Showing posts with label വിശ്വാസങ്ങള്‍. Show all posts
Showing posts with label വിശ്വാസങ്ങള്‍. Show all posts

Sunday, December 5, 2010

വിശ്വാസങ്ങള്‍ (ചെറുകഥാ സമാഹാരം)

(2005 ല്‍ പ്രഭാത്‌ ബുക്ക്‌ ഹൌസ്‌ പ്രസിദ്ധീകരിച്ച പുസ്തകം)

സവിനയം, സസ്നേഹം...

നെഞ്ചത്തു ചേര്‍ത്തു അടക്കിപ്പിടിച്ച പലതും, പക്ഷെ, നഷ്ടപ്പെട്ടുപോയി;
സാഹിതീയഭ്രമത്താല്‍ സ്നേഹിച്ചുപോന്ന മലയാള ഭാഷയുടെ മാസ്മരിക വചസ്സും...
കാമിച്ച ഭാഷയില്‍ ഉപാസന നടത്താതെ പോയതില്‍
നേരിടേണ്ടിവന്ന പരാജയം സ്വീകരിച്ചുകൊണ്ട്‌,
സ്വന്തം അശ്രദ്ധ വരുത്തിയ കൈപ്പിഴകള്‍ ഏറ്റുപറഞ്ഞു കൊണ്ട്‌,‌
ഈ വേദി സന്ദര്‍ശിക്കുന്നവര്‍ക്കുവേണ്ടി, വൈകി എന്നറിഞ്ഞിട്ടും,
കാലഹരണപ്പെട്ട എന്റെ 'വിശ്വാസങ്ങള്‍' ഞാനിവിടെ സമര്‍പ്പിക്കുന്നു...

ഉല്‍പത്തി...


അസ്ഥിരതയൊരുക്കിയ നടപ്പാതകളിലൂടെ പെട്ടിയും തൂക്കി
നീണ്ടൊരു യാത്രക്കൊരുങ്ങി. ലക്ഷ്‌യം ഇല്ലാത്ത യാത്ര....

പിറക്കാനിരിക്കുന്ന സ്വന്തം മരുമകനുവേണ്ടി (മരുമകനാണെങ്കില്‍) തറവാട്ടു കാരണവരായ വൈദ്യരമ്മാമന്‍ ഒരു പേര്‌ കണ്ടെത്തുന്നു: ബലരാമന്‍.

പരീക്കടവത്തുനിന്നും പേറ്റുനോവുമായി തലശ്ശേരി ആശുപത്രിയിലേക്ക്‌ കടല്‍വഴി കൊടുവള്ളിപ്പുഴ ക്ക്‌ കുറുകേ തോണിയില്‍ യാത്ര പുറപ്പെടേണ്ടിവന്ന വലിയ പുരയില്‍ യശോദക്ക്‌ ആശുപത്രി എത്തും വരെ കാത്തിരിക്കാനായില്ല....
തോണിയില്‍ വെച്ചുതന്നെ പെറ്റു: ഒരാണ്‍കുഞ്ഞ്‌.
വെള്ളത്തില്‍ പിറന്ന മരുമകന്റെ പേര്‌ തറവാട്ടുരജിസ്ട്രിയില്‍ നാട്ടുപ്രമാണി കൂടിയായ വൈദ്യര്‍ ഇങ്ങിനെ കുറിച്ചിട്ടു: ബലരാമനെന്ന ഗംഗാധരന്‍.
അച്ഛനമ്മമാരും കുടുംബക്കാരും സസ്നേഹം ഗംഗു എന്നു വിളിച്ചു. സ്നേഹിതര്‍ കിറുക്കന്‍-ഗംഗന്‍ എന്നു വിളിച്ചു. ഇവയൊക്കെ ചേര്‍ത്തരച്ച്‌ ചെറുതാക്കിയുരുട്ടി ഗംഗ എന്നാക്കി പിന്നീട്‌ സായ്പ്പി ന്റെ വായിലേക്കും തിരുകി.
ആ ഗംഗാധരന്‍ പാഠപുസ്തകങ്ങളേക്കാളേറെ സാഹിതീയ ഗ്രന്ഥങ്ങളെ കാമിച്ചു. കടംവാങ്ങിയ പുസ്തകങ്ങള്‍ മുറി പൂട്ടിയിരുന്ന്‌ വായിക്കുക പതിവായി...
ആമാശയത്തില്‍, വിറകില്ലാതെ, കത്തിപ്പടര്‍ന്ന തീ നിയന്ത്രണം വിട്ടു, വാക്കുകളില്‍ പടുത്തുയര്‍ത്ത പ്പെട്ട സര്‍ഗ്ഗാത്മകശില്‍പ്പങ്ങളെ ചുട്ടുകരിച്ചപ്പോള്‍, ഇടയ്ക്കേതോ ഒരു പുസ്തകത്തിന്റെ ഖണ്ഡം വായിച്ചു പൂര്‍ത്തിയാക്കുംമുമ്പേ മുറിയുടെ വാതില്‍ പൂട്ടി കുറ്റിയിട്ടു പുറത്തിറങ്ങി. അസ്ഥിരത യൊരുക്കിയ നടപ്പാതകളിലൂടെ പെട്ടിയും തൂക്കി നീണ്ടൊരു യാത്രക്കൊരുങ്ങി.
ലക്ഷ്‌യം ഇല്ലാത്ത യാത്ര....
സകലതുമന്യേഷിച്ചു കണ്ടെത്താനുള്ള വിഫലശ്രമം തുടര്‍ന്നു-
സത്യത്തെ കണ്ടെത്താന്‍, ധര്‍മ്മത്തെ കണ്ടെത്താന്‍, ആഗോള സംസ്കാരത്തിന്റെ തനിനിറം
കണ്ടെത്താന്‍, മനുഷ്യന്റെ തുടിക്കുന്ന വികാരങ്ങള്‍ കണ്ടെത്താന്‍...
അവിരാമം അന്വേഷണം തുടര്‍ന്നു. പക്ഷെ, എന്നെത്തന്നെയും കണ്ടെത്താന്‍ സാധിച്ചില്ല.
എന്നെ കണ്ടെത്താന്‍ വേണ്ടി ഇനിയും ഞാന്‍ അലയുകയാണ്‌....
എവിടെ?
ഞാനെവിടെ?
ബലരാമനെന്ന ഗംഗാധരന്‍ എവിടെ?

യാദൃച്ഛികമായി എന്നെ നിങ്ങളാരെങ്കിലും എവിടെയെങ്കിലും പൂര്‍ണ്ണമായും കണ്ടെത്തിയെന്നു
വരികില്‍ ദയവായി താഴെ കാണിച്ച ദൃഢമായ മേല്‍വിലാസത്തില്‍ എത്തിക്കുവാന്‍ അപേക്ഷ.

സ്ഥിരം മേല്‍വിലാസം:
ആറടി മണ്ണ്‌,
ഈ ഭൂമി,
ഈ ലോകം.

1 comments:

Amarnath Pallath said...

Dear Gangan,

I tried to address you some other way; but then thought let me address as GANGAN ..

Admiration turns to closeness and that is what has happened - over a poeriod of time, when your literary works put me clsoe to a pedastal where I stand to write this comment on your write - up.

Lovely, in search of self - that in English may be introspection - but in Malayalam it means more - Let me search that word ... later ... Thank you for introducing the REAL you ...

Regards, Amarnath

"അമ്മേ..."


വിസ്മയം കൈക്കൊണ്ട വിസ്‌തൃതപ്രപഞ്ചത്തിന്റെ പ്രഭാങ്കുരത്തില്‍, അന്നൊരു പ്രഭാതത്തില്‍, പുതിയൊരു പിറവിയുടെ മറ്റൊരു കരച്ചില്‍. ജീവോല്‍പ്പത്തിയുടെ അനര്‍ഘനിമിഷത്തെ ആ കുഞ്ഞ്‌ കരഞ്ഞുകൊണ്ട്‌ ഉല്‍ഘോഷിച്ചപ്പോള്‍, വാരിപ്പുണര്‍ന്ന്‌ മാറിലമര്‍ത്തി സ്വാഗതമരുളാന്‍ ആര്‍ത്തി യോടെ നീട്ടിയ അമ്മയുടെ കൈകള്‍. ആ കൈകളിലമര്‍ന്ന്‌ ദുഃഖമറിയാതെ വളര്‍ന്നു. അമ്മയുടെ ഭൌതികപിണ്ഡം ദീപ്‌താഗ്നിജ്വാലയില്‍ ലയിച്ചു കഴിഞ്ഞുവെങ്കിലും ഒരു യുഗത്തിന്റെ സവിശേഷത പറഞ്ഞുതീരാതെ ബാക്കി നില്‍ക്കുന്നു. മായികമായ ചലനങ്ങള്‍ എന്നിലുയര്‍ത്തിയ മിത്ഥ്യാബോധം സൃഷ്ടിച്ച ഇരുട്ടിന്റെ മറ നീക്കാനായി എന്റെ ഹൃദയത്തില്‍ അങ്ങ്‌ വാത്സല്യപൂര്‍വ്വം കൊളുത്തിയ, ഒരിക്കലും അണയാത്ത, കാരുണ്യദീപത്തിനു മുമ്പില്‍ കുമ്പിട്ടു, എത്ര വിളിച്ചിട്ടും മതിവരാതെ കൈ നീട്ടി വിളിക്കുന്നൂ, വീണ്ടും ഈ മകന്‍: "അമ്മേ..."
എല്ലാ അഹന്തകളും ഇന്ന്‌ അടങ്ങി.... പണ്ട്‌ ആ കൈകള്‍ താരാട്ടുപാടിയാട്ടിയ തൊട്ടിലില്‍, മുലപ്പാല്‍ തികട്ടി കുതിര്‍ന്ന ചുണ്ടാല്‍ വിരലൂമ്പി കാലിട്ടടിച്ചു കിടന്ന ഉണ്ണിക്കിടാവിനെപ്പോലെ തന്നെ നിലയ്ക്കാത്ത ഓര്‍മ്മകളില്‍ തൂങ്ങുന്ന ഊഞ്ഞാലില്‍, വാരിപ്പുണരാനായി ചിരിച്ചു കൈനീട്ടി ജന്‍മങ്ങള്‍ക്കപ്പുറത്തുനിന്നും എത്താവുന്ന അമ്മയേയും കാത്ത്‌ എന്നും, ഇന്നും....

അവതാരിക

മനസ്സിലെ തുരുത്തിലേക്ക്‌

ഗംഗയില്‍ പിറന്ന വി. പി. ഗംഗാധരന്‍ എന്ന ഗംഗ തന്റെ 'വിശ്വാസങ്ങ'ളുമായി കടന്നുവരുന്നു. ജീവിതയാത്രയുടെ അപ്രതീക്ഷിതങ്ങളായ വഴിത്തിരിവുകളില്‍ ഉടനീളം തന്റെ മനസ്സിലെ തുരുത്തി ലേക്ക്‌ തീര്‍ത്ഥയാത്ര നടത്തുന്ന ഒരാളെ ഈ കഥകളില്‍ കാണാം. ആ തുരുത്ത്‌ എന്നോ അലിഞ്ഞു പോയി എന്ന യാഥര്‍ത്ഥ്യം ആരെക്കാളും ഏറെ അറിയാവുന്ന ആത്മാവാണിത്‌. എന്നിട്ടും കുതിപ്പ്‌ അങ്ങോട്ടു തന്നെ.

ഏതാനും പതിറ്റാണ്ടു മുമ്പു നിലനിന്ന മലയാളിത്തത്തിന്റെയാണ്‌ ഈ തുരുത്ത്‌. ഒടിയന്‍മാരും പൊട്ടന്‍ചന്തുമാരും വേദാന്തവും അവിടെ സഹവസിക്കുന്നു. ആ മിശ്രിതത്തില്‍ ജീവന്‍ തുടിക്കുന്നു.

മലയാള ചെറുകഥ പുതിയ മാനങ്ങള്‍ തേടിത്തുടങ്ങിയിട്ട്‌ കാലമേറെയായി. ആ വളര്‍ച്ച തുടരുന്നതി ന്റെ ലക്ഷണമാണ്‌ ഈ സമാഹാരം. ചുവടില്ലാതെ നൃത്തമില്ല എന്നതുപോലെ സ്വത്വമില്ലാതെ സാര്‍വ്വലൌകീകതയും ഇല്ല. ഗൃഹാതുരതകള്‍ സ്വത്വത്തെ ലോകസമക്ഷം അവതരി പ്പിക്കുന്നില്ലെ ങ്കില്‍ മുക്കിലിരുന്നുള്ള കരച്ചില്‍ മാത്രമാണ്‌. ഗംഗാധരന്‍ മുക്കിലിരുന്നു കരയുകയല്ല, ലോകത്തിന്റെ അവസാനംവരെ പോയി ഉറക്കെ ആരായുകയാണ്‌ - താന്‍ പുറപ്പെട്ടേടത്തെ വളവും വെള്ളവും. വേരുകള്‍ അവിടെത്തന്നെ.

പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും മാത്രമല്ല സപ്‌തസാഗരങ്ങള്‍ നീന്തിയും വികസിക്കുന്ന കേരളീ യതയുടെ നിദര്‍ശനങ്ങളായ ഈ കഥകള്‍ക്ക്‌ അവ അര്‍ഹിക്കുന്ന സ്ഥാനലബ്ധി ആശംസിക്കാം.

സി. രാധാകൃഷ്ണന്‍,

ചമ്രവട്ടം
29. 08. 2004

വിശ്വാസങ്ങള്‍

പാഞ്ചുവിന്റെ കഴുത്തില്‍ മിന്നുകെട്ടുംമുമ്പ്‌ നാട്ടാര്‍ക്ക്‌ താനൊരു കള്ളനായിരുന്നു. ഏട്ടന്റെ ഭാര്യയെ വെച്ച്നടക്കുന്ന ചെത്തുകാരന്‍ ചാത്തുവിന്റെ പല്ലുന്തിയ ഇളയ മകന്‍ ഗോവൂട്ടി പോലും വിളിക്കുമായിരുന്നു- കളളന്താമു.

സൃഷ്ടികര്‍ത്താവ്‌ തന്നത്‌ ഇരുട്ടില്‍ കലക്കിത്തേച്ച നിറമാണ്‌. തിരണ്ടിയുടെ മുഖവും. കണ്ടാലറക്കു ന്ന ആ മത്സ്യത്തിന്റെ പേര്‍കൂട്ടി ആരും വിളിച്ചില്ല. തന്റെ ചെയ്‌തികളിലെ അസഭ്യതകള്‍ക്കുനേരെ തിരിഞ്ഞ്‌ അവര്‍ കാര്‍ക്കിച്ചു തുപ്പി.

മുള്ളന്‍മീന്‍ വട്ടത്തില്‍ ചെന്നിയിലുള്ള വലിയ പാട്‌ ചെത്തുകാരന്‍ ചാത്തുവേല്‍പ്പിച്ചതാണ്‌...

നയ്പ്പ്‌ കഴിഞ്ഞ്‌ ഓടം കരയ്ക്കടുപ്പിച്ചത്‌ രാത്രിയായിരുന്നു. മുമ്പില്‍നിന്ന്‌ കണ്ണില്‍ കുത്തിയാല്‍ അറി യില്ല. കൂരാക്കൂ രിരുട്ട്‌. വല നനക്കാതെയുള്ള വരവും. ഓടം കരക്കുകേററി വലയും, തട്ടും(1), സാമാനങ്ങളും എടുത്തുവെച്ച്‌ ഓരോരുത്തനും അവനവന്റെ പാട്ടിന്‌ പോയി. അവര്‍ക്കൊക്കെ ചായയും തിന്നാനുള്ളതും കിട്ടന്‍ കടംകൊടുക്കും. കള്ളനായ തന്നെമാത്രം അവനന്ന്‌ വിശ്വാസമായി രുന്നില്ല.

കൊടല്‌ കരിയുന്നുണ്ട്‌. ആലോചിച്ച്നോക്കിയപ്പോള്‍ ഒരേയൊരു വഴി. നേരെ ശവപ്പറമ്പിലേക്കു തന്നെ വെച്ചടിച്ചു.

ഉക്കത്തെ പിച്ചാത്തിയെടുത്ത്‌ മൂന്ന്‌ മൂത്ത ഇളന്നര്‍നോക്കി വെട്ടിയെടുത്തു. ദൈവംതമ്പുരാന് ‍പോലും അറിയാത്ത കയററവും ഇറക്കവും. തെങ്ങിന്റെ കുണ്ടവിട്ട്‌ നാലടി നടന്നപ്പോള്‍ തിക്കോ ടിമുനമ്പത്തുനിന്ന്‌ വീശുന്ന വിളക്കിന്റെ വെല്‍ച്ചം പൊലെ കണ്ണു‍ മങ്ങിപ്പിക്കുന്ന ഒരു ടോര്‍ച്ചടി! ഇളന്നറ്‌ മൂന്നും നിലത്തിട്ട്‌ ഓടാന്‍ തുടങ്ങുമ്പോഴേക്കും തലയുടെ ഇടഭാഗത്തായി കനത്തിലൊന്ന്‌ വീണു. തണ്ട്മുറി(2)കൊണ്ട്‌ അടിച്ചപോലെ!

ചാത്തുവിന്റെ നാലുകട്ടയുടെ ടോര്‍ച്ച്‌ ചതഞ്ഞപ്പോള്‍ തന്റെ ഇടത്തേ ചെന്നി കലങ്ങി. തടിയുടെ മിടുക്ക്കൊണ്ട്‌ ഒരു മയക്കംപോലും ഉണ്ടായില്ല. അന്നൊക്കെ ഏടി(3)യുടെ ഊക്കുണ്ടായിരുന്നു!

തിരിഞ്ഞുംമറിഞ്ഞും നോക്കാതെ ഓടി. നായ്ക്കള്‍ കൂട്ടംകൂടി കുരച്ചു. കൈവള്ളയില്‍ ഓരുവെള്ളം(4) കോരിയെടുത്ത്‌ മുറിപ്പാട്‌ അമര്‍ത്തിക്കഴുകി. മുളകുവെള്ളം തളി‍ച്ചതുപോലെ അവിടെ എരി ഞ്ഞു. വയററില്‍ മറെറാരെരിച്ചലും.

കാട്ടിയത്‌ വല്യ മഠയത്തരമായിപ്പോയി. കിട്ടിയ ഇളന്നറ്‌ കളയണ്ടായിരുന്നു. ചുടല കാക്കാന്‍വേ ണ്ടിയാണോ ജന്‍മി ഈ ചെത്തുകാരനെ ഇവിടെത്തന്നെ കുടിയിരുത്തിയത്‌? കാലന്‍!

പുരയില്‍ പോയി. വാതിലടച്ച്‌ എല്ലാരും ഉറക്കമായി. കള്ളനായ തന്നെ ആരും കാത്തിരിക്കാറില്ല. പെററ തള്ളപോലും! ഇറയത്തെ തിണ്ണയില്‍ വെച്ചുമറന്ന വാലുള്ള ഓട്ടുകിണ്ടിയിലെ തണുത്ത വെള്ളം മുഴുവനും അമൃത്പോലെ വലിച്ച്കുടിച്ച്‌ കടപ്പുറത്തെ പൂഴിയില്‍ചെന്ന്‌ ചുരുണ്ട്‌ കിടന്നു. തന്റെ ഇത്തരം പ്രവൃത്തികളി‍ല്‍ തനിക്കൊരു ചുക്കും നഷ്ടപ്പെടാനുണ്ടായില്ല. നഷ്ടപ്പെട്ടത്‌ വീട്ടുകാര്‍ക്ക്‌ അവര്‍ വെച്ച്പുലര്‍ത്തിയ വലിയൊരഭിമാനമായിരുന്നു. ജീവിതക്‌ളേശങ്ങല്‍ല്‍നിന്നും ഒല്‍ച്ചോടാന്‍ താന്‍ കണ്ട കുറുക്കുവഴി കള്‍, പക്ഷെ, മലിനങ്ങളായിപ്പോയി. ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നാറുണ്ട്‌...

ചോനമ്പര്‍ത്തെ വളവ്‌തിരിഞ്ഞപ്പോള്‍ ചായക്കാരന്‍ കിട്ടന്റെ വെളുവെളെവെളുത്ത ആട്ടുങ്കുട്ടി മുമ്പില്‍. ചുററുംനോക്കി വാരിയിങ്ങെടുത്തു. കരയാന്‍വേണ്ടിത്തുറന്ന വായ വലത്തെ കൈകൊ ണ്ട്‌ അടക്കിപ്പിടിച്ചു. അങ്ങാടിനിരത്തിന്നുള്ള വഴി എത്തുമ്പോഴേക്കും അതാ വരുന്നു പണ്ടാരം കിട്ടന്‍ എതിരെ! വഴിമാറിഓടാനുളള തക്കം കാണാതെയുള്ള തന്റെ പരുങ്ങല്‍ കണ്ടഉടനെ കിട്ടന്‍ ക്ഷോഭിക്കാതെ പറഞ്ഞു: "ബാ, ഇങ്ങ്‌ പോര്‌‌. ആട്ടിന അങ്ങന്നെ അടക്കിപ്പിടിച്ചോ. ചായവേണങ്കില്‌ അങ്ങെത്തീററര വീത്തിത്തെര."

തലതാഴ്ത്തി കിട്ടന്റെകൂടെ തിരിഞ്ഞുനടന്നു. ചരല്‍നിറഞ്ഞ നിലത്ത്‌ കാലടികള്‍ അമര്‍ത്തി മുമ്പോട്ട്‌ നടക്കുമ്പോള്‍ ചിന്തിക്കുകയായിരുന്നു: 'ഒര്‌ ശീലായിട്ടിപ്പുത്തി ബളര്‍ന്ന്പോയ്‌‌. ഒടേതമ്പുരാന്‍ ബിജാരിച്ചാലും ഇനീത്‌ നിര്‍ത്താങ്കയ്യൂല്ല!'

തണ്ടും ചുക്കാനും പായയും മററും കട്ട്‌ തയ്യിക്കടപ്പുറത്തും തലായ്ക്കടപ്പുറത്തും ചെന്ന്‌ കിട്ടിയ വിലക്ക്‌ വിററു. ആദ്യമൊക്കെ വലക്കാരന്‍മാര്‍(5) ആരെങ്കിലും വല്ലതുംതന്ന്‌ തന്റെ കളവ്‌ മുതല്‍ വാങ്ങിയെങ്കിലും തന്നെപ്പററി പിന്നീടറിഞ്ഞവരാരും കള്ളന്‌ ചൂട്ട്പിടിക്കാന്‍ നിന്നില്ല. രണ്ട്‌തവണ കണ്ണൂര്‍ജയിലില്‍ കിടന്നു. മൂന്നുമാസം ഒരിക്കലും ആറുമാസം മറെറാരിക്കലും. ഗോപാലന്‍മാസ്‌ററ രുടെ വാച്ച്‌ കട്ട്‌ വിററതിന്‌ ആദ്യം ജയിലിലിരുന്നു. ചന്തുഗുമസ്‌തന്റെ കോളേജില്‍ പോകുന്ന മൂത്ത മോള്‍ ഗൌരിയെ കടന്നുപിടിച്ച കേസിലാണ്‌ രണ്ടാമത്‌ ജയിലില്‍ കിടന്നത്‌. ഒററമുകിലിലൂരി ക്കുത്തി വരുന്ന തിരുതമീന്‍ പോലെ കുണുങ്ങിക്കുണുങ്ങി വന്ന ആ കൊഴുത്ത പെണ്ണിനെ തനിച്ച്‌ കണ്ടപ്പോള്‍ മത്ത്പിടിച്ചു. മൂന്നെണ്ണുംമുമ്പ്‌ ബീച്ച്‌(6) കഴിഞ്ഞു. വാരിയങ്ങ്‌ പിടിച്ചു. തന്റെ നെറികേ ടില്‍ കടപ്പുറം നാറിയപ്പോള്‍ നാട്ടുകാര്‍ ഒരു വഴികണ്ടെത്തി. വടക്കനമ്പുവിന്റെ മകള്‍ പാഞ്ചു വിന്റെ കഴുത്തില്‍ തന്നെക്കൊണ്ട്‌ മിന്ന്‌ കെട്ടിച്ചു. കണ്ണിന്‌ കുറച്ച്‌ തെററുണ്ടെങ്കിലും പാഞ്ചു മൊഞ്ചത്തി തന്നെയാണ്‌. അവള്‍ക്ക്‌ തന്നെ ഇഷ്ടപ്പെട്ടുവോ ഇല്ലയോ എന്നതിനെപ്പററി ചിന്തിക്കാ നേ പോയില്ല. കടപ്പുറത്തെ തലമൂത്ത നാട്ടുമുഖ്യന്‍മാരുടെ ഏറ്‌ കുറിക്ക്‌തന്നെ കൊണ്ടു. കളളന്താ മു മര്യാദക്കാരനായി: "കാക്ക മലന്ന്വറക്കാന്തൊടങ്ങി!"

