞ്ഞുയര്‍ന്ന ക്രോധം കടിച്ചമര്‍ത്തിക്കൊണ്ട്‌ കട്ടിലിന്‍മേല്‍ തെല്ലിട അമര്‍ന്നിരുന്നു. ഒച്ച കൂട്ടാതെ പറഞ്ഞു:
"പ്രഭേ, ആരോടായാലും നിര്‍ദ്ദയത്വം കാണിക്കുന്നതിന്‌ കുറച്ചൊരതിരൊക്കെ വേണം, കേട്ടില്ലേ? ഒന്നുമില്ലെങ്കിലൊരു പ്രായമുള്ള മനുഷ്യനാണെന്നെങ്കിലും കരുതി അതിനൊത്തു പെരുമാറിക്കൂടേ? അന്ത്യനാളുകളിലെങ്കിലും ആ ആത്മാവിനെയൊന്നു സമാധാനിപ്പിക്കാന്‍ നോക്കുകയല്ലേ വേണ്ടത്‌...?"
"നിര്‍ദ്ദയത്വോ?" പ്രഭ മുരണ്ടു. "ഞാനൊരു നിര്‍ദ്ദയത്വോം കാട്ടീട്ടില്ല. എന്നെയിങ്ങനെ വിറളി പിടിപ്പിക്കാനാക്കുന്നത്‌ നിങ്ങളല്ലേ?"
അവള്‍ ധരിച്ചിരിക്കുന്ന അര്‍ത്ഥത്തിലല്ലെങ്കിലും പറഞ്ഞതു ശരിതന്നെയാണ്‌. എല്ലാം പൊറുത്ത്‌ പൊറുത്ത്‌ താന്‍ തന്നെയല്ലേ അവളെ അറുവഷളത്തി ആക്കിയിരിക്കുന്നത്‌? ഒട്ടും ചങ്കൂറ്റമില്ലാത്ത ഒരു കഴുതയാണ്‌ താന്‍!
ഉപദേശമൊന്നും ഇനിയിവിടെ വിലപ്പോകില്ലെന്നു കണ്ട്‌ ഗത്യന്തരമെന്യെ ഒടുക്കം അല്‍പം ദൃഢതയോടെ തന്നെ പറഞ്ഞു. "പ്രഭേ, ഒന്നു ഞാന്‍ വ്യക്‌തമായി നിന്നോടു പറയാം. ഇന്നുമുതല്‍ നിനക്കെന്റെ അച്ച്ഛനോടുള്ള പക അങ്ങു മാറ്റിയേക്കണം. ഇനിയും നിന്റെ മനസ്സില്‍ അത്‌ വെച്ചുപുലര്‍ത്താന്‍ ഞാന്‍ അനുവദിക്കില്ല. നിനക്കിഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ശരി, ഞാന്‍ ബാലനേയും കൂട്ടി അച്ച്ഛന്റെ അടുത്തേയ്ക്കു പോകുന്നതായിരിക്കും. ഒരു മകനെന്ന നിലയ്ക്ക്‌ എനിക്കദ്ദേഹത്തെ ഇനിയെങ്കിലും ഉപചരിച്ചു സംതൃപ്‌തിപ്പെടുത്തേണ്ടിയിരിക്കുന്നു. അതെന്റെ തീരാത്ത കടമയാണുതാനും."
"കടമ!" പരിഹസിച്ചുകൊണ്ട്‌ അവള്‍ അലറി. "മരിച്ചാല്‌ ചവത്തിന്‌തീക്കൊടുത്ത്‌ ദഹിപ്പിക്കുകയാ ഇനി കടമ."
രക്‌തം തിളച്ചുപോയി. ഇക്കേട്ടതെന്ത്‌!
ആ ചോരയില്‍ നിന്നും മാംസത്തില്‍ നിന്നും നാമ്പെടുത്തവന്‍. ആ കൈകളിലമര്‍ന്ന്‌, ദേഹത്തോടൊട്ടി ച്ചേര്‍ന്ന്‌ വളര്‍ന്നു വലുതായവന്‍.
- മകന്‍.
അവന്റെ മുഖത്തു നോക്കിക്കൊണ്ട്‌, അവന്റെ രക്‌തത്തിന്നവകാശിയായ, മാംസത്തിന്നവകാശിയായ അച്ച്ഛനെക്കുറിച്ചു പറഞ്ഞതെന്ത്‌!
സിംഹത്തെപ്പോലെ പിടഞ്ഞെണീറ്റു, മോഹനന്‍ മുന്നോട്ടു കുതിച്ചു. കൈ നീട്ടിവലിച്ച്‌ അവളുടെ ചെകിട്ടത്തു നോക്കി ആഞ്ഞടിച്ചു.
