Wednesday, December 25, 2013

Thursday, December 19, 2013



ചായങ്ങളിലൂടെ ജിം വോറന്‍ കാണിച്ച മാസ്മര വിദ്യ...!

ദൈവീകതയുടെ സര്‍വജ്ഞത്വം, സര്‍വശക്തിത്വം, സര്‍വവ്യാപകത്വം...
മര്‍ത്ത്യാവബോധത്തിന്നതീതമായ പ്രപഞ്ച നിഗൂഢത...
പ്രകൃതിയുടെ നിസ്തുലസൗന്ദര്യം... മാനവീയാവബോധത്തിന്ന്‌ അതീതമായ പ്രകൃതിയില്‍ സര്‍വചരാചരങ്ങളുടെ നിമജ്ജനം...
കാണാക്കണ്ണുകളുമായി നാം കാണാനുഴലുന്ന, വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാനാവത്ത, ആ സത്ത...
ഒട്ടേറെ എല്ലാംതന്നെ ഉള്‍ക്കാഴ്ചയുടെ ആഴങ്ങളില്‍ കിടന്ന ചായക്കൂട്ടില്‍ ദൈവം നല്‍കിയ വര്‍ണ്ണത്തൂവല്‍ മുക്കി ജിം വോറന്‍ സറീയലിസ (Surrealism) ത്തിന്റെ സങ്കേതങ്ങളില്‍ അധിഷ്ഠിതനായി രചിച്ചു വിശ്വപ്രേക്ഷകര്‍ക്കു കാഴ്ചവെച്ച ഈ ചിത്രകലാസമ്പത്ത്‌ കണ്ട്‌ കൊതിതീരാതെ നില്‍ക്കുന്ന ജനസമൂഹത്തിലൊരുവനായി ഇതാ ഈയുള്ളവനും... }
അതുല്യനായ ആ കലാപ്രവീണന്റെ അനുഭവജ്ഞാനാതീതമായ അമൂര്‍ത്ത രൂപ രചനാ പാടവത്തിനു മുന്‍പില്‍ എന്റെ പ്രണാമം...!

(തുടര്‍ന്ന് കാണുക)





























Tuesday, January 8, 2013

കണ്ണനെ കാണാന്‍



 



വരാം.
നാട്ടുകാരരനായ രാധാകൃഷ്ണന്റെ നിര്‍ബന്ധത്തിന്ന്‌ വഴങ്ങി ഒടുക്കം, അയാളുടെ കൂടെത്തന്നെ പോകാമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. സായിപ്പന്മാരുടെ ഗോവര്‍ദ്ധനപൂജാ കര്‍മ്മത്തിനു പങ്കുചേരാന്‍ ഗോകുല ഫാമിലേക്കുള്ള ഒരു ‘ലോങ്ങ്‌-ഡ്രൈവ്‌’നു അങ്ങിനെ സന്നദ്ധനാകുന്നു.                                              സിഡ്നി നഗരത്തില്‍ നിന്നും കുറേ അകലെയുള്ള, 'ഗോകുല ഫാം' എന്നു കൃഷ്ണഭക്തരായ വെള്ളക്കാര്‍ പേരിട്ട ഒരു പ്രാന്തപ്രദേശത്തിലെ ഗോവര്‍ദ്ധന ഹില്ലില്‍ നിവാസികളായ വെള്ളക്കാര്‍ നിര്‍മ്മിച്ച കൃഷ്ണക്ഷേത്രത്തിന്റെ പറമ്പില്‍ കാലു കുത്തിയപ്പോള്‍ കോള്‍മയിര്‍ കൊള്ളുകയുണ്ടായി. ഉടുത്തിരുന്ന പുത്തന്‍ മൈക്രോ ഫൈബര്‍ ഷര്‍ട്ടും പാന്റും ഊരി അവിടെ കൂടിനില്‍ക്കുന്നവരുടെ കണ്‍മുന്‍പില്‍ വെച്ചുതന്നെ അങ്ങകലെ കണ്ണെത്താ ദൂരത്തോളം നീണ്ടു നില്‍ക്കുന്ന കാട്പിടിച്ച താഴ്‌വരയിലേക്കു വലിച്ചെറിയണമെന്നുപോലും തോന്നിപ്പോയി, ചുറ്റും കണ്ണോടിച്ചപ്പോള്‍.

