കയ്യുയര്‍ത്തി അവസാനമായി ഒരു 'ഗുഡ്ബൈ' പറയാന്‍ പോലും മിനക്കെടാതെ, പല്ലിറുമ്മി, വലിച്ചുകൊണ്ടിരുന്ന സിഗററ്റിന്റെ കുറ്റി പുറകോട്ടു വലിച്ചെറിഞ്ഞുകൊണ്ട് ചിറ്റപ്പന്‍ തന്റെ തലയെടുത്തുപിടിച്ചുള്ള ഒടുക്കത്തെ പോക്ക് ആരംഭിച്ചു. അപ്രതിരോധ്യ പ്രയാണം, അനിര്‍ദ്ദിഷ്ട പ്രയാണം.
തിളക്കം മാഞ്ഞിട്ടില്ലാത്ത സില്‍വര്‍ ലെക്സസ് ന്റെ ഫ്രണ്ട് ഡോര്‍ വലിച്ചടച്ചുകൊണ്ട് ഡ്രൈവ് വേ കടന്ന് തെരുവിലേക്ക് കാറെടുത്തതും, പുകപരത്തിക്കൊണ്ട് മുമ്പോട്ടോടിച്ചു പോയതും ഞൊടിയിടകൊണ്ട് കഴിഞ്ഞു. റിമോട്ട്കണ്‍ട്രോള്‍ കയ്യിലുണ്ടായിട്ടും ഗേറ്റ് അടക്കാന്‍ ഒട്ടും കൂട്ടാക്കാതെ വാശിവെച്ചുള്ള പോക്കായിരുന്നു. മനസ്സിലും അടയാതെ കിടക്കുന്ന എത്രയോ കനത്ത വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ടുതന്നെയാവും സ്വന്തമായുണ്ടാക്കിയതെല്ലാം ഉപേക്ഷിച്ചുള്ള ആ പുറപ്പാട്. ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നും വലിയ വിലകൊടുത്ത് കൊണ്ടുവന്ന്, മുന്തിയ മാംസത്തുണ്ടുകളൂട്ടി വളര്‍ത്തിപ്പോന്ന ലാബ്രഡോര്‍ ഇതുവരെ വാലാട്ടിക്കാട്ടിയ തീവ്ര സ്നേഹത്തിന്ന് അവസാനമായി ഒരുതലോടല്‍ തിരിച്ചേകാന്‍പോലും കാത്തുനിന്നില്ല. തിരിച്ചു വരവിനെ കുറിച്ച് തെല്ലും ഓര്‍ക്കാതെ ഈ നിലയില്‍ ഒരുനാള്‍ പടിയിറങ്ങുമെന്ന് ചിറ്റപ്പന്റെ ഉള്ളറിഞ്ഞ തനിക്ക് പക്ഷേ ആശങ്കയുണ്ടായിരുന്നു. കാലടിസ്സ്വരം കേട്ടാല്‍ ഓടിച്ചെല്ലാറുള്ള, ഡാഡി യുടെ ശൂരനായ ഹിറ്റ്‌ലര്‍ പ്രായംകൊണ്ട് അവശനായിക്കഴിഞ്ഞതുകൊണ്ടാവാം ബേക്ക്‌യാര്‍ഡ് ല്‍ തളര്‍ന്നുറങ്ങിപ്പോയിക്കാണും. അതോ, ഒരു ചുടുമുത്തത്തിന്നായുള്ള യാചനയെന്നോണം ഡാഡി യുടെ മേലിലേക്ക് എന്നും കിതച്ചു ചാടിക്കയറാറുള്ള പോറ്റുനായ പോലും അതിന്റെ യജമാനനെ വെറുത്തെന്നോ? ഇല്ല, അവനൊരിക്കലും ഡാഡി യെ വെറുക്കില്ല. അവനെ ഒരു ഹിറ്റ്‌ലര്‍ ആക്കിയെടുത്ത, അവന്റെ ചങ്ങല പൊട്ടിച്ചു വലിച്ചെറിഞ്ഞ യജമാനന്‍. ഡാഡി യുടെ പാദചലനങ്ങളുടെയും ഹൃദമിടിപ്പുകളുടേയും ശ്രോതാവായിട്ട്, അര്‍പ്പിതമനസ്കനായി വീട്ടുപരിസരങ്ങളില്‍ ഓടിനടന്ന ആ ശ്വാവ് മാത്രമേ ഉണ്ടായുള്ളൂ.
"ഗുഡ് റിഡ്ഡന്‍സ്." ഡാഡി ഓടിച്ചുപോയ കാറിന്റെ പുകക്കുഴലിലൂടെ പുറകോട്ടുതള്ളപ്പെട്ട പുകപടലത്തിലേക്കു കയ്യിലെരിഞ്ഞുനിന്ന മാള്‍ബ്‌റോ സിഗററ്റില്‍നിന്നൂറ്റി വലിച്ചെടുത്ത ഒരുകവിള്‍ പുക ശക്‌തിയോടെ ഊതിത്തള്ളിക്കൊണ്ടുതന്നെ പടിക്കിപ്പുറത്തുനിന്നും മമ്മി ചേര്‍ത്തുകെട്ടി പറയുന്നതു കേട്ടു: "യു ഓണ്‍ലി ലിവ് വണ്‍സ്. അയാം ആള്‍സോ ഗോയിംഗ് റ്റു ഹേവ് സം ഫണ്‍."