എത്ര ക്രൂരമായ വാക്കുകള്‍. പ്രബലങ്ങളായ തലയോടിനെ ഭേദിച്ചു കടന്ന്‌ അവ മസ്‌തിഷ്കത്തിന്നു തീ കൊളുത്തുകയാണ്‌ ചെയ്തത്‌. വാരിയെല്ലുകളെയും അവയെ പൊതിഞ്ഞ മാംസപേശികളെയും തുളച്ചുകൊണ്ട്‌ കൂരമ്പുകളായി ഹൃദയഭിത്തികളില്‍ ആഞ്ഞാഞ്ഞ്‌ തറക്കുകയാണുണ്ടായത്‌.
"യൂ ഡേര്‍ട്ടി, റോട്ടണ്‍ ബാസ്റ്റഡ്‌!" കയ്യിലിരുന്ന കത്ത്‌ അവളുടെ മുത്തുതന്നെ വലിച്ചെറിഞ്ഞു. "വൃത്തികെട്ട നിന്റെ നാക്കുകൊണ്ട്‌ ഉരിയാടിയതെന്ത്‌?" കാര്‍ക്കിച്ചു തുപ്പിക്കൊണ്ട്‌ കൊടും കാറ്റ്കണക്കെ മുറിവിട്ടോടി. അതുകണ്ട്‌ വാലാട്ടിക്കൊണ്ട്‌ ജിമ്മിനായ യജമാന സ്നേഹത്തോടെ വന്നു കാലുകള്‍ നക്കി.
"പോ എരപ്പേ!" മാറിനിന്നു തന്റെ വലതുകാല്‍ പൊക്കി അതിനെ ചവിട്ടി പിന്നോട്ടു തള്ളി. വേദനയോടെ ഒന്നു നീട്ടി മോങ്ങിക്കൊണ്ട്‌ അതു തിരിഞ്ഞോടി. ഒരു ഭ്രാന്തനെപ്പോലെ ശീഘ്രം നടന്നുനീങ്ങുന്ന കുപിതനായ യജമാനനേയും നോക്കിക്കൊണ്ട്‌ ജിമ്മി വീട്ടുതിണ്ണയില്‍ ചെന്നു ചരിഞ്ഞു കിടന്നു. അയാള്‍ പിന്നിട്ട മുറിയില്‍നിന്നു അപ്പോഴും പ്രഭയുടെ അടക്കിപ്പിടിച്ച തേങ്ങലും പിറുപിറുപ്പും കേള്‍ക്കാമായിരുന്നു.
ചെന്നെത്തിയത്‌ പാര്‍ക്കിലാണ്‌. മുഖത്തടിക്കുന്ന അന്തിവെയിലിനെ വക വെക്കാതെ സിമെന്റുസീറ്റി ല്‍ അമര്‍ന്നിരുന്നു. ഒരു സിഗററ്റിനുവേണ്ടി പോക്കറ്റു തപ്പി. ഒന്നെടുത്തു ചുണ്ടില്‍ വെച്ചു.
മുമ്പില്‍, പൊളിഞ്ഞു നിലംപറ്റിക്കിടക്കുന്ന മറ്റൊരു സിമന്റുബെഞ്ചിന്‍മുകളില്‍ ഒരു ആല്‍സെയ്ഷന്‍ നായ ചുകന്ന നാക്കുമുഴുവനും വെളിയില്‍ നീട്ടിയിട്ടു കിതച്ചുകൊണ്ട്‌ നിവര്‍ന്നി രിക്കുന്നു. അതിന്റെ കഴുത്തിലെ പട്ടയില്‍ കുടുക്കിയ ചങ്ങലയുടെ അറ്റം ചെന്നവസാനിക്കുന്നത്‌, അല്‍പം വലത്തുതെറ്റി പുല്‍ത്തകിടില്‍ സുമുനായൊരു യുവാവിന്റെ കരവലയത്തില്‍
ചാഞ്ഞിരിപ്പുള്ള ഒരു യുവതിയുടെ കൈയ്യിലാണ്‌. ഒരു നിമിഷനേരത്തേക്ക്‌ അയാളുടെ കണ്ണുകള്‍ ആ യുവമിഥുനങ്ങളില്‍ ചെന്നു കുടുങ്ങിനിന്നു. ജീവിക്കാനുള്ള സ്വര്‍ഗ്ഗം അവര്‍ പണിതു തുടങ്ങുന്നേ യുള്ളൂ. ഒരു കൈത്തെറ്റും കൂടാതെ ആ സ്വര്‍ഗ്ഗം രചിക്കപ്പെടട്ടെ... അതുകണ്ട്‌ അസൂയപ്പെട്ടിട്ടെന്തു കാര്യം?
