Saturday, February 4, 2012

ഉണ്ണീലി



(2012 ജനുവരി 20ന്‌ പുറത്തുവന്ന മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥ)

പായല്‍ കെട്ടിയ പടവുകള്‍ ചവിട്ടി, അമ്പലക്കുളത്തിലേക്ക്‌ ഇറങ്ങിച്ചെന്നു. വക്കത്ത്‌ തലയെടുത്തു നിന്ന പേക്കന്തവള കുളത്തിലേക്ക്‌ എടുത്തുചാടി, തലകുത്തിത്താണു നീന്തി മറഞ്ഞു. കഷ്ടിച്ചൊന്നു മുങ്ങി ശങ്കരയ്യര്‍ കുളികഴിച്ചു. കാതില്‍ മൂളിയ കൊതുക്‌, നനഞ്ഞ പൂണൂലില്‍ കാലുറപ്പിച്ചു. കൈപ്പത്തികളില്‍ പൂണൂല്‍ കൂട്ടിയടിച്ചു അയാള്‍ മുണ്ഡന്റെ ജീവനൊടുക്കി. തിരിഞ്ഞുനിന്നു കൂപ്പുകൈ പൊക്കി കണ്ണടച്ചു സൂര്യദേവനെ തൊഴുതു, ജപിച്ചു. പൂണൂലില്‍ പറ്റിയ നിണാംശം സൂര്യന്റെ കണ്ണേറേറ്റ്‌ തിളങ്ങി. നികൃഷ്ടതയുടെ ചോരക്കറ പൂണൂലില്‍നിന്നും കഴുകിമാറ്റുമ്പൊള്‍, ഇളകിയ വെള്ളത്തില്‍ അയ്യരുടെ ഒടിഞ്ഞ നിഴല്‍ കിടന്ന്‌ ആടി. അമ്പലം ചുറ്റി തൊഴാന്‍ അയാള്‍ പുറപ്പെട്ടു. കല്‍പടവുകള്‍ കയറിച്ചെല്ലാനാണ്‌ വിഷമം. കൊഴുത്ത ദേഹം പേറി കഷ്ടപ്പെടുന്ന കാലുകള്‍ വല്ലാതെ വിലക്കുന്നു. എന്നിട്ടുപോലും, തിരുസ്നാനവും ക്ഷേത്രദര്‍ശനവും അയ്യര്‍ മുടക്കാറില്ല.
കൈകൂപ്പി, നടയില്‍ മുട്ടുകുത്തി. കളഭപ്പൊടിപുരണ്ട ചവിട്ടുപടിമേല്‍ നെറ്റിക്കുറി ചേര്‍ത്തു പ്രാര്‍ത്ഥിച്ചു. എഴുനേറ്റ്‌ തിരിഞ്ഞപ്പോള്‍, ഉണ്ണീലി മുമ്പില്‍. കൈ നീട്ടി, വരം നല്‍കാനെന്നപോലെ തന്റെ കഷണ്ടിത്തലയില്‍ തൊട്ട്‌, വെറ്റിലചവച്ച പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട്‌ ചാമുണ്ടിക്കോലത്തില്‍ നില്‍ക്കുന്നു. അയ്യരുടെ മുഖം കോടി. ക്ഷേത്ര ദര്‍ശകരില്‍ ചിലര്‍ ദൃശ്യം
കണ്ടു ചിരിക്കുന്നത്‌ കടക്കണ്ണില്‍ പതിഞ്ഞു. ശാപം! അയാള്‍ പല്ലിറുമ്മി, ലജ്ജയോടെ തല കുടഞ്ഞു.
ആദിശങ്കര ഗുരുമഠത്തിന്റെ അഭിവൃദ്ധിയില്‍ അതിന്റെ സ്ഥാപക മേധാവിയും ഗുരുവും ആയ ശങ്കരയ്യര്‍ അതീവ സന്തുഷ്ടനാണ്‌. ഇതിനകം ജനപ്രീതി നേടിക്കഴിഞ്ഞ ആദിശങ്കര ട്രസ്റ്റിന്റെ സാമ്പത്തികശേഷി പ്രതീക്ഷകള്‍ക്കൊത്ത്‌ കൂടുന്നുണ്ട്‌. കല്ലുകള്‍ ഇളകിത്തുടങ്ങിയ ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍കൈ എടുത്ത്‌ ഒരു നല്ല തുക ട്രസ്റ്റ്ഫണ്ടില്‍നിന്നും ക്ഷേത്രക്കാര്‍ക്ക്‌ സംഭാവന ചെയ്തിട്ടുണ്ട്‌.
ഉണ്ണീലിസ്പര്‍ശത്താല്‍ തീണ്ടല്‍ അനുഭവപ്പെട്ട മനഃപ്രയാസത്തോടെ അയാള്‍ ക്ഷേത്രം വിട്ടു, ആല്‍ത്തറയിലേക്കു നീങ്ങി. ക്ഷേത്രപ്പുനരുദ്ധാരണ ബജറ്റിലെ കമ്മി നികത്താന്‍ വേണ്ട പങ്ക്‌ തേടി പഞ്ചായത്തു പ്രസിഡണ്ട്‌ അവിടെ അയാളെ കാത്തിരിപ്പുണ്ടായിരുന്നു.
അവസരം പാഴാക്കാതെ അയ്യര്‍, ഉണ്ണീലി ചെയ്ത അശുഭകൃത്യത്തെ ചൊല്ലി, പഞ്ചായത്ത്‌ പ്രമാണിയോട്‌ പരാതിപ്പെട്ടു. ക്ഷേത്രത്തിനുള്ളില്‍ അശുദ്ധിവരുത്തുന്ന ഇത്തരം വലിഞ്ഞുകയറ്റം തടയണമെന്ന്‌ ദേഷ്യപ്പെട്ടു പറയുകയും ചെയ്തു.