- ഒരു പ്രതിയോഗിയുടെ വെല്ലുവിളി പോലെ!
"ദാറ്റ്സ് ഗ്രെയ്റ്റ് മാം!"
അവര്‍ക്കിടയില്‍ പിണഞ്ഞു കിടന്ന സ്നേഹപാശം അറ്റുകഴിഞ്ഞത് മുമ്പേ മനസ്സിലാക്കിക്കഴിഞ്ഞ താന്‍ അതുകേട്ട് അമ്മയെ പ്രശംസിക്കുകയേ ചെയ്തുള്ളൂ. ഇനിയെങ്കിലും ഒരു ജീവിതം കണ്ടെത്താനൊരുങ്ങാതെ കേവലം നേരമ്പോക്കിനു വേണ്ടിത്തന്നെയാണവരുടെ പുറപ്പാടെങ്കില്‍ അങ്ങിനെതന്നെ യാവുകയല്ലേ ഭേദം എന്ന് ഉള്ളില്‍ പറയുകയും ചെയ്‌തു. അകലം കൃത്യമായി കുറിച്ചുവെച്ച് ഒരു പോറ്റുമകളായിമാത്രം മാറ്റിനിറുത്തപ്പെട്ട തനിക്ക് ഡാഡിയുടെ വേര്‍പാടിന്റെ അകലം അളക്കാനുള്ള അളവുകോല്‍ മുമ്പെന്നോ നഷ്ടപ്പെട്ടുപോയിരുന്നു.
ദിവസങ്ങള്‍ക്കുശേഷം ഒരു രാത്രി ജോര്‍ജ് മൈക്കിള്‍ പാടിത്തകര്‍ത്ത 'വെയ്ക് മീ അപ് ബിഫോര്‍ യു ഗോ ഗോ...' ആലാപനത്തിന്റെ അലര്‍ച്ച കാതില്‍ വന്നലച്ചപ്പോള്‍ ഉറക്കം ഞെട്ടി. നീരസത്തോടെയാണ് എഴുനേറ്റതെങ്കിലും സംഭവവികാസത്തിനുള്ള ന്യായീകരണം പെട്ടെന്ന് താന്‍തന്നെ കണ്ടെടുത്തു: ആരാകിലും, സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും അപൂര്‍വ്വമൊന്നു മല്ലല്ലോ. എന്തുതന്നെ ആയാലും, പുതുതായി പുറപ്പെടുവിക്കുന്ന ഈ വിചിത്രാവിഷ്കരണം ആരുടെതായിരിക്കാം എന്നറിയാന്‍ കൌതുകമേറി. അങ്ങോട്ടു പതുങ്ങിച്ചെന്നു. ഒരു തകര്‍പ്പന്‍ പ്രണയരംഗത്തിന്റെ പുനരാവര്‍ത്തനം. മമ്മിയും ഒരു പുത്തന്‍ കൂട്ടുകാരനും ചേര്‍ന്ന് ലിവിംഗ് റൂമില്‍ ചവിട്ടി തകര്‍ക്കുകയാണ്. പീലിവിടര്‍ത്തിയ ആനന്ദനൃത്തം. പക്ഷെ, മമ്മി കൂട്ടുപിടിച്ച ഗൊറിലയുടെ രൂപമുള്ള മനുഷ്യനെ കണ്ടു നെഞ്ച് പൊള്ളി. ഇതാ വീണ്ടും തനിക്കൊരു പോറ്റച്ഛനെ തരാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് മമ്മി. അതും ഗൊറിലയുടെ ഒരു തനി പകര്‍പ്പിനെ.
"മാം, വുഡ്യൂ പ്ലീസ് ബ്രിംഗ് ദ് വോള്യും ഡൌണ്‍?"
തന്റെ അസഹനീയത പ്രകടമാക്കാന്‍ അറിഞ്ഞുകൊണ്ടുതന്നെ അപേക്ഷയില്‍ കുറേ കനം ചേര്‍ത്തു. പക്ഷെ, ഗാനാലാപത്തിന്റെ വിസ്രുതിയില്‍ മമ്മി ലക്ഷ്‌യമറ്റ് ഉന്‍മാദത്തോടെ നിലംവിട്ടുള്ള നില്‍പായിരുന്നു. അതു കണ്ടറിഞ്ഞു സ്വയം ചെന്ന് സ്റ്റീറിയോവിന്റെ ശബ്ദം പതുക്കെ താഴ്ത്തി.
"ഹായ് ജൂഡീ," മമ്മി ക്ഷണിച്ചു. "കം, ആന്റ് ഡേന്‍സ് വിത്ത് ജോ ആന്റ് മീ."
"നോ, തേങ്ക്സ്!" തല്‍ക്ഷണം നിരസിച്ചു. "ഐ ഹാവ് റ്റു ഗോ റ്റു വേര്‍ക്ക് ഇന്‍ ദ മോണിംഗ്."
"കമ്മോണ്‍...," ഒരു കൈ മമ്മിയുടെ അരയില്‍ ചുറ്റിക്കൊണ്ട് ഗാനലയത്തില്‍ ചാഞ്ചാടുകയായി രുന്ന ജോ തന്നോട് ശുപാര്‍ശ ചെയ്തു. "ലെറ്റസ്സ് ഹാവ് സം ഫണ്‍."