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌, തങ്ങള്‍ പണിത സ്വര്‍ഗ്ഗകൊട്ടാരത്തിന്റെ ചില്ലുഭിത്തികള്‍ ഒന്നൊന്നായി കണ്‍മുന്‍പില്‍ തകര്‍ന്നു വീണുകൊണ്ടിരിക്കെ കണ്ടില്ലെന്ന്‌ നടിക്കുകയായിരുന്നില്ലേ തന്റെ ഭീരുത്വം? സ്വയം പഴിച്ചുകൊണ്ട്‌ സിഗററ്റില്‍ നിന്നും ഒരു കവിള്‍ പുകകൂടി വലിച്ചെടുത്ത ശേഷം ശക്‌തിയോടെ ഊതി പുറത്തിട്ടു. തങ്ങളെത്താത്ത സിനിമാതിയേറ്ററുകളില്ല. ബീച്ചുകളില്ല. ഇതുപോലെ മുട്ടിയിരുന്നു സല്ലപിക്കാന്‍ ഉപയോഗിച്ചിട്ടില്ലാത്ത പാര്‍ക്കുകളുണ്ടാവില്ല. ഇന്നോ?ഇന്നവള്‍ സംസാരിക്കായ്കയല്ല. ഹൃദ്യത ഒട്ടുമില്ലാതെ സംസാരിക്കാറുണ്ട്‌. ചിരിക്കായ്കയുമല്ല. പരിഹാസത്തോടെ ചിരിക്കാറുമുണ്ട്‌. പേപ്പര്‍ മില്ലിലെ സ്റ്റെനോഗ്രാഫറായ, തല നരച്ചുതുടങ്ങിയ ഭര്‍ത്താവിനെ നോക്കിയുള്ള പേരുകേട്ട സെഷന്‍സ്‌ ജഡ്ജിയുടെ ഓമന മകളായ ഒരു സുന്ദരിപ്പെണ്ണി ന്റെ പരിഹാസച്ചിരി.
തൊട്ടു മുന്നിലിരിക്കുന്ന യുവതിയെക്കുറിച്ചോര്‍ത്തു. തന്റെ പ്രഭയെ പോലെതന്നെ
സ്വഭര്‍ത്താവിന്റെ കിഴവനായ തന്തയേക്കാളേറെ സ്നേഹിക്കുന്നത്‌ ഈകാണുന്ന ആല്‍സെയ്ഷന്‍ നായയെയാണെന്നു വരുമോ? ആവാതിരിക്കട്ടെ!
പാര്‍ക്കില്‍ എങ്ങും നിറപ്പകിട്ടാര്‍ന്ന ഉടയാടകളും ചായം തേച്ചു മിനുക്കിയ മനുഷ്യമുഖങ്ങളും. അവിടവിടെ ഊഞ്ഞാലാടിയും ഓടിയും ചാടിയും കളിക്കുന്ന കൊച്ചുകുട്ടികള്‍. കൂട്ടുകൂടിയിരുന്നു നേരം പോക്കുന്ന കുറേ വൃദ്ധരുമുണ്ട്‌. എല്ലാര്‍ക്കുമിടയില്‍ ഹൃദയവ്യഥതീര്‍ക്കാന്‍ പുകവലിച്ചൂതി ക്കൊണ്ട്‌ ഒരു സിമെന്റു ബെഞ്ചില്‍ ചാരിയിരിക്കുന്ന താനും.
ആരോടെന്നില്ലാതെ അയാള്‍ പറഞ്ഞു: 'വെറും മാംസപിണ്ഡങ്ങള്‍മാത്രമായ അധരങ്ങള്‍ക്കിടയില്‍ കിളുര്‍ത്ത കിനാപ്പൂവിതളുകള്‍ ചെറുകാറ്റില്‍ ഉതിര്‍ന്നു വീണൊടുങ്ങുകയേ ഉള്ളൂ. അദമ്യമായ ആത്മാനുഭൂതിയിലൂടെ ദൃഢമൈത്രിയില്‍ തെഴുത്തുയര്‍ന്ന അകൃത്രിമമായ പ്രേമപുഷ്പത്തിന്ന്‌ പക്ഷേ ഒരിക്കലും വാട്ടമുണ്ടാകില്ല...'
പുകവലിച്ചൂതിയൂതി നിമിഷങ്ങള്‍ തള്ളിനീക്കുന്ന നിര്‍ഭാഗ്യവാനായ ആ മനുഷ്യന്‍ തലക്കുമുകളില്‍ കാറ്റത്തു പറന്നുയര്‍ന്ന പുകച്ചുരുളുകളിലൂടെ അവ്യക്‌തമായി നോക്കിക്കാണുകയായിരുന്നു, വീണ്ടും ആ പഴയ ചിത്രം-
കോലായിലെ തിണ്ണയില്‍ കുനിഞ്ഞിരുന്നു കണ്ണീരു തുടച്ചുകൊണ്ട്‌ തന്നോടുപദേശിക്കുകയായിരുന്ന സ്നേഹസമ്പന്നനായ പിതാവിന്റെ രൂപം.