അന്നൊക്കെ തന്നെയിട്ട്‌ നാട്ടുകാര്‍ പകിട കളി‍ക്കുമായിരുന്നു. ഒരിക്കല്‍ വല്ല്യാത്തെ ഉത്തമന്‍ പറഞ്ഞു: "ദാമൂ, നെന്റെ മോത്തിന്‌(7) നെന്റെ പൊരിഗം(8) ചേര്‍ച്ചേയില്ല. അതങ്ങ്‌ വടിച്ച്യള. "പറഞ്ഞത്‌ കാര്യമാക്കി അനിയന്‍ ഭാസ്കരന്റെ ബ്ലേഡെടുത്ത്‌ പുരികം പറെറവടിച്ചു. കടപ്പുറത്ത്‌ കാല്‌വെച്ചപ്പോഴേക്കും കൂക്കുവിളിയും ചിരിയുമായിട്ട്‌ തന്റെ ഉളുപ്പ്‌ കെടുത്തി. നില്‍ക്കപ്പൊറുതി കെട്ടപ്പോഴാണ്‌ നാട്‌വിട്ടത്‌.

അമ്മ മരിച്ച വിവരം ഉള്ളാലെ അറിഞ്ഞിട്ടും കുറേക്കാലത്തേക്ക്‌ കടപ്പുറത്ത്‌ കാല്‍കുത്തിയില്ല. ഒടുക്കം തിരിച്ചെത്തിയപ്പോള്‍ പാഞ്ചുവെ മുമ്പില്‍വെച്ചുകൊണ്ട്‌ വേണ്ടപ്പെട്ടവര്‍ സ്വീകരിച്ചു. കൊതിച്ചു. പക്ഷെ, മൂന്നുവര്‍ഷം കഴിഞ്ഞിട്ടും, പാഞ്ചുവിന്റെ വയര്‍ ഉന്തിക്കണ്ടില്ല. തെങ്ങിന്‍ത ണല്‍ വീണപ്പോള്‍ ഒവ്വും(9), കല്ലും(10) എടുത്ത്‌ വെയിലുള്ളിടത്തേക്ക്‌ മാററിയിടുന്നത്‌ തെങ്ങുംചാരി നോക്കിനില്‍ക്കെ ശങ്കു കളിയാക്കിപ്പറഞ്ഞു: "എഡാ ദാമുവേയ്‌, അറിയൂല്ലെങ്കിലിങ്ങ്‌ പറഞ്ഞോ. മൂന്ന്‌ കൊല്ലോന്നും മക്കളോണ്ടാക്കാമ്പേണ്ട. കയ്യൂലെങ്കി പണീങ്ങ്‌ വിട്ട്‌താ. കാണിച്ച്യേരാ..."

"പോഡാ! നായിന്റെമോന്റെമോനെ..." ബലമുള്ള ഒരു ഒവ്വെടുത്ത്‌ ശങ്കുവിന്റെ പള്ളക്ക്നോക്കി ഒന്ന്‌ കാച്ചിക്കൊടുത്തു. ബഢ്വന്‍! 'ഇതൊന്നും ഭഗൊതി കേക്കാണ്ടിരിക്കൂല്ല...' നിവര്‍ന്നുനിന്ന്‌ നെടുവീര്‍പ്പിട്ടു.

അടുത്ത തുലാമാസം ആദിക്കുതന്നെ പാഞ്ചു പെററു. പാഞ്ചു വെളുത്തിട്ടാണല്ലൊ. താന്‍ കറുത്തും. രണ്ടും കൂട്ടിക്കലക്കിയാല്‍ കുഞ്ഞിന്റെ നിറമായി. മൊഞ്ചില്ലാന്ന്‌ നാട്ടുകാര്‍ പറഞ്ഞോ ട്ടെ. ഓന്‌ ബേണ്ടത്ര മൊഞ്ച്‌ ഓനുണ്ട്‌. പാഞ്ചുവിന്റേത്‌ പോലെ കണ്ണുകകള്‍ നിലക്ക്‌ ഇല്ലെന്നേ യുള്ളൂ. സാരോല്ല. തനിക്കൊരു മകനുണ്ടായി.

ഇല്ല. അവനെ ഒരിക്കലും ഒരു കള്ളനായി വളര്‍ത്തിയെടുക്കില്ല. ഒരു മുക്കുവന്റെ മകനായി നെറി യോടെ അവന്‍ വളരട്ടെ. അച്ഛന്റെ കൊള്ളരുതാത്ത ചെയ്‌തികളെക്കുറിച്ചുള്ള അപവാദങ്ങളുടെ അപസ്വരങ്ങളൊന്നും അവന്റെ ഇളയ ചെവിയില്‍ എത്താതിരുന്നാല്‍ മാത്രം മതിയെന്ന്‌ മനസ്സ്‌ കൊതിച്ചു. കൊള്ളാവുന്ന ഒരു പേരിട്ടു: വാസു.ഞണ്ടിന്‍മാളം മാന്തിമാന്തി മഞ്ഞക്കൊറുക്കന്‍ ഞണ്ടിനെ പിടിച്ച്‌ മററു കുട്ടികളോടൊപ്പം അവനും കടപ്പുറത്ത്‌ കളിച്ചു. ഓടം കൊള്ളാനുള്ള(11) തള്ളി(12) മണ്ണിന്റെ കുതി(13) കൂട്ടിയതിന്‍മേല്‍ കേററിനിറുത്തി മററുള്ളോരോടൊപ്പം തള്ളിയുടെ തലപ്പത്തിരുന്നാടി. താഴെക്കടപ്പുറത്തെ നനഞ്ഞമണ്ണ്‌ കൂട്ടി കോട്ട കെട്ടി. മുതിര്‍ന്നകുട്ടികളുടെ തലപ്പ ന്ത്കളി നോക്കി രസിച്ചും ചുള്ളിയും കോലും കല്‍ക്കുമ്പോള്‍ അവര്‍ക്ക്‌ ചുള്ളി പെറുക്കിക്കൊടു ത്തും കടല്‍കാക്കകളെ തുരത്തിക്കൊണ്ട്‌ ഓടിനടന്നും വാസു വളര്‍ന്നു...

-വളര്‍ന്ന്‌ വലുതായി. തണ്ടും ചുക്കാനും തോളില്‍കേററി നടക്കുമ്പോള്‍ പിന്നാലെ തന്റെ തലക്കുട യുമായി വാസു നടന്നുവരുമ്പോള്‍ നാട്ടുകാര്‍ വിളിച്ചുപറയുമായിരുന്നു: "ഇതാരെടാ ചോട്ടാദാമു വാ? ഓനോന്റെ അച്ഛനെ പൊറത്തെടുക്കും. നോയ്ക്കോ!"

-അവന്റെ വളര്‍ച്ച അത്ര പെട്ടെന്നായിരുന്നു!

എന്നാല്‍, കടല്‍കാക്കയെപ്പോലെ എന്നും കടപ്പുറത്ത്‌ അലഞ്ഞുതിരിയാന്‍ വാസുവെ സമ്മതിക്കരു ത്‌. മുക്കുവനായ തന്റെ ഒരേയൊരാഗ്രഹം. കണ്ട പീറപ്പിള്ളേരുമായി നടന്ന്‌ തെറിപറഞ്ഞ്‌ നടക്കാ ന്‍വേണ്ടി മാത്രം തന്റെ മകനെ അനുവദിച്ചുകൂടാ. അടുത്തോല്ലം ഉസ്ക്കോളി പോണ്ടോനാ.

ഇത്തിളും കവിടിയും പെറുക്കി തന്റെ സമ്പാദ്യം വാസു എണ്ണിക്കൂട്ടുമ്പോള്‍ കിട്ടുമരക്കാന്റെ മോന്‍ സദാശിവന്‍ ചന്തമുള്ള രണ്ടിത്തിള്‍ വാരിയെടുത്തു.

"കൊണ്ടാ നായിന്റെ മോനേ!" വാസു പിടഞ്ഞെണീററു. തൊട്ടുപിന്നിലിരുന്ന്‌ ഐലക്കൊല്ലി(14)യുടെ പൊരം(15) ശരിപ്പെടുത്തിക്കൊണ്ടിരുന്ന തന്റെ ചെവിക്കകത്ത്‌ അതൊരു ചാട്ടുളിപോലെ പതി ഞ്ഞു. വരച്ച വര മാച്ചുകൊണ്ട്‌ അവന്‍ നടത്തം തുടങ്ങിക്കഴിഞ്ഞു. തഴമ്പുള്ള കൈ നിവര്‍ത്തി പിരടിക്കൊന്നു കൊടുത്തു.

"ഉയ്യച്ഛാ..." കൈപ്പിടിയിലൊതുക്കിയ നിറമുള്ള കവിടികള്‍ വലിച്ചെറിഞ്ഞ്‌ വെളുത്തപൂഴിത്തട്ടില്‍ മുഖം ചേര്‍ത്ത്‌ വാസു കരഞ്ഞു.

അടിച്ച്‌ കൈവലിച്ചിട്ടേയുള്ളു. മനസ്സു രുകി.

"ഇങ്ങട്ട്‌ വാ, ചെയ്ത്താനേ..." വാരിയെടുത്ത്‌ കൈത്തണ്ടയിലിരുത്തി. മുഖത്തും തലമുടിയിലും കണ്ണീരിഴുകി പററിച്ചേര്‍ന്ന തടിച്ച മണല്‍ത്തരികള്‍ തട്ടിക്കളയാന്‍ സമ്മതിക്കാതെ അവന്‍ ശാഠ്യത്തോടെ കൈ തട്ടി. ബോധപൂര്‍വം അവനെ അടിക്കേണ്ടിവന്ന ഒരേയൊരു സന്ദര്‍ഭം.

'ഓഞ്ചെറ്യ ചെക്കന്‍,(16) എന്തറിയാന്‍? ഓനത്തല്യെ നെന്റെ പ്രാന്ത്‌!' മനസ്സ്‌ സ്വയം ചൊടിച്ചു. കിട്ടിയ മീന്‍ചെളുക്കയും മുള്ളും കൊക്കിലൊതുക്കി കൂടടങ്ങാന്‍ പറന്നുപോകുന്ന കാക്കകളും വിളിച്ചുപറഞ്ഞു: 'പ്രാന്ത്‌...പ്രാന്ത്‌...'

കിട്ടന്റെ ചായപ്പീടികയിലിരുത്തി ചായയുംകൊള്ളിക്കിഴങ്ങും വാങ്ങിക്കൊടുത്ത്‌ അവന്റെ കരച്ചി ലടക്കി. വിവരം പാഞ്ചുവെ അറിയിച്ചില്ല. അറിഞ്ഞാലവള്‍ കലഹിക്കും. ഒരാഴ്ചത്തേക്ക്‌ അവള്‍ പിന്നെ മിണ്ടില്ല. വീട്ടില്‍ ചെന്നഉടനെ പാഞ്ചുവെക്കൊണ്ട്‌ അവന്റെ കാലും മുഖവും കഴുകിപ്പി ച്ചു. എന്നിട്ട്‌ ഭഗവതിയുടെ വിഗ്രഹത്തിന്നു മുമ്പിലിരുത്തി അവനെക്കൊണ്ട്‌ തൊഴുവിപ്പിച്ചു. കുട്ടികളുടെ വിളി ഭഗവതി വേഗത്തില്‍ കേള്‍ക്കും.

കൊച്ചു കൈകളുയര്‍ത്തി വാസു ഭഗവതിയെ തൊഴുത്‌ പറഞ്ഞു: "തമ്പാട്ടീ, കാക്കണേ... മിമ്മിം ചോറും17) തെരണേ..."

കൊച്ചായിരുന്നപ്പോള്‍ താനും ഇതേ വാക്കുകള്‍ കൂട്ടിച്ചൊല്ലി‌ ഭഗവതിയോട്‌ കേണിട്ടുണ്ടായിരുന്നു. ആണ്ടുകളായിട്ടത്‌ തുടരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ്‌ തിരിഞ്ഞ മകനെ വാരിപ്പുണര്‍ന്നു: "വാടാ, മോനേ, അച്ഛന്റെ പൊന്നുങ്കട്ട!" തന്റേതു മാത്രമല്ല; അവളുടേതും.

വാസുവിന്ന്‌ അന്നൊരു മേക്കാച്ചലുള്ളതു പോലെ(18) തോന്നിയതായിരുന്നു. "ഓനിന്നൊന്നും കൊടു ക്കണ്ട. ഒര്യേരത്തെ പഷ്ണി നല്ലതാ. വേറുമ്പയററി കെടക്കട്ട്‌." പാഞ്ചു താക്കീത്‌ തന്നു. "പാഞ്ച്വേ, നെന്റെ തലേല്‌വെറും ചേറാ, കടലിഞ്ചേറ്‌! രാത്രി പഷ്ണിക്കിട്ടാ ഒര്‌ പ്രാവിന്റെ റച്ചി കൊറേംന്നാ സാസ്‌ത്രം." പ്രതിഷേധിച്ചു. "നെന്റെ പേട്യങ്ങ്‌ കള. ഓനൊന്നൂല്ല. ഭഗോതീളളപ്പൊ ഒരുണിലുങ്കൂടി ഓന്റെ മേത്ത്‌ പൊന്തൂല്ല."

"എന്നുമ്പെച്ച്‌ അരുതായ്മ(19) കണ്ടില്ലാന്ന്‌ വെക്ക്വേ?"

"മണ്ണുങ്കല്ലുംതിരിയാത്ത നീ മുണ്ടാണ്ടിരിയെണേ, പൊരിച്ചോത്തി(20) കൂട്ടാണ്ട്‌ കൊറച്ച്‌ ഒണക്കച്ചോ റെങ്കിലും നീ ഓന്‌ വാരിക്കൊട്‌."

"അത്ര നിര്‍ബന്തോണ്ടെങ്കിക്കൊര്‍ച്ച്‌ കഞ്ഞ്യോട്ക്കാ. പാറലരീട്ട്‌ കൊര്‍ച്ച്‌ കഞ്ഞി." "നീയെന്താച്ചാലങ്ങാക്കൂട്‌. ഓന്റെ കൊടല്‌ പഷ്ണിക്കിടാന്‍ ഞാന്തമ്മേക്ക്വേല്ല."

കഞ്ഞിയുംകുടിച്ച്‌ വാസു ഉറങ്ങി. പിറേറന്ന്‌ പനി കൂടുകയാണുണ്ടായത്‌. ചികിത്സക്ക്‌ മീത്തലെപ്പീ ട്യേലെ രാമന്‍വൈദ്യരെ വിളിച്ചുകൊണ്ടുവന്നു. ഗുളികയും കഷായവും കൊണ്ടുവന്ന്‌ ബലം പ്ര യോഗിച്ച്‌ അവനെക്കൊണ്ട്‌ കഴിപ്പിച്ചു. പക്ഷെ, ദിവസം കഴിയുന്തോറും വാസുവിന്‌ ദീനം കൂടിയതല്ലാതെ കുറഞ്ഞുകണ്ടില്ല.

"പെസറത്ത്‌ ഓടത്തിക്കേറി ദെവസംമുഴ്‌വേനും ചെക്കന്‍ കളിച്ച്‌. കണ്ടാലിങ്ങ്‌ കൂട്ടിക്കൊണ്ട്വര ണ്ടേ?" അവള്‍ പരിഭവിച്ചു.

"അറിയായ്നെങ്കീ നെനക്ക്‌തെന്നെയിങ്ങ്‌ കൂട്ടിക്കൂടയ്നോ?" കുട്ടികള്‍ മഴയത്ത്‌ കളിക്കും. അവര്‍ക്കൊ രു രസം. ആരെയും കുററം പറഞ്ഞിട്ട്‌ കാര്യമില്ല.

"മ്മക്ക്‌ര്‌ കണ്ണേറ്‌ കയ്ച്ചോക്ക്യാലോ?" പാഞ്ചു തന്നോടാലോചിച്ചു.

"കയ്ക്കാ. കയ്ക്ക്ന്നേനക്കൊണ്ടൊന്നൂല്ല. പക്കേങ്കില്‌ ഇച്ചിരി പാര്‍ക്കട്ട്‌.

" കുറച്ചുപ്പും മുളകും വാരി മുഷ്ടിയിലടക്കി പാഞ്ചു വന്നു. കരയിലിട്ട ഉടുമ്പ്മീന്‍ പോലെ പായയോട്‌ പററിക്കിടന്ന്‌ 'നെടുഞ്ചാതം' കഴിക്കുന്ന വാസുവിനെ മൂന്നുവട്ടം അടിമുടി ഉഴിഞ്ഞ്‌ കത്തുന്ന അടുപ്പത്ത്‌ കൊണ്ടുചെന്നിട്ടു- "അവക്കണ്ണെല്ലം പൊട്ടിത്തെറിച്ച്പോണേ...!"

ഇറക്കത്തിന്നുപകരം ഏററമാണ്‌ കണ്ടത്‌. രാത്രിമുഴുക്കെ അവന്‍ മരണവെപ്രാളം കാട്ടി. പാഞ്ചു വും താനും പോളചിമ്മാതെ നേരംവെളുക്കുവോളം പായ്ത്തലയിലിരുന്ന്‌ കരഞ്ഞു. കുലദൈവമായ ചീറുമ്പത്തമ്പുരാട്ട്യമ്മക്ക്‌ പൊന്നിന്റെ ഒരുരൂപം നേര്‍ന്നു:

"കടോത്ത്‌(21) വാഴണ കെട്ടുമ്പൊര്‍ത്തെ ഭഗൊത്യേയ്‌, അട്യങ്ങള്‍ടെ ഈ ഏളപ്പൈതലിനെ സൂക്കേട്ന്ന്‌ കൈ കൊടുത്ത്‌ കരകേററ്യാല്‌ അട്യങ്ങളാല്‍ക്കഴീന്നൊര്‌ നേര്‍ച്ച പൊന്നുന്തകിടോണ്ടൊര്‌ രൂപാ യിട്ട്‌ നേരാന്‍ കയ്യേല്‍ക്ക്യാണേ..."

കട്ടച്ചുമരിന്റെ ഓരത്തെവിടെയോനിന്ന്‌ മണ്ണട്ട നിര്‍ത്താതെ കരയുന്നു. ഒരിക്കലും ശ്ര്ദ്ധിക്കപ്പെടാ ത്ത, കരയിലേക്കടിച്ചുകയറുന്ന, തിരയുടെ ശബ്ദം ചെവിക്കകത്തിരമ്പുന്നു. പള്ളിയറയിലെ ആല്‍മര ത്തില്‍ ചേക്ക്കുത്തി തൂങ്ങിനില്‍ക്കുന്ന വാവലുകള്‍ കൂട്ടംകൂടി ഒച്ചവെക്കുന്നു.

"പപ്പൂനക്കൂട്ടണ്ട... കൊക്കോട്ടിത്ര കോളോട്ടിത്ര..."(22) വാസുവിന്റെ പിച്ചുംപേയും.

കരള്‍ തരിച്ചു. തങ്ങളുടെ പിടിയില്‍നിന്നും അവന്‍ വഴുതുകയാണോ? കയ്യയയുന്നു. പിടിവിട്ടുകൂ ടാ... നടുവകത്തുവെച്ച പടവാളേന്തി, നാവുന്തിനില്‍ക്കുന്ന ഭഗവതിയുടെ ബിംബത്തിന്നു മുമ്പില്‍ കമിഴ്ന്ന്‌ വീണ്‌ മകന്റെ ജീവന്നുവേണ്ടി താണു കേണു. കുലുങ്ങിക്കുലുങ്ങി കരഞ്ഞു.

വിളി കേട്ടു! നേരം പുലര്‍ന്നപ്പോഴേക്കും വാസുവിന്റെ അരുതായ്മക്ക്‌ ശമനംകണ്ടു. കനിവുള്ള ചീറുമ്പ തന്റെ കെട്ടുമ്പുറത്തെ പൈതങ്ങളെ തള്ളാറില്ല. ഭാരംതിങ്ങിയ ജീവിതത്തില്‍ ഏഴകളെ പോ‍ലെ തൂങ്ങിനിന്നാടുന്ന മുക്കുവസന്താനങ്ങള്‍ അലറി വരുന്ന പെസറിലും കോളിലും അകപ്പെട്ട്‌ ചുഴിയോടൊപ്പം കറങ്ങുന്ന ഓടത്തില്‍നിന്ന്‌ കറുത്ത മാനത്ത്‌ നോക്കി മാറത്തടിച്ച്‌ കൂട്ടത്തോടെ നിലവില്‍ക്കുന്നു - "തമ്പുരാട്ട്യമ്മേ..."

ആഴത്തിന്റെ നിഗൂഢതയില്‍ നിന്ന്‌ പെട്ടെന്ന്‌ പൊന്തിവരുന്ന കടലാനയെക്കാണുമ്പോള്‍ തലക്ക്‌ കൈ വെച്ചുകൊണ്ട്‌ വിളിക്കുന്നു - "തമ്പുരാട്ട്യമ്മേ..."

ഇടവത്തില്‍ കടല്‍ ക്ഷോഭിച്ച്‌ കരയില്‍ കമിഴ്ത്തിയ വള്ളങ്ങളേയും വലിച്ച്‌ കരുത്തന്‍ തിരമാലകള്‍ വലിയുമ്പോള്‍ ശൂന്യതയിലേക്ക്‌ കൈകള്‍ വീശി വിളിക്കുന്നു - "തമ്പുരാട്ട്യമ്മേ..."

ശക്‌തിയായ കടക്കാററില്‍ ചെററക്കുടിലുകള്‍ കുലുങ്ങുമ്പോഴും നെഞ്ചത്തടിയോടൊപ്പം അവ യ്ക്കുള്ളില്‍നിന്ന്‌ ഉയരുന്ന ശബ്ദവും മറെറാന്നല്ല - "തമ്പുരാട്ട്യമ്മേ..."

തങ്ങളുടെ ആപത്തില്‍ നിന്നും രക്ഷനല്‍കുവാന്‍ കരുത്തുള്ള ഒരേയൊരു കൈ. ആ വലിയ ചിറകു കള്‍ക്കുകീഴില്‍ കടവത്തെ പൈതങ്ങള്‍ വിശ്രമിക്കുന്നു. അഭയം തേടുന്നു. കണ്ണ്‌തുറന്ന്‌ കിടക്കുന്ന വാസുവെക്കണ്ടപ്പോള്‍ ആശ്വാസത്തോടെ നീട്ടിവിളിച്ചു- "ന്റെ പൊന്നുതമ്പുരാട്ട്യമ്മേ..."

വാസു മൂന്ന്‌ കുളിച്ചു. ഓടിച്ചാടിക്കളി‍ക്കാനാവാഞ്ഞ്‌ പലയിട്ട്‌ ചെക്കന്‍ കുത്തിയിരുന്നു. മോനെ മേലോടെ ഒന്ന്‌ കുടഞ്ഞിട്ടാണ്‌ പണ്ഡാരം സന്നി തലവലിഞ്ഞത്‌. ഒരു ബാദ്ധ്യതയുണ്ട്‌. കഴിയുന്നതും വേഗം അതങ്ങ്‌ തീര്‍ക്കണം. തങ്കത്തിന്റെ ഒരു രൂപം. ഭഗവതിയെ പ്രീതിപ്പെടുത്തിയിട്ടുവേണം... ഒററ ഒരേട്ടക്കോര്‌ മതി. കാര്യം ഭംഗിയോടെ കഴിയും.

പക്ഷെ, ഒന്ന്‌രണ്ട്‌ മാസത്തേക്ക്‌ കടലമ്മ കനിഞ്ഞില്ല.

താന്‍ മകന്റെപേര്‍ക്ക്‌ നേര്‍ച്ച നേര്‍ന്ന വിവരം അറിഞ്ഞപ്പോള്‍ അരവിന്ദന്‍മാസ്‌ററര്‍ ചിരിച്ചു. എന്നിട്ട്‌ പറഞ്ഞു: "ദാമൂ, ഞാന്‍ നിന്നോടൊന്ന്‌ ചോദിച്ചോട്ടേ?"


"ഓ റെഡി ചോയ്ച്ചോ..."