കാവി വസ്ത്രം ധരിച്ച വെള്ളക്കാര്‍ കൈകള്‍ കൂപ്പി സൗമ്യതയോടെ എതിരേറ്റു: "ഹരേകൃഷ്ണ."
ഒരു ഭാരതീയ ഭിക്ഷുവിന്റെ നിറഞ്ഞ താടിയില്ല, ജടയില്ല, കാഷായ വസ്ത്രത്തില്‍ പൊതിഞ്ഞുള്ള കോലമില്ല. പകരം, വൃത്തിയില്‍ ക്ഷൗരം ചെയ്ത മുഖവും മുണ്ഡനം ചെയ്ത തലയും. നെറ്റിയില്‍ വാരിത്തേച്ച ചന്ദനം. കഴുത്തില്‍ രുദ്രാക്ഷമാല. കൂട്ടത്തില്‍ ഏതാനും കുടുമക്കാരും. ജന്മസിദ്ധി ഈ മണ്ണില്‍ കാലൂന്നിക്കൊണ്ടുതന്നെ നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ഭക്‌തജനം.
- മനസ്സില്‍ പ്രതിഷ്ഠിച്ച കാര്‍വര്‍ണ്ണനെ ചുണ്ടുകള്‍ക്കിടയില്‍ വിടര്‍ത്തിയ പുഞ്ചിരിപ്പാലില്‍ കുളിപ്പിച്ചു കാട്ടുന്ന കുറേ ഹിന്ദുമതഭക്തരായ വെള്ളക്കാര്‍.
അവിടെ, ഗുരുവായൂരമ്പലത്തില്‍ അന്യമതസ്ഥര്‍ക്ക്‌ കടന്നുചെന്ന്‌ പ്രാര്‍ത്ഥിക്കാന്‍ ഇന്നും അനുവാദമില്ല. ഇവിടെ, ഊരാളന്മാര്‍ എന്നോട്‌ മതമേതെന്ന്‌ ചോദിച്ചില്ല. (മറ്റു മതക്കാര്‍ക്ക്‌ പല ഹിന്തുക്ഷേത്രങ്ങളിലും പ്രവേശനം ഇന്നും നിഷിദ്ധമാണല്ലോ.)
ഭക്‌തിയില്‍ ഉറഞ്ഞു നില്‍ക്കുന്ന പരിസരം... അമ്പലത്തിന്റെ ചുമരുകള്‍ കെട്ടിപ്പൊക്കാന്‍ ഉപയോഗിച്ച വെണ്ണീരിന്റെ നിറമുള്ള, മിണ്ടാനാവാത്ത, ഇഷ്ടികകള്‍പോലും കൂട്ടമായി അതേ പദങ്ങള്‍ തന്നെ നിശ്ശബ്ദം ഉരുവിടുന്നതായി തോന്നി - 'ഹരേ കൃഷ്ണ... ഹരേ കൃഷ്ണ...' എങ്ങും ഹര്‍ഷോന്മാദമായ അഭിവാദ്യങ്ങള്‍, ഭഗവല്‍പ്രകീര്‍ത്തനങ്ങള്‍. മുണ്ഡനം ചെയ്ത സായ്പന്മാരുടെ തലയോടുകള്‍ ചെന്തേങ്ങപോലെ വെയിലത്ത്‌ തിളങ്ങുന്നു. ചന്ദനത്തിന്റെയും തുളസിയുടെയും ആകൃഷ്ട സൗരഭം. കൂടെ, കണ്ണനു നിവേദിച്ച നെയ്പ്പായസത്തിന്റെ മണവും.
ചെരിപ്പഴിച്ചുവെച്ച്‌ ക്ഷേത്രത്തിന്റെ ഉള്ളിലേക്ക്‌ കയറിച്ചെന്നപ്പോള്‍ തല അറിയാതെ കുനിഞ്ഞുപോയി! സാരിയുടുത്ത സ്ത്രീകളും കാവിയുടുത്ത പുരുഷന്മാരും ധോലക്ക്‌ കൊട്ടി ഉറക്കെയുറക്കെ കൃഷ്ണഭഗവാനെ വീണ്ടും വീണ്ടും പ്രകീര്‍ത്തിച്ചുകൊണ്ട്‌ നൃത്തം ചവിട്ടുന്നു, വെളുത്ത ഗോപാലന്മാരും ഗോപികമാരും. സാക്ഷാല്‍ ഗോപാലനെ തേടി കണ്ണുകള്‍ക്ക്‌ അലയേണ്ടിവന്നില്ല. വാതിലുകളില്ലാത്തഭഗവല്‍സന്നിധിയുടെ തിരുനടയില്‍ ഓടക്കുഴലൂതിക്കോണ്ട്‌ നില്‍ക്കുന്ന, കറുത്ത കല്ലില്‍ കൊത്തിയുണ്ടാക്കപ്പെട്ട, കാര്‍വര്‍ണ്ണന്റെ വടിവൊത്ത വിഗ്രഹം കണ്ടു. രാസലീലയ്ക്ക്‌ ഒപ്പം രാധയുമുണ്ട്‌. ഇവിടെ ഭഗവാനെ ഇരുണ്ട മുറിയില്‍ പൂട്ടിയിട്ടിട്ടില്ല.