"ഇപ്പം നീ കാണിക്കണ തെറ്റ്‌ നിനക്കുതന്നെ മനസ്സിലാകണ കാലം വരുമെടാ, വരും..."
ചുറ്റുപാടും ഉയര്‍ന്നുകൊണ്ടിരുന്ന പൊട്ടിച്ചിരികള്‍ക്കിടയില്‍ പോലും വിഷാദനിര്‍ഭരമായ ആ ഇടറിയ ശബ്ദം കര്‍ണ്ണ പുടങ്ങളില്‍ തട്ടി മാറ്റൊലിക്കൊള്ളുന്നതായി അയാള്‍ക്കു തോന്നി.
ശപിക്കപ്പെട്ട ആ ദിവസത്തിലെ ചവര്‍ക്കുന്ന സ്മരണകളുടെ ചുരുള്‍ അയാളുടെ മുമ്പില്‍ വീണ്ടും കെട്ടഴിഞ്ഞു വീണു....
നടുവകത്തെ വട്ടമേശമേല്‍ കയറി കസര്‍ത്തുകളിച്ചുകൊണ്ടിരുന്ന ബാലുമോന്‍ കാലുതെറ്റി നിലത്തു കമിഴ്ന്നടിച്ചു വീണു. പല്ലു തട്ടി കീഴ്ച്ചുണ്ട്‌ മുറിഞ്ഞു. മുറിവില്‍ നിന്നും ചോര
വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. അമ്മയെ വിളിച്ച്‌ അവന്‍ പൊട്ടിക്കരഞ്ഞു. അപ്പാപ്പന്‍ കോലായിലെ മുറിയില്‍ മതിവിട്ടുറങ്ങുകയായിരുന്നു. ബാലന്റെ നിലവിളികേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. പിടഞ്ഞെണീറ്റു വടിയുമെടുത്തു കുത്തിപ്പിടിച്ചു പരിഭ്രമത്തോടെ സംഭവസ്ഥലത്തേയ്ക്കോടിച്ചെന്നു.
കണ്ടത്‌, കരയുന്ന മകനേയും തടവി ആശ്വസിപ്പിച്ചു നില്‍ക്കുന്ന പ്രഭയെയാണ്‌.
ഉല്‍ക്കണ്ഠയോടെ തിരക്കി: "പ്രഭേ, കൊച്ചിനെന്തു പറ്റി? കാല്‌ തെറ്റിയിവിടേങ്ങാനും വീണോ?" "കെളവന്‍ നായ!" ഓര്‍ക്കാപ്പുറത്ത്‌ കിട്ടിയ ഉത്തരം ഒരു ഗര്‍ജ്ജനമായിരുന്നു. "നോക്ക്‌ ഇപ്പം അതിന്റെ ഒരോശാര വാക്ക്‌. ചെക്കന്‍ കെടന്നിവിടെ നെലവിളിച്ചുരുളുമ്പള്‌ അവിടെ പരവതാനീ ന്റെ മോളിലങ്ങനെ പള്ളിക്കുറുപ്പ്കൊള്ള്വാരുന്നു. എന്നിട്ടിപ്പം വന്നിട്ട്‌ ചോദിക്ക്വാ, പെബേ, കൊച്ചീലെന്ത്‌ പറ്റീന്ന്‌..."
തന്റെ കോപഭാരം മുഴുവന്‍ ഇറക്കിവെക്കാന്‍ അപ്പോഴും അവള്‍ തേടിയത്‌ ആ എഴുപതു കഴിഞ്ഞ വൃദ്ധന്റെ ഒടിഞ്ഞ പുറം തന്നെയായിരുന്നു.
മുഖത്തെ സോപ്പുപത കഴുകിക്കളയാതെതന്നെ കയ്യിലിരുന്ന റെയ്സര്‍ താഴെയിട്ടു, കണ്ണാടിയുടെ മുമ്പില്‍നിന്നും ഓടിയെത്തിയ മോഹനന്‍ ഭാര്യയുടെ കൈക്കെട്ടുകളിലൊതുങ്ങി ഭീതിയോടെ ചുറ്റും നോക്കി അന്ധാളിച്ചു നില്‍ക്കുന്ന ബാലനെ കണ്ടു. അരിശം മൂത്തു തൊള്ളപൊളിച്ചുകൊണ്ട്‌ അച്ച്ഛന്റെ നേരെ ശകാരങ്ങള്‍ പൊഴിച്ചുകൊണ്ടിരുന്ന പ്രഭയെ കണ്ടു. മൂര്‍ച്ചയേറിയ അവളുടെ ശകാരത്തിന്റെ കൂര്‍ത്ത കത്തിയുടെ വായ്ത്തലതട്ടി തുണ്ടം തുണ്ടമായി മുറിഞ്ഞുവീഴുന്ന അഭിമാനം പെറുക്കിക്കൂട്ടാന്‍ നിവൃത്തിയില്ലാതെ നിര്‍വ്വികാരനായി ചുമരിലേക്കു മിഴിച്ചു നോക്കി നില്‍ക്കുന്ന അച്ച്ഛനെ കണ്ടു.