മാഷ്‌ ചോദിച്ചു: "ഞാന്‍ നിനക്കൊരു സാധനം സമ്മാനം തരികയാണെന്ന്‌വെച്ചോ, അതേ സാധനംതന്നെ സമ്മാനമായി നീ മറെറാരിക്കല്‍ എനിക്ക്‌ തിരിച്ച്‌തന്നാല്‍ ഞാന്‍ തൃപ്‌തിപ്പെടുമോ?" "ഇല്ല."

"ഇപ്പണവും, പൊന്നും, ആഹാരവുംമററും നിനക്കാരാ തരുന്നത്‌? പറയ്‌."

"ഭഗോതി."

"സമ്മതിച്ചോ?"

"സെരി, തമ്മേച്ച്‌."

"എന്നാപ്പിന്ന, ആ പൊന്ന്‌തന്നെ തിരിച്ചുകൊടുത്ത്‌ ദാമൂന്‌ ഭഗവതിയെ തൃപ്‌തിപ്പെടുത്താനൊ ക്ക്വോ?"

ഉത്തരം മുട്ടി. മാഷ്‌ വല്യ വീരനാ. ഒന്നൂല്ലെങ്കി കൊറേയങ്ങ്‌ പഠിച്ചേല്ലേ. പോരാണ്ടെത്ര കുട്ട്യോളെ യാ പഠിപ്പിച്ച്‌ വിട്ന്നേ! എന്നാലും അപ്പറഞ്ഞേന അങ്ങ്‌ ഞായായ്ക്കൂടാ. രണ്ട്മിനിട്ട്നിന്ന്‌ ചിന്തിച്ചപ്പോള്‍ തനിക്ക്‌ മറുപടിയുണ്ടായി:

"പക്കേങ്കില്‌ മാഷേ, ഞാങ്കൊട്ക്ക്ന്ന മുട്ടായീന്ന്‌ ഒര്യഷ്ണം പൊട്ടിച്ച്‌ എന്റെ മൊനെനക്ക്‌ തന്നാ ഞാമ്പാങ്ങൂല്ലേ? എനക്ക്‌ സന്തോസാവൂല്ലേ?"

ശരിയെന്നും പറഞ്ഞില്ല, തെറെറന്നും പറഞ്ഞില്ല. ചോനാക്കീരന്റേത്‌(23) പോലുള്ള പല്ലുകള്‍ കാട്ടി ക്കൊണ്ട്‌ മാഷ്‌ നടന്നു. പള്ളിയറയുടെ പടിപ്പുരയില്‍ ചെന്നിരുന്ന്‌ വല്യച്ഛന്‌(24)

ചവക്കാന്‍ വെററി ല കൊടുത്ത്‌ താനേററ നേര്‍ച്ചക്കാര്യത്തെക്കുറിച്ച്‌ ആദരവോടെ അറിയിച്ചു.

നടയ്ക്കല്‍ ത്തന്നെ നീട്ടി ത്തുപ്പിയിട്ട്‌ വല്യച്ഛന്‍ ഗൌരവത്തോടെ പറഞ്ഞു: "എന്നിട്ട്‌ നീയിത്രങ്ങ്‌ നീട്ട്യാ? രണ്ട്മാസത്തിലധ്യോ ന്നും നേര്‍ച്ച നീട്ടിക്കൊണ്ടോയ്ക്കൂടാ. നേര്‍ച്ചക്കാര്യംന്ന്‌ പറഞ്ഞാ നേര്‍ച്ചക്കാര്യം തെന്ന്യാ. ങ്‌ഹാ, പറഞ്ഞിററ്‌ പറഞ്ഞിററില്ലാന്നാക്കണ്ടാ!"

വിഷമം പെരുകി. പള്ളിയറനടയ്ക്കലുള്ള പീററത്തെങ്ങില്‍നിന്ന്‌ വീണ കുരൂമ(25)യെടുത്ത്‌ കയ്യില്‍ വെച്ചു. ഈര്‍ക്കിലില്‍ കുത്തി വാസു അതുകൊണ്ട്‌ കറക്കിക്കളിക്കും. പള്ളിയറപ്പറമ്പത്തെ കാലം കഴിഞ്ഞ സകല തെങ്ങുകളും വെട്ടി. നടയ്ക്കലുള്ള പീററ ഒഴികെ. അതു മാത്രം വെട്ടുവാന്‍ അക ത്തുവാഴുന്ന ഭഗവതിക്ക്‌ സമ്മതമില്ലത്രെ. പലാപ്പുറം ചിന്തിച്ചപ്പോള്‍(26) കണ്ടതാണ്‌. ഒരു വസ്‌തു വും അതില്‍നിന്ന്‌ പറിച്ചിടുകയും അരുത്‌. തനിയേയങ്ങ്‌ കൊഴിഞ്ഞ്‌ വീഴുകയാണ്‌ വേണ്ടത്‌. കൈതാട്ട്‌ ചുട്ട്കരിച്ച്‌ പരീക്കടവത്ത്‌ വന്ന്‌വാഴുന്ന ഭഗവതിയുടെ തീരുമാനം വകവെക്കാതിരിക്കാ ന്‍ ആര്‍ക്കുണ്ട്‌ ധൈര്യം?

"അമ്മേ..." നടയ്ക്കല്‍ നോക്കി തൊഴുതു സ്ഥലംവിട്ടു.

കടുപ്പത്തില്‍ ഒരു ചായയും കുടിച്ച്‌, ചെടുമുതലാളിയുടെ ഒരു വമ്പന്‍ ചുരുട്ട്‌ കൊളുത്തി വലിക്കു ന്നതിനിടയില്‍ വിഷണ്ണനായിരുന്ന്‌ ചിന്തിക്കുകയായിരുന്നു: 'എന്താപ്പം ബയി?'

രണ്ടാമത്‌ കൊളുത്തിയ ചുരുട്ട്‌ പകുതിക്ക്‌ കെട്ടപ്പോള്‍ ഒരുവഴി കണ്ടെത്തിയ ആവേശത്തോടെ കുററി വലിച്ചെറിഞ്ഞു.

'നിരീച്ചിററ്‌ അതേ ഇപ്പം ബയ്യ്ല്ളൂ... ആകമുങ്ങ്യാ കുളിരൊന്ന്‌.' പാഞ്ചുവിന്റെ താലി കലക്കി ഒരു കൊച്ചുരൂപം ഉടനെ തീര്‍ക്കുക. സംക്രാന്തിയാണ്‌ വരുന്നത്‌. ഇനിയും വെച്ചിരുന്ന്‌കൂടാ. താലി പണിത കുഞ്ഞനന്തന്‍ സെറാപ്പിനെക്കൊണ്ട്‌തന്നെ അത്‌ കലക്കിച്ചു.

ചുവന്ന പട്ടില്‍ ഭദ്രമായിപ്പൊതിഞ്ഞ ആള്‍രൂപം ചിട്ടയനുസരിച്ച്‌ വാസുവിന്റെ കൈകൊണ്ട്‌ വല്യ ചഛനെ ഏല്‍പ്പിച്ച്‌ പള്ളിയറനടയില്‍ ഏറെനേരം തൊഴുതുനിന്നു. ഉടുത്ത മുണ്ടില്‍ തെരുപ്പിടിച്ച്‌ തൊട്ടുമുമ്പില്‍ വാസുവും. മൂന്നുവട്ടം നടക്കല് ‍തൊട്ട്‌ തലക്ക്‌വെച്ച്‌ മകന്റെ കൈപിടിച്ച്‌ പള്ളിയറ വിട്ട്‌ നടന്നപ്പോള്‍ ഉറഞ്ഞുതുള്ളിയ ഭഗവതിയുടെ അരുളിപ്പാട്‌ കോരിത്തരിപ്പോടെ ഓര്‍ത്തു: 'ഞാനും എന്റ അമ്മാറും എന്റെ കുഞ്ഞിപ്പൈതലിനെ തട്ട്യകററീട്ട്ണ്ട്‌, ട്ടോ... എന്റെ കൈക്കു ള്ളില്‌ എന്റെ ഏളപ്പൈതലിനെ ഞാനെന്നും ഒതുക്കിവെക്കുന്നുണ്ട്‌... ഭയപ്പെടണ്ടാ... ഹും!'

അവസാനമായിട്ടൊന്ന്‌ തിരിഞ്ഞു നോക്കി.

മുമ്പോട്ടു നടന്നു.

ഢും!

വാസു നിലത്ത്‌വീണ്‌ പിടഞ്ഞു. വെറും രണ്ടേക്ക്‌രണ്ട്‌ പിട! പിന്നീട്‌ അനക്കമുണ്ടായില്ല. പീററയി ല്‍നിന്നും അടര്‍ന്നുവീണ ഉണക്കത്തേങ്ങ ഉരുണ്ടുരുണ്ട്‌ അരയാലിന്റെ കടക്കലോളം എത്തിയിരു ന്നു.

നേര്‍ച്ചവെച്ച്‌ പിരിഞ്ഞ തന്റെ മകനെ കൊല്ലാന്‍ ആകാശംമുട്ടിയ പീററയില്‍നിന്നും വീണ കൊല ത്തേങ്ങ! തലക്ക്‌ കീറ്‌വീണ്‌ അതില്‍കൂടി കുത്തിയൊലിക്കുന്ന ചോരകണ്ടപ്പോള്‍ നിലകിട്ടിയില്ല. ഉടുത്തമുണ്ടിന്റെ തെല്ലില്‍നിന്നും ഒരു കഷണം നീളത്തില്‍ കീറിയെടുത്ത്‌ മരിച്ച മകന്റെ തല വരിഞ്ഞുകെട്ടി. ചോരപുരണ്ട കൈകള്‍ പള്ളിയറയുടെ ചുററഴികളില്‍ അള്ളിപ്പിടിച്ച്‌ അകത്തേക്ക്‌ ഏന്തിനോക്കി.

ഉറഞ്ഞാടിയ ഭഗവതി പടിഞ്ഞാററയിലേക്ക്‌ വലിഞ്ഞുകഴിഞ്ഞു. അടഞ്ഞ വാതിലുകള്‍... ചെമ്പരത്തിപ്പൂപോലെ വിടര്‍ത്തിയ ചെങ്കുടക്കു കീഴിലെ ചുകന്ന വീരാളിപ്പട്ടുടുത്ത ഭഗവതിയുടെ ചുകന്ന നാക്ക്‌...

കാററത്ത്‌ നഗ്നനൃത്തംവെക്കുന്ന ചെന്തിരി...

ഭഗൊതിക്ക്‌ തണ്ണിത്താഹം തീര്‍ക്കാന്‍വേണ്ടിവെച്ച മൂട്ചെത്തിയ ചെന്തേങ്ങ...

തട്ടകത്തെ പീഠത്തിന്റെ വക്കില്‍വെച്ച ചോരയുടെ നിറമുള്ള കൊച്ചുപൊതി...

എല്ലാം എല്ലാം, കണ്ണില്‍ നിറഞ്ഞു കിടക്കുകയാണ്‌. പെട്ടെന്ന്‌ കൈവലിച്ചു. ഇനി നിന്നുകൂടാ. പുലയാണ്‌. ചത്തൊടുങ്ങിയ മകന്റെ പുല!

പുലകല്‍പ്പിച്ച്‌ ജപവും വന്ദനവും നിറുത്തിപ്പിരിഞ്ഞ ഊരാളന്‍മാരെ തള്ളിനീക്കിക്കൊണ്ട്‌ വാസു വേയും എടുത്തോടി. ചാണകംതേച്ച നിലത്ത്‌ മലര്‍ന്ന്‌ കിടന്നുരുളുന്ന പാഞ്ചുവെ സാന്ത്വനപ്പെടു ത്തേണ്ടത്‌ താനാണ്‌. അതിന്ന്‌ തന്റെ ഉള്ളില്‍ ഇരമ്പുന്ന കോളുകൊണ്ട കടല്‍ പദംവെച്ചിട്ടുവേ ണ്ടേ? എങ്ങും ഒരു മൈങ്ങാലിപ്പ്‌.(27) തനിക്കിനി വെളിച്ചമില്ല. മൈമ്പാണ്‌(28). ഒടുക്കത്തെ മൈമ്പ്‌! തന്റെ ജീവിതത്തില്‍ ഇനിയൊരിക്കലും ക്ലാവുള്ള(29) കടല്‍ കാണുകയില്ല.

ബരിസത്തെത്തെര(30) തായലെക്കടപ്പുറത്തെ ആമക്കല്ലിന്റെ മാറില്‍ചെന്ന്‌ ബെലസുള്ള(31) കൈവലി ച്ച്‌ അടിക്കുമ്പോള്‍ കറുകറുത്ത കല്ല്‌ മുരു മൂടിയ പുറം കാട്ടി കൂസലില്ലാതെ കുമ്പിട്ടിരിക്കുന്നു. അത്‌ വല്ലാത്ത കരുത്താണ്‌! അക്കരുത്ത്‌ മനിശനായ എനിക്ക്‌ കിട്ട്വോ? പലവുരു താന്‍ സ്വയം ചോ ദിച്ചു പോയിട്ടുള്ള ചോദ്യമാണിത്‌. വിവരം അറിയിക്കാനുള്ളവര്‍ക്കൊക്കെ ആളയച്ചു. കൂറുള്ളവര്‍ വെത്തിലപ്പൈസയുമായി(32)

വരികയും ചെയ്‌തു.

വടക്കുമ്പര്‍ത്തെ കാര്‍ണ്ണവരും മുമ്പായ കാര്‍ണ്ണവരും കടോരച്ഛന്‍മാരും കളി‍ക്കിടാവച്ഛനും മുററത്ത്‌ വട്ടത്തില്‍ പലയിട്ട്‌ ഇരുന്നു. മുറുക്കും ആലൊചനയും കഴിഞ്ഞ്‌ കടോരച്ഛന്‍ ചോദിച്ചു: "എന്നാല്‌, ചവേട്ക്കാന്‍ തമ്മേക്ക്വാ."

കാര്‍ണ്ണവന്‍മാര്‍ സമ്മതംമൂളി.

ശങ്കുവാണ്‌ ശവം പൊക്കിയെടുത്തത്‌.

കടക്കാക്കയെപ്പോലെ താന്‍ കരഞ്ഞു. "വാസൂ, എട മോനേ.., വാസൂ.., നീ പോല്ലെടാ... പോല്ലാ..."

പിടിച്ചുനിര്‍ത്താനാവാത്ത യാത്ര... മുട്ടിയുടെ ശക്‌തിയുള്ള ശങ്കുവിന്റെ നിറഞ്ഞ കണ്ണുകളിലേക്ക്‌ നോക്കിയപ്പോള്‍ താനോര്‍ത്തു: 'മൂന്ന്‌ കൊല്ലോന്നും മക്കളോണ്ടാക്കാമ്പേണ്ടടാ, കയ്യൂലെങ്കി പണീങ്ങ്‌ വിട്ട്‌താ...'

വിട്ടുകൊടുത്തു. ഉണ്ടാക്കി, ആവോലിയും ചോറും കൊടുത്ത്‌ വളര്‍ത്തിയെടുത്ത മകന്റെ ശവം.

ശേഷിച്ച ആ പുറംതൊണ്ട്‌ കയ്യിലെടുത്തപ്പോള്‍ ശങ്കു കരയുകയാണ്‌. ശോകച്ഛവിയാര്‍ന്ന മൂകതയോ ടെ കിട്ടുമരക്കാന്റെ മോന്‍ സദാശിവന്‍ അടുത്തു നിന്നു‌ നോക്കുന്നു. തട്ടിക്കൊണ്ടുപോയ നിറമുള്ള ഇത്തിളുകള്‍ കളിത്തോഴന്‌ തിരിച്ചു കൊടുക്കാത്തതിലുളള അപരാധബോധമാണോ സദാശിവനെ അലട്ടുന്നത്‌? നാളെത്തന്നെ സദാശിവന്‍ വീണ്ടും ഇത്തിളും കവിടിയും പെറുക്കാന്‍ കടപ്പുറത്തേക്ക്‌ സമാധാനത്തോടെ തിരിച്ചു ചെല്ലും. 'വലിച്ച തണ്ടും, ബെയ്ച്ച ചോറും' എന്ന്‌ പറഞ്ഞ്‌ ശങ്കു കടലി ലേക്കും. പക്ഷെ, താനോ?

എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട്‌ പാഞ്ചു നിലവിളിക്കുന്നു. മകന്റെ വേര്‍പാട്‌ അവളെ കമിഴ്ത്തിയടിച്ചു. മോന്റെ കുഴിയില്‍ മണ്ണിട്ട്‌ പാതിരാത്രികളില്‍ താന്‍ കയറിയിറങ്ങിയ തെങ്ങുകള്‍ നോക്കാതെ ശവപ്പറമ്പിന്റെ പുറത്തു കടന്നപ്പോള്‍ കടപ്പുറത്ത്‌ മണലില്‍ വീണ്‌ കിടക്കുന്ന ഉണങ്ങി യ കുരൂമകള്‍ കാലില്‍ തടഞ്ഞു. ഇനിയവ പെറുക്കേണമെന്നില്ല.

പുരയില്‍ വന്ന്‌ വാല്‍ക്കിണ്ടിയിലെ വെളളംപകര്‍ന്ന്‌ കാല്‍കഴുകി. കള്ളന്താമു സമുദായത്തില്‍ സമ്പാദിച്ച വൃത്തികെട്ട പേര്‌ മായ്ക്കുവാന്‍ ഒരു കൊച്ചുകൈ വളരുകയായിരുന്നു. പള്ളിയറ നട യ്ക്കലെ പീററയില്‍നിന്നും ഒരുണങ്ങിയ തേങ്ങ അടര്‍ന്നു വീണപ്പോള്‍ ആ കൈ അററു! പല്ല്കടി ച്ചു.

കറുത്തവാവിന്നാളിലെ കടല്‍ത്തിര പോലെ ഉയര്‍ന്നുകൊണ്ടിരുന്ന വൈരാഗ്യം ഒതുങ്ങാത്തതെന്ത്‌? അടുപ്പത്തെരിയുന്ന തീപോലെ അത്‌ പെരുകുന്നു.

വല്യ കുറുമ്പുള്ള ഭഗൊത്യാ ചീറുമ്പ! പക്കേങ്കില്‌ ആ കുറുമ്പ്‌ ആറുന്നൂറും തിരിയാത്ത ഒരേളയോട്‌ വേണയ്നോ?

കല്ലെടുത്തെറിഞ്ഞാലുങ്കൂടി ശങ്കൂന്റെ നായ്‌ കടിക്കൂല്ല. ഉള്ളാല്‍കല്‍പ്പിച്ച്‌ ഞാനോ, ന്റെ മോനോ തമ്പുരാട്ട്യോട്‌ വല്ലോം കാട്ടീട്ടില്ല...

ചിന്തകളൊന്നുംതന്നെ നേര്‍വഴിക്കു തിരിയാന്‍ കൂട്ടാക്കുന്നില്ല. തന്റെ ജീവന്റെ ജീവനായ മകന്‍ വാസു ഒരിക്കലുമൊരിക്കലുമിനി തിരിച്ചെത്തുകയില്ല എന്ന നഗ്നസത്യം തന്റെ ഹൃദയത്തില്‍ ഇടി മിന്നലേല്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍-

പിന്നെന്തേ ഈ കുറുമ്പത്തി എന്റെ മോനെ കാലോടുവാരിയടിച്ചേ??

കണ്ണുകളുരുട്ടിക്കൊണ്ട്‌ താനുററുനോക്കിയതെവിടേക്കാണ്‌? അമര്‍ഷം ചെമ്മീമ്പൊലപ്പ്പോലെ ആഴ ത്തില്‍നിന്നും നുരകുത്തി പൊന്തിവന്നു.

നേരെ കയറിച്ചെന്ന്‌ ഒരു മാററവുമില്ലാതെ അതേപടി നില്‍ക്കുന്ന ഭഗവതിയുടെ ബിംബം പൊക്കി യെടുത്തു. ദുര്‍വാശിക്കാരനായ തന്റെ ഉദ്ദേശം മനസ്സിലാക്കിയ പാഞ്ചു പിന്നാലെ ഓടിവന്ന്‌ കൈ ക്കു കടന്നു പിടിച്ചു.

"ചവിട്ടും ഞാന്‍! മാറ്‌!!" കണ്ണുരുട്ടി അലറി.

ഉമ്മറത്ത്‌ കാല്‍കഴുകാനുപയോഗിക്കുന്ന പരന്ന കരിങ്കല്ലില്‍ നാവുന്തിയ വിഗ്രഹം എറിഞ്ഞുടച്ചു! വാശിയോടെ ആകാശത്തുയര്‍ത്തി തഴമ്പുള്ള ബലിഷ്ഠങ്ങളായ കൈകള്‍ കുടഞ്ഞു - "ബീയ്യട്ട്‌ ന്റെ തലേലും ഇടി!"

കുമ്പിടാന്‍വേണ്ടി കാല്‍ക്കല്‍വീണ മകന്റെ തലയാണ്‌ വീശിയത്‌! അവന്റെ തന്തയുടെ തല ബാക്കിയാണ്‌. ഇനിയതും ഛേദിക്കപ്പെടട്ടെ.

കണ്ടവരും കേട്ടവരും അവര്‍ക്കു തോന്നിയതൊക്കെ പറയുകയാണ്‌. "ഓനും മോനും ഒന്നേയ്നും. മോന്‍ ചത്തതോടെ ഓന്റെ പിരിയെളകി. അല്ലാണ്ടെന്തായിക്കാട്ടണത്‌?"

അററം പറിഞ്ഞ പുല്ലുപായ വിരിച്ച്‌ കോലായില്‍ കിടന്നു. വല്യേട്ട മുറിക്കുന്ന കോടാലി എടുത്ത്‌ ആരെയും കാണിക്കാതെ അടുത്ത്‌വെച്ചു. കണ്ണുകള്‍ കുഴിച്ചുപൂട്ടിയപ്പോള്‍-

കണ്‍മുമ്പില്‍കൂടി മകന്‍ ഒലിച്ചൊലിച്ച്‌ പോകുകയാണ്‌. നടുക്കടലിലൊരു തുരുത്തില്‍ താനൊററപ്പെട്ട്‌ നില്‍ക്കുന്നു. തുരുത്തിന്റെ പാര്‍ശ്വങ്ങളില്‍ അടിച്ചുതിമര്‍ക്കുന്ന തിരമാലകള്‍ ഏകനായ തന്നിലേക്ക്‌ ചിതറിവീഴുന്നു. ചുണ്ടത്തു പററിയ ഉപ്പുവെള്ളം നാക്കുനീട്ടിത്തുടച്ച്‌, ഇളകിയ കടലിലേക്ക്‌ എടുത്തു ചാടി. കൈകള്‍ നീട്ടിനീട്ടി ഒഴുക്കത്ത്‌ ഒലിച്ചുപോകുന്ന വാസുവിന്റെ പിന്നാലെ നീന്തി. നീന്തിയും മുങ്ങിയും നീരൊഴുക്കില്‍ കുത്തിമറിഞ്ഞ്‌ പിടിയിലമരാത്ത മകനെ തൊട്ടുംതൊടാതെയും മുമ്പോട്ട്‌ നീങ്ങുന്നു. ഒടുവില്‍ തളര്‍ന്ന കയ്യില്‍ തടഞ്ഞ മകനെ മുറുക്കിപ്പിടിച്ചു കൊണ്ട്‌ മേലോട്ട്‌ പൊക്കി എടുത്തപ്പൊള്‍ ‍ വെള്ളം കുടിച്ച്‌ മലര്‍ത്ത വാസുവിന്റെ തടി!

"ഉയ്യെന്റെ മോനേ..." പെട്ടെന്ന്‌ ഞെട്ടി കണ്ണ്‌ തുറന്നു.

മുമ്പില്‍ കട്ടകെട്ടിയ ഇരുട്ട്‌. എല്ലാരുമുറങ്ങി. പാഞ്ചു അടക്കിപ്പിടിച്ച്‌ കരയുന്നു. നിഷ്ക്കളങ്കതയുടെ കഴുത്ത്‌ ഞെരുക്കപ്പെട്ടത്‌ നോക്കി നൊമ്പരംകൊണ്ട തള്ള ഇനിയും തേങ്ങുകയാണ്‌. ആമക്കല്ലിന്റെ പുറത്ത്‌ കരുത്തന്‍ തിരമാലകള്‍ കൈവലിച്ചടിക്കുന്നതിന്റെ ഒച്ച ഇടക്കിടെ ചെവിയില്‍ വന്നലക്കു ന്നുണ്ട്‌. എഴുനേററ്‌ പായിലിരുന്ന്‌ ചുററും നോക്കി.

കോടാലി തപ്പി.

