Thursday, October 13, 2011

തണ്ണിത്താഹം

(ചുരമാന്തുന്ന സ്വാര്‍ത്ഥതയുടെ അടക്കാനാവാത്ത ദാഹം!
- തണ്ണിത്താഹം.
പുളിച്ച കള്ളില്‍ കുതിര്‍ന്ന കൂട്ടക്കൂത്താട്ടിന്റെ
ഒടുക്കം ആടിയാടി അവര്‍ പുല്‍പ്പായില്‍ കുഴഞ്ഞു വീണ കാഴ്ച സ്തബ്‌ധനായി നോക്കിനിന്ന എന്റെ പേനയില്‍ തികട്ടിവന്നത്‌ ഇങ്ങനെ....)

ച്ചില്‍ തൂക്കിയ കമ്പിക്കൂട്ടിലെ രണ്ട്‌ തത്തകളും, ഒരു കുത്ത്‌ പഴയ ചീട്ടും- കിളിവേലാണ്ടിയുടെ പണിസാമാനങ്ങളായി.
നിത്യേന തത്തയുടെ ചവണക്കൊക്കിന്റെ കൊത്തേറ്റ്‌ ചീട്ടുകളുടെ കോലംകെട്ടിരിക്കുന്നു. വക്കും കോണും പറിഞ്ഞിട്ടും പുതിയൊരു കുത്ത്‌ ചീട്ട്‌ വാങ്ങിയില്ല. അതിനുള്ള വകയില്ലായിരുന്നു. തത്തമ്മ കൊത്തിയെടുത്തിടാറുള്ള ചീട്ട്‌ ഏതുഗണത്തില്‍ പെടുന്നുവെന്നു പോലും തിരിച്ചറിയാന്‍ പറ്റാത്ത പരുവത്തിലാണ്‌ അതിന്റെ കിടപ്പ്‌. എന്തുതന്നെയായാലും ഭാവിഫലം പറയുന്നതില്‍ വേലാണ്ടി മുന്നില്‍ത്തന്നെ. നാടും നാട്ടാരുടെ ചൂരും കണ്ടറിഞ്ഞ്‌ ആണ്ടോടാണ്ട്‌ ശേഖരിച്ചുവെച്ച എണ്ണിയാല്‍തീരാത്ത സംഗതികള്‍ അയാളുടെ തലച്ചോറില്‍ കൂനകൂടി കിടപ്പുണ്ട്‌. ചിതംപോലെ പലപ്പോഴും, മനുഷ്യന്റെ കൈവരകള്‍ മറികടന്നും അയാള്‍ തന്റെ മണ്ടക്കകത്തെ കൂന ചിള്ളിത്തപ്പി പുറത്തെടുത്ത വസ്തുതകള്‍ നിരത്തി തന്ത്രപൂര്‍വ്വം അന്യന്റെ ഭാവി പ്രവചിച്ചു. ചുമലില്‍ കിളിക്കൂടും പേറി പൊള്ളുന്ന നിലത്ത്‌ അരണ്ടുവീഴുന്ന സ്വന്തം നിഴലില്‍ ചവിട്ടിനടന്ന്‌ വീടുകള്‍തോറും തെണ്ടി, അപരന്റെ ഭാവി പാട്ടായി പാടിക്കേള്‍പ്പിച്ചു. വഴിയളക്കാതെ നടന്നു തളര്‍ന്ന്‌ ഒടുവില്‍ സ്വന്തം ഭാവിയുടെ കരാളരൂപം പതിഞ്ഞ നിഴലില്‍ ഊരകുത്തിവീണു, കിടപ്പിലായി.