നഗരത്തില്‍നിന്ന്‌ അകന്നുമാറി ഈ ഗ്രാമീണാന്തരീക്ഷത്തില്‍ ഗോപകുമാരന്മാരായും ഗോപകുമാരികളായും ജീവിക്കാനുള്ള വെള്ളക്കാരുടെ അഭിനിവേശംകണ്ട്‌ അത്ഭുതപ്പെട്ടു. വേദോച്ഛാരണങ്ങളുടെയും രുദ്രാക്ഷമാലകളുടെയും കാവി വസ്ത്രങ്ങളുടെയും ചന്ദനത്തിരികളുടെയും അഭൗമമായ അന്തരീക്ഷം ഭക്തജനങ്ങളെ മത്തുപിടിപ്പിക്കുന്നു. ഉറഞ്ഞാടുന്ന നാടന്‍ കോമരങ്ങളെപ്പോലെ കൃഷ്ണഭക്തന്മാരായ വെള്ളക്കാര്‍ കണ്ണുകളടച്ച്‌ മേല്‍പ്പോട്ടുനോക്കി നൃത്തമാടിക്കൊണ്ടാലപിക്കുന്നു:
"ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ..."
സിഡ്നിയിലെ ആശുപത്രിയില്‍ വെച്ച്‌ തള്ളവയറില്‍നിന്നും ഒരു ചീനക്കാരന്‍ ഡോക്ടര്‍ പുറത്തേക്ക് ‌വലിച്ചെടുത്തപ്പോള്‍ കരഞ്ഞ അതേ ശബ്ദത്തില്‍ തന്നെ തന്തയുടെ കയ്യിലിരുന്ന്‌ മകന്‍ ശ്യാം കരഞ്ഞു തുടങ്ങി. അന്തരീക്ഷത്തിലെ ആര്‍പ്പുവിളിയും ആവേശവും അവനെ ഭയചകിതനാക്കി. ആശ്വസിപ്പിക്കാനായി അകത്തെ 'ഹരേ കൃഷ്ണ' വിളികളില്‍ നിന്നും അകന്ന്‌ അകലെ മുറ്റത്ത്‌ മനോഹരമായി കെട്ടിയ പന്തലില്‍ നിരത്തിവെച്ച കസേരകളിലൊന്നില്‍ ചെന്ന് ‌തെല്ലിട അമര്‍ന്നിരുന്നു. പണിപ്പെടേണ്ടിവന്നില്ല, ശ്യാമിന്റെ കരച്ചില്‍ നിന്നു. വണ്ടുകളുടെ വലുപ്പമുള്ള ഈച്ചകള്‍ മുഖത്തുവന്നു പൊതിഞ്ഞു. മടിയിലിരുന്ന കൊച്ചുമകന്‍ പറഞ്ഞു കൊണ്ടിരുന്നു: "ഹൗശ്‌ ഫ്‌ലേയ്‌... ഹൗശ്‌ ഫ്‌ലേയ്‌..." കൃഷ്ണന്‌ സമര്‍പ്പിക്കാന്‍വേണ്ടി വീട്ടില്‍നിന്ന്‌ പാകം ചെയ്ത്‌ ഓട്ടുപാത്രങ്ങളില്‍ വഹിച്ചു കൊണ്ടുവന്ന തൈര്‍ചോറും നെയ്പ്പായസവുമായി ഏതാനും ഇന്ത്യന്‍ കുടുംബങ്ങള്‍ ക്ഷേതത്തിലേക്കു കടന്നു ചെല്ലുന്നു...