നിലം പൊതിഞ്ഞ പരവതാനിയുടെ പരപ്പില്‍ പാദരക്ഷയുടെ ഉപ്പൂറ്റി അമര്‍ത്തി, ലയാനുസാരം ചവിട്ടിയുരച്ചുകൊണ്ട്‌തന്നെ തന്റേയും ജീവിതം തുലയ്ക്കാന്‍ ഏതൊ ഒരു അന്യന്‍, പിറവി തന്ന തള്ളയുടെ ഒത്താശയോടുകൂടി ക്ഷണിക്കുകയായിരുന്നു. അവര്‍ അപ്പോള്‍ കൊഞ്ചിക്കുഴഞ്ഞു കൊണ്ടിരുന്ന കേളീഗൃഹത്തിന്റെ താക്കോല്‍ പിടിച്ചുപറ്റി വലിച്ചെറിയാന്‍ ഒരുങ്ങാതെ, അവരുടെ രാസമണ്ഡപത്തിന്റെ സ്ഫടികഭിത്തികള്‍ ഇടിച്ചുടക്കാനുദ്യമിക്കാതെ, ചെവിയില്‍ കൈ ചേര്‍ത്തു കൊണ്ട് ആവും വേഗം സ്ഥലം വിട്ടു. സംഗീതം തീരുംമുന്‍പ് ഒരു മണിക്കൂറെങ്കിലും അവര്‍ തുടര്‍ന്ന് നൃത്തമാടിത്തകര്‍ത്തു. അതുകഴിഞ്ഞതോടെ ശബ്ദവും വെളിച്ചവും കെട്ടടങ്ങി....
ഭയചകിതയായി, സ്വഛമായ നിദ്രയ്ക്കുള്ള ഗതികിട്ടാതെ കലങ്ങിത്തെളിഞ്ഞു കഴിഞ്ഞ ഇരുട്ടിലേക്കു തുറിച്ചുനോക്കി കിടന്നപ്പോള്‍ എന്തൊക്കെയോ കേട്ടു. എവിടെയൊക്കെയോ ചവിട്ടിക്കയറാ നുദ്യമിക്കുന്ന കീറിപ്പറിഞ്ഞ രണ്ടാത്മാക്കളേയും പേറി ഗര്‍ത്തങ്ങളിലേക്കു ഊളിയിട്ടിറങ്ങുന്ന ഇരുളിന്റെ അവ്യക്‌ത ഗുപ്‌തനിവേദനം.
തലയണയ്ക്കു കീഴില്‍ വീണ്ടും തലതിരുകി. സ്വന്തം ലോഞ്ച്‌റൂമില്‍ ഏതോ ഒരു പ്രണയിതാവിന്റെ കരവലയത്തില്‍ കുടുങ്ങി മമ്മി അറിയാതെ വീണ്ടും സ്വയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് ഓര്‍ക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. നനഞ്ഞ തലയണയില്‍ മുഖം അമര്‍ത്തി വിതുമ്പിക്കൊണ്ട് ശബ്ദം നിലച്ച രാത്രിയുടെ കറുത്ത പുതപ്പിനുള്ളില്‍ പതുങ്ങി. ഇറങ്ങിപ്പോയ ചിറ്റപ്പന്‍ പതിനാറാം പിറന്നാള്‍ സമ്മാനമായി വാങ്ങി തന്റെ കിടപ്പറയിലെ ചുമരില്‍ പിടിപ്പിച്ചു തന്ന വലീയ നാഴികമണിയുടെ തുമ്പത്താടിക്കൊണ്ടിരിക്കുന്ന ദോലകത്തില്‍ ഞാന്ന് മന്ദമായുറങ്ങി പ്പോയി...
വേലയ്ക്കു പോകാനായി കാലത്തെഴുന്നേറ്റ് അടുക്കളയിലേക്കു കടന്നപ്പോള്‍, മമ്മിയുടെ പ്രിയ മാനസന്‍ വെറും അണ്ടര്‍വെയറില്‍ കിച്ചന്‍ ടേബിളിന്നു മുമ്പില്‍ നില്‍ക്കുന്നു. ഫ്രിഡ്ജില്‍ നിന്നും കണ്ണില്‍ കണ്ടതെന്തൊക്കെയോ വാരിപ്പെറുക്കി മുന്‍പില്‍ നിരത്തിവെച്ചിട്ടുണ്ട്. ആഫീസിലേക്കുള്ള ലഞ്ചിന് താന്‍ കരുതിവെച്ച ചിക്കന്‍ ഫില്ലറ്റ്‌കളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒക്കെ തീന്‍മേശ യില്‍നിന്നും മിനുട്ടുകള്‍ക്കകം ബിയര്‍ കുടിച്ചു വീര്‍ത്ത കുടവയറില്‍ ചെന്നവസാനിച്ചുകഴിഞ്ഞു.