നിലം തൊടാതെ നടന്ന്‌ പുറത്തെത്തി. വ്യഗ്രതയോടെ കാലുകള്‍ മുമ്പോട്ട്‌ നീങ്ങുകയാണ്‌. മിനുസമുള്ള വെളുത്ത മണലില്‍ കാലടികള്‍ നീട്ടിനീട്ടി നടന്നു. ഉണങ്ങിയ കുരൂമകള്‍ തടയുന്നു; കക്കകളും.

ഭീകരത തളംകെട്ടിനില്‍ക്കുന്ന പള്ളിയറയുടെ പടിപ്പുര കടക്കുമ്പോള്‍ കാററത്ത്‌ കെട്ടിയ പായത്തെ ല്ല്‌ പോലെ മേലാകെ വിറച്ചു. കണ്ണുകള്‍ പരതി. തറയില്‍ കത്തുന്ന തട്ടുകളുള്ള ഓട്ടുവിളക്കില്‍നി ന്നും ഇറങ്ങി നെയ്കുടിയന്‍ പൂച്ച വിരണ്ടോടിയപ്പോള്‍ നടുങ്ങി!

പുലര്‍ച്ചക്ക്‌ പുറംകടലിലേക്ക്‌ വീശുന്ന കരക്കാററില്‍ ഒച്ചുകണക്കെ ഇഴഞ്ഞുകയറുന്ന കുളിരുപോ ലെ ഉള്ളിലേക്ക്‌ ഒരു തരിപ്പ്‌ നുഴഞ്ഞുപൊങ്ങി. മുററത്തെ അരണ്ട വെളിച്ചത്തില്‍ ഒററപ്പെട്ട്‌ അവിടവിടെ മിന്നിമറയുന്ന കടവാതിലിന്റെ വിടര്‍ന്ന ചിറകുകള്‍ ഭീകരതയുടെ കരിനിഴല്‍ വിരി ച്ചു.

എന്തുംകല്‍പ്പിച്ച്‌ മുമ്പോട്ടുനീങ്ങി. നടയ്ക്കല്‍ കത്തുന്ന നെയ്‌വിളക്ക്‌ ഊതിക്കെടുത്തി.

മുമ്പില്‍ ഇരുട്ടിന്റെ വലിയൊരു കടല്‍.

ചോര്‍ന്നുപോയ ആവേശം ഉറഞ്ഞു കയറുകയാണ്‌.

കൈയ്യിലെ വലിയ കോടാലി ഉയര്‍ന്നു. കനമുള്ള ഓരോ വെട്ടും നടയ്ക്കലെ പീററയുടെ കടയ്ക്കല്‍ ആഞ്ഞാഞ്ഞ്‌ പതിച്ചു. പിടി മുറുകുന്നു. വെട്ടിന്റെ ശക്‌തി കൂടുന്നു. വെച്ചുകൂടാ, ഇപ്പീററ ഇനി വെച്ചുകൂടാ...

ഭയപ്പാടോടെ പടിഞ്ഞാററയിലേക്ക്‌ നോക്കി. അടച്ചിട്ട മുറിയില്‍ ഭഗോതി ഉറങ്ങുകയാണ്‌. ഉറങ്ങട്ടെ...

ആഞ്ഞുകൊത്തി. അരപ്പട്ടിണിയുമായിക്കിടന്ന്‌ ആണ്ടുകളായിട്ടൊഴുക്കിയ മുക്കോരുടെ കണ്ണീര്‌ കണ്ട്‌ നിസ്സംഗതയോടെ മിഴിച്ചു നിന്നുകൊണ്ടിരുന്ന വയസ്സന്‍തെങ്ങ്‌ മുഴക്കത്തോടെ പള്ളിയറയിലേക്ക്‌ ചരിഞ്ഞ്‌വീണു.

ഇനി നിന്നുകൂടാ. ഭഗോതി ഉണര്‍ന്നുകാണും. കൊടുവാളുമായി ഓടി...

കടപ്പുറത്തെ നേര്‍ത്ത മണ്ണില്‍ തന്റെ കാലുകള്‍ ആഴ്ന്നാഴ്ന്ന്‌ പോകുന്നതായി അപ്പോള്‍ തോന്നി. ആരോ പിന്തുടരുന്നുണ്ട്‌. അതെ, കാലടികള്‍ പുറപ്പെടുവിക്കുന്ന ചിലങ്കയുടെ ശബ്ദം തന്നെയാണത്‌.

എത്തി. അതാ... തൊട്ടു പിറകില്‍ത്തന്നെ... കടന്നുപിടിച്ചുകഴിഞ്ഞു!

"ഉയ്യെന്റമ്മോ...!"തിരമാലകളുടെ ഗര്‍ജജനത്തെ വിഴുങ്ങിക്കൊണ്ട്‌ ആ വിളി കടപ്പുറത്തെ ഇരുട്ടില്‍ കിടന്ന്‌ മുഴങ്ങി.


(1969 ല്‍ ഡല്‍ഹി ലിററററി വര്‍ക്ക്ഷോപ്പ്‌ നടത്തിയ ചെറുകഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കഥ.)

(2001 ല്‍ എ. ഐ. ടി. സി. യുടെ 12ം സംസ്ഥാന സമ്മേളനത്തിന്നനുബന്ധിച്ച്‌ നടത്തിയ ചെറുകഥാ മത്സരത്തിലും ഈ കഥ ഒന്നാം സമ്മാനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടു.)

* * * * *

(1) വലിയ കണ്ണികളായിട്ട്‌ കയറുകൊണ്ട്‌ കെട്ടിയുണ്ടാക്കിയ ഇത്‌ പെയ്ത്ത്‌വലക്ക്‌ താങ്ങായിട്ടുപയോഗിക്കുന്നു. (2) മുറിഞ്ഞ തുഴയുടെ കഷണം (3) കടല്‍പ്പന്നി (4) കടല്‍വെള്ളം (5) തോണിയും വലയും സ്വന്തമായുള്ളവര്‍ (6) വീശ്‌ (7) മുഖത്തിന്ന്‌ (8) പുരികം (9) വെള്ളത്തില്‍ പൊങ്ങിനില്‍ക്കാന്‍വേണ്ടി ഇത്‌ വലയുടെ തലപ്പത്ത്‌ കെട്ടുന്നു. (10) കല്ലുകള്‍ കെട്ടിയാണ്‌ വലയുടെ മറുതല വെള്ളത്തില്‍ താഴ്ത്തിപ്പിടിക്കുന്നത്‌. (11) പൊക്കാനുള്ള (12) തോണി തൂക്കിയെടുത്ത്‌ കടലിലിറക്കാന്‍ അമരത്തും അണിയത്തും കയറു കുടുക്കിക്കെട്ടി മിനുസത്തില്‍ ഉരുട്ടിയെടുത്ത ഈ മരത്തടികള്‍ കോര്‍ക്കുന്നു. (13) കൂമ്പാരം (14) ഐലമീന്‍ പെയ്ത്തിനുമാത്രം ഉപയോഗിക്കുന്ന ഇടുങ്ങിയ കണ്ണികളോടുകൂടിയ വല. (15) വലയുടെ തലപ്പത്ത്‌ കയറുകൊണ്ടുള്ള മടച്ചില്‍. (16) ചെറുക്കന്‍ (17) മീനും ചോറും (18) പനിയുള്ളതുപോലെ (19) അസുഖം (20) പൊരിച്ച മത്തി (21) കടല്‍ക്കരദേശം (22) കടപ്പുറത്ത്‌ കുട്ടികളുടെ ഒരു കളിയില്‍ ഉപയോഗിക്കാറുള്ള ഒരു പ്രത്യേക 'ചൊല്ല്‌' (23) അടുക്കത്തില്‍ ചെറിയ പല്ലുകളോടു കൂടിയ ഒരു മീന്‍ (24) ക്ഷേത്രത്തിലെ തലയാള്‍ (25) വെള്ളയ്ക്കാ (26) രാശിവെച്ചുനോക്കിയപ്പോള്‍ (27) ഇരുട്ട്‌ (28 ) മൂവന്തി (29) ശാന്തമായ (30) വര്‍ഷകാലത്തെ തിര (31) ശക്‌തിയുള്ള (32) മരിച്ച വീട്ടില്‍ വെത്തിലക്കുള്ള പണവുമായിട്ടേ വിവരം അറിയിക്കപ്പെട്ടവര്‍ സന്ദര്‍ശിക്കാറുള്ളൂ.

എന്റെ അനുജത്തി

പ്രിയപ്പെട്ട അനുജത്തീ,

എന്റെ സുഖവിവരങ്ങളാണല്ലോ ഒന്നാമതായി നിനക്കറിയേണ്ടത്‌. എഴുതാം. എന്നെക്കുറിച്ചു മാത്ര മല്ല, എന്റെ കൂട്ടുകാരെക്കുറിച്ചും.

ഞാനും ഇന്ത്യയില്‍നിന്ന്‌ പറന്നെത്തിയ എന്റെ കൂട്ടുകാരും സുഖവും അസുഖവും പങ്കിട്ടെടുക്കു ന്നു.

ഗംഗ എന്ന കുറുക്കുപേരില്‍ വിളിക്കപ്പെടുന്ന എനിക്കു സുഖം. രണ്ടു കുപ്പി ബിയര്‍ ഒരു ഗെയ്മി ന്‌ ബെററടിച്ച്‌ ഒടുക്കം നാലോ ആറോ കുപ്പി ബിയര്‍ കുടിപ്പിക്കുന്ന ക്യേരംബോര്‍ഡ്‌ കളിക്കാരന്‍ രാധാ എന്ന രാധാകൃഷ്ണപ്പണിക്കര്‍ക്ക്‌ പരമസുഖം.

"കാലീ ബേക്കാര്‍ ബാന്താഹോഗയാ." എന്തു പറയുമ്പോഴും കാലീ ബേക്കാറും ബാന്തായും ഇടക്കി ടെ ചേര്‍ത്തുവെച്ചു ബംബായ്‌ ഹിന്തിയില്‍ തുരുതുരാ സംസാരിച്ചുകൊണ്ടിരിക്കുന്ന ജോഹന്നാന്‍ എന്ന ജോണ്‍ സോണ്‍സിന്ന്‌ മനസ്സില്‍ വേദന. രണ്ടുകൊല്ലത്തേക്കു വിട്ടുവരേണ്ടിവന്ന ഭാര്യയേയും ഒന്നര വയസ്സുള്ള മകനേയും ഓര്‍ത്ത്‌ തപിച്ചിരിക്കുന്നത്‌ ചിലപ്പോള്‍ കാണുന്നു. താപം അടക്കാന്‍ അവരുടെ ഫോട്ടോ മുമ്പില്‍വെച്ച്‌ നോക്കിയിരിക്കുന്നതും സഹതാപത്തോടെ കാണുന്നു. ഖേദിക്കു ന്നു. അടുത്തുള്ള മദ്രാസിയുടെ ഹോട്ടലില്‍നിന്ന്‌ സസ്യാഹാരത്തിന്റെ പൊതിക്കെട്ടുമായി കയറി വന്ന ഗുഡി എന്ന മൈസൂര്‍ക്കാരന്‍ പട്ടര്‍ വിശപ്പു പെരുകിയപ്പോള്‍ കെട്ട്‌ തുറന്നു ശാപ്പിടാന്‍ തുടങ്ങി. ആര്‍ത്തിയോടെ ഒരു വലീയ ഉരുള വാരിയെടുത്ത്‌ ഉരുട്ടിയപ്പോള്‍ കൈക്കു തടഞ്ഞു, ഒരു ചെമ്മീന്‍ തല! അരിശത്തോടെ പൊതിക്കെട്ട്‌ വാരിക്കൂട്ടി കുപ്പയിലേക്ക്‌ ഊക്കോടെ വലിച്ചെറിഞ്ഞ പ്പോള്‍ നാലുപേജുകളില്‍ കൊള്ളാവുന്ന കോണ്‍ട്രാക്‌ററിലെ ക്ലോസുകള്‍ക്കു കീഴില്‍ നീട്ടിവലിച്ച്‌ സുന്ദരമായി കയ്യൊപ്പ്‌ പതിപ്പിച്ച തന്നെക്കുറിച്ച്‌ സ്വയം ശപിക്കുകയായിരുന്നു.

കിടക്കയില്‍ കമിഴ്ന്നുകിടന്ന്‌ വലിച്ചുപൊട്ടിക്കാനെന്നപോലെ സ്വന്തം പൂണൂലിലേക്ക്‌ വിരലമര്‍ത്തി വിശപ്പു ശമിപ്പിക്കാനുള്ള വഴിയാരാഞ്ഞു കിട്ടാതെ തളര്‍ന്നുറങ്ങിപ്പോയ, ഇന്നലേകളുടെ ആ അടിമ യ്ക്ക്‌ കടലുകള്‍ കടന്നിട്ടും മാമൂലുകളുടെ ചങ്ങലക്കണ്ണികളില്‍നിന്ന്‌ മുക്‌തി കിട്ടിയില്ല. സുഖംതേടിയ ലഞ്ഞ്‌, പ്രേമബന്ധങ്ങള്‍ ചുററിക്കെട്ടിയ കരവലയങ്ങള്‍ അഴിച്ചുമാററി ഒരു വന്‍കരയുടെ മുനമ്പി ലുള്ള ഈ തുരുത്തില്‍, ഒടുക്കം, ഓടിയെത്തി. എന്നിട്ടും, 'അരുത്‌, അരുത്‌' എന്ന്‌ സമുദായം തീര്‍ത്തെ ഴുതിയ നിയമങ്ങളെ പുറംകാലുകൊണ്ടു തട്ടിമാററാന്‍ ആ മെലിഞ്ഞു നീണ്ട സുമുഖനായ ചെറുപ്പ ക്കാരന്‌ നെഞ്ചുറപ്പ്‌ കൈവന്നില്ല. തന്‍മൂലം 'ഗരുഡ'യുടെ ചിറകില്‍ തൂങ്ങിത്തന്നെ തിരിച്ചുപറന്ന്‌ കെട്ടുപാടുകളുടെ മുള്ളുവേലിക്കുള്ളിലേക്ക്‌ കട ന്നുചെല്ലാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്‌തുകഴി ഞ്ഞു.

കുടല്‍മാലകള്‍ക്കിടയിലെവിടെയോ ഒരു തരി കല്ല്‌ കുടുങ്ങിയപ്പോള്‍ വയററില്‍ നോവുകൊണ്ട ഗില്‍ എന്ന മെഹങ്കാസിംഗിന്‌ ‍അസുഖം. ഒരു ആധുനിക പര്‍ണ്ണശാലയുടെ പ്രതിച്ഛായയുള്ള ജൂറോ ങ്ങ്‌ ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ പതിനാലാം നമ്പര്‍ ബെഡ്ഡില്‍ ഒന്നാം ക്ലാസ്‌ ചികിത്സയില്‍ കിടക്കുന്ന ഗില്ലിന്ന്‌, പക്ഷേ, ചിരി.

"ദോ ദിന്‍ കാ ബാദ്‌, ബഡാ ഏക്‌ ഓപ്പറേഷന്‍ ഹോന വാലാ ഹേ, ഫിര്‍ ഭീ യേ സാലാ സര്‍ദാര്‍ജി ഹസ്‌തേ രഹ്ത്താ!"(1) ജോണ്‍ സോണ്‍സിന്‌ അതിശയം.

"മൈതൊ ഓപ്പറേഷന്‍കൊ ഭില്‍കുല്‍ പര്‍വാനഹീ കര്‍ത്താ, ജോണ്‍, മാലൂംഹേ തുംകൊ? യേ മേരാ ചൌത്താ ഓപ്പറേഷന്‍ഹേ!! വോഭീ കമ്പനീകാ കര്‍ച്ചേ മേ."(2) മെഹങ്കാസിംഗ്‌ ഗില്‍ തന്റെ കറുത്ത താടി തടവി. മുററിനിന്ന താടിക്കിടയിലൂടെ വെളുത്ത പല്ലുകള്‍ തിളങ്ങി.

"എടോ ഗംഗാ, സിംഗപ്പൂരില്‍ വന്നതിനുശേഷമുള്ള നിന്റെ ആദ്യത്തെ കഥ നമ്മുടെ സര്‍ദാര്‍ജിയെ ക്കുറിച്ചു തന്നെയാവട്ടെ. " രാധാകൃഷ്ണന്‍: "പേരിന്‌ വിഷമിക്കണമെന്നില്ല- പേട്കാ പത്ഥര്‍."* അതേ രാധാകൃഷ്ണന്‌ ഒരു സംശയംകൂടി: "ഈ പഹയന്റെ കുടല്‍മാലയിലെങ്ങിനെ വന്നുപെട്ടു, ഗംഗാ, ഈ കരിങ്കല്ല്‌?"

"അവന്റെ തലക്കല്ല്‌ തെറിച്ച്‌ കുടലില്‍ വീണതാവും." രാധാകൃഷ്ണന്‍ ചിരിച്ചു. ആ ചിരികണ്ട്‌ പൊതുജനം ചിരിച്ചു. കൊതുജനം മൂളി.

"ഇത്രയും ശുചിത്വം നിറഞ്ഞ സിംഗപ്പൂര്‍ ആശുപത്രിയില്‍ എങ്ങിനെ പെട്ടു കൊതുക്കള്‍?" ജോഹന്നാന്‍.

"കിടക്കുന്നത്‌ മെഹങ്കാസിംഹമല്ലേ?" ഞാന്‍.

"കൊതുകിനും സഹനശക്‌തി കൂടുതലാണോ?" മൈസൂര്‍ക്കാരന്‍ പട്ടര്‍ രാഘവേന്ദ്ര ഗുഡി.

ദുഖ:ത്തിന്റെ അലകള്‍ ആഞ്ഞടിക്കുന്ന ആശുപത്രിയുടെ പരിസരത്തിലും ആഹ്‌ളാദത്തിന്റെ വെള്ളക്കവിടികള്‍ വാരിയെറിയുന്ന ഇന്ത്യന്‍ ചെറുപ്പക്കാര്‍ ആശുപത്രിയിലെ അന്തേവാസികള്‍ക്ക്‌ കൌതുകമുളവാക്കി.

കല്ലുപോയ ഗില്‍ ആശുപത്രിവിട്ടു ഗൃഹംപൂകി, വിശ്രമിക്കുന്നു. കമ്പനിച്ചെലവില്‍ തന്നെ.

പിന്നെ, നീ നിന്റെ കാമുകനെക്കുറിച്ച്‌ എഴുതുകയുണ്ടായല്ലോ. കൊള്ളാം. നെടുനീളന്‍ ജീവിതയാത്ര യില്‍ അവസാനത്തെ നാഴികക്കല്ലെത്തുംവരെ യാത്ര തുടരാന്‍ പോന്നത്ര കെട്ടുറപ്പ്‌ നിങ്ങളുടെ ഈ ബന്ധത്തിന്നുണ്ടെന്നു തോന്നുന്നുവെങ്കില്‍, ഒട്ടും സംശയിക്കേണ്ടതില്ല, മററാരെല്ലാമെതിര്‍ത്താലും ഗംഗേട്ടന്‍ നിന്റെ കൂടെയുണ്ട്‌.

ജീവിതചിന്തകളെ പരാമര്‍ശിച്ചുകൊണ്ട്‌ കൂടുതലൊന്നും ഫിലോസഫിയില്‍ ഉന്നതബിരുദം നേടിയ നിന്നോടു പറയണമെന്നില്ലല്ലോ.

ഈ കത്ത്‌ വീട്ടിലെല്ലാവരും വായിക്കട്ടെ.

-സ്വന്തം ഗംഗേട്ടന്‍.

* * *

മറുപടി കിട്ടുന്നതിനുമുമ്പ്‌ ഒരു ടെലഗ്രാം.

ശ്രീദേവി ആത്മഹത്യചെയ്‌തു.

ശ്രീദേവീ,

പ്രേമത്തിന്ന്‌ ഒരൊററ കിളിവാതില്‍ മാത്രമേ ഉള്ളൂ എന്ന്‌ തെററിദ്ധരിച്ച മടയിയായ എന്റെ അനു ജത്തീ, ഭീരുവായ നിന്റെ അന്ത്യം എന്നെ കരയിച്ചില്ല.

ചക്രവാളങ്ങള്‍ മറികടന്ന്‌ ഓടിയകന്ന്‌ ആകാ ശങ്ങള്‍ക്ക്‌ അപ്പുറം എത്തിയപ്പോള്‍ നീ നിന്റെ വിഡ്ഢിത്തം മനസ്സിലാക്കിക്കാണും.

നീ വൈകി. നിനക്കു മാപ്പില്ല.

നിന്റെ ഹൃദയത്തോട്‌ ഒട്ടിനിന്ന എത്ര ഹൃദയങ്ങളാണ്‌ ഇന്നും വിതുമ്പിക്കരഞ്ഞുകൊണ്ടിരിക്കുന്നത്‌?

സ്വന്തം അമ്മ.

അച്ഛന്‍.

സഹോദരീ സഹോദരന്‍മാര്‍.

ഒട്ടിനിന്ന എല്ലാ ഹൃദയങ്ങളേയും ഒരു സന്ധ്യകൊണ്ട്‌ അടര്‍ത്തിയെറിഞ്ഞ്‌ താന്‍ചെയ്‌ത വലിയൊ രു തെററിനെ അതിനേക്കാള്‍ വലിയൊരു തെററു ചെയ്‌ത്‌ ന്യായീകരിച്ച മണ്ടിപ്പെണ്ണേ, നീ ബിരുദം നേടിയത്‌ എന്തിനാണ്‌?

തങ്ങളുടെ കഷ്ടപ്പാടുകള്‍ നല്‍കി നിന്റെ സുഖം വിലക്കെടുക്കാന്‍ കൊതിച്ചവര്‍; തങ്ങളുടെ ദീനരോദ നങ്ങള്‍ക്കു പകരം നിന്റെ സന്തുഷ്ടി കാംക്ഷിച്ചവര്‍...

നീയറിഞ്ഞോ? അവരിലെ വികാരങ്ങള്‍, പക്ഷെ, നിന്നിലുണ്ടായിരുന്നതുപോലെ വെറും പ്രണയമെ ന്ന ഒററ വികാരം ആയിരുന്നില്ല.

പേരു നല്‍കാന്‍ താത്വികര്‍പോലും തോററുപോയ ആ നിര്‍മ്മല വികാരങ്ങളെക്കുറിച്ച്‌ നിന്റെ ബിരുദ പാഠപുസ്‌തകങ്ങള്‍ നിന്നോട്‌ ഒന്നും പറഞ്ഞുതരികയുണ്ടായില്ലേ?

അത്തരം ഒരു പാഠപുസ്‌തകത്തിന്റെ ചുളിവു കാണാന്‍പോലും സാധിച്ചില്ലെന്നിരുന്നിട്ടും ജീവിത ത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുടെ ശക്‌തിമത്തായ എത്രയോ ഒഴുക്കുകളുടെ മുമ്പില്‍ ഒരൂക്കന്‍ ചുമരുപോലെ ചെറുത്ത്‌ മുഖമുയര്‍ത്തിനില്‍ക്കുകയുണ്ടായി ആലിലപോലെ തളര്‍ന്ന മറെറാരു പെങ്ങള്‍...

-അതെനിക്ക്‌ അഭിമാനമായിരുന്നു!

പക്ഷെ, കാലാന്തരങ്ങളില്‍ക്കൂടി കരുപ്പിടിപ്പിച്ച പാറക്കെട്ടുകള്‍ക്കു സമാനമായ ഹൃദയബന്ധങ്ങളും അവയുടെ ഉല്‍കൃഷ്ട പ്രേമവും മനസ്സിലാക്കാന്‍ കെല്‍പ്പില്ലാതെ കേവലം ഒരു മന്ദസ്മിതത്തിന്റെ കുമിളയില്‍ കൂമ്പെടുത്ത ഒരു പ്രണയബതത്തിന്റെ താമരവള്ളിയില്‍ ഒരു കഴുകന്റെ കൊക്ക്‌ അമര്‍ന്നപ്പോള്‍,

ഒരു വെറും ബലിയാടായിട്ട്‌,

ഊഞ്ഞാല്‍കയറിന്റെ തലപ്പത്ത്‌ നീ നിന്റെ സ്വന്തം കഴുത്ത്‌ തൂക്കി. ഇന്നലെവരെ നീയിരുന്ന്‌ ആടി യ ഊഞ്ഞാലയുടെ....

-ഇതെനിക്ക്‌ അപമാനമാണ്‌!

സ്വന്തം ജീവിതത്തിന്‌ പൂര്‍ണ്ണവിരാമം കുറിക്കുന്നതില്‍, ശ്രീദേവീ, നീ ദു:ഖം കണ്ടെത്തിയില്ലെങ്കില്‍ പിന്നെ ഞാനെന്തിന്‌ ദു:ഖിക്കണം?