ഹൈഡ്രജന്‍ ഗേസ്‌ സിലിണ്ടറുമായി പല നിറത്തിലുള്ള ബലൂണുകള്‍ ഊതി വീര്‍പ്പിച്ചു കൊണ്ടിരുന്ന, ബലൂണുപോലെത്തന്നെ വീര്‍ത്ത ധര്‍മ്മജന്‍ എന്ന ഒരു പാശ്ചാത്യ കൃഷ്ണഭക്തന്‍ ശ്യാമിനെ നോക്കി ചിരിച്ചു. അയാളുടെ ഒറ്റ തിരിഞ്ഞ സ്വര്‍ണപ്പല്ല്‌ അപ്പോള്‍ മിന്നി. കയ്യിലെ നീല ബലൂണ്‍ നീട്ടിക്കാണിച്ചു കൊണ്ട്‌ അയാള്‍ ശ്യാമിനെ അങ്ങോട്ടു വിളിച്ചു. സംസ്കൃതത്തിലും ആംഗലേയത്തിലും 'ഹരേ കൃഷ്ണ' എന്ന്‌ മുഴുപ്പില്‍ എഴുതിപ്പിടിപ്പിച്ച നീല ബലൂണിനുവേണ്ടി മടിയില്‍നിന്നും ചാടിയെഴുന്നേറ്റ്‌ ശരം വിട്ട പോലെ മകന്‍ അങ്ങോട്ടോടി.
അടുത്തിരുന്ന രുഗ്മിണിയെന്ന സ്ത്രീ മകളെ വിളിച്ചു: "ഭീഖാ ... ഭീഖാ ..."
ഓടിയടുക്കുകയായിരുന്ന കൊച്ചു കുട്ടിയുടെ കഴുത്തിലും കറുത്ത രുദ്രാക്ഷമാല കണ്ടു. സ്വര്‍ണ്ണത്തിന്റെ നിറം കലര്‍ന്ന മുടിയും പച്ചക്കണ്ണുകളും മധുരനാരങ്ങയുടെ നിറവുമുള്ള ആ പെണ്‍കുട്ടിയെ ഉണ്ണികൃഷ്ണന്റെ വേഷം ചമയിക്കാന്‍ തള്ള കുറേ പാടുപെട്ടിട്ടുണ്ട്‌. അടുത്തിരിപ്പുള്ള സാരിക്കാരികളായ വേറെ ചില വെളുത്ത ഗോപികമാരുടെ പേരും കൗതുകത്തോടെ ഞാന്‍ തിരക്കി. രാധാവിനോദിനി. ഈ സ്ത്രീയുടെ ഏക്സന്റില്‍: 'രാഡാ വിനോഡീനി.' തൊട്ടടുത്ത്‌, ഭവാനി. ഈ സ്ത്രീ രണ്ടു കൈകളിലും മയില്‍പീലിധാരിയായ കൃഷ്ണ രൂപങ്ങളാല്‍ പച്ചകുത്തി നിറച്ചിരിക്കുന്നു. അതിനപ്പുറത്തിരിക്കുന്നത്‌, ദാക്ഷായി. ഈ തരുണി അവരുടെ പേരിന്റെ അര്‍ത്ഥവും പറഞ്ഞുതന്നു. "വണ്‍ ഹു കെയേര്‍സ്. " മറ്റൊരുവളുടെ പേര്‌, താരാവതി. അവര്‍ പറഞ്ഞപ്പോള്‍ കേട്ടതിങ്ങിനെയാണ്‌: 'ടാറാവാടി.'
ഭാര്യ എവിടേയാണെന്ന്‌, താരാവതി എന്നോടു തിരക്കി. പ്രിയതമ ഉള്ളില്‍ പൊരിഞ്ഞ ഭജനത്തിലാണെന്നും താനീ പയ്യന്റെ കരച്ചിലടക്കാന്‍ തല്‍ക്കാലത്തേക്കിങ്ങോട്ടു വലിഞ്ഞുവന്നതാണെന്നും പറഞ്ഞു കേട്ടപ്പോള്‍ താരാവതി സന്തുഷ്ടയായി.
ശ്യാം ഇടയ്ക്കുചെന്ന്‌ ദാക്ഷായിയുടെ മാല പിടിച്ചു വലിച്ചു. പച്ചക്കണ്ണുകളില്‍ നീരസത്തിന്റെ ഇളം ചുകപ്പ്‌ പെട്ടെന്ന്‌ ഊറിക്കൂടിയതായിക്കണ്ടു. ചുണ്ടുകള്‍ കോട്ടി, ഏറിയ ഗൗരവത്തോടെ ദാക്ഷായി താക്കീതു നല്‍കുന്നു: "നോ...!" അര്‍ത്ഥം വ്യക്തം: 'കണ്ണനെ തൊട്ട്‌ മാത്രം കളിക്കണ്ടട, ചെക്കാ!'
- ആ മാലയുടെ അറ്റത്തും ഓടക്കുഴല്‍ ധാരിയായ കണ്ണന്റെ രൂപം.
താഴെ, കുറച്ചകലെയായി, പച്ചപ്പുല്‍ പരവതാനി വിരിച്ച പറമ്പത്തിരുന്നു ഒരുവള്‍ മറ്റൊരുത്തിയുടെ പുറം തടവിക്കൊടുക്കുന്നു. - ആത്മീയതയില്‍ പൊതിഞ്ഞൊരു ആതുരസേവ...