ജടകെട്ടിയ മുടി വാരിവലിച്ച്‌ തലക്കുമുകളില്‍ ചുരുട്ടിക്കെട്ടി നിവര്‍ന്നു നിന്നുള്ള പൊട്ടിച്ചിരിയാണ്‌ ഉണ്ണീലിയുടെ അഴക്‌. നെറ്റിനിറച്ച്‌ കുറുകെ കുറേ ഭസ്മക്കുറി പൂശി, ചുകന്ന നാക്ക്‌ പുറത്തേക്ക്‌ തള്ളിയിടുകയും ചെയ്താല്‍, ശങ്കരയ്യര്‍ ഭയന്ന ചാമുണ്ഡിരൂപവും ആയി. പൂക്കാരി സരസുവമ്മ, മുടിക്കെട്ടില്‍ തിരുകിക്കൊടുക്കാറുള്ള സുഗന്ധിപ്പൂ കൂടി ചേരുമ്പോള്‍ സ്ത്രീത്വത്തിന്റെ
മാറ്റ്‌ കൂടുന്നുമുണ്ട്‌.

പൂക്കൊട്ട തറയില്‍ താഴ്ത്തിവെച്ചുകൊണ്ട്‌ സരസുഅമ്മയ്ക്കൊരു വിളിയുണ്ട്‌: "മോളേ, ഉണ്ണീലീ..." എന്നിട്ടുടനെ ചെന്ന്‌, തലയില്‍ ഒരു പൂ വെച്ചുകൊടുക്കും. എന്നിട്ടേ സരസുഅമ്മയ്ക്ക്‌ പൂക്കച്ചവടമുള്ളൂ. ഉണ്ണീലിയുടെ മേനിയില്‍ അലങ്കാരം ചേര്‍ക്കാന്‍ ഒരു സുഗന്ധിപ്പൂവിന്‌ ആവില്ലെന്ന്‌ ആ പൂക്കാരിക്കറിയാം. എങ്കിലും, മഞ്ഞിന്റെ ഈര്‍പ്പമുള്ള ഇതളുകളില്‍ തങ്ങിക്കിടക്കുന്ന നറുമണമേറ്റ്‌ ഉണ്ണീലിയിലെ അഴുക്കുമണം ഇച്ചിരി നേരത്തേക്കെങ്കിലും ശമിച്ചൂനില്‍ക്കും. സരസുവമ്മയുടെ കൈപ്പുണ്യത്താല്‍ ഉണ്ണീലിയുടെ സൗഭാഗ്യം തൂവെണ്ണയായി തൂവുന്ന അല്‍പനിമിഷങ്ങള്‍ക്കുള്ള അകമ്പടിപോലെ മുന്‍വശത്തെ കോവിലില്‍ ശംഖനാദം മുഴങ്ങും.....

ഉണ്ണീലിയുടെ ആല്‍ത്തറക്കുടിയിരിപ്പിനും, സരസുഅമ്മയുടെ പൂവില്‍പ്പനയ്ക്കും ഒരു ദശകം പഴക്കമുണ്ട്‌. അവജ്ഞയാല്‍ തുടക്കം കുറിക്കേണ്ടി വന്നു എങ്കിലും കാലപ്പഴക്കത്തിന്‌ ഒട്ടും ജീര്‍ണ്ണത വരുത്താനാവാത്ത ഒരു വാത്സല്യ ബന്ധമുണ്ടിതിന്‌. ഉണ്ണീലിയുടെ ജടകെട്ടിയ മുടിക്കെട്ടില്‍ കുരുങ്ങിക്കിടന്ന ഈ ബന്ധം സരസുഅമ്മയുടെ നെഞ്ചിലെ കൊട്ടയില്‍ നിറച്ചുകൊണ്ടിരുന്നത്‌ വാടാത്ത പൂക്കളായിരുന്നു. പേരില്ലാത്ത പൂക്കള്‍, വര്‍ണ്ണശലഭങ്ങള്‍ക്ക്‌ മൊത്തിനിന്നു തേന്‍ നുകരാന്‍ കിട്ടാത്ത പൂക്കള്‍...
"എന്തായ്ത്‌?? കൊട്ടേല്‍ കൈയിട്ട്‌ പൂ തട്ട്യെട്ക്കേയ്‌! ഇത്‌ വില്‍ക്കാന്‍ള്ളെ മൊതലാ! പോയി പൈസേം കൊണ്ട്‌ വാ പെണ്ണേ," വര്‍ഷങ്ങള്‍ക്കുമുമ്പ്‌, പൂക്കൊട്ടയിലേക്ക്‌ നീണ്ടുചെന്ന ഒരു കുപ്പിവളക്കിലുക്കം നിലയറിയാതെ തട്ടിമാറ്റിയത്‌ സരസുഅമ്മ പലപ്പോഴും ഓര്‍ത്തു വിഷാദിക്കും.
"അയ്‌ന്റെ
തലേലെഴ്ത്ത്‌!" എന്ന്‌ മനസില്‍ പറഞ്ഞ്‌, അന്ന്‌ പൊട്ടി വീണ കുപ്പിവളത്തുണ്ടുകള്‍ മനസ്സില്‍ പൂണ്ടുകിടന്നത്‌ പറിച്ചെടുത്ത്‌ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കും....

വല്ലപ്പോഴും ഒരിക്കലേ ഉണ്ണീലി കുളിക്കാറുള്ളൂ. കുളിക്കാനാണെന്ന ഭാവത്തില്‍ ഒരു കീറിയ തോര്‍ത്ത്‌ അരയില്‍ കുടുക്കി കുളക്കരയിലേക്ക്‌ ചെല്ലും. പക്ഷെ കുളത്തില്‍ മുങ്ങാറില്ല. കുളത്തിലേക്കുള്ള പടവുകളെണ്ണി, കയറിയിറങ്ങിക്കൊണ്ടേയിരിക്കും. കാല്‍തളരുമ്പോള്‍ തിരിച്ചുപോരും. പുലയാട്ട്‌ ഒഴിവാക്കാന്‍ ഉണ്ണീലിയോട്‌ ആര്‍ക്കും ഒരു ചോദ്യവും ഉണ്ടാകാറില്ല. ആല്‍ത്തറയുടെ നാലുവീടപ്പുറത്ത്‌ പാര്‍ക്കുന്ന ഇറച്ചിക്കാരന്‍ എറമൂന്റെ ബീവി നബീസുമ്മാന്റെ നിര്‍ബന്ധത്തിനു വഴങ്ങി എന്നെങ്കിലും ചെന്ന്‌ കുളിച്ചാലായി. ഒരു മോളെപ്പോലെയാണ്‌ നബീസുമ്മക്ക്‌ ഉണ്ണീലി.