"അല്ലെടീ, നീയതിന്‌ ഒരു രാക്ഷസിയെപ്പോലെ നിന്നു തൊള്ള പൊളിക്കണോ? ആ സമയംകൊണ്ട്‌ അവന്റെ വായൊന്നു കഴുകി ചോര ഒപ്പിയെടുക്കന്‍ നോക്കരുതോ...!"
ഭര്‍ത്താവിന്റെ ശബ്ദത്തില്‍ അസാധാരണമായ മുഴക്കം അനുഭവപ്പെട്ട ഭാര്യ അല്‍പനേരത്തേക്കു ശബ്ദമുയര്‍ത്തുകയുണ്ടായില്ല.
പല്ലുകടിച്ചമര്‍ത്തിക്കൊണ്ട്‌ അവളാ വൃദ്ധനെ ശപിച്ചു: "ഈ അവലക്ഷണംകെട്ട തന്ത
എവിടെയുണ്ടോ, അവിടെ വല്ല അപകടവുമില്ലാതിരിക്കില്ല. ഹോ! നിക്കണത്‌ നോക്ക്‌, അയ്യോ, പാവീടെ മാതിരി."
തന്റെ പണത്തിന്റേയും പ്രതാപത്തിന്റേയും അജയ്യശക്തിയില്‍നിന്നും തലയുയര്‍ത്തിയ
അഹന്തയുണ്ടായിരുന്നു അപ്പോള്‍ അവളിലെ ഓരോ അണുവിലും. രോഷത്തിന്റെ തീജ്ജ്വാലകള്‍ ആളിനിന്ന പിതാവിന്റെ നയനങ്ങള്‍ കലങ്ങി. അവ പ്രഭയുടെ നേരെ തിരിഞ്ഞു.
"എടീ പ്രഭേ, നീയൊന്നു മതിയാക്ക്വോ?" ക്ഷോഭത്താല്‍ ആ മെല്ലിച്ച ദേഹം കൂടുതല്‍ വിറച്ചു. "എത്രേത്ര വട്ടം ഞാനിതൊക്കെ കേട്ടു പൊറുത്തു. ബാലൂനോടെനിക്കു സ്നേഹോല്ലല്ലോ... എനിക്കാ രോടും തീരെ സ്നേഹോല്ലല്ലോ... ഞാന്‍ മനുഷ്യരെ തിന്നണ പിശാചല്ലേ? എന്നാല്‌ കോടാലിയെടു ത്ത്‌ നിനക്കെന്നെ അരിഞ്ഞരിഞ്ഞ്‌ കഷ്ണം കഷ്ണാക്കി കുഴിച്ചിട്ടാല്‍ തീര്‍ന്നല്ലോ പാട്‌." ഇടറിയതെങ്കിലും ആ ശബ്ദത്തിന്ന്‌ നല്ല ദൃഢതയുണ്ടായിരുന്നു; കനവും.
"അച്ച്ഛാ‍, നിങ്ങള്‍ക്കെങ്കിലുമൊന്ന്‌ മിണ്ടാതിരുന്നൂടേ?" കോപാന്ധനായി വിറച്ചു നില്‍ക്കുന്ന അച്ച്ഛനെ നോക്കി മകന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. "നിങ്ങള്‍ക്ക്‌ പ്രഭയുടെ വൃത്തികെട്ട സ്വഭാവം നന്നായറിയില്ലേ? പിന്നെ ഇതൊക്കെ പറഞ്ഞിട്ട്‌ നമ്മള്‌തന്നെ വിഡ്ഢികളാക്വാന്നല്ലാതെ വല്ല കാര്യണ്ടോ?"
ഉള്ളില്‍ നിറഞ്ഞുപൊങ്ങിയ വേദന കണ്ണിലൂടെ കവിഞ്ഞൊഴുകിയപ്പോള്‍ അതു തുടച്ചു മാറ്റിക്കൊ ണ്ട്‌ ആ പിതാവ്‌ കോലായിലെ തിണ്ണയില്‍ ചെന്നു കുനിഞ്ഞിരുന്നു. ഒച്ചയുണ്ടാക്കാതെ കരഞ്ഞു. ഇടയില്‍ മകനെ ഉപദേശിക്കാനും ശ്രമിച്ചു: "ഇപ്പം നീ കാണിക്കണ തെറ്റ്‌ നിനക്കുതന്നെ മനസ്സിലാകണ കാലം വരുമെടാ.., വരും..." വാക്കുകള്‍ക്കു അവ്യക്‌തതയുണ്ടായിരുന്നു.