ഭക്ത്യാഭിഷേക കര്‍മ്മങ്ങളില്‍നിന്നും അല്‍പ്പം ഒഴിവു കിട്ടിയപ്പോഴാവാം, സുഹൃത്ത്‌ രാധാ കൃഷ്ണന്‍ കൃഷ്ണദാസരില്‍ എണ്ണപ്പെട്ടൊരുവനായ രാസമയദാസനേയുംകൂട്ടി അടുത്തു വന്നു. കുടുമക്കാരനായ ഈ രാസമയന്റെ അഭിവാദ്യം പതിവുപോലെ അവരുടെ രീതിയില്‍ തന്നെ നടന്നു: "ഹരേ കൃഷ്ണ."
ഐതിഹ്യമാലകളില്‍ എവിടെനിന്നോ ചികഞ്ഞെടുത്ത്‌ നല്‍കപ്പെട്ട പേരാണ്‌, 'രാസമയദാസ്‌.' ആസ്ത്രേലിയയില്‍ സിഡ്നി ശാഖയാക്കിയുള്ള ഈ ആരാധനാ സമ്പ്രദായക്കാരുടെ ആഗോള സംഘത്തിലെ അനേകം അംഗങ്ങളില്‍ ഒരു പ്രശസ്താംഗമാണ്‌ ഈ ദാസന്‍. ഭഗവദ്ഗീതയില്‍ നിന്നുദ്ധരിച്ച സംസ്കൃത ശ്ലോകങ്ങളും അവയിലെ അര്‍ത്ഥവത്തായ സാരോപദേശങ്ങളും ലളിതമാക്കി എന്റെ മുമ്പില്‍ അവതരിപ്പിക്കുന്നതിനിടയില്‍ അവരുടെ ദിനചര്യകളെ കുറിച്ചും സുഗ്രഹമായ ഒരു ചുരുങ്ങിയ വിവരണം രാസമയദാസ്‌ തന്നു.