കാലവര്‍ഷപ്പെയ്ത്തും കാറ്റും, മീനച്ചൂടും, ശിശിരക്കുളിരും ഉണ്ണീലിയെ അനുദിനം തളര്‍ത്തിക്കൊണ്ടിരുന്നു. ജനിച്ചതുതന്നെ, മാംസമില്ലാതെ കുറേ അസ്ഥിക്കഷണങ്ങളോടെ ആവാം എന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും!

തിന്നാന്‍ കിട്ടാഞ്ഞിട്ടൊന്നുമല്ല. പലരും വെച്ചുകാട്ടുന്ന ആഹാരം, പക്ഷെ, ഉണ്ണീലി വാങ്ങില്ല. നബീസുമ്മ തക്കിടിപറഞ്ഞ്‌ വശപ്പെടുത്തി കൊണ്ടുചെന്ന്‌ തീറ്റിക്കാന്‍ നോക്കും. എന്നാല്‍, പേരിന്‌ നാലഞ്ചു വാര വിരല്‍തുമ്പില്‍ കോരിയെടുത്ത്‌ വായിലിടുകയേ ഉള്ളൂ. വായിലിട്ടുകൊടുക്കാന്‍ നിന്നാല്‍ തുപ്പിക്കളയും.
"ഉര്‌ട്ടി
വായില്‌ വെച്ച്വൊട്ക്കാന്നെല്ലാണ്ട്‌ ഞമ്മളക്കൊണ്ട്‌ എന്ത്‌ കയ്യാനാ...? ഓള്‍ടെ കോലം കാണുമ്പോ ഞമ്മേന്റെ ഖല്‍ബ്‌ കലങ്ങ്ന്ന്‌, ന്റെ റബ്ബേ...," ആരോടെന്നില്ലാതെ നബീസുമ്മ നെഞ്ചുപൊട്ടി പറയും. പുരയിടത്തിലേക്ക്‌ ചെല്ലാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ഇലപ്പൊതിയുമായി എത്ര തിരക്കായാലും നബീസുമ്മ ആല്‍ത്തറയിലെത്തും. പൊതിയഴിച്ചു തുറന്ന്‌ മുമ്പില്‍ വെച്ചുകൊടുത്ത ശേഷം ഒന്നും മിണ്ടാതെ ആ ഉമ്മ തിരിച്ചുപോകും. പോകുന്ന പോക്കില്‍ തിരിഞ്ഞുനിന്നു പറയും: "നായ്ക്കും പൂച്ചക്കും കൊട്ക്കാണ്ട്‌ നീയത്‌ മുയ്മനും തിന്ന്‌ തീര്‍ക്കെന്റെ ഉണ്ണീല്യേ..."
കേട്ടെന്നു വരുത്തി ഒന്നുരണ്ട്‌ പിടി ചോറ്‌ എടുത്ത്‌ വായിലിടും. ബാക്കി മുഴുക്കെ കൊതിയോടെ മുന്നില്‍ ചെന്നു വാലാട്ടി നില്‍ക്കുന്ന
നായ്ക്കള്‍ക്കും, കലപില കൂട്ടുന്ന കാക്കക്കും, എറിഞ്ഞുകൊടുക്കും. കല്ലിടിഞ്ഞ അമ്പലമതിലില്‍ പിടിച്ചുനിന്ന്‌, ജന്തുവര്‍ഗ്ഗത്തിന്‌ അന്നദാനം നല്‍കുന്ന മാമാതം നോക്കിക്കൊണ്ട്‌ കീഴ്ശാന്തി നമ്പീശന്‍ ഇളിച്ചു നില്‍ക്കും.
"ആക്രം മുട്ടിക്കളിക്ക്ന്നെ ഇവറ്റേടെ മുമ്പീ ഒടേതമ്പിരാന്‍ എറിഞ്ഞ്വൊട്ത്തെ നെസീബാ
ഈ ഉണ്ണീലീന്ന്‌ കൂട്ടിക്കോളീ നമ്പീശാ...," ഉണ്ണീലിയെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അറവുകാരന്‍ എറമു കനിഞ്ഞ്‌, നമ്പീശനെ നോക്കി, തെരുവില്‍ നിന്നും വിളിച്ചുപറയും. ഇഷ്ടപ്പെടാത്തതെന്തോ കേട്ട ഭാവത്തില്‍ പൂജാരി തല തിരിച്ചുകളയും: "കര്‍മ്മദോഷം! അല്ലാണ്ടെന്താന്നാ വയ്ക്ക്യാ?"