ആത്മാഭിമാനത്തിന്‌ ക്ഷതം തട്ടിയ പിതാവ്‌ ആരുടേയും അനുവാദത്തിനു കാത്തുനില്‍ക്കാതെ
പടിയിറങ്ങി. പിന്നീടാ പടി കയറിയുമില്ല. അയാള്‍ക്കു വലുത്‌ അഭിമാനമായിരുന്നു.
കക്ഷത്തില്‍ ചുരുട്ടിവെച്ച ചെറിയൊരു തുണിക്കെട്ടുമായി, വടിയും കുത്തി സ്വഗൃഹത്തിലേയ്ക്ക്‌ ഇറങ്ങിത്തിരിച്ച അച്ച്ഛനെ മോഹനന്‍ ഒരു നിഴല്‍ കണക്കെ അനുഗമിച്ചു. പിന്‍മറിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അയാള്‍ മകനോടു പറയുകയുണ്ടായി: "എടാ മോഹനാ, നീ നശിച്ചു കഴിഞ്ഞെടാ. പെണ്ണേ പൊന്നേന്നു കരുതി അവളുടെ പാട്ടിനൊത്താടി, നീയും വഷളായി.
നിനക്കവളുടെ അടിമയായി പൊറുക്കാനൊരു വെഷമൊംല്ലല്ലോ... പൊറുത്തോളൂ... എന്നാലെന്നെച്ചൊല്ലി ഇനിയൊട്ടും വേദനിക്കണ്ടാ..."
വെളിച്ചം മങ്ങിമറഞ്ഞു. ഇരുളില്‍ നോക്കി മോഹനന്‍ നെടുവീര്‍പ്പുകള്‍ വിട്ടു. കൂട്ടുകാരനായ അപ്പാപ്പനെ നഷ്ടപ്പെട്ട കുഞ്ഞിമോന്‍ തന്റെ കുഞ്ഞിക്കൈകള്‍ താടിക്കുചേര്‍ത്ത്‌ ഉമ്മറപ്പടിമേല്‍ ഏകനായി കുത്തിയിരുന്നു. മുറ്റത്തു പുല്ലുകള്‍ കിളര്‍ത്ത്‌ കാടുകെട്ടി. പൂച്ചട്ടിയിലെ റോജാമലരുകള്‍ കരിഞ്ഞുവീണു. വെയിലത്തു കുനിഞ്ഞിരുന്നു പുല്ലുകള്‍ ഒന്നൊന്നായി പറിച്ചു നീക്കംചെയ്യാന്‍, പൂച്ചട്ടികളില്‍ വെള്ളം കൊണ്ടുചെന്നു പകരാന്‍, ഇനിയാ കൈകളെ കിട്ടുകയില്ല.
കോലായിലെ മുറിയില്‍ കിടന്നുറങ്ങാനിന്നാരുമില്ല.
ആരുമില്ലാതില്ല. ഉണ്ട്‌, വല നെയ്‌തുകൂട്ടി അതിന്‍മേല്‍ സ്വയം തൂങ്ങിക്കിടപ്പുള്ള ഏതാനും ചിലന്തികള്‍. മച്ചിന്‍കീഴില്‍ പുല്‍ക്കൂട്കൂട്ടി ചിലച്ചുകൊണ്ട്‌ കയറിയും ഇറങ്ങിയും പൊകുന്ന കുറേ കിളികളും-
ആരേയും ചൊല്ലി ആരോടും കലഹിക്കാതെ ഏതോ വീട്ടുമുറിയിലെ ഇരുട്ടില്‍ സുഷുപ്തി
തേടിക്കൊണ്ടും, അനന്തവിഹായസ്സിലെ വെളിച്ചത്തില്‍ സ്വയം വിടര്‍ത്തിയ ചിറകുകളില്‍നിന്നും ആത്മനിര്‍വൃതി നിര്‍ല്ലോഭം വിതറിക്കൊണ്ടും ഭൂമിയില്‍ നാകലോകം സൃഷ്ടിക്കുന്ന ജീവജാലങ്ങള്‍....
എല്ലാം ഓര്‍ത്തിരുന്നപ്പോള്‍ മോഹനന്റെ കണ്‍പീലികള്‍ നനഞ്ഞു. ഈര്‍പ്പം തുടച്ചുമാറ്റാന്‍ വക വെക്കാതെ തന്നെ വീണ്ടും ഒരു സിഗററ്റെടുത്തു കൊളുത്തി. നേരം ഇരുട്ടിക്കഴിഞ്ഞു. പലരും സ്ഥലം വിട്ടു. കൂട്ടത്തില്‍ മുന്‍പില്‍ ഇരിപ്പുണ്ടായിരുന്ന യുവമിഥുനങ്ങളും, അവരെ പിന്‍തുടര്‍ന്ന്‌ വലിയ ആല്‍സെയ്ഷന്‍ നായയും. പാര്‍ക്കിന്നു മുന്‍വശത്തുള്ള പോലീസ്‌ സ്റ്റേഷനിലെ റേഡിയം ഡയലുള്ള ടവര്‍ക്ലോക്കിന്റെ സൂചികള്‍ കാണിച്ചു: മണി എട്ട്‌.