അതിരാവിലെ 3-30ന്‌ ഉണര്‍ന്ന്‌ ധ്യാനം തുടങ്ങുന്നു. പ്രഭു കൃഷ്ണനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ആരാധന തുടരുന്നു. 4-30 മുതല്‍ 5-15 വരെ മംഗളാര്‍ത്ഥി. ഇത്‌ സംഘത്തിന്റെ ഗുരു- വിശ്വനാഥ ചക്രവര്‍ത്തി, ശ്രീല പ്രഭുപാദ ഥാക്ക്‌റേ- നിര്‍മ്മിച്ച ധ്യാനശ്ലോകങ്ങളോടെ നിര്‍വ്വഹിക്കപ്പെടുന്നു.
5-15 മുതല്‍ ജപമണികള്‍ എണ്ണിക്കൊണ്ടുള്ള ധ്യാനം.
6-45ന്‌ ഗുരുമഠത്തില്‍ ഭാഗവതം ക്ലാസ്‌. നാല്‍പ്പത്തഞ്ചോളം ഭക്തവിദ്യാര്‍ത്ഥികള്‍ മുടങ്ങാതെ എന്നും ഈ ഗുരുപഠനത്തില്‍ പങ്കെടുക്കുന്നു.
7-30 മുതല്‍ 7-40 വരെ പുറത്തെ ഭക്തജനങ്ങളെ എതിരേല്‍ക്കല്‍.
7-40ന്‌ ഗുരുപൂജ തുടങ്ങുന്നു. ഇതാണ്‌ സാക്ഷാല്‍ പൂജ.
8-30ന്‌ പ്രസാദം. കൃഷ്ണനു നിവേദിച്ച പ്രസാദം ആസ്വദിക്കുക എന്നതാണ്‌ പ്രസാദം എന്ന പദംകൊണ്ട്‌ ഇവിടെ വിവക്ഷിക്കുന്നത്‌.
പ്രസാദം കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞു, അവരവരുടെ ജോലിയും പ്രചരണവും മറ്റുമായി മറ്റിടങ്ങളിലേക്കു ചെല്ലുന്നു. വൈകുന്നേരം വീണ്ടും ക്ഷേത്ര സന്നിധിയില്‍ ഒത്തുചേര്‍ന്ന്‌ പൂജാകര്‍മ്മങ്ങളില്‍ മുഴുകുകയായി. രാത്രി ഏഴുമണിക്ക്‌ അരോതിക - കൃഷ്ണനുവേണ്ടിയുള്ള തുളസി പൂജ.
7-45 മുതല്‍ 8-45 വരെ ഭഗവദ്ഗീതാ പഠനം. അതു കഴിഞ്ഞിട്ടേ പ്രസാദമുള്ളൂ.
പ്രസാദത്തിന്റെ വിഷയത്തിലേക്കു വന്നപ്പോള്‍ എന്റെ അപ്പോഴത്തെ പ്രസാദത്തിന്റെ കാര്യം രാസമയദാസന്‌ ഓര്‍മ്മവന്നുവെന്ന്‌ തോന്നുന്നു. പെട്ടെന്ന്‌ ചോദിച്ചു: "പ്രസാദം കഴിച്ചുവോ?" പൊരിയുന്ന വിശപ്പ്‌. ആ ചോദ്യത്തിനുവേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. 'ടപ്പെ'ന്ന്‌ മറുപടി കൊടുത്തു: "ഇല്ല."
അപ്പോഴേക്കും പ്രസാദത്തിനുവേണ്ടിയുള്ള ഭക്തജനങ്ങളുടെ കാത്തു നില്‍പ്പു തുടങ്ങിക്കഴിഞ്ഞിരുന്നു.
ശ്യാമിനേയും പൊക്കിയെടുത്തുകൊണ്ട്‌ ദാസമയന്റെ കൂടെ ഞാനും നിരന്നുനിന്ന ഭക്തജനങ്ങള്‍ക്കിടയില്‍ ഒരിടത്ത്‌ സ്ഥാനം പിടിച്ചു. മണംപിടിച്ചുവന്നതാണെന്നു തോന്നുന്നു. ഉടനെ പ്രേയസിയുമെത്തി.
വെള്ളക്കാരായ കൃഷ്ണഭക്തന്മാര്‍ അര്‍പ്പിച്ച ഉള്ളി ചേര്‍ക്കാതെ പാകം ചെയ്യപ്പെട്ട ഉല്‍കൃഷ്ടമായ സസ്യാഹാര നിവേദ്യം എത്ര കഴിച്ചിട്ടും മതിവന്നില്ല. (ഉള്ളി ഈ ഉപാസകര്‍ക്ക്‌ നിഷിദ്ധം.)