ആല്‍ത്തറ വിട്ടാല്‍, ഉണ്ണീലിയുടെ താവളം എറമുവിന്റെ വീട്ടുവേലിക്കെട്ടിന്റെ പുറത്തായിരിക്കും. വേലിക്കു നിരത്തിയ കുറ്റി ഒന്നൊന്നായി എണ്ണി അങ്ങോട്ടുമിങ്ങോട്ടും നടക്കും. വീട്ടുമുറ്റത്തുകിടക്കുന്ന എല്ലാ കച്ചറയും പെറുക്കിയെടുത്ത്‌ വെളിയിലിടും. നായ്ക്കളെ ആട്ടി ഓടിച്ചുവിടും. വല്ലപ്പോഴെങ്കിലും പൊന്തയില്‍നിന്നും ചാടി എത്താറുള്ള അണ്ണാക്കൊട്ടനെ കൈമുട്ടി വിളിക്കും.
ആരെയും ഉണ്ണീലിക്ക്‌ വിശ്വാസമില്ല. എന്നാലാരെയും പേടിയുമില്ല. കയ്യാലയുടെ ഇറയത്ത്‌ സിമന്റ്‌ തറയില്‍ ഇട്ട ചൂടിക്കട്ടിലില്‍ ചെന്ന്‌ അന്തിയുറങ്ങാന്‍ നബീസുമ്മ എത്ര ശിപാര്‍ശിച്ചിട്ടും വഴങ്ങുന്നില്ല. ഉപ്പയോട്‌ പിണങ്ങി, നാടും കൂടും വിട്ട്‌, ജിഹാദിനുള്ള പുറപ്പാടാണെന്നും പറഞ്ഞ്‌ കപ്പല്‍കേറിപ്പോയ മോന്‌ പകരം വെക്കാന്‍, എറമൂക്കാക്കും നബീസുമ്മക്കും, റബ്ബ കല്‍പിച്ച്‌ കൊടുത്ത മോളാണ്‌ പോലും ഉണ്ണീലി.
"മനസീ കറയ്‌ല്ലാത്തെ ഓള്‌ ആരപ്പേടിക്കാനാ? നായ്ക്കും കാക്കക്കും, തെല്ലും ബാലും നോക്കാണ്ട്‌ തിന്നാങ്കൊട്ക്ക്ന്നെ ഓള്‍ക്ക്‌ ഞമ്മേന്റെ ജാതീം, മതോം, ബെഹളോം, ഒക്കെ ഏട ഇണ്ട്‌ കോയാ?" നബീസുമ്മക്ക്‌ ഉണ്ണീലിയുടെ മഹിമ പറയുന്നതുതന്നെ വലിയ ഹരമാണ്‌.
ആരെയും പേടിയില്ലാത്ത ഉണ്ണീലിക്ക്‌, പക്ഷെ ഒരു പേടിയുണ്ട്‌. പൂട്ടില്ലാത്ത തന്റെ മരപ്പെട്ടിയും അതില്‍ അടക്കംചെയ്ത രേഖകളും നഷ്ടപ്പെട്ടുപോകുമോ എന്നോര്‍ത്തുള്ള പേടി.
സര്‍ക്കാര്‍ ഖജനാവിലെ സകല സ്വത്തിന്റെയും കണക്കുകള്‍ ഉണ്ണീലിയുടെ കൈയിലാണെന്നാണ്‌ പറച്ചില്‍. മരപ്പെട്ടിയില്‍ നിറഞ്ഞുകിടക്കുന്ന കടലാസുകളില്‍ മുഴുക്കെ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചതിന്റെയൊക്കെ തീര്‍ത്താലും തീരാത്ത കണക്കുകളാണത്രെ കുറിക്കപ്പെട്ടിരിക്കുന്നത്‌. ഈ ബാദ്ധ്യസ്ഥത ഉണ്ണീലിതന്നെ ഏറ്റെടുത്തില്ലെങ്കില്‍ മന്ത്രിമാരടക്കം സര്‍വ്വ സര്‍ക്കാര്‍ ജീവനക്കാരും നേര്‌കെട്ടവരായി
നാട്‌ കുട്ടിച്ചോറാക്കും. ഇതിനോക്കെ ഒരു കൈയും കണക്കും ഉണ്ടാകണമെങ്കില്‍ താന്‍ തന്റെ പെട്ടിയും കണക്കുമായി ആല്‍ത്തറയില്‍ തന്നെ കിടപ്പുറപ്പിച്ചേ തീരൂ എന്നാണ്‌ വെപ്പ്‌. നീണ്ട നഖങ്ങളുള്ള മെല്ലിച്ച വിരലുകള്‍ മടക്കിയും നീര്‍ത്തിയും എന്തൊക്കെയോ എണ്ണിക്കിഴിച്ചുകൊണ്ട്‌ ചമ്രം പടിഞ്ഞ്‌ ആല്‍ച്ചുവട്ടില്‍ ഉണ്ണീലി ഇരിക്കുന്നത്‌ കണ്ടാല്‍ എല്ലാ ചോദ്യങ്ങളും മരവിച്ചു നിന്നുപോകും.