എന്നിട്ടും, ഒരു രാത്രി മുഴുക്കെ ഇരുന്ന്‌ നിന്നെ ഓര്‍ത്ത്‌ ഈ ജ്യേഷ്ഠന്‍ കരയുകയായിരുന്നു....

-സ്വന്തം ഗംഗേട്ടന്‍.

(മടയനായ ഞാന്‍ എഴുതിവെച്ച ഈ കത്ത്‌ അയക്കേണ്ടത്‌ ഏത്‌ മേല്‍വിലാസത്തിലാണെന്ന്‌ ത്രികാലജ്ഞാനികളായ യോഗിവര്യന്‍മാരേ, നിങ്ങള്‍ പറഞ്ഞുതരൂ)

(1975 സിങ്കപ്പൂരിലെ അശ്രഫ്‌ മെമ്മോറിയല്‍ ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കഥ)

(1) "രണ്ടു ദിവസത്തിനുശേഷം വലിയൊരോപ്പറേഷന്‍ നടക്കാന്‍ പോകുന്നു. എന്നിട്ടും ഈ പഹയന്‍ സര്‍ദാര്‍ജി ചിരിച്ചുകൊണ്ടി രിക്കുകയാണ്‌!" (2) "ഞാനീ ഓപ്പറേഷനെ ഒട്ടും ഗൌനിക്കുന്നില്ല. ജോണ്‍, നിനക്കറിയാമോ? ഇതെന്റെ നാലാമത്തെ ഓപ്പറേഷനാണ്‌!! അതും കമ്പ നിയുടെ ചെലവില്‍" *വയററിലെ കല്ല്‌.

2 comments:

Echmukutty said...

ആത്മഹത്യ പലപ്പോഴും ഒരു നിമിഷത്തിന്റെ ആന്ധ്യമാണ്. ചിലപ്പോൾ ഒരു വിജയവുമാണ്. മനുഷ്യന്റെ കാര്യമല്ലേ. ഒന്നും തീർത്തു പറയാൻ കഴിയില്ല.

V P Gangadharan, Sydney said...

നല്ലൊരാശയം പ്രകാശിപ്പിച്ചതിന്ന് നന്ദി!
എച്ച്മുക്കുട്ടീ, ആത്മഹത്യ ഒരിക്കലും ഒരു വിജയമാവില്ല. ഒരു വിജയമുണ്ടെങ്കില്‍തന്നെ അതു ജീവിച്ചനുഭവിച്ചെങ്കിലേ യഥാര്‍ത്ഥത്തില്‍ നിര്‍ണ്ണയിക്കാനാവൂ. അല്ലെങ്കില്‍ അതൊരു വിജയമല്ല! ഒരുനിമിഷത്തിന്റെയല്ല കോടാനുകോടി നിമിഷങ്ങളുടെ ആന്ധ്യതയില്‍ ആത്മാവ്‌ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരു പീഢിതനായ വ്യക്തിയെ ബാധിച്ച ചിത്തരോഗത്തിന്റെ ബാഹ്യപ്രകടനം, അതിന്റെ പരമകാഷ്ഠയില്‍ സ്വയം ഏറ്റുവാങ്ങുന്ന അനര്‍ത്ഥമാണത്‌! മനുഷ്യമനസ്സിനെ കണ്ടറിയാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന അഭിജ്ഞരായ മനഃശാസ്ത്രജ്ഞര്‍ അങ്ങിനെ പറയുമ്പോള്‍ ഇക്കണ്ട ആന്ധ്യത ബാധിച്ചയാള്‍ ഒഴിച്ച്‌ മറ്റെല്ലാരും ആ മൊഴി ശരിവെക്കുന്നതും അതുകൊണ്ടുതന്നെ.

ഒടിയന്‍

യസ്സനായ കേളപ്പന്‍കാര്‍ണ്ണോരെ ഭാസ്ക്കരന്‌ കണ്ണില്‍ പകയായിരുന്നു. ഒരിക്കലൊരു കുസൃതി തോന്നി. ശങ്കരനേയുംകൂട്ടി നടുക്കടപ്പുറത്ത്‌ വലിയൊരു കള്ളക്കുഴി കുഴിച്ചു. മേലാകെ ഭസ്മം വാരിത്തേച്ചു നടക്കുന്ന ഒടിയന്‍കേളപ്പന്‍ തന്നെയായിരുന്നു ഉന്നം. ഒടിയനോടുള്ള ഭയംകൊണ്ട്‌ ശങ്കരന്‍ ഒഴിയാന്‍ ശ്രമിച്ചു. പറഞ്ഞിട്ട്‌ ഉശിരുകൂട്ടിയപ്പോള്‍ മനസ്സില്ലാമനസ്സോടെ കുഴിയുണ്ടാക്കാന്‍ സഹായിച്ചു. പിന്നീടുള്ള കര്‍മ്മങ്ങളില്‍ ശങ്കരന്റെ തല കണ്ടില്ല.

ഭാസ്ക്കരന്‍ ധൃതിയോടെ അടുത്തുചെന്നു. "കേളപ്പാച്ചോ, നിങ്ങടെ ഓടത്തിന്റെ കണ്ടം പോയി."

"ങ്‌ ഹേ! ആയ്നീടെ കണ്ടം പോവ്വേ?" ഒടിയന്‍കാര്‍ണ്ണോര്‍ ഞെട്ടി. തെളിച്ചം കുറഞ്ഞ കണ്ണുകള്‍ അടുപ്പിച്ചുവെച്ച്‌ അങ്ങോര്‍ ചാളവല അടയക്കുകയായിരുന്നു."വന്ന്‌ കണ്ടിററ്‌ പറ. പിള്ളര്‌ ഉരു ളക്കല്ലോണ്ടെറിഞ്ഞ്‌ അയ്ന്റെ കഷ്ണങ്ങ്‌ ചെത്തി."

കളി കാര്യമായി. ഒരു ചീററപ്പുലിയെപ്പോലെ തിരക്കിട്ട്‌ ഒപ്പം നടന്നുചെന്ന ഒടിയന്‍ ഊരകുത്തി കള്ളക്കുഴിയില്‍ വീണു. സ്ഥലംവിട്ട്‌ ഭാസ്ക്കരന്‍ ഓടിക്കളഞ്ഞു. പാഞ്ഞെത്തിയവരുടെ സഹായ ത്തോടെ മേല്‍പ്പോട്ടു കയറിയ ഒടിയന്‍ രോഷാകുലനായി വിറച്ചു.

"ഒട്ടുനാളായി ഇക്കടപ്പുറത്ത്ന്ന്‌ ഓന്‍ തുള്ളാന്തൊടങ്ങീററ്‌. ഓന്റെ തടീം ബണ്ണത്തിനും ഒണക്കപ്പുല്ലി ന്റെ വെലേള്ളൂ. ഒര്യേസം ഇക്കുരിപ്പുകെട്ടിക്കളി നിക്കും. അയ്ന്‌ കേളന്‍ ജീവനോട്വന്നെ ഉണ്ട്ന്ന്‌ നിരീച്ചോ."
ഭാസ്ക്കരന്‌ ഒരു കൂസലുമുണ്ടായില്ല. പക്ഷെ മകളുടെ മരണം നാട്ടുകാര്‍ ആ സംഭവവുമായി കൂട്ടി ക്കെട്ടി.
സംഭവങ്ങള്‍ കടപ്പുറത്തു നിരന്നു.
"ദേവ്യാനീന്റെ മോള്‌ വായ്‌വെക്കാണ്ട്‌ വര്‍ത്താനം പറഞ്ഞ്യടന്നൊര്‌ പെണ്ണത്തി(1) യെല്ലേനും, ഇപ്പളോ?"
-ദേവയാനിയുടെ മൂത്തമകള്‍ പൊട്ടത്തിയായി.
"ചെണ്ടക്കാരന്‍ ദാമൂനെ കാലിന്‌ മുമ്പ്‌ എതക്കേട്‌(2) ഉണ്ടായ്ന്ന്ന്‌ ആരെങ്കിലും പറയോ? എന്നിറേറാ?"
ദാമു ഒററക്കാലനായി. വലത്തുകാലിന്‌ വ്രണംവന്ന്‌ പഴുത്തു പെരുകി. ഒടുവില്‍ മുറിക്കേണ്ടി വന്നു.
"ഏയരക്കാരന്‍ സുകൂനപ്പോലെ മനസ്സിക്കണക്കുള്ള ഒര്‌ ബഡ്വന്‍ ഇക്കടപ്പര്‍ത്ത്‌ ഉണ്ടായ്നാ? ഇപ്പളോ?"
-സുകുമാരന്‌ പ്രാന്തായി. പച്ചമീന്‍തിന്നും ഓര്‌വെള്ളം(3) കുടിച്ചും കടപ്പുറത്ത്‌ അട്ടഹസിച്ച്‌ നടക്കുന്നു.

ചേര്‍ത്തുപറയാന്‍ ഒന്നുകൂടെ ഉണ്ടായി. "ബാസ്ക്കരന്റെ തോന്ന്യാസം കൊണ്ടല്ലേ, കണ്ട്യാ മോള്‌ ഏഴ്‌ ദെവസം തേച്ച്‌ കെടന്നാ?"
പാര്‍വ്വതിക്ക്‌ വയസ്സ്‌ മൂന്ന്‌. മൈഥിലിയുടെ മൂന്നിരട്ടി നിറവും മൊഞ്ചും. ചെമ്പരത്തിപ്പൂപോലെ വിരിഞ്ഞുനിന്ന പെങ്കുട്ടി!

തൊഴുതുകഴിഞ്ഞ്‌ പള്ളിയറയില് ‍നിന്നും സന്ധ്യക്ക്‌‌ മൈഥിലിയുടെ കയ്യുംപിടിച്ച്‌ ഇറങ്ങിയതായിരു ന്നു. ദണ്ഡന്‍കോട്ടയുടെ ഇടതിരിഞ്ഞ്‌ നാലകത്തെ മുററത്തെത്തിയപ്പോള്‍ കറുകറെ കറുത്തൊരു പൂച്ച ഇരുട്ടത്ത്‌ കരഞ്ഞുകൊണ്ട്‌ കുറുകെ ഓടി. പേടിച്ചുവിറച്ചുകൊണ്ട്‌ പാര്‍വ്വതി അമ്മയെ പൊത്തിപ്പിടിച്ചു നിലവിളിച്ചു. പുരയിലെത്തിയിട്ടും അവളുടെ വിറ മാറിയിരുന്നില്ല.

അന്ന്‌ അവള്‍ പായില്‍കയറി കിടന്നതായിരുന്നു. പിന്നെ എഴുന്നേററില്ല! പുഴുങ്ങിയ അടപോലെ വാഴയിലയിലായിരുന്നു കിടപ്പ്‌. ഏഴുദിവസം തികച്ചും കിടന്നില്ല-
വണ്ഡാരപ്പെട്ടു.(4)
ഉള്ളൊന്നാറിക്കിട്ടാന്‍വേണ്ടി കരയാന്‍ ഇടം കിട്ടിയില്ല. കരയാന്‍കൂടി പാടില്ലാത്ത വേര്‍പാട്‌!*

സംഭവം മൈഥിലിയുടെ ഉള്ളില്‍ കനലിട്ടു. അവള്‍ ശാസിച്ചു: "ഇന്യെങ്കിലും നിങ്ങള്‌ ഒന്നടങ്ങ്‌. ങ്ങക്ക്‌ ഇന്യും ഒടിയനത്തിരിഞ്ഞിററില്ല."
"നീ മുണ്ടാണ്ട്‌ കുത്തിരിയെടീ! ഒട്യന്‍ നാട്ടില്‌ പൊകേണ്ടാക്കണ വെറകുംകൊള്ളിയാണ്‌‌. ഒടുങ്ങണം!"
ഒടുങ്ങിയത്‌, പക്ഷെ, സ്വന്തം മകളാണ്‌.
അവളുടെ ശവം കുഴിച്ചുമൂടി തിരിച്ചെത്തിയ തന്നോട്‌ മൈഥിലി കെറുവിച്ച്‌ പറയുകയുണ്ടായി. "എന്നിട്ട്‌ ചത്തേ നിങ്ങടെ കുഞ്ഞിമ്മോള്‌ തെന്ന്യാ. കുയ്യീക്കാലുനീട്ട്യ അയാള്‌ ഇഞ്ഞ്‌യും ജീവിച്ചിരി ക്ക്യാ!"
വ്രണത്തില്‍ കുത്തേററ്‌ പിടഞ്ഞു. കൈവലിച്ചടിക്കാന്‍ തോന്നിയതായിരുന്നു. അവസരം അതിനുള്ള തല്ലെന്ന്‌ കരുതി. അരിശത്തോടെ അവളെ തുറിച്ചുനോക്കിക്കൊണ്ട്‌ പറഞ്ഞു: "ഒര്യേസം നീ കാണും, അക്കെളവന്റെ ചവം ഇക്കടപ്പര്‍ത്ത്‌ കാക്കകൊത്തി വലിക്കണത്‌!"
അതു കേട്ടപ്പോള്‍ ഒരു പ്രേതംകണക്കെ അവള്‍ പെട്ടെന്ന്‌ വിളര്‍ക്കുകയുണ്ടായി.
ഉള്ളിലെ കനല്‍ അവളെ അനുദിനം വാട്ടിക്കൊണ്ടിരുന്നു.
"വയസ്സോണ്ട്‌ നോക്ക്യാ ഇനി പൊന്തണ്ടത്‌ ഒട്യന്റെ നറക്കാ..." ഒടിയന്റെ മരണം കാത്തുനിന്നു, കടപ്പുറക്കാര്‍.
ശങ്കരന്‍ പറഞ്ഞു: "തൊണ്ടിക്കെളവനായതൊന്നും നോക്കണ്ടാ, ബാസ്ക്കരാ, കൊന്നാലും ഒട്യന്‍ ചാവൂല്ല!
"മൈഥിലിയോടു പറഞ്ഞതുതന്നെ ശങ്കരനോടും പറഞ്ഞു: "കെളവന്റെ ഒടുക്കം അടുത്ത്വോയി. അദെന്റെ കയ്യോണ്ടെന്നാവൂന്നാ തോന്നണ്‌."
ശങ്കരനും ഭയചകിതനായി സ്നേഹിതന്റെ മുഖത്തേക്ക്‌ തുറിച്ചുനോക്കുകയാണു ചെയ്‌തത്‌. കണ്ണു
കളില്‍ ഭീതിയുടെ കറുത്ത ചുഴികള്‍ കാണപ്പെട്ടു.
"ഡാ, ഡാ! തോന്ന്യാസം പറേണ്ട. നെന്റെ തടീം ബണ്ണോം നെന്റെടുത്തെന്നെ ഇരുന്നോട്ട്‌. ഒടിയങ്കേള പ്പന്‍ ഒടിയങ്കേളപ്പന്തെന്ന്യാ!
"തന്റെ ആത്മവിശ്വാസത്തിന്റെ ദൃഢമായ കെട്ടുകളെ വലിച്ചഴിക്കാന്‍പോന്ന ഇത്തരം താക്കീതുക ള്‍ക്കുമുമ്പില്‍ ഭാസ്ക്കരന്‍ ചൂളിപ്പോയിട്ടുണ്ട്‌.

മൈഥിലിയുടെ ചിരി എന്നേ മറഞ്ഞു! തീവ്ര ദുഃഖത്തിന്റെ കറുത്ത പാടുകള്‍ അവളുടെ കണ്ണുകള്‍ ക്കു ചുററും കട്ടപിടിച്ചു നില്‍ക്കുന്നു.
തെങ്ങോലയുടെ ഇളക്കം അവളെ ഞെട്ടിപ്പിച്ചു. അടുക്കളഭാഗത്തു മുരിക്കിന്‍കൊമ്പത്ത്‌ ഇരുന്ന്‌ കൊക്ക്‌ വിടര്‍ത്തി കരയുന്ന കാക്ക അവളില്‍ നടുക്കമുണര്‍ത്തി. മീന്‍ചല്ലു പരതി അടുക്കളപ്പുറത്തു കമിഴ്ത്തിയിട്ട കൊട്ടകള്‍ക്കു ചുററും മൂളിനടക്കുന്ന പൂച്ചയുടെ ഭാവപ്പകര്‍ച്ച ഉള്‍ക്കിടിലത്തോടെ അവള്‍ നോക്കിനിന്നു.

അവള്‍ വീണ്ടും ഗര്‍ഭിണിയായി. മൈഥിലിയുടെ മുഖം കൂടുതല്‍ വിളറിയതായിട്ടാണ്‌ കണ്ടത്‌. അവളുടെ ശക്‌തി നന്നേ ക്ഷയിച്ചു. എത്രതന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും നഷ്ടപ്പെട്ട കരുത്ത്‌ തിരിച്ചെടുക്കാന്‍ അവള്‍ പരാജയപ്പെട്ടു. വററിക്കഴിഞ്ഞ തേജസ്സിന്റെ നേരിയ ഉറവ പോലും അവളില്‍ പിന്നീടൊരിക്കലും പ്രത്യക്ഷപ്പെടുകയുണ്ടായില്ല.
കടുംനിറത്തിലുള്ള വസ്‌ത്രങ്ങളോട്‌ അവള്‍ക്കു വെറുപ്പു തുടങ്ങി. അത്തരം നിറങ്ങളില്‍നിന്നും മനഃപൂര്‍വ്വം അകലാന്‍ ശ്രമിക്കുന്നതു കണ്ടു.
പുറത്തു കാണിക്കാതെ ഉള്ളിലൊതുക്കാന്‍ ശ്രമിക്കുന്ന കദനഭാരം അവളുടെ ആത്മാവിനെ മഥിക്കു ന്നുണ്ടായിരുന്നു.

ഒരു രാത്രി മൈഥിലി പെററു. കറുത്ത നീര്‍നായയെപ്പോലെ കോലം കെട്ടൊരു കുഞ്ഞ്‌. പോളയില്ലാ ത്ത കണ്ണുകളുമായി മലര്‍ന്നുകിടക്കുന്ന ആ ആണ്‍കുഞ്ഞിനെക്കണ്ടപ്പോള്‍ അച്ഛനായ തനിക്കുപോലും അറപ്പുണ്ടായി. മൂന്നുനാലു മാസം കഴിയുമ്പോഴേക്കും തനിക്കുകിട്ടിയ കുട്ടി കുരുടന്‍തന്നെയാണെ ന്നു ദൃഢമായി.

പുറത്തിറങ്ങി നടക്കാന്‍തന്നെ തനിക്കു മടിയായിരുന്നു. ഒടിയന്റെ മറെറാരു വിജയം!

സ്വന്തം കുഞ്ഞല്ലേ? വളര്‍ത്തിയെടുക്കാതെ എറിഞ്ഞുകളയാനൊക്കുമോ? സ്വന്തം കണ്ണീര്‌ കുടിച്ചുകൊ ണ്ട്‌ അവള്‍ മകനെ മുലപ്പാലൂട്ടി.

ശബ്ദവും മണവും പിന്തുടര്‍ന്നുകൊണ്ട്‌ അവന്‍ നീങ്ങി. തപ്പിത്തപ്പി നീങ്ങി. കയ്യില്‍ കിട്ടിയതെന്തും വായിലിട്ടു. ചാണകംതേച്ച നിലത്തു കമിഴ്ന്നു കിടന്നു നാക്കു നീട്ടി നക്കി. മുററത്തെ മണ്ണും കല്ലും അടര്‍ത്തിയെടുത്ത്‌ എവിടെക്കെന്നില്ലാതെ വലിച്ചെറിഞ്ഞു. ജനിച്ചതിന്റെ പക ജീവിച്ചുവീട്ടാനുറച്ചു കൊണ്ട്‌ കുഞ്ഞ്‌ വലുതായി.
പപ്പു.

കടപ്പുറത്ത്‌ ഇനി ഇത്തരമൊരു ശാപമുള്ള കുഞ്ഞിനെ ജനിപ്പിക്കരുത്‌. ഇത്‌ ഒടുക്കത്തേതാണ്‌. ഉണ്ടായില്ലെങ്കില്‍ ആ ഒടുക്കം ഉണ്ടാക്കണം.
ഒടുക്കം.
ഒടിയന്റെ ഒടുക്കം!

മൂപ്പിലെപ്പുരയുടെ മുമ്പില്‍ ചാഞ്ഞ പീററയുടെ തടിമേല്‍ മലര്‍ന്നു കിടക്കുമ്പോള്‍ താന്‍ ഒടിയന്റേ യും കടലിന്റേയും ഇടക്കു നിന്ന്‌ ആടുകയായിരുന്നു. ഒരുങ്ങുകതന്നെ...
ഇടയ്ക്ക്‌, പക്ഷെ, ആവശ്യമില്ലാതെ അച്ഛന്‍ വലിഞ്ഞുകയറിവന്നു പിന്നോട്ടുതള്ളുന്നു.
കൂടെ നടക്കരുതെന്ന്‌ അച്ഛനോട്‌ എത്രതവണ പറഞ്ഞു? കേള്‍ക്കണ്ടേ?
കിടന്നുറങ്ങുന്നതുപോലും അയാളുടെ കോലായില്‍ ഒന്നിച്ചാണ്‌!
അച്ഛനെ കുററം പറഞ്ഞിട്ടെന്തു കാര്യം? വയസ്സന്‍മാര്‍ക്ക്‌ വയസ്സന്‍മാരോടേ കൂട്ടുകൂടാനൊക്കൂ. ചിലര്‍ക്ക്‌ അടുപ്പം കുറച്ച്‌ കൂടിയെന്നിരിക്കും. ഒടിയന്‍കാര്‍ണ്ണവര്‍ക്കു തന്നോട്‌ ഒടുങ്ങാത്ത വെറുപ്പാ ണെങ്കിലും അച്ഛനോട്‌ അങ്ങേയററത്തെ കൂറുണ്ട്‌.
കൂട്ടിക്കെട്ടിയതു പോലെയാണ്‌ രണ്ടുപേരുടേയും നടത്തം!
"നീ പുത്തീല്ലാണ്ട്‌ കാട്ടിക്കൂട്ടണതൊന്നും പടച്ചോന്‍ കൂടി പൊറുക്കാത്തതാടാ ബാസ്ക്കരാ. വയററി പ്പെയപ്പിന്‌ അയാള്‌ വല്ല മന്ത്രോംകോലും കൊണ്ട്‌ നടക്കുന്നേന്‌ നെനക്കെന്താ ചേതം?" ഒരിക്കല്‍ അച്ഛനോട്‌ ഇതേപ്പററി പറഞ്ഞപ്പോള്‍ കിട്ടിയ മറുപടിയാണ്‌.
"പക്കേങ്കില്‌ അയാള്‌ ചെയ്യണ കൂടോത്രവും ഒടിവെപ്പും നാട്ടാര്‍ക്ക്‌ കൊണത്തിനുള്ളതാന്നാ അച്ഛ ന്റെ ബിജാരം?"
"ഫോ! അമ്‌ക്കെ. പുത്തീല്ലാണ്ട്‌ നീയ്യും ഇങ്ങന പറയാന്തൊടങ്ങ്യാ..." മുഖത്തിട്ട്‌ ആട്ടുകയാണ്‌ ചെയ്‌തത്‌.
"അപ്പോ, ഇന്നാട്ടാര്‌ പറേന്നേനൊന്നും ഒരു കാര്യോം ല്ലേ?"
"കാര്യോല്ല, തൊണ്ടാള്ളത്‌!"
"നമ്മടെ ദെമേന്തീന കൊന്നതാരാന്നാ അച്ഛന്റെ ബിജാരം?"
"കുരിപ്പ്‌!"
"പപ്പൂന ഇക്കോലത്തില്‍ണ്ടാക്ക്യതോ...?"
"കണ്ണിച്ചോരയില്ലാത്ത പടച്ചോ." അതും പറഞ്ഞൊരു താക്കീതും: "എടാ, കൊര്‍ച്ചൊക്കെ പടച്ചോന്‍ തന്ന ഈ പുത്തിയും എട്ത്ത്‌ പെര്‍മാറണം. ന്നാലേ നാലാള്‍ടെ മുമ്പില്‌ മനിശനാന്നും പറഞ്ഞ്‌ നടക്കാന്‍ കൊള്ളൂ."
വിളമ്പിവെച്ച ചോറുപോലും ഉണ്ണാതെ അച്ഛന്‍ അന്ന്‌ ഇറങ്ങി നടന്നുകളഞ്ഞു.
കാലം ഒടിച്ചിട്ട നടുവ്‌ നിവര്‍ത്തിക്കൊണ്ട്‌ പിറുപിറുപ്പോടെ ഇറങ്ങിനടന്ന അച്ഛനെ കണ്ടപ്പോള്‍‍ സങ്കടം തോന്നാതിരുന്നില്ല.
ഇതും ഒരുകണക്കില്‍ ഒടിയന്റെ കെല്‍പ്പുതന്നെയാണ്‌. മന്ത്രംകൊണ്ട്‌ അച്ഛനെ മകന്റെ ഭാഗത്തുനി ന്നും വശീകരിച്ചെടുത്തിരിക്കുകയല്ലേ!
കുഴപ്പമില്ല. അച്ഛനില്‍നിന്നും അയാളെ വേര്‍പെടുത്തിയാല്‍ മതിയല്ലോ. അതയാളുടെ അവസാനത്തെ വേര്‍പാടായിരിക്കുകയും വേണം.