കൈവിരലുകള്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരുന്ന സിഗററ്റില്‍നിന്നും അവസാനത്തെ പുകയും വലിച്ചെടുത്തശേഷം അമര്‍ഷത്തോടെ കുറ്റി ദൂരെ വലിച്ചെറിഞ്ഞു. എന്നിട്ട്‌, സ്വന്തം ഭാര്യയുടെ ഹൃദയമെന്നു സങ്കല്‍പിച്ചുകൊണ്ട്‌ കരിയുന്ന ഇരുളിനെ നോക്കി വലിച്ചൂതി. എല്ലാം മറക്കാന്‍ ശ്രമിച്ചുകൊണ്ട്‌ അയാള്‍ എഴുനേറ്റു. മനസ്സിലുറപ്പിക്കുകയും ചെയ്തു. നാളെത്തന്നെ ബാലുമോനെയും കൂട്ടി അച്ച്ഛന്റെ വീട്ടിലേക്ക്‌ പോകണം; അവള്‍ വരുന്നില്ലെങ്കിലും.
എഴുനേറ്റു നടന്നുതുടങ്ങിയപ്പോള്‍ പാര്‍ക്ക്കീപ്പര്‍ എന്തോ ചോദിക്കുന്നതു കേട്ടു. പുകയുന്ന ചിന്തകള്‍ക്കിടയില്‍ അയാളുടെ ആവശ്യം മനസ്സിലായില്ല. അങ്ങോട്ടാരാഞ്ഞപ്പോഴാണ്‌ പിടുത്തം കിട്ടിയത്‌ - "തീപ്പെട്ടി."
തീപ്പെട്ടി തിരിച്ചുവാങ്ങി ഫുട്പാത്തിലൂടെ വലിഞ്ഞുനടന്നു.
വീട്ടുമുറ്റത്തെത്തിയപ്പോള്‍ ജിമ്മിനായ വാലാട്ടിക്കൊണ്ട്‌, കിട്ടിയ ചവിട്ട്‌ മറന്നുകൊണ്ടാവാം, തിരക്കിട്ട്‌ ഓടിയടുത്തു. ഇത്തവണ യജമാനസ്നേഹമുള്ള ആ നായയുടെ നേര്‍ക്ക്‌ വലതുകാല്‍ പൊങ്ങിയില്ല. പകരം, ഓമനത്വത്തോടെ തലോടി ആശ്വസിപ്പിക്കാന്‍ വലതു കൈ താണു.
മുറിയില്‍ കയറി ഷര്‍ട്ടൂരി ഹേങ്ങറില്‍ തൂക്കിക്കൊണ്ട്‌ തിരിഞ്ഞുനിന്നപ്പോള്‍ കണ്ടു, റ്റേബിള് ‍ലാമ്പിന്നു കീഴില്‍ കൈയ്യിന്‍മേല്‍ തലചായ്ച്ചു മേശമേല്‍ കുമ്പിട്ടിരിക്കുന്ന പ്രഭയെ. ഒന്നും സംഭവി ച്ചില്ലെന്ന മട്ടില്‍ ഉറങ്ങുക തന്നെയാണോ?
ദേഹത്തില്‍ ഏതാനും കൈവിരലുകളുടെ സ്പര്‍ശനമേറ്റപ്പോഴാണ്‌ കീഴ്പ്പോട്ടു നോക്കിയത്‌.
- ബാലുമോന്‍.
നെഞ്ചോടടുപ്പിച്ചു നിര്‍ത്തി അവനെ ചുംബിച്ചപ്പോള്‍-
"നമ്മള്‍ നാളെ അപ്പാപ്പന്റടുത്ത്‌ പോക്വാച്ച്ഛാ‍... അമ്മ പറേണ്‌ നമ്മളെല്ലാരുംകൂടി തീവണ്ടീ ക്കേറി അപ്പാപ്പന്റെ വീട്ടീ പോക്വാന്ന്‌. അച്ച്ഛനും വരൂല്ലേ..?"
"പോകും മോനേ, പോകും. നമ്മള്‌ നാളത്തന്നെ പോകും, ട്ട്വോ..." കുനിഞ്ഞുനിന്ന്‌ വീണ്ടും അവന്റെ മൂര്‍ദ്ധാവില്‍ ചൂടുള്ള ചുംബനങ്ങള്‍ പകര്‍ന്നു, പുറത്തു തടവി ആശ്വസിപ്പിച്ചു.
പിന്നില്‍ നേരിയ തേങ്ങല്‍. പെട്ടെന്ന്‌ അങ്ങോട്ടു നോക്കിപ്പോയി.
- ജലാര്‍ദ്രമായ രണ്ടു കണ്ണുകള്‍...