പൊരിയുന്ന വെയിലില്‍, ആലിലകള്‍ വിരിച്ച മേലാപ്പാണ്‌ ഉണ്ണീലിയുടെ തണല്‍. പഴയ ഒരു മരപ്പെട്ടിയോട്‌ തലയടുപ്പിച്ചുവെച്ച്‌ മലര്‍ന്നും ചരിഞ്ഞും കിടന്നു നീക്കുന്ന രാത്രികളില്‍ പോലും, നായ്ക്കളുടെ കടിപിടിയും പെരുച്ചാഴികളുടെ നെട്ടോട്ടവും തവളക്കരച്ചിലും മറ്റും ആ അഭയസ്ഥാനം സജീവമാക്കാറുണ്ട്‌.
"നിങ്ങള്‌ കൊരക്കുമ്പോ, ഞാനെന്ത്‌ തെരാനാ പട്ട്യേളേ...? പോയ്‌ കുപ്പ തോണ്ടി എന്തേം കിട്ട്വോന്ന്‌ നോയ്ക്കൂടേ ങക്ക്‌...? അയ്നിപ്പോ കുപ്പത്തൊട്ടീലും പാറ്റ പറക്ക്വേല്ലേ..." കുരക്കുന്ന നായ്ക്കളെ നോക്കി ഉണ്ണീലി പിറുപിറുക്കും.
"പൈസക്കണക്കും കടലാസും കാര്‍ന്ന്‌ ത്‌ന്നാന്‍
മോന്തയും കുത്തി എന്റെ പെട്ടീന്റെട്ത്താ മറ്റം വന്നേങ്കീ നിന്റെ പണി ഞാന്‍ കയ്ക്കൂന്ന്‌ കര്‌തിക്കോ ... പിന്ന പറഞ്ഞിറ്റില്ലാന്ന്‌ വേണ്ടാ..." പെരുച്ചാഴിയുടെ കാല്‍പ്പെരുമാറ്റം കേള്‍ക്കുകയേ വേണ്ടൂ, ഉണ്ണീലി നൊടിയാന്‍ തുടങ്ങും.
"ഖ്‌റാ, ഖ്‌റാ ന്ന്‌ കാറാന്‍ നിക്കാണ്ട്‌ കൊളത്തീ പോയ്‌ മുങ്ങി, നിന്റെ മഞ്ഞപ്പള്ളേല്‌ കേറ്റാന്‍ വല്ലോം കിട്ട്വോന്ന്‌ നോക്കീന്‍ മാക്രീ," പേക്കന്‍ തവളയുടെ ഉരുളന്‍കണ്ണ്‌ കാണുമ്പോള്‍ കയറും ഉണ്ണീലിക്ക്‌ കിരുകിരുപ്പ്‌.
കോവിലില്‍ അര്‍ദ്ധയാമപൂജ കഴിഞ്ഞുള്ള പ്രസാദം വാങ്ങി, തമിഴന്‍ അളഗപ്പസാമി തെരുവ്മുറിച്ച്‌ നേരെ ആല്‍ത്തറയിലേക്ക്‌ നീങ്ങും. തറമുകളില്‍ കയറി ഇരിക്കാതെ കറുത്ത മേല്‍മുണ്ട്‌ വിരിച്ചു താഴെ നിലത്തുതന്നെ ഇരിക്കും. എളിയില്‍ തിരുകിയ ഡബ്ബയില്‍നിന്ന്‌ കറുത്ത പൊടി എടുത്ത്‌ ബീഡിയിലയില്‍ തെറുത്തുകെട്ടും. ബീഡിത്തലപ്പത്ത്‌ തീ കൊളുത്തി തറക്കല്ലില്‍ ചാഞ്ഞിരുന്ന്‌ ആഞ്ഞുവലിച്ച്‌ കട്ടപ്പുക ഇരുട്ടിലേക്ക്‌ ഊതിത്തീര്‍ക്കും. ഉള്ളിലേക്കു വലിച്ചെടുത്ത പുക മസ്തിഷ്കത്തെ ഉണര്‍ത്തി പൊക്കാന്‍ തുടങ്ങുമ്പോള്‍ അളഗപ്പ സാമിയുടെ വേദാന്തം പുറത്തുവരും...
"കൊണ്‍ഡ്റ്റ്‌ വര്‌ല്ലെ, കൊണ്‍ഡ്റ്റും പോവ്‌ലെ
...
എന്നുഡെ സൊന്തമാനത്‌ ഒന്നുമില്ലേ. ഇന്ത ഉലകത്തിലെ സൊന്തമാനത്‌ യാര്‍ക്കിരിക്കു?
യെല്ലാം കഡവുളുഡെയദേ...!"
സാമി ഊതിപ്പറപ്പിക്കുന്ന പുക മൂക്കില്‍ തട്ടുമ്പോള്‍, തലചൊറിച്ചല്‍ നിര്‍ത്തി, താഴേയ്ക്കു നോക്കി, ഉണ്ണീലി പറയും: "മദിരാശിക്കപ്പലിന്‌ തീപ്പിടിച്ചാ, സാമീ..."

ഈ നാല്‍പതാം വയസ്സില്‍തന്നെ നടക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. വായില്‍ വെറ്റിലയുണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ത്താതെ കോലാടിനെപ്പോലെ ചവച്ചുകൊണ്ടിരിക്കണം. ഇതവരുടെ ജീവസ്പന്ദനമാണെന്നു ആര്‍ക്കു തോന്നിയാലും പിഴയാവില്ല.
വലിച്ചെറിയപ്പെട്ട ഒരു കടലാസുപൊതി മാതിരി പാതവക്കിലെ ദേവാലയത്തിനു മുഖമിട്ടു നില്‍കുന്ന ആല്‍ത്തറയില്‍ ഈ അസ്ഥിക്കൂടിനെ തള്ളിയിട്ടത്‌ ആരാവും എന്ന ചോദ്യത്തിന്‌ ഇതുവരെ ഒരു ശരിയുത്തരം കിട്ടീട്ടില്ല. പത്രക്കാരന്‍ ഹസ്സനിക്കാന്റെ സൈക്കിള്‌ കാത്ത്‌ തറയിലിരിക്കാറുള്ള പെരുതേരിക്കിട്ടന്‌ തീരാത്ത ശങ്കയാണ്‌. അതു തീര്‍ക്കാന്‍ ഒരുദിവസം, പച്ചക്കറിച്ചരക്ക്‌ വഹിക്കുന്ന ഓട്ടോറിക്ഷയുടെ സീറ്റില്‍നിന്നും വെണ്ടക്കവാസുവിന്റെ നാട്ടുവാര്‍ത്ത ആല്‍ത്തറയില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു: "മംഗലാപുരം പട്ടണത്തീന്ന്‌ കച്ചോടത്തിന്‌ വന്നെ ഏതോ ഒര്‌ തുളുവന്‍ കസളെകിസളെ പറഞ്ഞ്‌ പാട്ടിലാക്കീറ്റ്‌, ബെഡക്കാക്കി ഇട്ടേച്ച്‌ പോയെയ്‌ന്റെ
കൊണം, ഇപ്പോ ദോഷംബെച്ച്‌ കെടക്ക്കാ ന്നല്ലാണ്ട്‌ വേറെന്താ വിശേഷം പറയാനുള്ളേ...?"
വിശേഷം കൂട്ടിപ്പറയാന്‍ പെരുതേരിക്കിട്ടന്‍ തുറന്ന വായ, കരണക്കുറ്റിയില്‍ കനത്തിലെന്തോ കൊണ്ടപ്പോള്‍ അടഞ്ഞുപോയി. കീറിപ്പിളര്‍ന്ന്‌ മണ്ണുപിടിച്ചുകിടന്ന പഴയൊരു ടെന്നീസ്‌പന്ത്‌

ഉണ്ണീലി വലിച്ചെറിഞ്ഞതാണ്‌. പെട്ടെന്നുണ്ടായ, ഉണ്ണീലിപ്പെണ്ണിന്റെ അശാന്തിയുടെ നിശബ്ദപ്രകടനം
അങ്ങിനെ ശക്തമായി കിട്ടന്റെ കാതില്‍ ചെന്ന്‌ കൊണ്ടതിന്റെ മൂളിച്ച അല്‍പനേരത്തേക്ക്‌ നീണ്ടു.