ഒടുക്കം, രമാകാന്തനേയും ഗോവര്‍ദ്ധനനേയും ഹരിഹരനേയും ധര്‍മജനേയും രാസമയദാസനേയും മറ്റും കണ്ടു അവര്‍ നല്‍കിയ ആത്മാര്‍ത്ഥമായ പരിചരണത്തിന്ന്‌ നന്ദി പറഞ്ഞ ശേഷം കൈകൂപ്പി പിരിഞ്ഞു.

ക്ഷേത്രപരിസരം വിട്ടു പുറത്തു കടന്നപ്പോള്‍ ഒരു കാളവണ്ടിയില്‍ കുറേ പച്ചക്കറിവര്‍ഗ്ഗങ്ങളുമായി ഒരാള്‍ ഒരു കേരളീയ ഗ്രാമീണന്റെ തനി നാടന്‍ ചേലില്‍ അന്തസ്സോടെ കാളയെ തെളിച്ചു കൊണ്ടുപോകുന്നു. ധന്യതയോടെ, കൈയ്യിലിരുന്ന കേമറയില്‍ ആ ഒരു അസാധാരണ ദൃശ്യവും കൂടി ധൃതിയില്‍ പകര്‍ത്തിയെടുത്തു കഴിഞ്ഞ ഉടനെ സ്ഥലം വിട്ടു.
ഹൈന്ദവരുടെ വിശിഷ്ട ഗ്രന്ഥമായ ഭഗവദ്ഗീതയെക്കുറിച്ച്‌ പാശ്ചാത്യനായ ഒരു രാസമയദാസനില്‍ നിന്നും പഠിക്കേണ്ടിവന്നതില്‍ ഈ ഹിന്ദുവിന്‌ വല്ലാത്ത ലജ്ജയുണ്ടായി.
"അരേകിശ്‌... അരേകിശ്‌..." ശ്യാം അവന്റെ ശൈലിയില്‍ പരപരാ ഉരുവിട്ടുകൊണ്ടിരുന്നപ്പോള്‍ കൊച്ചു മോന്‍ അച്ഛനെ കളിയാക്കുകയാണെന്ന്‌ ഒരു നിമിഷം തോന്നിപ്പോയി.   
                                                                                                                       (Internationalmalayali)