നേര്‍വരകള്‍പോലെ മനസ്സില്‍ ചെയ്യാനുള്ളത്‌ തെളിഞ്ഞുവരികയായിരുന്നു...

അന്നത്തെ രാത്രി-
ഒടുക്കത്തെ കഞ്ഞികുടിയും കഴിഞ്ഞ്‌ ഒടിയന്‍കാര്‍ണ്ണോര്‍ വിസ്‌തരിച്ചൊന്ന്‌ ചവക്കാനിരിക്കും. ഞെട്ടുപറിച്ച്‌ പുകയില നടുവേകീറി ഒരുകീറ്‌ അച്ഛനു കൊടുക്കും. അച്ഛന്‌ വെററില വേണ്ട. പുക യിലമാത്രം കിട്ടിയാല്‍ മതി. കവിളിനിടയില്‍ തിരുകി നുണഞ്ഞിരിക്കാം.
അങ്ങിനെ രണ്ടുപേരും ഒരുനേരംവരെ വെടിപറഞ്ഞിരിക്കും. ഒളേങ്കോടന്‍ കോമുനായരുടെ
വീര്യം... മൈമുക്കേയിയുടെ കാര്യസ്ഥന്‍ ഐമുള്ളക്കാടെ ഉറുമിവീശല്‍... കൊട്വള്ളിപ്പള്ളിയിലെ മമ്മിമൂപ്പന്റെ കുത്തറാത്തീബ്‌... ഗര്‍ഭം അലസി മരണപ്പെട്ട അമ്മുവിന്റെ പ്രേതം...
മീത്തലെപ്പീട്യേലെ ഓട്ടുകമ്പനിയിലെ ഊത്തുകേട്ടാല്‍ കട്ടിലില്‍ കയറി ഒടിയന്‍ കമിഴ്ന്ന്‌വീഴും. താഴെ നിലത്ത്‌ പായുംവിരിച്ച്‌ അച്ഛനും.
അവസാനത്തെ എക്സ്പ്രസ്സ്‌വണ്ടിയുടെ കൂക്കി കേള്‍ക്കുംമുമ്പ്‌ രണ്ടും കൂര്‍ക്കംവലി തുടങ്ങും.


നല്ല അസ്സല്‌ കമ്പ വേണം.(5) ഒരു തോര്‍ത്തുമുണ്ടും. തോര്‍ത്തുമണ്ട്‌ നനച്ചെടുക്കുന്നതാണ്‌ പന്തി. ഒച്ചപുറത്തുവരരുത്‌. വായ അടക്കിക്കെട്ടുക. നൊടിയിടകൊണ്ടു കഴിയണം. പിടക്കാന്‍ സമ്മതിക്ക രുത്‌. അതിനുമുമ്പ്‌ ചുററിക്കെട്ട്‌ കഴിയണം. വെള്ളത്തില്‍ കുത്തിമറിയുന്ന വാളുള്ള മകരമീനിനെ കുടുക്കി ഓടത്തിനുകെട്ടി കരയിലേക്കു വലിച്ചുകൊണ്ടുവന്നിട്ടുണ്ട്‌. കിഴട്ടുകിഴവനല്ലേ? കയ്യും കാലും വിറകുകൊള്ളിപോലെ കുട്ടിക്കെട്ടാനുള്ളതേയുള്ളു.

തൊട്ടു താഴെ നിലത്തു കിടന്നുറങ്ങുന്ന അച്ഛനെ ഞെട്ടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതി.

പെട്ടെന്ന്‌ ഒരുമ്പെടുന്നത്‌ ബുദ്ധിയല്ല. തക്കവും സമയവും നോക്കി ഒരുങ്ങി പുറപ്പെടേണ്ട കൃത്യമാ ണ്‌. കറുത്തവാവിന്നാളിലെ ഇരുട്ടത്തുതന്നെ നടത്തുകയാവും ഭംഗി.
ഒക്കെ മനസ്സിലിട്ട്‌ ഒതുക്കിവെച്ചു.

നഞ്ഞുതിന്ന ഏട്ടയെപ്പോലെയാണ്‌ ദിവസങ്ങള്‍ നീങ്ങിയത്‌....


മണിമുട്ടും അട്ടഹാസവും കേട്ടിട്ടാണ്‌ ഭാസ്ക്കരന്‍ ഞെട്ടിയത്‌. ഉള്‍ക്കിടിലത്തോടെ ഇരുട്ടിലേക്കു തുറിച്ചുനോക്കി. അടച്ചിട്ട വാതില്‍പാല്‍കളുടെ കുലുക്കം. ശ്രദ്ധിച്ചപ്പോള്‍ പപ്പുവിന്റെ ഞരക്കം കേട്ടു.
"അച്ഛാ... അച്ഛാ..."
ജാലകത്തിലെ തീപ്പെട്ടിയെടുത്ത്‌ കുലുക്കി. കൊള്ളിയുണ്ട്‌. ഒന്നെടുത്ത്‌ ഉരച്ചു. മനസ്സില്‍ ആളിയ ഭീതി പോലെ കോലിന്റെ തുമ്പത്ത്‌ പെട്ടെന്ന്‌ തീപ്പടര്‍ന്നു. കെടാന്‍ തുടങ്ങിയ തീപ്പെട്ടിക്കോലിന്റെ വെളിച്ചം കതകിന്നരുകില്‍ തപ്പിത്തടഞ്ഞു നില്‍ക്കുന്ന കുരുടനായ മകനെ തൊട്ടുകാട്ടി. പിടഞ്ഞെണീ ററ്‌ രണ്ടാമതൊരു കൊള്ളിയുരച്ച്‌ വിളക്കു കത്തിച്ചു. പപ്പുമോനെന്തുപററി? തപ്പിത്തടഞ്ഞിട്ട്‌ എങ്ങോട്ടാണീ നട്ടപ്പാതിരക്ക്‌ പുറപ്പാട്‌? മൈഥിലി മതിമറന്നുറക്കമാണ്‌. ഉടുത്ത തുണിയഴിഞ്ഞ്‌ ഒരു ഭാഗത്തു കിടക്കുന്നു.
പപ്പുവെ വാരിയെടുത്തു ചോദിച്ചു: "ന്താടാ, മോനേ, മോനെവിടേക്ക്‌ എണീച്ച്‌ പോവ്വാ, ഇമ്മോന്തി ക്ക്‌?"
"മൂത്രം പാത്തണം." അവന്‍ കരച്ചില്‍ തുടങ്ങി.
എടുത്തു പുറത്തുകൊണ്ടുപോയി, തെങ്ങിന്‍കുണ്ടയ്ക്ക്‌ നിര്‍ത്തി മൂത്രമൊഴിപ്പിച്ചു കൊണ്ടുവന്നു. ചന്തിക്കു തട്ടിവിളിച്ചിട്ടൊന്നും മൈഥിലി ഞെട്ടിയില്ല. പിടിച്ചുതള്ളി ഒരുഭാഗത്തേക്ക്‌ ഒതുക്കിയിട്ട്‌ പപ്പുവെ അരികില്‍ക്കിടത്തി. കറുത്ത തുടയില്‍ മുട്ടി ഉറക്കി.
മൈഥിലിയുടെ വയററത്തു കാലുകയററിവെച്ച്‌ പായില്‍ ചരിഞ്ഞുകിടന്ന പപ്പുവിന്റെ വികൃതമാ യ മുഖവും ദംഷ്ട്രങ്ങളെപ്പോലെ പുറത്തു തള്ളിനില്‍ക്കുന്ന പല്ലുകളും ഭീകരത ജനിപ്പിക്കുന്നു. ജീവ സ്സററ്‌ പോളമലര്‍ന്ന്‌ തുറിച്ചു കിടക്കുന്ന ആ കണ്ണുകളിലേക്ക്‌ നോക്കിയിരിക്കെ ഹൃദയം ദ്രവിച്ചു കൊണ്ടിരുന്നു. കണ്ണുകള്‍ നിറഞ്ഞു.
കടപ്പുറത്ത്‌ മററു കുട്ടികളുടെ കൂട്ടത്തില്‍ പപ്പുവിന്‌ സ്ഥാനമില്ല. വിരൂപന്‍. മഞ്ചാടിക്കുരുക്കള്‍ക്കിടയില്‍ കുത്തുവീണ ഒരു പുളിങ്കുരു.
എടുത്ത്‌ ദൂരെ എറിയപ്പെടുന്നതില്‍ അതിശയിക്കാനെന്തുണ്ട്‌?
ഇന്നിങ്ങിനെ.
നാളെ, വളര്‍ന്നു വലുതായിട്ട്‌, തന്റെ കൈവിട്ടു നടക്കേണ്ട പ്രായമാകുമ്പോള്‍...?
തപ്പിത്തടഞ്ഞ്‌ തെങ്ങിന്‍തടിയില്‍ ചെന്നടിച്ച്‌ മലര്‍ന്നുവീഴും. ഇരതേടാനള്ള കരുത്തില്ലാതെ ആരെങ്കി ലും വീഴ്ത്തുന്ന ഇരയും കാത്ത്‌ ഇരുട്ടിന്റെ കൂട്ടുകാരനായി വായുംപൊളിച്ച്‌ ചെവിയോര്‍ത്തിരി ക്കും.
ഓര്‍ത്തപ്പോള്‍ മൊഹഭംഗപ്പെട്ട ഹൃദയത്തിലുയര്‍ന്നു നിന്ന പുല്‍ക്കൂടയില്‍ വൈരാഗ്യത്തിന്റെ തീ വീണു. ഒരു പരിധിവരെ അതുള്ളില്‍ക്കിടന്നാളിക്കത്തി. പരിധി കടന്നപ്പോള്‍-
മെല്ലെ കതകു തുറന്നു, പുറത്തുകടന്നു.

ഇരുട്ട്‌....

തോര്‍ത്തുമുണ്ട്‌ ഉടുത്തതുതന്നെ മതി. ചായ്പ്പില്‍ തൂക്കിയിട്ട കമ്പക്കെട്ടും, ബീച്ചവലയും(6) അഴിച്ചെടു ത്തു. കഷ്ടകാലത്തിന്‌ ആരെങ്കിലും കണ്ടുപോയെങ്കില്‍ത്തന്നെ, ബീയ്യാനുള്ള(7) പുറപ്പാടാണെന്നു കരു തി ഗൌനിക്കരുത്‌.
ഉടുത്ത തോര്‍ത്തുമുണ്ട്‌ ഉരിഞ്ഞ്‌ ഓരുവെള്ളത്തില്‍ മുക്കിയെടുത്തു.
ചെറിയ തുഴയെടുത്തു കുഞ്ഞോടത്തിന്റെ അമരത്തു വെച്ചു. ഓടം വലിച്ചുതാഴ്ത്തി കടലിലടുപ്പിച്ച്‌ ഒരുക്കിവെച്ചു. ഒരുണ്ടക്കല്ലും. പിച്ചാത്തിയെടുത്ത്‌ എളിയില്‍ തിരുകാന്‍ മറന്നിരുന്നില്ല. ചിലപ്പോള്‍ ആവശ്യത്തിനെത്തിയെന്നു വരും.
നായ്ക്കളെയാണ്‌ പേടിക്കേണ്ടത്‌. അവററകളുടെ ബഹളമേ അപായം വരത്തുകയുള്ളു. ഒച്ചയുണ്ടാക്കാതെ നടന്നു.
മാളം വിട്ടു നടക്കുന്ന ഞണ്ടുകള്‍ കൊറുങ്ങകള്‍ വലിച്ചു പിന്നോട്ടോടി. തിരമാലകളുടെ മുകളില്‍ മിന്നിത്തിളങ്ങുന്ന 'തുയി' ഇരുട്ടിനേയും കടലിനേയും വേര്‍പെടുത്തിക്കൊണ്ട്‌ ചില മങ്ങിയ രേഖക ള്‍ വരക്കാന്‍ ശ്രമിക്കുന്നു. താഴെക്കടപ്പുറത്ത്‌ ചോമ്പാക്കല്ലിന്റെ കഴുത്തില്‍ കൈ ഞെക്കിക്കൊണ്ട്‌ തിരമാലകള്‍ അട്ടഹസിക്കുകയാണോ?
തെങ്ങോലകളെ കുടഞ്ഞുകൊണ്ട്‌ ഇടക്കിടക്ക്‌ കാററ്‌ കരയിലേക്കു വീശി. അമ്മായിത്തോടിന്റെ അങ്ങേക്കരയിലിരുന്ന്‌ നായ്ക്കള്‍ കുരക്കുന്നു. വരാനിരിക്കുന്ന ആപത്തിനെ നായ്ക്കള്‍ കാണുന്നു ണ്ടാകുമോ?

ഇരുട്ടിന്റെ കടലില്‍ ആമക്കല്ലുപോലെ കമിഴ്ന്നു കിടക്കുന്ന ഒടിയന്റെ ഓലപ്പുരയുടെ കോലായി ലേക്ക്‌ പതുക്കെ എത്തിനോക്കി. തിണ്ണയില്‍, ചെമ്പുമുരുടയിലെ വെള്ളം തലയിട്ടു കുടിക്കുകയായി
രുന്ന വാലുമുറിയന്‍പൂച്ച പെട്ടെന്ന്‌ ഇറങ്ങി ഓടിയപ്പോള്‍ ഞെട്ടി. പന്തംപോലെ തിളങ്ങുന്ന രണ്ടു കണ്ണുകള്‍!
ഒടിയന്‍ ഒടിമറിഞ്ഞതാകുമോ?
ഭീതിയോടെ കട്ടിലിട്ട ഭാഗത്തേക്കു നോക്കി. ഉടുത്ത മുണ്ട്‌ തലയോടെ മൂടിപ്പുതച്ചുകൊണ്ട്‌ രണ്ടു പേരും ഉറക്കമാണ്‌.
കട്ടിലില്‍ ഒടിയനും നിലത്ത്‌ അച്ഛനും.
രോമകൂപങ്ങളില്‍ക്കൂടെ വിയര്‍പ്പ്‌ എടുത്തുചാടിക്കൊണ്ടിരുന്നു.

ചുററും നോക്കി പെട്ടെന്ന്‌ വായ അടക്കി, നനഞ്ഞ തോര്‍ത്തുകൊണ്ട്‌ കെട്ടി. ഒരു ഞരക്കവും പിട യും... രണ്ടാമതു കയ്യനക്കാന്‍ ഇടകൊടുത്തില്ല. കയ്യും കാലും വരിഞ്ഞു കെട്ടി. കട്ടിലു കരഞ്ഞു.


നെഞ്ചിനുള്ളില്‍ ചെണ്ടക്കൊട്ട്‌ തകൃതിയില്‍ നടക്കുന്നുണ്ട്‌. കൈ രണ്ടും നിയന്ത്രണം വിട്ടു വിറ യ്ക്കാന്‍ തുടങ്ങി.

ഒട്ടും വൈകിക്കൂടാ, നേരെ താഴോട്ടു നടന്നു. പല്ലു കടിച്ചുകൊണ്ട്‌ മനസ്സില്‍ പറഞ്ഞു: "കടപ്പര്‍ത്തെ കൊലയാളിയായി നടന്ന കെളവാ, നീ അവസാനിക്കാമ്പോവ്വാണ്‌. നെന്റെ ഒടിവെപ്പിനി കടലിലാന്ന്‌ വെച്ചോളൂ. ആയംകൂട്യ നടുക്കടലില്‌!"

ഉണ്ടക്കല്ലിനോടുകൂട്ടി വരിഞ്ഞുകെട്ടി ഓടത്തില്‍ വെച്ചു. എന്തൊക്കെയോ വെപ്പ്രാളങ്ങള്‍ കാട്ടിക്കൊ ണ്ട്‌ കെട്ടിനുള്ളില്‍ കുടുങ്ങി കെളവന്‍ പിടയ്ക്കുന്നു. തിരിച്ചറിയാന്‍ പററാത്ത ചില അപശബ്ദങ്ങ ളും പുറപ്പെടുവിക്കുന്നുണ്ട്‌. ഒടുക്കത്തെ ശബ്ദം!

തുഴഞ്ഞു. ധൃതിവെച്ച്‌, തിരിച്ചുകിട്ടിയ ധൈര്യത്തോടെ ശക്‌തിയില്‍ തുഴഞ്ഞു. നായ്ക്കള്‍ തോട്ടിന്റെ ഇക്കരനിന്നും കുര തുടങ്ങി. കിളിപോലെ കുഞ്ഞോടം മുന്നോട്ടു പറന്നു. തുരുത്തു കടന്ന്‌ ഒരു ദൂര ത്തോളം വീണ്ടും ചെന്നപ്പോള്‍ നിര്‍ത്തി. തുരുത്തിലെ തെങ്ങിന്‍കൂട്ടങ്ങളില്‍ ചേക്കുകുത്തിനില്‍ക്കുന്ന കടവാതിലുകള്‍ വല്ലാതെ കരയുന്നുണ്ട്‌. ഇടയ്ക്ക്‌, പരലുമീനുകള്‍ വാലിളക്കി വെള്ളത്തില്‍ തെറി ച്ചു വീഴുന്ന ശബ്ദം കാതുകളില്‍ കൊണ്ടു: പ്ലക്ക്‌... പ്ലക്ക്‌... മനസ്സിന്റെ ആഴങ്ങളില്‍ നിന്നും കലക്കം സൃഷ്ടിച്ചുകൊണ്ട്‌ എടുത്തുചാടുന്ന പിടയ്ക്കുന്ന വമ്പന്‍മീനുകള്‍ പാര്‍ശ്വങ്ങളില്‍ വാലിളക്കിയോടി അസ്വസ്ഥതയുണ്ടാക്കിക്കൊണ്ടുമിരുന്നു.

കെട്ട്‌ പതുക്കെ എടുത്ത്‌ കടലിലേക്ക്‌ എറിഞ്ഞു. കടപ്പുറത്ത്‌ ദുരിതങ്ങള്‍ എമ്പാടും സൃഷ്ടിച്ച കൊല ക്കെട്ട്‌!വാശിയോടെ അത്‌ വലിച്ചെറിഞ്ഞപ്പോള്‍ പല്ലുകള്‍ തമ്മില്‍ കൂട്ടിയരച്ചു. ചുററും പരന്നുനിന്ന ഓളങ്ങള്‍ കൈനീട്ടി സ്വീകരിക്കാന്‍ മടിച്ചുകൊണ്ട്‌ അകലത്തകലത്തേക്ക്‌ അകന്നുപോയി.

കല്ലുവെച്ചു കെട്ടിയത്‌ വെറുതെയല്ല. നിന്റെ ശവം മേല്‍പ്പോട്ടു പൊങ്ങരുത്‌. ശ്വാസം മുട്ടിമുട്ടി നീ മരിക്കും.
-മരിയ്ക്ക്‌!
വെള്ളത്തില്‍ കിടന്ന്‌ ശവം ചീയും. കണ്ണുന്തും. ഉന്തിയ കണ്ണുകളില്‍ പാമ്പുകളും മത്സ്യങ്ങളും വന്നു കൊത്തും. കഷ്ണംകഷ്ണമായി മത്സ്യങ്ങളുടെ വയററില്‍ ചെന്ന്‌ നീ അവസാനിക്കും. ആ മത്സ്യങ്ങ ളെ താനും മററു കടപ്പുറക്കാരും കടിച്ചു കടിച്ചു തിന്നും. തിന്നു വിശപ്പടക്കും.

ആഴത്തില്‍നിന്നും കുമിളകള്‍ പൊങ്ങി. കിഴവന്റെ അന്ത്യശ്വാസത്തിന്റെ തരികള്‍. തീപ്പെട്ടിക്കോലിന്റെ വെട്ടത്തില്‍, തകരുന്ന കുമിളകള്‍ നോക്കി ചിരിച്ചു. സംതൃപ്‌തിയോടെ പൊട്ടി പ്പൊട്ടിച്ചിരിച്ചു. കുമിളകള്‍ നിലച്ചപ്പോള്‍ തിരിച്ചു തുഴഞ്ഞു. വരുന്നത്‌ നേരിടാനുള്ള പുതിയൊരു കരുത്ത്‌ കൈവന്നിരുന്നു, അപ്പോള്‍.
ഇനിയൊരിക്കലും ഈകടപ്പുറത്ത്‌ മറെറാരു പാര്‍വ്വതി വണ്ണാരപ്പെടുകയില്ല; മറെറാരു പപ്പു ജനിക്കുകയുമില്ല.

കരയോടടുത്തപ്പോള്‍, നീങ്ങുന്ന ഒരുവെളിച്ചം കണ്ണില്‍പെട്ടു. നെഞ്ചിടിപ്പോടെ കുഞ്ഞോടം കരയ്ക്ക ടുപ്പിച്ചു. ഓടം വലിച്ചുകയററി കരയില്‍ കമിഴ്ത്തി. ബീച്ചുവല തോളിലൂടെ തൂക്കിയിട്ട്‌ തുഴയുമാ യി മേല്‍പ്പോട്ടു നടന്നു.

ഒരു ലാന്തര്‍ വിളക്ക്‌ കയ്യില്‍പിടിച്ചുകൊണ്ട്‌ മുമ്പില്‍ ഒരു രൂപം-
ഒടിയന്‍ കേളപ്പന്‍!!!
"ഉയ്യെന്റെ..." ശബ്ദം ഉള്ളില്‍ കുടുങ്ങി, വിറച്ചുകൊണ്ട്‌ ഭാസ്ക്കരന്‍ വെളുത്ത പൂഴിയില്‍ കമിഴ്ന്ന്‌ വീണു.


(1971 ല്‍ കോട്ടയം ലിററററി ഓര്‍ഗനൈസേഷന്‍ നടത്തിയ ചെറുകഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കഥ) * (1971 മലയാളനാട്‌ വാരികയില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി)



(1) വളര്‍ന്ന പെണ്ണ്‌ (2) ശക്‌തിക്ഷയം (3) കടല്‍വെള്ളം (4) വസൂരിയില്‍ മരിച്ചു *വസൂരിയില്‍ മരിച്ചാല്‍ വീട്ടുകാര്‍ക്ക്‌ കരഞ്ഞു കൂട (5) കയറുകൊണ്ട്‌ തടിപ്പില്‍ പിരിച്ചുണ്ടാക്കിയത്‌ (6) വീശുവല (7) വീശാനുള്ള

പൊട്ടന്‍ ചന്തു

ണ്ടാല്‍ പാവം തോന്നും. ചെവി നല്ലപോലെ കേള്‍ക്കും. പറയുന്നതൊക്കെ മനസ്സിലാകുകയും ചെയ്യും. നാക്കുമാത്രം ഇളക്കിക്കൂടാ. മനുഷ്യന്‌ വലുത്‌ ആശയല്ലേ? നാക്ക്‌ വളയാത്ത മകനെ

പിച്ചാത്തിക്കണ്ണന്‍ എഴുത്തിന്‌വിട്ടു!

ഒന്നാം തരത്തില്‍ മററു കുട്ടികളുടെകൂടെ തറയിലിരുത്തി ഹരിശ്രീ എഴുതിക്കാന്‍ രൈരുമാസ്‌ററര്‍ അടുത്തു ചെന്നപ്പോള്‍ തിരിഞ്ഞിരുന്നുകളഞ്ഞു. അന്നുതൊട്ട്‌ തുടങ്ങിയതാണ്‌ ജീവിതത്തിനു നേരെ യുള്ള ഈ പുറംതിരിഞ്ഞിരുത്തം.



ബീഡി തെറുപ്പിനുള്ള ഇല വെട്ടിക്കൊടുക്കാന്‍വേണ്ടി ബീഡിക്കാരന്‍ കലന്തന്റെ പീടികയില്‍ പറഞ്ഞയച്ചപ്പോഴും വാണ്യന്‍ കറുവന്റെ നെയ്ത്തുപുരയില്‍ നല്ലിചുററാന്‍ വിട്ടപ്പോഴും ഉണ്ടായത്‌ അതേ തിരിഞ്ഞിരുത്തം തന്നെയായിരുന്നു.