ആരോ ഏല്‍പ്പിച്ചുപോയ വണ്ണന്‍പഴം തൊലിയുരിച്ച്‌, പഴുപ്പെത്താത്ത കായ ഒരുകഷണം കടിച്ച്‌ ബാക്കി ഉണ്ണീലി കോഴിക്കും കാക്കക്കും ഇട്ടുകൊടുത്തു.

'ഭഗവദ്‌ വചനത്താല്‍ പ്രബോധിതരായി നമുക്ക്‌ കര്‍മ്മപഥം വരിക്കാം....'
- തെരുവിനപ്പുറത്തുള്ള അമ്പലമതിലില്‍ മാഞ്ഞുകിടന്ന ഗീതാ തത്ത്വം തെളിച്ചെഴുതാനാക്കിയ ചായംതേപ്പുകാരെ നോക്കി ഉണ്ണീലി കൈയിലെ കായ്ത്തോല്‌ തെരുവിലേക്ക്‌ വലിച്ചെറിഞ്ഞു, ചീത്തവിളിച്ചു: "നായിന്റെ മക്കളേ, അമ്പലത്തിന്റെ ചൊമരീ എന്താ എയ്തിക്കൂട്ട്ന്നേ? ങക്കെന്താ കിര്‍ക്കാ...?"
ചുമരെഴുത്തുകാര്‍ രണ്ടും തിരിഞ്ഞുനിന്ന്‌ പൊട്ടിച്ചിരിച്ചു.
"ഇതൊര്‌ ഊളന്‍പാറക്കേസാന്ന്‌ തോന്ന്ന്നല്ലോ മാഷ്ഷേ...," എഴുത്തുകാരന്‍ സഹായിയോട്‌ പറഞ്ഞു.
"അയ്ന്‌ കെട്ടി എടുത്ത്‌ കൊണ്ടോകാനാള്‌ വേണ്ടേ മോനേ...?" അവര്‍ രണ്ടുപേരും വീണ്ടും ചിരിച്ചു.
അതിനിടയില്‍ വഴിയേ ഓടിപ്പോയ ഒരു ചെക്കന്‍ ഉണ്ണീലിയെറിഞ്ഞ കായിത്തോലില്‍ ചവിട്ടി വഴുക്കി, കൈകുത്തി വീണുപോയി.
"എടാ പിര്‍ക്കേ, നിന്നോടാരാ പര്‍ഞ്ഞേ, അക്കായിത്തോലീല്‍ ചവ്ട്ടി വീയാന്‍? കസര്‍ത്ത്‌ കളിക്കാണ്ട്‌, നോക്കി നടന്നൂടെയ്നോ, നെനക്ക്‌?"
"ഇന്നാ, പിടിച്ചോ ഉണ്ണീച്ചിക്കോതേ! ഈ തോലും കാന്തി, മുണ്ടാണ്ട്‌ ആട ഇര്‌ന്നോ
..." ഊരിപ്പോയ ട്രൗസറ്‌ വലിച്ചുകേറ്റീട്ട്‌, കായ്ത്തോല്‌ എടുത്ത്‌ ദേഷ്യത്തോടെ ഉണ്ണീലിയുടെ നേര്‍ക്ക്‌ വലിച്ചെറിഞ്ഞുകൊണ്ട്‌ ചെക്കന്‍ ഓടിക്കളഞ്ഞു.

ആരെന്തു ചെയ്താലും അതില്‍ തെറ്റുകാണുകയും, തനിക്കു തോന്നുന്നതു പറഞ്ഞ്‌ തിരുത്തുകയും ചെയ്യുക, ഉണ്ണീലിയുടെ ജന്മാവകാശമാണ്‌.
പത്രക്കാരന്‍ ഹസ്സനിക്കായുടെ സൈക്കിള്‌ മണി കേട്ട്‌ ഞെട്ടുന്ന ഉണ്ണീലി പിരാകിക്കൊണ്ടെണീക്കും. കണ്ണുതുറക്കുമ്പോള്‍ കാണുന്നതോ, പത്രത്തിന്‌ കാത്തുനില്‍പ്പുള്ള പെരുതേരിക്കിട്ടന്റെ മോന്തയും. അതിലും നേരത്തെ എന്നെങ്കിലും ഉണര്‍ന്നിട്ടുണ്ടെങ്കില്‍ അത്‌, കൊമ്പത്തിരുന്ന കാക്കയുടെ ചൂടുള്ള തീട്ടം മുഖത്തു വീണ്‌ തീണ്ടീട്ടാവും. ആലിലകള്‍ വിരിച്ച മേല്‍ക്കൂരയ്ക്കു കീഴെ, കൈവിരലുകളില്‍ കണക്കു കൂട്ടിക്കിഴിച്ചുകൊണ്ട്‌, ഉറക്കംകെട്ടു കിടക്കുന്ന നിശബ്ദ യാമങ്ങളില്‍, ഒടുക്കം കണ്ണുവലിച്ചുപോകുന്നത്‌, ചില്ലകളില്‍ താവളമിട്ട പ്രാവുകളുടെ കുറുകല്‍ കേട്ടും കടല്‍ക്കാറ്റിന്റെ നനുത്ത തലോടലേറ്റുമാവും....