എന്തേ, കവിളിണയില്‍ രണ്ടു കൊച്ചരുവികള്‍?
അവളുടെ തൊട്ടുമുമ്പില്‍, മേശപ്പുര്‍ത്ത്‌ അച്ച്ഛന്റെ എഴുത്ത്‌!
നിര്‍വീര്യനായി അവളുടെ മുഖത്തേയ്ക്കു മിഴിച്ചു നോക്കിനിന്നപ്പോള്‍ അയാള്‍ സ്വയം ചോദിച്ചു പോയി: 'ശരീരംകൊണ്ടല്ലെങ്കിലും ഹൃദയം കൊണ്ട്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അകന്നു ജീവിക്കുകയായിരുന്ന തന്റെ ഭാര്യതന്നെയാണോ ഇത്‌?'
''അല്ല!"
ടേബിള്‍ലാമ്പിന്റെ പ്രകാശത്തില്‍ ആത്മാര്‍ത്ഥതയുടെ പരിവേഷമണിഞ്ഞുകൊണ്ട്‌ വൈരക്കല്ലുകളെ പ്പോലെ വെട്ടിത്തിളങ്ങുന്ന ആ കണ്ണുനീര്‍ത്തുള്ളികള്‍ അങ്ങിനെ തന്നോടു പറഞ്ഞുവോ...? അവളുടെ മുന്‍പില്‍ കിടപ്പുള്ള, അവളുടെ കണ്ണീരുതട്ടിത്തന്നെ നനഞ്ഞുകിടന്ന അച്‌'ന്റെ എഴുത്ത്‌ അങ്ങിനെ ഒരു മൌനമൊഴി ചൊല്ലുവാന്‍ പ്രേരണനല്‍കിയോ...?
ആ രാത്രി മോഹനന്‍ അച്ച്ഛനുമായുണ്ടാകാന്‍ പോകുന്ന പുനസ്സമാഗമത്തെ സ്വപ്നം
കണ്ടുകൊണ്ട്‌ സന്തുഷ്ടിയോടെ ഉറങ്ങി.
പിറ്റേന്നു ലീവു കിട്ടിയില്ല. മില്ലിലെ വാര്‍ഷികബജറ്റ്‌ പൂര്‍ത്തിയാക്കേണ്ടതുമൂലം വന്നുചേര്‍ന്ന ജോലിസമ്മര്‍ദ്ദം.
- "ഇത്രയും പൊറുത്തില്ലേ, മോഹന്‍, ഒരു രണ്ടു ദിവസത്തേക്കുകൂടി...."
പോരെന്നും പറഞ്ഞില്ല, മതിയെന്നും പറഞ്ഞില്ല.
"പോരാ!" എന്നുതന്നെ ഉറച്ചു പറയാമായിരുന്നു, നീട്ടിയ മഞ്ഞക്കടലാസിന്റെ പിന്നില്‍നിന്നും അദൃശ്യനായ നിയതി പരിഹസിച്ചുകൊണ്ട്‌ പറഞ്ഞതു ഇങ്ങനെ കേള്‍ക്കാനിടവന്നിരുന്നെങ്കില്‍:
'പിതൃവത്സനായ പുത്രാ, ധീരനും ധീമാനുമായ താങ്കള്‍ക്കിനി വേണമെങ്കില്‍ അച്ഛന്റെ ശവം മാത്രം ചെന്നു കാണാം...'
"ഫാദര്‍ എക്സ്പയേര്‍ഡ്‌."
കൈയ്യില്‍ കിടന്നു വിറക്കുകയായിരുന്ന ആ കമ്പിസന്ദേശം വായിച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ ചെവിയില്‍ മാറ്റൊലിക്കൊള്ളുകയായിരുന്നു:
"കടമ! മരിച്ചാല്‌ ചവത്തിന്‌ തീക്കൊടുത്ത്‌ ദഹിപ്പിക്കുകയാ ഇനി കടമ...!"

(വിശാല കേരളം- 1972)

2 comments:

  1. ഇന്നും അനുസ്യൂതം തുടരുന്ന അനുഭവങ്ങള്‍. ആരും നിനയ്ക്കുന്നില്ല ഈ ഒരവസ്ഥയിലേയ്ക്ക് അവരുമെത്തുമെന്ന്.

    ReplyDelete
  2. അജിത്‌ ഭായ്‌,
    അതിശയോക്തി കൂടിപ്പോയോ എന്ന്‌, അന്ന്‌ ഞാന്‍ വിശാലകേരളത്തിന്റെ പത്രാധിപരായിരുന്ന, എന്റെ ഒരു സ്നേഹിതന്‍ കൂടി ആയ, ഏഴിക്കര അംബുജാക്ഷനോട്‌ (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞ മറുപടിയും താങ്കളുടേതു പോലെ തന്നെ.

    ReplyDelete