യജമാനന്‍ കട്ടിലിലായതോടെ തിന്നാന്‍ ധാന്യം കിട്ടാതെ തത്തകള്‍ രണ്ടും ചത്തു. അയാളുടെ കിടപ്പുമുറിയില്‍ ഒരു മൂലയ്ക്ക്‌ ഒഴിഞ്ഞ കിളിക്കൂട്‌ മാറാലകെട്ടി കഴുക്കോലില്‍ തൂങ്ങിനിന്നു. അതിന്റെ ഇരുമ്പുകമ്പികളില്‍ അള്ളിപ്പിടിച്ചുനിന്ന്‌ ചിലച്ച പല്ലിയുടെ ദിശനോക്കി അയാള്‍ ഗണിച്ചു. ദുശ്ശകുനം മനക്കണ്ണില്‍ കണ്ടു വിറച്ചു!
വിറയലോടെ വേലാണ്ടി കിടന്ന കിടപ്പുതന്നെ- വെക്കം വീര്‍ത്തമരുന്ന നെഞ്ചില്‍ കുടുങ്ങിനില്‍പ്പുള്ള ചിലമ്പിച്ച നിശ്വാസമായും, കാളിക്കുട്ടി നീട്ടുന്ന തുരുമ്പെടുത്ത കോളാമ്പിയില്‍ വായറിയാതെ വീഴുന്ന ചുകന്ന നുരയായും!
അഴുക്കുപുരണ്ട ചുമരില്‍ പതിയാറുള്ള ഒഴിഞ്ഞ കിളിക്കൂടിന്റെ നീളുന്ന നിഴല്‍ അങ്കലാപ്പോടെ തുറിച്ചു നോക്കിക്കൊണ്ട്‌ അയാള്‍ പിച്ചുംപേയും പറയും. അതു കേട്ട്‌ മകള്‍ തങ്കച്ചി ഉള്‍ക്കിടിലത്തോടെ പെറ്റമ്മയെ വിളിക്കും. വിളികേട്ട്‌ തള്ള വീണ്ടും പാഞ്ഞെത്തും. മനോദുഃഖം ഉരുക്കിയൊഴിച്ച വാക്കുകളില്‍ തറവാട്ട്‌ ദൈവത്തെ വിളിക്കും: "ന്റെ തര്‍വാട്ട്‌ ബദ്രേ, ഈ ദെണ്ണങ്കണ്ട്‌ ന്‌ക്കാമ്പയ്യേയ്‌..."


ഒരേയൊര്‌ അകസാമാനമായി കുടീലുള്ള കാലിളകിയ പീഞ്ഞക്കട്ടില്‍പ്പുറത്ത്‌ വിരിച്ച പായില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന്‌, ചാതംകിട്ടാതെ വെപ്പ്രാളംകൊള്ളുന്ന കെട്ട്യോനെ നോക്കി, കട്ടില്‍ചാരി കാളിക്കുട്ടി ഇരിക്കും. സിമെന്റ്പോയ നിലത്ത്‌ സന്ധിവീക്കമുള്ള കാലുകള്‍ നീട്ടി ചാഞ്ഞിരിക്കെ, ആശയറ്റ്‌ മച്ച്‌ നോക്കിക്കിടക്കുന്ന തന്റെ കണ്ണായ കണവനോട്‌ ഉരിയാടാന്‍, കാളിയ്ക്ക്‌ വെറും മൗനസാന്ത്വനങ്ങള്‍ മാത്രമേയുള്ളൂ.

ഭജനസംഘപ്പ്രമാണി, തബലക്കാരന്‍ തമ്പാന്‍ പതിവുപോലെ വന്ന്‌ അന്വേഷിച്ചു പോയി: "ബേലാണ്ടിക്ക്‌ ബേഗത്തില്‌ ബേതൊംണ്ടാകട്ടെ കാളീ
. ബെസമം എല്ലാര്‍ക്കൂണ്ട്ന്ന്‌ നീ നിരീച്ചോ. എന്നാപ്പിന്ന ഞാ കീയട്ട്‌. നാളക്ക്‌ ഇഞ്ഞ്യുംങ്ങ്‌ ബെരാലോ..."
നാക്കൊന്ന്‌, മനസൊന്ന്
. മനസ്‌ പറഞ്ഞതിങ്ങനെ: `ഇനീം നിന്റെ കെട്ട്യോന്‍ ഊര്‍ദ്ദംബലി തൊടങ്ങീല്ലേ, കാളിക്കുട്ട്യേ...?`