"കരേ നിക്കാ‌ന്‍ ഇഷ്ടേല്ലെങ്കി കടലിപ്പോയി നയിക്കട്ട്‌."

കോറുവന്‍ ‍ചാമുവിന്റെ ഏഴുകള്ളികളുള്ള പഴയ മാവോടത്തില്‍ വെള്ളം കോരാന്‍വേണ്ടി വിടാമെന്ന്‌ കണ്ണപ്പന്‍ വാക്കുകൊടുത്തു. കടപ്പുറച്ചിട്ടയനുസരിച്ചുള്ള പതിവുകര്‍മ്മങ്ങളോടെ തല ക്കുടയും കടലിലിടുന്ന കുപ്പായവും ഇടുവിപ്പിച്ച്‌ ചള്ളേപ്പള്ളയില്‍ നിന്നിറക്കുന്ന മാവോടത്തിന്റെ കള്ളിയിലിരുത്തി."

ഈ ക്ലാവ്നോക്കി(1) ഉന്തിക്കോ മക്കളേ..." ഗോയ്ന്നന്‍ തലാളി(2)യുടെ നിര്‍ദ്ദേശപ്പടി ഓടം വെള്ളത്തി ലേക്ക്‌ തള്ളി. അഞ്ചെട്ടു വാര നീങ്ങിയപ്പോഴേക്കും ഓടക്കള്ളിയില്‍നിന്ന്‌ പൊട്ടന്‍ ചിററാക്കൊ ഞ്ചനെപ്പോലെ മുട്ടോളംവെള്ളത്തിലേക്ക്‌ എടുത്തുചാടി. തലക്കുട വലിച്ചെറിഞ്ഞു കൊണ്ടുള്ള മരണപ്പാച്ചല്‍! തിരിഞ്ഞുനോക്കിയത്‌ അമ്മായിത്തോട്‌ കടന്നിട്ടാണ്‌.

"വിരിച്ചേടത്ത്‌ കെടക്കാത്ത ഇവന്‍ വെറുംപൊട്ടനല്ല, ചട്ടനും(3)കൂടിയാ."

കണ്ണപ്പന്‌ ദേഷ്യംവന്നു. "ന്താ, ചെക്കന്‌ മനസ്സിലാക്കാന്‌‍ള്ള പ്രായം പോരാണ്ടാ? പെണ്ണ്‌‍കെട്ടീനെങ്കി പത്ത്‌ മക്കളെണ്ടാക്കാന്‍ള്ള പ്രായോം, ത്രാണിയൂണ്ട്‌."

"നിങ്ങള്‌ ആ മിണ്ടാപ്പ്രാണീന ഇട്ടിങ്ങന പ്രാകല്ല!" പാറുത്തള്ള പതിയാരോട്‌(4) കേണു."

പടച്ചോനിനി പൊറുക്കണ്ട. പടച്ചോന്‍ കാട്ട്യ ചതീല്‌ പടച്ചോനോട്‌ നമ്മക്ക്‌ പൊറുക്കാവ്വോ...?"

"എന്തിനാ നീങ്ങ പടച്ചോനെ മോളിക്കേറണേ? നട്ടതെല്ലം അങ്ങ്‌ പൊടിക്ക്വോ...?"

മറുപടി പറയാതെ കണ്ണുരുട്ടി ഒന്ന്‌ നോക്കുകമാത്രം ചെയ്‌ത്‌ കണ്ണപ്പന്‍ നടന്നു. ആണായിട്ട്‌ ഒററയേ കായ്ച്ചുള്ളു. അതും പേട്‌! ആരോടു പറയാന്‍?

തന്റെ കാലം കഴിയുന്നതുവരെ എല്ലാവരുടേയും അണ്ണാക്കില്‍ ഇരയെത്തും. പിന്നീടങ്ങോട്ടോ?ചന്തുവിന്ന്‌ അച്ഛനെ ഒട്ടും ഇഷ്ടമല്ല. ലോകത്തിലാരോടെങ്കിലും വെറുപ്പുണ്ടെങ്കില്‍ കണ്ണപ്പനെന്ന സ്വന്തം അച്ഛനോടാണ്‌. കൂറുണ്ടെങ്കില്‍ തള്ളയോടും പെങ്ങളോടും മാത്രം.

വരട്ടുചൊറി പിടിച്ചു കരക്കടിഞ്ഞ കടല്‍ച്ചൊറിപോലെ ആര്‍ക്കും വേണ്ടാതെ ഉമ്മറപ്പടിയിലും ഇറയത്തുമായി ചൊറിമാന്തിക്കഴിഞ്ഞപ്പോള്‍ ഒലിച്ചുകൊണ്ടിരുന്ന നീര്‌ ചന്തമരത്തിന്റെ പഴുത്ത ഇലകൊണ്ട്‌ ഒപ്പിയൊപ്പി ഒട്ടിച്ചേര്‍ന്നിരിക്കാറുള്ള അമ്മയോട്‌ കൂറില്ലാതിരിക്കുമോ? കലികയറിയ അച്ഛന്‍ ഓലക്കുത്തില്‍നിന്നും തിരണ്ടിവാലെടുത്ത്‌ വീശിയപ്പോള്‍ തന്റെ മുമ്പില്‍ ചാടിവീണ്‌ ആ അടി ഏറ്റുവാങ്ങിയ അനുജത്തിയുടെ പുറത്ത്‌ ഇന്നും ഒരു വരയുണ്ട്‌. കാലത്തിനെന്നല്ല ജന്‍മാ ന്തരങ്ങള്‍ക്കും മായ്ക്കാനാവാത്ത ആ കറുത്തവര ചന്ത്വേട്ടനുവേണ്ടി ചാര്‍ത്തി വാങ്ങിയ അനുജ ത്തിയോടും എങ്ങിനെ കൂറില്ലാതിരിക്കും?

അന്ന്‌ ഉണങ്ങിയ തിരണ്ടിവാല്‍ മൂളിക്കൊണ്ട്‌ പുറത്തു പതിഞ്ഞപ്പോള്‍ അതിന്റെ നീററലില്‍ ശങ്കരി പുളയുന്നതുകണ്ട്‌ നിലകിട്ടാതെ അച്ഛന്റെ നേര്‍ക്ക്‌ അരിശത്തോടെ കയ്യോങ്ങി. അരുതെന്ന്‌ പെററതള്ള വിലക്കിയതു കൊണ്ടുമാത്രം കൈവലിച്ചു.

"ആരാണ്ടോ നട്ടുപിടിപ്പിച്ച തെങ്ങില്‌ ആരെങ്കിലും കയറെടുത്തു കെട്ട്യെന്നുവെച്ച്‌ ഇപ്പൊട്ടന്‍ചെക്ക നെന്തു ചേതം?" അച്ഛന്‍ ശകാരിക്കും.

അമ്മ സഹായത്തിനെത്തും: "ചെക്കന്‌ പുത്തികെട്ടിററുംപോയി. പുത്തീള്ള ഇന്നായിന്റെമക്കക്ക്‌ ന്താ ഒതിയാര്‍ക്കത്തിലിരുന്നൂടെ? പ്രാന്തില്ലാത്തോന്‌ പ്രാന്താക്ക്ന്ന വര്‍ഗ്ഗങ്ങള്‌."

കടപ്പുറത്തെ തെങ്ങിന്റെ തടിയില്‍ കുട്ടികള്‍ വെറുതെ കയറുകൊണ്ട്‌ കെട്ടും. ചന്തുവിനത്‌ ഇഷ്ട മല്ല. കെട്ടിയ ആളെ കയ്യോടെ കിട്ടിയെങ്കില്‍ ആദ്യം ഒരു ചുട്ട അടി പാസ്സാക്കും. എന്നിട്ട്‌ നേരെ പുര യിലേക്കോടും. കയ്യാലപ്പുരയില്‍ തൂക്കിയിട്ട ഏണിയുമായി തിരിച്ചുവരേണ്ട താമസം മാത്രം, ഏണി വെച്ച്‌ കുത്തനെ ഒരു കയററമാണ്‌. തെങ്ങിന്‍മേല്‍ കെട്ടിയ കയര്‍ അഴിച്ചിട്ട്‌ പിന്നെ കാര്യം.

നയ്പ്പിന്‌ അച്ഛന്‍ കയറിപ്പോകാറുള്ള മൊയ്‌ററി മൊയലാളിയുടെ കരയ്ക്ക്‌ കയററിയിട്ട ഓടത്തില്‍ കയറിക്കളിക്കാന്‍ ആര്‍ക്കും അവകാശമില്ല. കയറിയവന്‌ ചുട്ട അടി.

അമ്മയുടേയും തന്റേയും ഉടുതുണി സൂക്ഷിച്ചുവെക്കുന്ന മരപ്പെട്ടി അമ്മയൊഴിച്ച്‌ ആരെങ്കിലും തുറന്നാല്‍ കളി കാര്യം. തന്റെ ചുമലിലും പുറത്തും കയറിക്കളിച്ചു വളര്‍ന്ന അനുജത്തിയെ തൊട്ട്‌ ആരെങ്കിലും കളിച്ചാല്‍ചോരക്കളി. അവളിലുള്ള അവകാശം വെറും രണ്ടുപേര്‍ക്കേ ഉള്ളൂ എന്ന മട്ടിലാണ്‌ പെരുമാററം.

അവള്‍ തന്റേതാണ്‌; അമ്മയുടേതാണ്‌.

ഇന്നും നല്ല ഓര്‍മ്മയുണ്ട്‌. അമ്മായിത്തോടിന്റെ തിണ്ടില്‍ ബരിസത്ത്‌(5) തിണ്ടടര്‍ത്തിക്കളിക്കുകയാ യിരുന്നു. "ചന്ത്വേട്ടാ, ഞണ്ട്‌. മഞ്ഞക്കൊര്‍ക്കന്‍ ഞണ്ട്‌." അവള്‍ ചൂണ്ടിക്കാട്ടി. മാളത്തിലേക്ക്‌ പിന് ‍മാറാനൊരുങ്ങിക്കഴിഞ്ഞ ഉഗ്രന്‍ ഞണ്ടിന്റെ കാലുകള്‍ കൂട്ടിപ്പിടിച്ചു കൊണ്ട്‌ തിണ്ടുവിട്ടോടിയ പ്പോള്‍ കൊറുങ്ങയില്‍ കുടുങ്ങിയ ചുള്ളിവിരല്‍ ഇറുങ്ങി. "ബേ...ബേ...ബേ..." വാക്കു പുറത്തു വരാതെ നിലവിളിച്ചപ്പോള്‍ വിരലില്‍ കടിച്ചുതൂങ്ങിയ ഞണ്ടിനെ പിടിച്ചുമാററാന്‍ ഓടിത്തുടങ്ങിയ പെങ്ങള്‍ കാല്‍ക്കീഴിലെ തിണ്ടിന്റെ പിളര്‍പ്പ്‌ ശ്രദ്ധിച്ചില്ല. തിണ്ടടര്‍ന്നു. മുഖംകുത്തി വീഴുകയും ചെയ്‌തു. സര്‍വ്വ കരുത്തും ശേഖരിച്ചു കൈക്കു കടന്നുപിടിച്ചു, ഊക്കോടെ പിന്നോട്ടുവലിച്ചു.

അമ്മായിത്തോടിന്റെ ശക്‌തിയുള്ള ഒഴുക്കില്‍ പെട്ട്‌ ചുഴിയുടെ കയത്തില്‍ അന്ന്‌ മറഞ്ഞുപോകു മായിരുന്ന ഒമ്പതുവയസ്സുകാരിയായ പെണ്‍കുട്ടി ഇന്ന്‌ ഇരുപത്തിനാലുവയസ്സായ ഒരു പെണ്ണത്തി(6)യായി പുരമുട്ടിനില്‍ക്കുന്നു.

കോന്ത്രന്‍പല്ലന്‍ മുത്തപ്പന്‍ദാമുവിന്ന്‌ വേണ്ടി ശങ്കരിയെ അന്വേഷിച്ചതാണ്‌. കറുത്ത്‌ കുറിയവനാ ണെങ്കിലും നല്ല ചീമനക്കാരന്‍(7). പൊന്നിന്‍നൂല്‌ കെട്ടിക്കൊടുക്കാന്‍ പ്രാപ്‌തിയില്ലെങ്കിലും പെണ്ണ്‌ പട്ടിണിക്കായിപ്പോകില്ല.

തണ്ടിട്ട്‌താങ്ങീട്ടും ശങ്കരി മറുത്തുതന്നെ പറഞ്ഞു. കാക്കത്തിരണ്ടിയുടെ കൂടെ വെള്ളാവോലി ഇണ ചേരുമോ?

പാറുവമ്മ കയര്‍ക്കാതിരുന്നില്ല. "എടീ! നിന്നെ മൊഞ്ചിന്‌ പററ്യ ഒര്‌‍ത്തനേന്തേടി ഏടപ്പോകും? നിന്റച്ഛന്‍ പിച്ചാത്തിക്ക്‌ എതോണ്ടങ്കി(8) ബേണ്ടില്ലേയ്നും."
"നോക്കിപ്പോകാനീട്ന്നാരെങ്കിലും പറഞ്ഞ്യാ?"
"ങ്‌ഹാ, അത്ര മൊഞ്ചുള്ള ഊര്‍വ്വശ്യല്ലേ!"
"മൊഞ്ചുണ്ടെന്നീട്ന്നാരെങ്കിലും പറഞ്ഞ്യാ?"
"എടീ നിന്നെ ബായിന്നാക്ക്‌ നിര്‍ത്തണം, കേട്ട്യാ?" പാറുവമ്മക്ക്‌ ദേഷ്യം മൂക്കും. "മ്മോ! ആരക്കണ്ടി ററ്‌ തുള്ളണീന്നറീല്ല."

ഈയ്യൊരു കാര്യത്തില്‍ മാത്രം അമ്മയും മകളും ഒത്തുചേരാറില്ല. ഒക്കെ കേട്ട്‌ പച്ചക്കുരൂമ(9) കുട്ടി കളെപ്പോലെ കടിച്ചരച്ചുകൊണ്ട്‌ ഉമ്മറപ്പടിയില്‍ ചന്തു ഇരിപ്പുറപ്പിക്കും. മനസ്സില്‍ മറെറന്തൊക്കെ യോ കൂട്ടിയിട്ടരക്കുകയും.

കാല്‍പ്പണത്തൂക്കം പണ്ടമെങ്കിലും പണയം കിട്ടാതെ വലക്കാരന്‍മാര്‍(10) ആരും ആര്‍ക്കും പണം കടംകൊടുക്കാറില്ല. പാറുവമ്മ ചോദിക്കേണ്ട താമസമേയുള്ളു, മൊയ്‌ററി ഇല്ലെങ്കിലും ഉള്ളത്‌ പെറുക്കി കൊടുത്തേക്കും. മൊയ്‌ററിയില്‍നിന്ന്‌ കാശ്‌ വാങ്ങുന്നത്‌ ശങ്കരിക്ക്‌ ഇഷ്ടമുള്ള കാര്യമല്ല.


മററ്‌ കൊട്ടക്കാരിപ്പെണ്ണുങ്ങള്‍ക്കൊക്കെ അസൂയയുണ്ട്‌. സ്വര്‍ണ്ണത്തേക്കാള്‍ മാററുള്ള ശങ്കരിയെ കണക്കിലെടുത്തുകൊണ്ട്‌ അവര്‍ പറയും: "പാറുവമ്മക്ക്‌ പണേമ്പെക്കാ പണ്ടോല്ലെന്നെല്ലേള്ളൂ, ബദലിന്‌ തങ്കംപോലത്തൊര്‌ ബാല്യക്കാരത്തി പെണ്ണുണ്ടല്ലോ..."

കുത്തുവാക്കുകള്‍ക്കുമുമ്പില്‍ ശങ്കരിയും അമ്മയും പുറംതിരിഞ്ഞുനിന്നു. മൊയ്‌ററിയുടെ കോളോടം കരയ്ക്കടുപ്പിച്ചാല്‍ മീങ്കൊട്ടയുമായി അടുക്കുന്ന പാറുവമ്മയുടെകൂടെ ശങ്കരിയേയും കാണും. അമ്മ പറയാനുള്ളത്‌ മകള്‍ പറഞ്ഞുതീര്‍ക്കും.

"മൊയ്‌ററീക്കാ, ഇന്നാളത്തെ ഐലയ്‌ല്‌ അമ്മ പററിപ്പോയി. ഐല ഒണക്ക്യേപ്പളക്ക്‌ ചുരുണ്ടു അരണേന്റെ വലുപ്പം. ഉറുപ്പ്യക്ക്‌വെച്ചിററും വാങ്ങാനാളില്ല."

"ലാവോം ചേതോം കച്ചോടത്തി വന്ന്‌ പെടുന്നതാ. അയ്ന്‌ ഞമ്മക്ക്‌ പൈസ മടക്കിത്തെരാനാവ്വോ?"

ലാഭവും ചേതവും കച്ചവടത്തില്‍ ഉണ്ടാകാറുണ്ട്‌. അതുപോലെതന്നെ ജീവിതത്തിലും. പക്ഷേ പാറുവമ്മയുടെ ജീവിതത്തില്‍ ചേതമേ ഉണ്ടായുള്ളു.

ചേതംപററിയ ചരക്കുപോലെ, ഉള്ള കഞ്ഞി പങ്കിട്ടു കൊണ്ട്‌ തങ്ങളുടെ ഇടയില്‍ പൊട്ടനായ മകന്‍ വളരുന്നു. ദൂരെ കെട്ടിന്‍മേല്‍ തെങ്ങുംചാരി ചെവിയില്‍ കോഴിത്തൂവലിട്ട്‌ തിരിച്ചുകൊണ്ട്‌ എല്ലാ കാഴ്ചയും നോക്കി ആ മകന്‍ ഇരിക്കുകയാവും. വല്ലപണിയും പറഞ്ഞുകൊണ്ട്‌ ആരെങ്കി ലൂം അലട്ടിയാല്‍ എഴുനേററ്‌ ഒരു നടത്തം കൊടുക്കും.
തല ഇടത്തോട്ട്‌ ചരിച്ചുവെച്ചു ശീഘ്രഗതിയിലുള്ള നടത്തത്തിന്ന്‌ ഒരു പ്രത്യേകതയുണ്ട്‌.

വെറുതെ ഇരിക്കുമ്പോഴൊക്കെ കണ്ണിന്‌ കൈമറ വെച്ചുകൊണ്ടുള്ള നോട്ടം കടലിലേക്കായിരിക്കും. സകലതും കണ്ണില്‍പ്പെടും. മാനത്തു റോന്ത്ചുററുന്ന പരുന്തിന്റെ കാഴ്ചശക്‌തിയാണ്‌.
"പൊട്ടന്റെ കായ്ച അസാദ്ധ്യാ!" പുകഴ്ത്താത്ത ആളുകളി‍ല്ല.
മതിയായ കാരണമുണ്ട്‌.
മുങ്ങിമരിച്ച ദറസര്‍ചാമാച്ഛന്റെ 'ചവം' കടലില്‍ ആദ്യം പൊന്തിക്കണ്ടത്‌ പൊട്ടനായിരുന്നു. ബരിസത്ത്‌ മേമ്പുറത്ത്‌(11) ഉരു(12) പൊട്ടി മരത്തടി ഒഴുകിവന്നപ്പോള്‍ പൊട്ടന്റെ കണ്ണിലാണ്‌ കുടുങ്ങിയത്‌.
കടപ്പാമ്പ്‌ കടിച്ചിട്ടാണ്‌ പിച്ചാത്തിക്കണ്ണപ്പന്‍ മരിച്ചത്‌. കടിയേററ കണ്ണപ്പനേയുംകൊണ്ട്‌ കിളി‍പോലെ പറന്നുവരികയായിരുന്ന മൊയ്‌ററിയുടെ മാവോടം കൈനീട്ടി കരക്കാര്‍ക്ക്‌ കാണിച്ചുകൊടുത്തതും ചന്തുതന്നെയായിരുന്നു.
ഒററത്തടിയില്‍ കരയുന്നാശാരി കുഴിച്ചെടുത്ത വീതിയുള്ള മാവോടത്തില്‍ ചിറ(13) വിരിച്ചതിന്‍മു കളി‍ല്‍ കമിഴ്ന്നുകിടന്ന്‌ ഭ്രാന്തന്‍നായയെപ്പോലെ കിതച്ചുകൊണ്ടിരുന്ന കണ്ണപ്പനെ വിഷവൈദ്യന്‍ കുഞ്ഞപ്പയുടെ അടുക്കലേക്ക്‌ ജീവനോടെ എത്തിക്കാന്‍ സാധിച്ചില്ല.
പൊട്ടന്‍ ആദ്യം കരഞ്ഞില്ലെങ്കിലും അമ്മയും പെങ്ങളും വാവിട്ട്‌ നിലവില്‍ക്കുന്നതുകണ്ട്‌ നിലകിട്ടാ തെ അച്ഛന്റെ തലക്കുടയും ബീച്ചുവലയും(14) തൂക്കിയിട്ട ചായ്പ്പില്‍ ചെന്ന്‌ മുഖം പൊത്തിക്കരയു ന്നതുകണ്ടു. പിന്നീട്‌ കുറേ ദിവസത്തേക്ക്‌ മുഖം മ്‌ളാനമായിരുന്നു. അടിക്കാന്‍ തിരണ്ടിവാല്‌ വീശി യെങ്കിലും കരയ്ക്ക്‌ നില്‍ക്കാതെ ഊരമുറിയെ നയ്ച്ചുണ്ടാക്കിയ ഉരുളച്ചോറ്‌ അയാള്‍ വയററിലെ ത്തിച്ചുതന്നു എന്നുള്ളബോധം പൊട്ടനുണ്ട്‌.

അച്ഛന്റെ ശവത്തിനുചുററും മഠക്കാരുടെ ഭജനപ്പാട്ടും പെണ്ണുങ്ങളുടെ മുറവിളി‍യും ഉയര്‍ന്നു. ശവം മറവു ചെയ്യുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമപോലും ഉണ്ടായില്ല. പൊട്ട്‌വീണ ഭരണിയില്‍ ഇട്ട്‌ പോററിക്കൊണ്ടിരുന്ന പാമ്പിനെ പുറത്തെടുത്തു പൊട്ടന്‍ തല്ലിക്കൊന്നു. വാലില്‍ നുള്ളിപ്പിടിച്ച്‌ കടലിലേക്ക്‌ കറക്കിയെറിഞ്ഞു.

മൊയ്‌ററിയുടെ ചവിട്ടുവലക്കാര്‍ കരക്കെറിഞ്ഞ തല തടിച്ച കടപ്പാമ്പിനെ രസത്തിനുവേണ്ടി ഓരു- വെള്ളം(15) നിറച്ച കുപ്പിഭരണിയിലിട്ട്‌ വളര്‍ത്തിക്കൊണ്ടിരുന്നു.
"ഇനി ഇദുംകൂട്യേ ബേണ്ടൂ.... കൊണത്തിനെത്തൂല്ലെങ്കിലും പൊട്ടന്‍ ദോശത്തിനെത്തും. എന്തൊക്കെ നാശം വരുത്തിവെക്ക്‌‍ന്ന്‌ന്ന് കണ്ടറ്യണം!"
അച്ഛന്‍ തടഞ്ഞതായിരുന്നു. "അല്ല, വല്ല കാര്യംണ്ടാ, കടപ്പര്‍ത്തെങ്ങോ കെടക്കണെ പാമ്പിനപ്പിടിച്ച്‌ പൊരയ്‌ല്‌ കൊണ്ടരാന്‍?"
ഭരണിയിലെ ഓരുവെള്ളത്തില്‍ പുളഞ്ഞുമറിയുന്ന കറുത്ത പാമ്പിനെ നോക്കി തടിച്ച ചുണ്ടിനു കീഴില്‍ മേല്‍വരിയിലെ മഞ്ഞപ്പല്ലുകള്‍ മിന്നിച്ചുകൊണ്ട്‌ ചിരിക്കും. അതുനോക്കി ശങ്കരിയും അമ്മ യും പുളകം കൊള്ളും.
"പോററിക്കോട്ടച്ഛാ, അതൊക്കേള്ളൂ ഓര്‍ക്കുള്ള സുഖം."
"ങ്‌ഹാ‍ടീ, ങ്ഹാ! പൊട്ടനെ സൊകവും സൊകക്കേടും നീയൊക്കേ കാണ്‍ള്ളൂ. അയ്ന്‍ള്ള നയ്പ്പും പാടും നിനക്കൊന്നൂല്ലല്ലോ...!"
ഇനി അച്ഛന്‌ ആ പാട്‌ ഒഴിഞ്ഞുകിട്ടി....