തലയില്‍ കനമുള്ള കൊട്ടയും പേറി പൂവങ്കോഴിയെപ്പോലെ കൂകിക്കൊണ്ടാണ്‌ മീങ്കാരന്‍ മൊയ്തൂന്റെ വരവ്‌. കൊള്ളാത്ത മീനിന്റെ പേര്‌ വിളിച്ചു കൂവിയാല്‍ വീട്ടുകാര്‍ ഇറങ്ങിവന്ന്‌ നോക്കാന്‍ മടിച്ചേക്കും. അതുകൊണ്ട്‌ ശങ്കിച്ച്‌, മൊയ്തു ഒരിക്കലും കൊട്ടയ്ക്കുള്ളിലെ ഇനത്തിന്റെ മഹിമചൊല്ലി പരസ്യപ്പെടുത്താറില്ല.
പതിവുപോലെ, മീങ്കൊട്ട കണ്ടതോടെ ഉണ്ണീലി വിളിച്ചു ചോദിച്ചു: "മൊയ്തൂക്കാ, ഇന്നെന്താ, മീന്‍?"
"മീനെന്തായാല്‌ അനക്കെന്താ? ഉള്ള പുത്തീം ബെച്ച്‌ മുണ്ടാണ്ട്‌ കുത്തിരുന്നോളീ..."
"നിന്റുപ്പാക്ക്‌ കൂട്ടാന്‍ ബെച്ച്‌ കൊടുക്കാനാണെഡാ, സുവാറേ..."
ഉപ്പാക്ക്‌ പറഞ്ഞത്‌ കേട്ട്‌ ജിന്ന്‌ കൂടിയ മൊയ്തു, മീങ്കൊട്ട നിലത്തുവെച്ച്‌ രോഷത്തോടെ തിരിഞ്ഞു. ആരോ കൈക്കുപിടിച്ച്‌ പിന്നോട്ടു വലിച്ചു, സമാധാനിപ്പിച്ചു: "ഓളെ പ്രാന്തുംകൊണ്ട്‌ ഓള്‌ നടക്കട്ട്‌ കോയാ..., നീയിങ്ങ്‌ പോര്‌. പെരാന്തുള്ളോള്‍ക്ക്‌ പെരാന്ത്‌ കേറ്റാണ്ട്‌ അന്റെ പണീം നോക്കി പോയ്ക്കൂടേ, അനക്ക്‌...?"
കേട്ട ഭാവം നടിക്കാതെ, കാര്‍ക്കിച്ചു തുപ്പിക്കൊണ്ട്‌ മൊയ്തു വീണ്ടും കൂകാന്‍ തുടങ്ങി.....

ആദിശങ്കരന്റെ ജന്മദിനാഘോഷം പ്രമാണിച്ച്‌ ആല്‍ത്തറപ്പരിസരത്ത്‌ പഞ്ചായത്തുകാര്‍ ഒരു ചെറു സമ്മേളനം ഒരുക്കുകയുണ്ടായി. ശങ്കരസ്മരണ പുതുക്കാന്‍ അമ്പലത്തിനുമുമ്പില്‍ ആല്‍ത്തറ വേദിയാക്കി ശങ്കരമഠത്തിലെ അയ്യരുടെ പണ്ഡിതപ്രഭാഷണമാണ്‌ പരിപാടി.

പരിസരത്തുനിന്നും ഉണ്ണീലിയെ പെട്ടിസഹിതം തല്‍ക്കാലം അകറ്റി നിര്‍ത്താന്‍ സംഘക്കാര്‍ക്ക്‌ പാടുപെടേണ്ടിവന്നു. വിഷമാവസ്ഥ അറിയിച്ചുകൊണ്ട്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മഠത്തില്‍ ചെന്നു. ശങ്കരയ്യര്‍ ചൊടിച്ചുകൊണ്ട്‌ പറഞ്ഞു:
"ഈ പൂണൂലിന്റെ ഗര്‍വ്വ്വ്‌ കാണിക്ക്യാന്ന്‌ കൂട്ടര്‌ത്‌
‌, ഈ ശങ്കരയ്യര്‍ക്ക്‌ ഒന്നു പറയാന്‌ള്ളത്‌ അങ്ങ്‌ പറയ്യ്യാ... പ്രാന്തത്തിപ്പെണ്ണ്‌, ഒരു ദിവ്യകര്‍മ്മം മൊടക്കാനൊരുമ്പെട്ട്‌ നിക്കാന്ന്വെച്ചാ, ശ്ശ്‌ കീര്‍ത്തികേടുള്ള വിഷയാ... കാലും കൈയ്യും കെട്ടി കൊര്‍ച്ച്യേരത്തേക്ക്‌ എവട്യാന്ന്‌വെച്ചാ കൊണ്ട്‌ വിടാര്‍ന്നില്ലേ...? വേണെങ്കി പറഞ്ഞൊളൂ, പഠിക്കാന്‍ വരണെ പിള്ളാരെ വിട്ടോളാം..."
പ്രസിഡണ്ട്‌ തലകുനിച്ചു സ്ഥലം വിട്ടെങ്കിലും അത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നമല്ല മുന്‍പില്‍ കിടക്കുന്നതെന്ന്‌ നന്നായി അറിയാമായിരുന്നു. ബലം പ്രയോഗിച്ച്‌ അടക്കാവുന്ന പെണ്ണല്ല ഉണ്ണീലി എന്ന്‌ ഒരു ദശാബ്ദക്കാല അനുഭവങ്ങള്‍ കൊണ്ട്‌ നാട്ടുകാര്‍ പഠിച്ചു കഴിഞ്ഞതാണ്‌. മുമ്പൊരിക്കല്‍, ഇത്തരമൊരു ബലപ്രയോഗത്തില്‍ കല്ലേറു കൊണ്ട്‌, തട്ടാന്‍ കുഞ്ഞാപ്പുവിന്റെ രണ്ടു പല്ലുകളാണ്‌ ഇളകിയത്‌. ഉണ്ണീലി സൃഷ്ടിച്ച വിടവ്‌ സ്വര്‍ണ്ണപ്പല്ല്‌ വെച്ചു നികത്തിയെങ്കിലും ആ സംഭവം ഇളക്കിവിട്ട കൊടുങ്കാറ്റ്‌ ഇന്നും ആല്‍ത്തറയ്ക്കു ചുറ്റും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു.
എല്ലാ പയറ്റും പയറ്റിക്കഴിഞ്ഞ്‌, ഒടുക്കം ഉണ്ണീലി സബൂറായത്‌ ഇറച്ചിക്കാരന്‍ എറമുവിന്റെ ബീവിയെത്തന്നെ അടിയറ വെച്ചപ്പോള്‍ മാത്രമാണ്‌.
സംഗതിയുടെ കിടപ്പ്‌ കണ്ട എറമു, കനംവെച്ച്‌ ഒന്ന്‌ മൂളി. മേളിയെടുത്തു മുക്രയിടുന്ന, അറവിന്‌ വെച്ച കൊമ്പന്മാരെ മാവിലകാട്ടി തളച്ചിട്ടു ശീലമുള്ള തന്റേടക്കാരി പെണ്ണാണ്‌ തന്റെ ബീവി. എറേത്ത്‌ നിന്ന്‌ ബീഡിവലിച്ച്‌ ഊതിക്കൊണ്ട്‌ അകത്തേക്കു നോക്കി, ബീവിയോട്‌ വിളിച്ചുപറഞ്ഞു:
"ചിത്തം കെട്ട്‌ ഓള്‌ കോലംതുള്ള്ന്നെ നോക്കണ്ട നബീസൂ, ഓള്‍ടെ മനസ്‌ ആട്ടുംകുട്ട്യേടതാ. ബാങ്ങാന്‍കിട്ടാത്തെ അന്റെ ഖല്‍ബ്‌ തെന്ന്യാ അയ്നിക്ക്‌ കാട്ടാന്‍പറ്റ്യെ ഖുദര്‍ത്ത്ള്ളെ മാവിഞ്ചപ്പ്‌. നീ പൊയ്‌ അന്റെ ഖല്‍ബ്‌ കാട്ടി, ഓള ഇങ്ങട്‌ കൂട്ടിക്കൊണ്ട്വരീന്‍...."