പിന്നീടങ്ങോട്ട് ദിനംപ്രതി അയാളുടെ വിളയാട്ടം തന്നെയായിരുന്നു. എവിടെ തിരിഞ്ഞാലും അവിടമൊക്കെ ജോ എന്ന ഗൊറിലാ രൂപം നിറഞ്ഞു നിന്നു. മമ്മിക്ക് അയാളെ വളരെയേറെ ഇഷ്ടപ്പെട്ടു. തനിക്കാണെങ്കില്‍ മറിച്ചും. ബലമായ ഒരവിശ്വാസം; പുച്ഛവും. ആ ബലിഷ്ഠകായത്തിലെ രോമപടലങ്ങളില്‍ അല്‍പമതിയായ ഒരു സ്‌ത്രീയുടെ ചാപല്യത്തെ പിണച്ചിട്ടുകൊണ്ട് അനധികൃതമായി അയാള്‍ തട്ടിയെടുക്കുന്ന സ്വാതന്ത്ര്യം ആ സ്‌ത്രീയുടെ സ്വന്തം മകള്‍ എങ്ങിനെ പൊറുക്കും. മുമ്പൊരിക്കല്‍, മമ്മി അടിച്ചേല്‍പ്പിച്ചു തന്ന ഒരു പോറ്റച്ഛനുണ്ടായി. വേളികഴിക്കാതെ യുണ്ടായ വേഴ്ചയുടെ വേലിയിറക്കത്തില്‍ പോറ്റച്ഛനുമായി പ്രഖ്യാപിച്ച ദ്വന്ദ്വയുദ്ധം ഇടയ്ക്കിടെ കൊടുമ്പിരിക്കൊള്‍കെ ഉണ്ടായ പതനത്തില്‍ ആ പോറ്റച്ഛന്‍ തിരോഭവിച്ചപ്പോള്‍ മമ്മിക്കു പൊടുന്നനെ സ്വാസ്ഥ്യം വീണ്ടുകിട്ടിയതു കണ്ടറിഞ്ഞു താന്‍ ആശ്വസിച്ചു. എങ്കിലും, അന്യഥാ വീട്ടിലേക്കു വലിഞ്ഞുകയറിയ മറ്റൊരധര്‍മ്മന്‍ മമ്മിയോടൊത്തു കോലംതുള്ളുന്നതു കണ്ടുണ്ടായ നൊമ്പരം ഒതുക്കാന്‍ പ്രയാസപ്പെട്ടു. സ്വയം സമാശ്വാസം കണ്ടെത്താന്‍ വൃഥാ ശ്രമിച്ചു: ധാര്‍മ്മികവൈകല്യം ഉള്ളതാണെങ്കിലും അഭിലാഷത്തിനൊത്ത് അവര്‍ ജീവിച്ചു തീര്‍ക്കുന്നത് അവരുടെതന്നെ ജീവിതങ്ങളാണല്ലോ. തികച്ചും വ്യതിരിക്‌തമായി ധാര്‍മ്മികസ്വത്വത്തോടെ നേരിടാന്‍ തനിക്കു തന്റേതായൊരു ജീവിതമുണ്ടെന്നിരിക്കെ എന്തിന് രോഷം കൊള്ളണം?
അധികനാള്‍ കാത്തിരിക്കേണ്ടി വന്നില്ല. സ്വപ്നലോകം പൂകിയ അവരുടെ ജീവിതം, ബലമറ്റ അച്ചുതണ്ടില്‍ നിന്നിളകിയുള്ള ചുഴറ്റ് ആരംഭിച്ചു. മുറുകെ പുണര്‍ന്ന്, വെറും അഭിനിവേശത്താല്‍ തമ്മിലമര്‍ന്നുരയുന്ന ചുണ്ടുകള്‍ക്കിടയിലോ, ഗാനാലാപനത്തിന്റെ ശ്രുതിയ്ക്കിണങ്ങി പേലവ കംബളത്തില്‍ ലയത്തോടെ താളംചവിട്ടിക്കൊണ്ട് സാകൂതം ചലിപ്പിക്കുന്ന കാലിണകളിലെ പാദരക്ഷയ്ക്കടിയിലോ അവര്‍ക്ക് എങ്ങിനെ കണ്ടെത്താനാവും അര്‍ത്ഥവത്തായ ഒരു ജീവിതം..?
"ദേറീസ് നോ ബ്ലഢി ഷുഗര്‍ ഇന്‍ ദിസ്സ് കോഫി!"
മമ്മി പ്രേമം ചാലിച്ചു ഉണ്ടാക്കിക്കൊടുത്ത കാപ്പി കിച്ചന്‍-സിങ്ക് ലേക്ക് ഒഴിച്ചുകൊണ്ട് തങ്ങളുടെ പോറ്റുപട്ടി ഹിറ്റ്‌ലര്‍ക്ക് പശിമൂത്താലെന്നപോലെ ജോ മുറുമുറുത്തപ്പോള്‍, കണ്ടുനിന്ന് പൊറുക്കാ നാവാതെ താന്‍ ചെറുത്തു: "ശിലായുഗ പ്രതിനിധിയായ താങ്കള്‍ക്ക് സ്പൂണുപയോഗിക്കാന്‍ വശമില്ലായിരിക്കും, അല്ലേ?"
രൂക്ഷപരിഹാസം കെട്ടിയിട്ട കനമുള്ള ഒരു കല്ല് ആ ശിലായുഗ പ്രതിമയിലേക്ക് അരിശത്തോടെ ആഞ്ഞെറിഞ്ഞതു കുറിക്കു കൊണ്ടു.