ഏട്ടന്റെ വൃത്തികെട്ട മഞ്ഞപ്പല്ല്‌ കാണുമ്പോള്‍ ശങ്കരിക്ക്‌ വല്ലായ്മ തോന്നാറുണ്ട്‌. ചിലപ്പോള്‍ തുറ ന്നുപറയും: "ഏട്ടനിന്ന്‌ പല്ല്‌ തേച്ചിററില്ലാല്ലേ? നോക്ക്യേ, പല്ല്‌ ചുത്തംകെട്ട്‌ കെടക്ക്വാ."
"ഏ...."
നിഷേധാര്‍ത്ഥത്തില്‍ നീട്ടിവലിച്ചുള്ള അതേ മറുപടിതന്നെയാണുണ്ടാവുക. കേട്ടപാതി കേള്ക്കാത്ത പാതി പടികടന്ന്‌ പെസറ്‌‍പോലെ നടന്ന്‌കളയും. പല്ല്‌ എന്നും തേക്കും. ശങ്കരിയുടെ 'ചുത്തം' വരു ത്തിയ തേപ്പിന്‌ തന്നെക്കിട്ടില്ലെന്നേയുള്ളു. ഉള്ളംകയ്യില്‍ നിറച്ച്‌ ഉമിക്കരിയെടുത്ത്‌ അപ്പുറവും ഇപ്പു റവും നീട്ടി രണ്ടു വലിവലിക്കും. തീര്‍ന്നു. പുറത്തുതുപ്പാതെ കയ്യിലെടുത്ത ഉമിക്കരി മുഴുക്കെ വയററിലിറക്കും. അച്ഛന്റെ മരണവാര്‍ത്തയാണ്‌ കാണുന്നവരോടൊക്കെ പറയുവാനുള്ളത്‌. തണ്ട- ക്കൈക്ക്‌ കടിച്ചുകാണിച്ചുകൊണ്ട്‌ അച്ഛന്‍ പാമ്പുകടിച്ചു മരിച്ചുവെന്ന്‌ ആംഗ്യം കാണിക്കുന്നു. അച്ഛന്റെ ശേഷക്രിയകള്‍ ചെയ്‌തത്‌ താനാണെന്നും അഭിമാനത്തോടെ നെഞ്ചത്തുതട്ടിക്കൊണ്ട്‌ അറിയിക്കുന്നു. കേട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും പിടിച്ചുനിര്‍ത്തി പറഞ്ഞുകേള്‍പ്പിച്ചാലേ തൃപ്‌തനാവുകയുള്ളു. അന്നേതൊട്ട്‌ വളര്‍ന്നതാണ്‌ പാമ്പിനോടുള്ള വൈരാഗൃം. കടപ്പുറത്ത്‌ കാണുന്ന ഒററപ്പാമ്പിനേയും ബാക്കി വെക്കാറില്ല. തല്ലിക്കൊല്ലും. ചോരയില്‍ പുളയുന്ന നികൃഷ്ട ജീവിയെ നോക്കിച്ചിരിച്ച്‌ സംതൃപ്‌തിയടയണം.
പള്ളിയറയുടെ പടിപ്പുരയില്‍വെച്ച്‌ ഒരിക്കല്‍ ഒന്നിനെക്കൊന്നു. സംഭവം കടപ്പുറത്ത്‌ കൊടുങ്കാററൂ തി. നാടുനീളെ ഗൌരവമുള്ള ചര്‍ച്ചകള്‍ നടന്നു. "പൊട്ടന്‍ പള്ളൃറേലെ നാഗത്തെക്കൊന്നിരിക്കൃ‍! പാപം തിന്നാലും തീര്‌വോ? ശാപം ഉള്ള കാലത്തേക്ക്‌ മൈ."
പാറുവമ്മ തീ തിന്നു. ആശ്വസിക്കാന്‍ പഴുത്കാട്ടിയത്‌ മകളാണ്‌. "പൊട്ടനല്ലേ, വിവരോല്ലാണ്ട്‌ കാണിക്കണത്‌ പൊറുക്കാണ്ടിരിക്കൂല്ല. മനിശനും ദേവിയും രണ്ടും രണ്ട്‌തെന്ന്യാ."

ചന്തുവിന്റെ നിഴല്‍ കാണുകയേവേണ്ടൂ, കടപ്പുറത്തെ നായ്ക്കള്‍ തലവലിച്ച്‌ ഓട്ടംതുടങ്ങും. അറി യാതെ അരികില്‍ പെട്ടുപോയെങ്കില്‍ തലമണ്ട തെറിച്ചതു തന്നെ.

വീട്ടില്‍ വളര്‍ത്തിവന്ന വരയന്‍ പെണ്‍പൂച്ചയെത്തേടി എങ്ങുനിന്നോ ഒരു കാമുകനെത്തി. ഇണ ചേര്‍ന്ന്‌ രാത്രി ഒച്ചവെച്ചുനടന്ന്‌ മനുഷ്യരുടെ സ്വൈരംകെടുത്തി. പൂച്ചയെ രണ്ടിനേയും നാടുകടത്താ ന്‍ തീരുമാനിച്ചു. ചാക്കുമായി ചന്തു തയ്യാറെടുത്തു. ആയുസ്സിന്റെ ബലംകൊണ്ട്‌ ആണ്‍പൂച്ച രക്ഷ പ്പെട്ടു. പുരയിലെ പെണ്‍പൂച്ച പിടിയില്‍പ്പെട്ടു. ചാക്കിലാക്കിക്കെട്ടി ജീവനോടെ കാനാമ്പുഴ കടത്തി വിടാനായിരുന്നു ഉദ്ദേശം. വാശിമൂത്തപ്പോള്‍ ഉണക്കച്ചെമ്മീന്‍ തല്ലുംപോലെ ചാക്കോടെ പൂച്ചയെ നിലംകൂട്ടിയടിച്ചു. രണ്ടേ രണ്ടടിക്ക്‌ പൂച്ചയുടെ കരച്ചില്‍ നിന്നു. ചത്തപൂച്ചയെ ചാക്കിന്റെ കെട്ടഴി ച്ച്‌ കാനാമ്പുഴയില്‍ കുടഞ്ഞിട്ടു. വിവരം കേട്ടറിഞ്ഞ ശങ്കരി പറഞ്ഞു: "അയ്യോ! ചന്ത്വേട്ടാ, പൂച്ചന ക്കൊന്നാ കൈ വെറക്കും."
"ഏ..."
മുള്ളുപോലെ കുത്തിനില്‍ക്കുന്ന ഉരത്ത താടി മാന്തിക്കൊണ്ട്‌ ഒരിക്കലും അതുണ്ടാകില്ലെന്ന
അര്‍ത്ഥത്തില്‍ മൂളുകമാത്രം ചെയ്‌തു. പുററുപോലെ മുഖത്ത്‌ വളരുന്ന ഉരത്ത താടി ആഴ്ചയിലൊ രിക്കല്‍ കേളനമ്പട്ടന്‍ കടപ്പുറത്ത്‌ കടന്നുവരുമ്പോള്‍ വടിപ്പിക്കും. അണക്കല്ല്‌ കണ്ടിട്ടില്ലാത്ത കേള ന്റെ കത്തി വാശിവെച്ച്‌ മുഖത്തെ രോമം പറിച്ചെടുക്കുമ്പോള്‍ പ്രാണന്‍പോകുന്ന വേദനയാണ്‌. കേളന്‍തന്നെ പറയാറുള്ളതാണ്‌: "ഇപ്പാട്ടന്റെ താടിക്ക്‌ ഒര്‌ പെശല്‌ കത്തി ജറമ്മനീന്ന്‌തന്നെ കൊണ്ട്വരണം."
കയ്യെടുത്തടിക്കാന്‍ തോന്നും.
മുടിപോയ കേളന്റെ തല കടപ്പുറത്തെവിടെയെങ്കിലും കണ്ടാല്‍ അച്ഛന്‍ കയ്യോടെ കൊണ്ടുവരും. വാശിക്കാരനായ അച്ഛന്റെ ശല്യത്തില്‍നിന്ന്‌ ഒഴിയാന്‍വേണ്ടി മാറിനടന്ന്‌ വട്ടക്കല്ലിന്റെ പിന്നില് ‍ചെന്ന്‌ ഒളിച്ചിരുന്നുകളയും. ആര്‍ക്കും വേണ്ടാത്ത ഈ താടിയും മുടിയും മനുഷ്യന്റെ തലയിലും മുഖത്തും വെച്ചുകെട്ടിയത്‌ കേളന്‌ ഒര്‌ കുപ്പിക്കുള്ള വക കിട്ടാന്‍വേണ്ടിയായിരിക്കും. നാശം!
പണ്ടാരംകെട്ടിയ താടി കുറച്ചങ്ങു വളര്‍ന്നുപോയാല്‍ തുടങ്ങി ഉപദ്രവം! ഏതുനേരവും ചൊറിച്ച ലാണ്‌. മുഖത്തുനിന്ന്‌ കയ്യെടുക്കാനിടം കിട്ടില്ല. കിണ്ണംനിറച്ച്‌ അമ്മ വിളമ്പി മുമ്പില്‍വെച്ച തേങ്ങയിട്ട ചോററരിക്കഞ്ഞി വരട്ടിയ ചെമ്മീങ്കൂട്ടാനുംകൂട്ടി കുടിച്ചു വയറുനിറഞ്ഞ സംതൃപ്‌തിയോടെ കെട്ടു മ്പുറത്തൂടെ നടന്നുപോകുമ്പോള്‍ താഴെപ്പുരയുടെ മുമ്പില്‍ ചാഞ്ഞുകിടന്ന തെങ്ങിന്‍തടിമേല്‍ ബീഡി യും പുകച്ചുകൊണ്ട്‌ ഇരിപ്പുറപ്പിച്ച വളപ്പിലെ ശേഖു കൈമുട്ടി വില്‍ച്ചു:
"ചന്തൂ, ഒന്നിങ്ങട്ട്‌ വാ പറേട്ടെ." വല്ലപ്പോഴും തമാശപറയുമെങ്കിലും ശേഖു ഉപദ്രവിക്കാറില്ല. പേര ല്ലാതെ മററുള്ളോരെപ്പോലെ "പൊട്ടാ" എന്ന്‌ എടുത്തുവിളിക്കാറുമില്ല. ചിരിച്ചുകൊണ്ട്‌ അടുത്തു ചെന്നു.
"ഇരിയപ്പാ ചന്തൂ..." നിലത്ത്‌ ചൂണ്ടി ഇരിക്കാന്‍ ക്ഷണിച്ചു. വെളുത്ത തരിമണ്ണില്‍ ഇരുന്നു.
എടുത്തിട്ടത്‌ താടിയുടെ വിഷയമാണ്‌. "ന്താ ചന്തൂ, താടിവടിക്കായ്റ്റായ്പ്പോയേ?"
"ഹേ...!" കടുത്ത വേദനകൊണ്ടാണെന്നു മുഖഭാവംകൊണ്ടറിയിച്ചു. ഒപ്പം ഉള്ളംകൈകൊണ്ട്‌ താടി കൂട്ടി മുഖത്തുരക്കുകയും ചെയ്‌തു.
"എന്നാല്‌ താടിവെരായ്‌ററിരിക്കാന്‍ബേണ്ടി നെനക്ക്‌ ഞാനൊരുപായം പറഞ്ഞ്യെരട്ടെ?" താടിപോക്കാനുള്ള വഴിയെപ്പററിയല്ലേ. കുറേക്കൂടി അടുത്തുനീങ്ങിയിരുന്ന്‌ തലകുലുക്കി. "താടിവടിക്ക്‌ക. ന്നിട്ട്‌ ഏതെങ്കിലും ബാല്യക്കാരത്തിപ്പെണ്ണിന്റെ കവിളേല്‌ നെന്റെ മൊകം കൊണ്ടോയ്‌ ഒരക്ക്‌ക."
"ഫോ! ഫോ!"
ബാല്യക്കാരത്തിപ്പെണ്ണിന്റെ പേര്‌ കേട്ടപ്പോള്‍ പെട്ടെന്നെഴുനേററു. എത്രവിളിച്ചിട്ടും പിന്നെ നിന്നില്ല. തലയും ചരിച്ചിട്ട്‌ നടന്നുകളഞ്ഞു...

ശേഖു പറഞ്ഞ ഉപായത്തെക്കുറിച്ച്‌ എന്നാല്‍ ചിന്തിക്കാതിരുന്നില്ല. ഇരുത്തത്തിലും നടത്തത്തിലും പലപ്പോഴും ആ ചിന്ത പൊന്തിവന്നു.
സൂത്രം കൊള്ളാം. പക്ഷെ, ബാല്യക്കാരത്തിപ്പെണ്ണിന്റെ പ്രശ്നം ഇടയില്‍ വന്നുപോയി. പെട്ടെന്ന്‌ ബുദ്ധിയിലെവിടെയോ ഒരു കൊളുത്ത്‌. ശങ്കരിയും ഒരു ബാല്യക്കാരത്തിപ്പെണ്ണു തന്നെയാണല്ലോ.
പക്ഷെ, പെങ്ങളല്ലേ? പെങ്ങളായാലെന്താണ്‌? എന്നാലും പെണ്ണുങ്ങളുടെ മുഖത്ത്‌ ആണുങ്ങളുടെ താടി ഉരക്കാന്‍ കൊള്ളാമോ?
ഓര്‍ത്തപ്പോള്‍ ലജജ തോന്നി.

വക്കിലെ മിടച്ചിലില്‍ മൂട്ടകള്‍ പതുങ്ങിയിരിപ്പുള്ള പായയും നീട്ടി കോലായില്‍ ഉറങ്ങാന്‍ കിടന്നു. ഇടത്തേ കൈവള്ളചേര്‍ത്ത്‌ ഉരത്ത താടി വെറുതെ തടവിക്കൊണ്ട്‌ മലര്‍ന്നു കിടന്നപ്പോള്‍ ഒരു ബാല്യക്കാരത്തിപ്പെണ്ണിന്റെ മഹത്വത്തെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു. അപ്പോഴൊക്കെ നീററില് ‍പെട്ട ഓടംപോലെ മനസ്സ്‌ കിടന്ന്‌ ആടി.

ഒടുക്കം എഴുന്നേറ്റ്ചെന്ന്‌ വാതില്‍പ്പാളി മെല്ലെതള്ളിനോക്കി. കൊളുത്തിട്ടിട്ടില്ല. മറന്നുകാണും. പതു ക്കെ അകത്തു കടന്നു. കാലുതട്ടി കുലുങ്ങിയ വാല്‍ക്കിണ്ടിയിലെ വെള്ളം തുളുമ്പി. എവിടെയൊ ക്കെയോ കാലുകള്‍ കൊണ്ടു. എന്തൊക്കെയോ ആടി, കുലുങ്ങി. നടുവകത്ത്‌ തൂക്കിയ, ഒററത്തിരി യില്‍ മങ്ങിക്കത്തുന്ന ഓട്ടുവിളക്ക്‌ തലക്ക്‌ കൊണ്ടു. നടുവകത്ത്‌ ശങ്കരി ചരിഞ്ഞുകിടക്കുന്നു.
ഓര്‍ത്തു നിന്ന്‌ സമയം കളഞ്ഞില്ല. കാല്‍മുട്ട്കുത്തി നിലത്ത്‌ കയ്യൂന്നിക്കൊണ്ട്‌ കുനിഞ്ഞു. അവളു ടെ മുഖത്തുകൂട്ടി ഇടത്തേ ചെള്ളയും വലത്തേചെള്ളയും അമര്‍ത്തിയുരച്ചു. ഞെട്ടിപ്പിടഞ്ഞ്‌ അവള്‍ എഴുന്നേററു.
"ഫോ! പൊട്ടാ!!" മുഖത്തുപിടിച്ച്‌ ഊക്കില്‍ ഒരു തള്ള്‌!
ചൂളിപ്പോയി.
ഭാഗ്യം! അമ്മ ഉണര്‍ന്നിട്ടില്ല. ഝടുതിയില്‍ എഴുന്നേററ്‌ തല ചരിച്ചിട്ടുകൊണ്ട്‌ പുറത്തേക്ക്‌ നടക്കാനൊരുങ്ങിയപ്പോള്‍ പുറത്തൊരടി വീണു. ചവിട്ടു കിട്ടിയ ചേററുമണ്ഡലിയെപ്പോലെ പെട്ടെന്ന്‌ പുളഞ്ഞുപോയി.
കള്ളപ്പൂച്ചയെ തല്ലാന്‍വേണ്ടി അവള്‍ കരുതിവെക്കാറുള്ള ഉണങ്ങിയ തിരണ്ടിവാലാണ്‌ മൂളിക്കൊ ണ്ട്‌ പുറത്തു പതിഞ്ഞത്‌! ലജജയോടെ, ഭീതിയോടെ ഒന്ന്‌ തിരിഞ്ഞുനോക്കിപ്പോയി. അഴിഞ്ഞുവീണ മുടിക്കെട്ടുമായി തുറിച്ചുനോക്കിക്കൊണ്ട്‌ അരിശത്തോടെ അവള്‍ പിന്നില്‍.
രണ്ടുകൈകളും എത്തിപ്പിടിച്ച്‌ നീറുന്ന പുറം തടവിക്കൊണ്ട്‌ പടികടന്നപ്പോള്‍ ഇടിവെട്ടുംപോലെ വാതിലുകള്‍ കൂട്ടിയടഞ്ഞു.

ശങ്കരിക്ക്‌ പിന്നീട്‌ ഉറക്കം വന്നില്ല. ചന്തുവേട്ടന്റെ വെളുത്ത മനസ്സില്‍ കറുപ്പുവീണത്‌ ഏതു പഴു തിലൂടെയാണെന്ന്‌ കണ്ടെത്താന്‍ ശങ്കരിക്ക്‌ കഴിഞ്ഞില്ല. പൊട്ടനായ ഏട്ടനില്‍ നിമിഷങ്ങള് ‍കൊണ്ട്‌ വളര്‍ന്ന ക്രൂരമൃഗം മുന്നില്‍ പല്ലില്‍ച്ചു നില്‍ക്കുന്നത്‌ കാണാന്‍ കരുത്തില്ലാതെ നടുക്കത്തോടെ കമി ഴ്ന്നു കിടന്നു. കൈവള്ളകള്‍കൊണ്ട്‌ മുഖംപൊത്തി. കണ്ണുകള്‍ ഇറുക്കിയടച്ചു. ഭ്രാന്തനായ ചന്തുവേട്ട നെക്കുറിച്ചുള്ള ദുസ്സഹങ്ങളായ ചിന്തകള്‍ മനസ്സറകളിലിട്ട്‌ ഉരുട്ടിക്കൊണ്ട്‌ നേരംവെളുപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടക്കിടെ അവളറിയാതെ ഇന്നലെകളിലേക്ക്‌ വഴുതിവീണുപോയി. അപ്പോഴൊക്കെ അവള്‍ കണ്ടത്‌ തളിരിലപോലെ ലോലമായ ഒരു മനുഷ്യഹൃദയമായിരുന്നു.

അന്ന്‌ കുപിതനായ അച്ഛന്റെ മുമ്പില്‍ ചാടിവീണ്‌ ഏട്ടനുവേണ്ടി തിരണ്ടിവാലുകൊണ്ടുള്ള അടി ഏററു വാങ്ങി. നടുപ്പുറത്ത്‌ ശേഷിക്കപ്പെട്ട കരുവാളിച്ച പാടിലൂടെ ഒരു നീററല്‍
മിന്നല്‍പ്പിണര് ‍പോലെ വലിഞ്ഞുകയറി. പൊട്ടനായ, അവിവേകിയായ അതേ ഏട്ടന്റെ പുറത്ത്‌ ഇന്ന്‌ രോഷാകുല യായി തിരണ്ടിവാല്‍ വീശിയടിച്ചു. കൈകള്‍ ചുരുട്ടി നിലത്തിടിച്ചുകൊണ്ട്‌ അവള്‍ കരഞ്ഞു. കുററബോധത്തോടെ കുലുങ്ങിക്കുലുങ്ങി കരഞ്ഞു.

പിറേറന്ന്‌ രാവിലെ പൊട്ടനെ പായയില്‍ കണ്ടില്ല.
ചുരുട്ടിക്കൂട്ടിവെക്കാറുള്ള പായ വിരിച്ചിട്ടനിലയില്‍ അതേപടി കിടക്കുന്നു. എണ്ണപുരണ്ട്‌ നിറം മങ്ങിയ തലയണയുടെ തെല്ലില്‍ നനവുതട്ടിയത്‌ ശങ്കരിമാത്രം ശ്രദ്ധിച്ചു...

മൂന്നാം ദിവസം അമ്മായിത്തോടിന്റെ തെക്കേത്തലക്ക്‌ പുറത്തുതള്ളിയ നാക്ക്‌ കടിച്ചുപിടിച്ചു, തല കുത്തി ഒരു ചോദ്യചിഹ്നംപോലെ പൂഴിയില്‍ പററിപ്പിടിച്ചുകിടന്ന ജഡം പൊട്ടന്റേതായിരുന്നു.
കണ്ടാല്‍ ഓടിരക്ഷപ്പെടാറുള്ള നായ്ക്കള്‍ ചുററിലും കൂടിനിന്ന്‌ മോങ്ങി. ഇറുക്കാന്‍ ചുള്ളിവിരല്‍ തേടി കൊറുങ്ങകളുയര്‍ത്തി മഞ്ഞക്കൊറുക്കന്‍ഞ്ഞണ്ട്‌ അടുത്തുകൂടി. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഞണ്ടി നെ പിടിച്ചു മാററാന്‍ അമ്മായിത്തോടിന്റെ വക്കില്‍ ഓടിച്ചെന്ന പെങ്ങള്‍ ഇപ്പോള്‍ നിലത്തുവീ ണുരുണ്ട്‌ നിലവിളിക്കുകയാണ്‌.
(ചേട്ടന്റെ പുറത്ത്‌ രൂപംകൊണ്ട നീണ്ട വര മററാരും കാണാതിരിക്കട്ടെ.)

വാശിയോടെ കരയിലേക്ക്‌ തിര വലിച്ചെറിഞ്ഞ ഒരു സമസ്യ അനുനിമിഷം അവളുടെ മനസ്സിലൂടെ വളര്‍ന്നുകൊണ്ടിരുന്നു. എത്ര ആരാഞ്ഞിട്ടും താത്വികര്‍ കണ്ടെത്താന്‍ പരാജയപ്പെട്ട മനുഷൃചേതന യുടെ നിരര്‍ത്ഥോക്‌തിയില്‍, വികാരമററ ഹൃദയത്തിന്റെ കനത്ത നിശ്ശബ്ദതയില്‍, അജ്ഞ്തയുടെ അന്ധകാരത്തില്‍, വേരില്ലാതെ വളര്‍ന്നു ഒടുക്കം ഉത്തരംകിട്ടാതെ ആ സമസ്യ ഒരു വെറും ചോദൃ ചിഹ്നമായിത്തന്നെ ആലംബമററുമറിഞ്ഞുവീണു.


(1970ല്‍ കല്‍ക്കത്തയിലെ രശ്മി പബ്ലിക്കേഷന്‍സ്‌ നടത്തിയ ചെറു കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കഥ)

* * * * *

(1) തക്കംനോക്കി (2) അമരക്കാരന്‍ (3) ശഠന്‍ (4) പതിയവര്‍ (ഭര്‍ത്താവ്‌) (5) വര്‍ഷകാലത്ത്‌ (6) വളര്‍ന്നപെണ്ണ്‌ (7) ശക്‌തന്‍ (8) കഴിവുണ്ടെങ്കില്‍ (9) പച്ച വെള്ളയ്ക്കാ (10) തോണിയും വലയും സ്വന്തമായുള്ളവര്‍ (11) മേല്‍ക്കടലില്‍ (12) പത്തേമ്മാരി (13) നേരിയ മുളക്കീറുകള്‍ അടുപ്പിച്ചു വെച്ച്‌ കെട്ടിയുണ്ടാക്കിയത്‌. ഇത്‌ ഓടപ്പടിയോട്കെട്ടി ഓടത്തിനുള്ളില്‍ കുത്തിനിറുത്തിയിട്ടാണ്‌ കള്ളികളായിത്തിരിക്കുന്നത്‌ (14) വീശുവല (15) കടല്‍വെള്ളം