തക്കിടി പറഞ്ഞ്‌, നബീസുമ്മ ഉണ്ണീലിയെ എങ്ങിനെയോ മെരുക്കിയെടുത്തു, കൂട്ടിക്കൊണ്ടുപോയി. പക്ഷെ, തണ്ടിട്ടു താങ്ങീട്ടും പുരയില്‍ കേറിയില്ല. പുരയുടെ വേലിക്കു മുമ്പില്‍ തെരുവില്‍ ഒരു നാഴികക്കല്ലിരിപ്പുണ്ട്‌. അതിന്മേല്‍ തന്റെ മരപ്പെട്ടി അടുപ്പിച്ചു വെച്ചു, നബീസുമ്മയുടെ പഞ്ചാരവാക്കുകള്‍ കേട്ടും കേള്‍ക്കാതെയും അസ്വസ്ഥതയോടെയാണെങ്കിലും ഉണ്ണീലി ഒരുവിധത്തില്‍ ഇരിപ്പുറപ്പിച്ചു.....

പരിപാടി തുടങ്ങി.
തെരുവിനപ്പുറവും ഇപ്പുറവുമായി ഭക്തജനം കൂടിനിന്നു.
സംസ്കൃത ശ്ലോകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ പീതവസ്ത്രം
ധരിച്ച ശങ്കരയ്യരുടെ സാരവത്തായ പ്രഭാഷണം കാളത്തിലൂടെ ഉച്ചത്തില്‍ അലയടിച്ചുയര്‍ന്നു.

"ഭക്തജനങ്ങളേ, പരമാര്‍ത്ഥത പരമാത്മാവിലാണ്‌. ഈ ജഗത്ത്‌ മിത്ഥ്യയാണ്‌, അതായത്‌ അര്‍ത്ഥമില്ലാത്തത്‌.... ഉപനിഷത്തുകളിലൂടെ അനുശാസിക്കപ്പെട്ട വസ്തുതയാണിതെങ്കിലും, ഈ പ്രസ്താവം കണക്കറ്റ വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. സര്‍വ്വര്‍ക്കും സ്വാഭാവികമായും അവര്‍ ജീവിക്കുന്ന ഭൂലോകവും, പഞ്ചേന്ദ്രിയങ്ങളാല്‍
അവര്‍ അനുഭവിച്ചറിഞ്ഞ വസ്തുതകളും, യഥാര്‍ത്ഥമല്ലെന്ന്‌ സങ്കല്‍പിക്കാന്‍പോലും സാധിക്കാറില്ല. എന്നാലിതു തിരിച്ചറിയാനുള്ള ബുദ്ധി നമുക്കാര്‍ക്കുമില്ലെന്നതാണ്‌ സത്യം. എങ്ങിനെ ഉണ്ടാകാനാണ്‌....? ശങ്കരാ, ശിവശങ്കരാ!
"ഞാന്‍ എന്ന ഭാവത്താല്‍ മതികെട്ട്‌ നാമെല്ലാവരും അന്ധരായിരിക്കയല്ലേ...! നമുക്ക്‌ നമ്മെത്തന്നെ തിരിച്ചറിയാനാവുന്നുണ്ടോ...? ഇല്ലാ..! പിന്നെങ്ങിനെ മറ്റുള്ളവരെ തിരിച്ചറിയും? എന്നിലും, നിന്നിലും, എല്ലാറ്റിലും ദൈവാംശമുണ്ടെന്നറിയാതെ, നാം എന്തൊക്കെയോ ചെയ്തു കൂട്ടുന്നൂ..."
പണ്ഡിതരുടെ പ്രഭാഷണത്തില്‍ അദ്ദേഹം പറയാന്‍ വിട്ടുപോയ വാക്കുകള്‍ കുറേ ഏറെ ഉണ്ടായിരിക്കാം, കൂട്ടത്തില്‍ മനപ്പൂര്‍വ്വം പറയാതിരുന്ന വാക്കുകളും....

പറഞ്ഞുതീര്‍ക്കാന്‍ വെച്ച കുറേ ഏറെ വാക്കുകള്‍, അറിയാതെ പറഞ്ഞും, പറയാന്‍ അറിയാതെയും ഉണ്ണീലി, നബീസുമ്മയുടെ ചങ്ങാത്തത്തിന്റെ കണ്ണികള്‍ പൊട്ടിച്ച്‌, സര്‍വ്വേക്കല്ലില്‍നിന്നും എഴുനേറ്റു നിരത്തിലേക്കു മാറിനിന്നു. ചെമ്മണ്‍നിലത്ത്‌ ചിലങ്ക കെട്ടാത്ത പാദങ്ങള്‍ ആഞ്ഞു ചവിട്ടി, വെറ്റിലക്കറ പറ്റിയ പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട്‌, ആ പീറപ്പെണ്ണ്‌ നിര്‍ത്താതെ ചെയ്യുന്ന
നൃത്തം
കണ്ട്‌ ആരൊക്കെയോ നിര്‍ത്താതെ കൈയടിച്ചുകൊണ്ടിരുന്നു....