"യൂ... ലിറ്റില്‍..," പല്ലിളിച്ചുകൊണ്ട്, 'ഡെവിള്‍' എന്നുകൂടി കൂട്ടിപ്പറയാന്‍ വെമ്പിനിന്ന ഗൊറിലാ രൂപം, അവജ്ഞയാല്‍ കോടിനിന്ന തന്റെ ചുകന്ന മുഖത്ത് ഒന്ന് നോക്കിയെങ്കിലും പറയാനുള്ളതു പെട്ടെന്നു വിഴുങ്ങിക്കളഞ്ഞു. രോഷം തികട്ടിവന്നത് ആ മനുഷ്യക്കുരങ്ങ് ഒരു മുരള്‍ച്ചയില്‍ ഒതുക്കിയത് പക്ഷേ കേള്‍ക്കാതിരുന്നില്ല.
പാവം, മമ്മി ഒന്നും ഉരിയാടാതെ ശൌര്യം നശിച്ച് എല്ലാം കണ്ടും കേട്ടും മാറി നില്‍ക്കുന്നതു കണ്ട് താന്‍ അത്ഭുതപ്പെടുകയായിരുന്നു. തുടങ്ങിവെച്ച മറ്റൊരു നാടകത്തിലെ പുതിയ വേഷമണിഞ്ഞു നില്‍ക്കുകയാണിപ്പോള്‍ മമ്മി. ഔദ്ധത്യത്തോടെ താഴ്ത്തിയിട്ടുകഴിഞ്ഞ തിരശ്ശീലയ്ക്കു പിന്നില്‍ പോയകാലത്ത് ചവിട്ടിത്തകര്‍ത്ത പഴയ നാടകങ്ങളില്‍ ഇതേ വേഷം അണിയുവാന്‍ കൂട്ടാക്കാതിരുന്ന നിര്‍ഭീകയായിരുന്ന അതേ സ്ത്രീ.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മമ്മിയുടെ കണങ്കൈയ്യില്‍ ഒരു കരിവാളിപ്പ് ശ്രദ്ധിക്കപ്പെട്ടു.
"അറിയാതെ മുന്‍വാതിലിന്നിടയില്‍ കുടുങ്ങിപ്പോയി, മോളേ..." തന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞൊപ്പിച്ച് മുഖം തിരിച്ചപ്പോഴേ പച്ചക്കള്ളമാണതെന്ന് പ്രകടമായിരുന്നു. മമ്മി അണിഞ്ഞു കൊണ്ടിരിക്കുന്ന ഈ പര്‍ദ്ദ ആരുടെ മുഖം മറക്കാന്‍ വേണ്ടിയാണെന്ന് അറിയാഞ്ഞിട്ടല്ല.
"മാം, വൈഡോണ്ട്‌യൂ ഗെറ്റ്‌റിഡ്‌ഓഫ് ഹിം?" ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്ന് നന്നായറിയാം. എങ്കിലും, പെറ്റമ്മയുടെ അടിമത്വം കണ്ടു സന്തപിക്കുന്ന ഒരു മകളുടെ ആഗ്രഹം സൌമ്യതയോടെ പ്രകടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്‌യം.
മമ്മിയുടെ കണ്ണുകള്‍ പെട്ടെന്ന് വീണ്ടും നിറഞ്ഞൊലിക്കുന്നത് ഒളിഞ്ഞുനിന്നു കണ്ടു. പണ്ടൊരിക്കലും ആ കണ്ണുകള്‍ നിറഞ്ഞു കണ്ടിട്ടില്ല. എന്നാലിപ്പോള്‍ കണ്ണുനീര്‍ ധാരകള്‍ അവയിലെ നീലിമ മുഴുക്കെ വടിച്ചെടുത്തു ഒഴുക്കിക്കളഞ്ഞിരിക്കുന്നു. ചെമ്പിച്ചു കലക്കംപൂണ്ട കണ്ണുകളുടെ ആഴത്തിലെവിടെയോ അവരുടെ ആത്മാഭിമാനം പൂഴ്ന്ന് കിടക്കുകയാണിപ്പോള്‍ എന്നു തോന്നിപ്പോകും, ഒറ്റനോട്ടത്തില്‍. എന്തു ചോദിച്ചാലും വീര്യം ക്ഷയിച്ചുകഴിഞ്ഞ കണ്ണുകളുയര്‍ത്തി ദൈന്യതയോടെ ഒന്നു നോക്കുകമാത്രം ചെയ്യും.
കേവലം ഒരു പഥികനെപ്പോലെ ഒരുദിവസം മമ്മിയുടെ തോളത്തു കൈയ്യിട്ടു കടന്നുവന്ന ഈ ക്ഷുദ്രന്‍ അവരുടെ ആത്മാഭിമാനത്തെ കയ്യിലിരിപ്പുള്ള സര്‍വ്വ തന്ത്രങ്ങളും വേണ്ടപ്പോള്‍ വേണ്ടുംവിധം പ്രയോഗിച്ചു തളച്ചിട്ടുകഴിഞ്ഞു. കാല്‍വെപ്പുകളിലും വാക്കുകളിലും പണ്ടത്തെ ദാര്‍ഢ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് സ്വയം മനസ്സിലാക്കി, പലപ്പോഴും പതിവു തെറ്റി ഹിറ്റ്‌ലര്‍ടെ പുറം തടവിക്കൊണ്ട് ബേക്ക്‌യാര്‍ഡില്‍ മൌനംപൂണ്ടിരിക്കുന്നതു കാണാം. മമ്മിയുടെ നിറഞ്ഞ മനസ്സില്‍നിന്ന് നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്ന് അവരെക്കാളറിയുന്ന മകളാണ് താന്‍.
ഒരു സുപ്രഭാതത്തില്‍, ഉറക്കം ഞെട്ടി താഴെയിറങ്ങിച്ചെന്നപ്പോള്‍, മമ്മി തനിച്ച് തലയില്‍ കൈ ചേര്‍ത്തുകൊണ്ട് സെറ്റീയില്‍ ഇരിക്കുന്നു. ഒരു നിരായുധയെപ്പോലെ. രണാങ്കണത്തില്‍വെച്ച് ഒടിഞ്ഞുപോയ മൂര്‍ച്ചകെട്ട ഖഡ്ഗം അരക്കെട്ടിലെ ഉറയില്‍നിന്നും തെറിച്ചു വീണുകാണും. അതോ, വലിച്ചെറിഞ്ഞുവോ? അതിശയപ്പെട്ടുവെങ്കിലും ആശങ്ക ഒട്ടും വെളിപ്പെടുത്താതെതന്നെ ചോദിച്ചു:
"മമ്മീ വേറീസ്, ജോ?"
പറയത്തക്ക ഭാവപ്പകര്‍ച്ചയൊന്നും മമ്മിയില്‍ കണ്ടില്ല. അസാധാരണമായിട്ടങ്ങിനെ കണ്ടപ്പോള്‍ അത്ഭുതം കൂടിയേ ഉള്ളൂ.
"ബ്‌ളഡി ബാക് സ്‌ലൈഡര്‍! (ധര്‍മ്മഭ്രംശകന്‍) ഹീ ഹാസ് ഗോണ്‍."
വൈരാഗ്യത്തോടൊപ്പം അല്‍പം ജാള്യതയും ആ മറുപടിയില്‍ പ്രകടമായിരുന്നു.
മമ്മി തുടര്‍ന്നു. "കഴിഞ്ഞ രാത്രി ഒരു പഴയ പ്രേമഭാജനത്തെ ക്ലബ്ബില്‍ കണ്ടു. അവളോട് ഇനിയുമെന്തോ തീരാതെ കിടപ്പുണ്ടെന്ന് ആ ചെകുത്താന്റെ നിലപാടില്‍ പ്രകടമായിരുന്നു.
'ഞാന്‍, അല്ലെങ്കില്‍ അവള്‍,' എന്ന് ഞാന്‍ നിഷ്കര്‍ഷിച്ചപ്പോള്‍ അയാള്‍ ആ അവലക്ഷണത്തിന്റെ കൈപിടിച്ചുതന്നെ അങ്ങ് പോയി..."
ഒരു ദീര്‍ഘനിശ്വാസത്തിന്റെ അറ്റത്തു തൂക്കിയിട്ടുകൊണ്ടൊരു പ്രഖ്യാപനവും. "സൊ, ഇറ്റ്സ് ആള്‍ ഓവര്‍!"
"ദാറ്റ്സ് ഗ്രെയ്റ്റ് മാം!" മുന്‍പ് ചിറ്റപ്പന്റെ ഇറങ്ങിപ്പോക്കില്‍ മമ്മിയിലുണ്ടായ പ്രതികരണം കണ്ട് പുറപ്പെടുവിച്ച അതേ വാക്കുകള്‍ ഉരുവിട്ടുകൊണ്ടുതന്നെ ഇപ്പോഴും പ്രശംസിച്ചുവെങ്കിലും ഉള്ളില്‍ മൌനാവലംബിയായി താന്‍ കരയുകയായിരുന്നു. എന്തോ ഓര്‍ത്തെടുക്കാന്‍ പണിപ്പെടുക യാണെന്ന് തോന്നിക്കുമാറ്, അങ്ങേത്തലയ്ക്കല്‍ നിമിഷങ്ങളുടെ മൌനം...
"ഊം...?" ചോദ്യരൂപത്തിലുള്ള തന്റെ നീട്ടിയുള്ള മൂളല്‍ മമ്മിയെ ഉണര്‍ത്തി.
"ദേര്‍ഈസ് മോര്‍ റ്റു ഇറ്റ്, ഡാര്‍ലിംഗ്!"
വിശേഷം നീ അറിയാനിരിക്കുന്നേ ഉള്ളൂ, മോളേ...
മമ്മി യുടെ വരണ്ട കണ്ണുകളില്‍ പൊടുന്നനെ ഒരു തിളക്കം. കൌതുകപൂര്‍വ്വം അവര്‍ തുടര്‍ന്നു.
"അയാള്‍ ക്ലബ്ബ് വിട്ടിറങ്ങി പുറപ്പെട്ടപ്പോള്‍ കോവണിപ്പടിയില്‍നിന്ന് വഴുതി പടേന്ന് താഴോട്ടു വീണു. വീഴ്ച കണ്ടിട്ട്, മേലാകെ ഒടിഞ്ഞുകാണുമെന്നാ തോന്നുന്നെ. കുറച്ചു കൂടുതല്‍ ഇറക്കിയിരുന്നു..."
"വൌ! ദാറ്റ്സ് എമ്മേയ്സ്സിംഗ്!" ചിരിച്ചുകൊണ്ടുതന്നെ മമ്മിയോട് പറഞ്ഞു: "ഐ മീന്‍, ആര്‍യൂ ഓക്കേയ്...?"
മമ്മി പെട്ടെന്ന് നിശ്ചലയായി. നിശ്ശബ്ദപൂര്‍വ്വം ഒട്ടുനേരം തന്റെ മുഖത്തേക്ക് ദൈന്യതയോടെ നോക്കുക മാത്രം ചെയ്തു.
ആ നിശ്ചലതയില്‍, നിശ്ശബ്ദതയില്‍, കേള്‍വിക്ക് അതീതമായ ഏതോ പശ്ചാത്താപത്തിന്റെ അനുരണനം ഒരു യാചനയുടെ ക്ഷയിച്ച അലകളായി തന്റെ കാതുകളില്‍ വന്നിടിച്ചു. ആ അമ്മ-മനസ്സില്‍ കോറിയിടുന്നതെന്തും ഓര്‍ത്തെടുക്കാനും, ബാഹ്യഭാവങ്ങളാല്‍ തരളിതമാകാറുള്ള മുഖത്ത് അവര്‍ കുറിച്ചിടാറുള്ളതെല്ലാം വായിക്കാനും പഠിച്ചവളാണ് താന്‍. തൊട്ടിലില്‍ ഒരു ശിശുക്കിടാവായി കൈകള്‍ വീശിയും കാലിട്ടടിച്ചും, പല്ല് മുളക്കാനിരിക്കുന്ന മോണ കാട്ടി പാല്‍ച്ചിരി തൂകിയും താന്‍ കിടന്നിരുന്നപ്പോള്‍ കവിളത്തു നുള്ളിക്കൊണ്ട് മാതൃസ്നേഹത്തിന്റെ പ്രകാശം വികിരണം ചെയ്തു നിന്ന മമ്മിയുടെ മുഖത്ത് സ്ഫുടതയോടെ കുറിച്ചിടപ്പെട്ട കൊച്ചു കൊച്ചു വാക്കുകള്‍ പെറുക്കിയെടുത്തുകൊണ്ടുള്ള തുടക്കമായിരുന്നു.
പിന്നീട്, പാര്‍ക്കിലെ ഊഞ്ഞാലില്‍ ആടി തിമര്‍ക്കുകയായിരുന്ന മകളെ, അകലെ പച്ചപ്പുല്‍ത്തകിടി യില്‍ വിരസമായിരുന്നു മടങ്ങാന്‍ തിരക്കുകൂട്ടിക്കൊണ്ട് കാണിക്കാറുള്ള കോടിച്ച മുഖത്തെ വക്ര രേഖകളാല്‍ എഴുതിപ്പിടിപ്പിച്ച കല്‍പന കലര്‍ന്ന സന്ദേശങ്ങളായി. അങ്ങിനെ എന്തൊക്കെ ആ മുഖത്തുനിന്നും ഈ പതിനേഴുകാരി വായിച്ചു പഠിക്കുകയുണ്ടായി. കാലത്തിന്റെ പദവിന്യാസ ത്തിനൊത്തു മായ്ച്ചും തിരുത്തിയും അത്തരത്തില്‍ കുറിക്കപ്പെട്ട പ്രത്യക്ഷ പ്രമാണങ്ങള്‍ മനസ്സില്‍ തിരുകിക്കൊണ്ടുതന്നെ ഇക്കുറി ഇങ്ങിനെ വായിച്ചു:
"മോളെ, ഈ അമ്മയ്ക്കു മാപ്പ്. ഇറങ്ങിപ്പോയ നിന്റെ ചിറ്റപ്പനെ എങ്ങിനെയെങ്കിലും തേടിപ്പിടിച്ച് നീ എനിക്കുടനെ തിരിച്ചു തരൂ!"
പക്ഷെ, വാശിയോടെ ഇറങ്ങിപ്പോയ ചിറ്റപ്പനെ തേടി ഏതുവഴി ചെല്ലും എന്ന് വ്യഥയോടെ താന്‍ ഓര്‍ക്കുകയായിരുന്നു.
അപ്പോള്‍, ലക്ഷ്‌യമറ്റലയുന്ന ഉന്‍മദരായ ഏതാനും പഥികരുടെ, ക്രമംതെറ്റി നീങ്ങുന്ന കാലടികളാല്‍ പുറകോട്ടു ചവിട്ടിത്തള്ളപ്പെട്ട ഒരാത്മകഥയുടെ ചുളിഞ്ഞുകിടന്ന ഏടുകളിലൊന്ന് എങ്ങുനിന്നോ കണ്ടെടുത്ത് തിരിച്ചേല്‍പിക്കാനുള്ള ത്വരയാവാമെന്ന് തോന്നിപ്പിക്കുമാറ് കിതച്ചുകൊണ്ട് ഹിറ്റ്‌ലര്‍ ഓടിയെത്തി.
കുനിഞ്ഞിരുന്ന് ഇന്നലെകളുടെ ഉടഞ്ഞുകിടന്ന അടുക്കുകളില്‍ താപപൂര്‍വ്വം തപ്പിക്കൊണ്ടിരുന്ന മമ്മിയുടെ മടിത്തട്ടില്‍ തലചേര്‍ത്തു അവന്‍ പതുക്കെ മോങ്ങി. തന്റെ യജമാനത്തിയോട് അപേക്ഷിക്കാന്‍ എന്തോ ഇനിയും ബാക്കിയുള്ളതുപോലെ. മനുഷ്യനറിയുന്നില്ല, മൃഗങ്ങളുടെ ഭാഷ; അതിലുള്‍ക്കൊണ്ട സാരം ചികഞ്ഞെടുക്കാനുള്ള സമീക്ഷയുമില്ല. പക്ഷെ, അതിലുറഞ്ഞുകിടക്കുന്ന വാത്സല്യവും ലാളിത്യവുമായിരുന്നു പ്രായംചെന്ന ഒരു രക്ഷാകര്‍ത്രീയുടെ മടിത്തട്ടിലേയ്ക്ക് ഇപ്പോള്‍ ഒരു പട്ടിയുടെ ഗദ്ഗദത്തിലൂടെ ഊര്‍ന്നു വീണുകൊണ്ടിരുന്നത്.
ഇപ്പോഴും ഓര്‍ക്കുന്നുണ്ട്....
മൂത്രമൊഴിച്ചശേഷം ഫ്ലഷ്‌ഔട്ട് ചെയ്തില്ലെന്നും റ്റോയ്‌ലറ്റ്-ബൌള്‍ന്റെ മൂടി ഉപയോഗം കഴിഞ്ഞതിനു ശേഷം അടയ്ക്കാതെ തുറന്നുവെച്ചു പോയെന്നും പറഞ്ഞ് മമ്മി ഡാഡിയുമായി ഉടക്കി. നിസ്സാരമായൊരു പാകപ്പിഴയില്‍ പിടിച്ചു തൂങ്ങി പതിവുപോലെ തമ്മിലൊരു നീണ്ട കലഹം തന്നെ ഉണ്ടായി. അസഭ്യം പൊഴിച്ചുള്ള കലമ്പലിന്റെ പിരിമുറുക്കത്തില്‍ ഒച്ച പൊങ്ങിയപ്പോള്‍ ഹിറ്റ്‌ലറുടെ പൊറുതി മുട്ടിയതുകൊണ്ടാവാം, ശണ്ഠകൂടുന്ന യജമാനരുടെ നേരെ നോക്കി അട്ടം പൊട്ടുമാറ് കുരക്കാന്‍ തുടങ്ങി. അതു കണ്ട് കലികയറിയ മമ്മി അലറിക്കൊണ്ട് ആ പോറ്റുനായയെ ഇട്ടൊരാട്ടാട്ടി: "പിസ്സ് ഓഫ്, യൂ ഡേര്‍ട്ടീ ബാസ്റ്റെഡ്!"
യജമാനത്തിയെ ഭയന്ന് വാല് താഴ്ത്തിയിട്ടുകൊണ്ട് അവന്‍ ഓടിപ്പോകുകയും ചെയ്തു. ഹിറ്റ്‌ലര്‍ക്ക് മമ്മിയെ പേടിയായിരുന്നു. സഹിഷ്ണുത തീരെ ഇല്ലാതെ പോറ്റുനായയോട് പലപ്പോഴും അവര്‍ നിഷ്ക്കരുണത്വം കാണിക്കുക പതിവായിരുന്നു.
ഹിറ്റ്‌ലറുടെ ദയനീയ വിലാപം കേട്ടപ്പോള്‍, അന്ന് ആട്ടിയോടിക്കപ്പെട്ട "ബാസ്റ്റെഡ്", യജമാനത്തിയുടെ അടുത്തേക്കു തിരിച്ചുവന്ന്, "ഇനിയെങ്കിലും...!" എന്നുരിയാടുന്നതുപോലെ തോന്നിപ്പോയി.
ആവാം, സദയതയ്ക്കു വേണ്ടിയുള്ള ഒരോമനപ്പട്ടിയുടെ അപേക്ഷ; അതല്ലെങ്കില്‍, യജമാനത്തിയുടെ സല്‍ക്രിയ തേടിയുള്ള ഒരു വീട്ടുമൃഗത്തിന്റെ അഭിലാഷം. എന്താകിലും, തല ഒരു വശത്തേക്ക് ചായിച്ചു വിനയപൂര്‍വ്വം വാലാട്ടി കാണിച്ചുകൊണ്ട് ആ വയസ്സന്‍ നായ സ്നേഹാര്‍ദ്രമായ ഒരു നീണ്ട മോങ്ങലിലൂടെ പുറപ്പെടുവിച്ച അസ്ഫുടതയാര്‍ന്ന ദൈന്യമൊഴി, മനുഷ്യന്റെ ധാരണാശക്തി ക്കതീതമായ വെറുമൊരു ധ്വനനം മാത്രമായേ കലാശിച്ചുള്ളൂ.
(Tharjani - June 2009)
വിദ്യ കൂടി, വിവേകം കുറഞ്ഞു. ഈ വിലക്ഷണ സംസ്കാരം പരന്നുകൊണ്ടിരിക്കുന്നു.
ReplyDelete@അജിത് ഭായ്:
ReplyDeleteപറയേണ്ടത് താങ്കള്‍ ചുരുക്കം വാക്കുകളില്‍ പറഞ്ഞുകഴിഞ്ഞു, ഉപയോഗിച്ച ഭാഷ ഹൃദയത്തിന്റേയും. നന്ദി.