ഒടുക്കത്തെ ആ വലി എത്തിയിട്ട്‌ വേണം ഹാര്‍മ്മോണിയവും, കിങ്ങിണിയും തബലയും ജഞ്ചിറയും ഒക്കെ താങ്ങി മരണവീട്ടില്‍ ചെന്ന്‌ എഴപറിഞ്ഞ പുല്ലുപായില്‍ കൂടിയിരുന്ന്‌ ഭജനമേള തുടങ്ങാന്‍. നിബന്ധനകളില്ലാതെ
, അമ്പലക്കമ്മിറ്റി ഭജനസംഘത്തിന്‌ ഏല്‍പ്പിച്ചതാണ്‌ ഈ ചുമതല. പാട്ടേത്‌, കൊട്ടേത്‌? എല്ലാം സംഘക്കാരുടെ എതം പോലെ. പാട്ടുകളുടെ പോക്കനുസരിച്ച്‌ ഒപ്പിച്ചെടുക്കുന്ന ഇടവേള, പക്ഷെ, തായംമുക്കിലെ ഷാപ്പില്‍ത്തന്നെയാവണം എന്ന്‌ ഇക്കൂട്ടര്‍ക്ക്‌, നിര്‍ബന്ധമുണ്ട്‌.

നാട്ടുസമ്പ്രദായപ്പ്രകാരം, കാളിക്കുട്ടി കഴുത്തിലെ ചരട്‌ അഴിച്ചുവെക്കേണ്ട ദിവസവുംകാത്ത്‌ വേലാണ്ടിയുടെ വീട്ടുപടി കയറിയിറങ്ങിക്കൊണ്ടിരുന്ന തമ്പാന്‍ ക്ഷമകെട്ടിരിക്കെ, ഒരുദിവസം ഉറുപ്പിക നൂറിന്റെ രണ്ട്‌ കടലാസ്‌ കൈയ്യില്‍ ചെന്ന്‌ വീണു. നോട്ടുകടലാസുകളുടെ മറവില്‍ കുറിച്ചിടപ്പെട്ട സന്ദേശം എളുപ്പത്തില്‍ അയാള്‍ വായിച്ചെടുത്തു: വേലാണ്ടിയുടെ കതകയ്ഞ്ഞു! സന്ദേശവുമായി ഗോത്രക്കമ്മിറ്റി സെക്രട്ടറി വിക്കന്‍ദാസപ്പന്‍മാഷ്‌ തേടിച്ചെന്നെത്തിയതും മൂക്കനന്തോണിയുടെ തായംമുക്കിലെ കള്ളുഷാപ്പില്‍ത്തന്നെ.
"നീട്ട്‌ കൈ," എന്നും പറഞ്ഞ്‌ വാദ്‌വെക്കുംപോലെ നൂറിന്റെ നോട്ട്കടലാസ്‌ തമ്പാന്റെ ഉള്ളംകൈയ്യില്‍ കമിഴ്ത്തിയടിച്ച്കൊണ്ട്‌ ചെറിയൊരു താക്കീത്‌: "ഇനി മയ്യാക്കി ബേഗങ്ങട്ട്‌ ചെന്ന്‌ ബജനം തൊടങ്ങ്ക്കോ."
"തെരക്കാക്കാമ്പെരട്ട്‌ മാഷേ, ഇതങ്ങന പോയി തൊടങ്ങാമ്പറ്റ്ന്ന ബജനോല്ലാ. ചത്ത പൊരെയ്‌ലെ ബജനാ. അയ്ന്‌ ഉശിരും ബീര്യോം ഇനീം കിട്ടാന്‍ണ്ട്ന്ന്‌ കൂട്ടിക്കോ." പ്രതികരണം പ്രതീക്ഷിച്ചതുതന്നെ. നൂറിന്റെ കടലാസുകള്‌ നീട്ടിക്കൊടുത്തത്‌ ഇക്കൂട്ടരുടെ `തണ്ണിത്താഹ` ത്തിനാണെന്നു മനസ്സിലാക്കിയ ദാസപ്പന്‍മാഷ്‌ ഉടക്കാന്‍ നിന്നില്ല. നാട്ടുനടപ്പു പ്രകാരം നിവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ അയാള്‍ക്ക്‌ വേറെ ഇനിയും കിടക്കുന്നുണ്ട്‌ താനും.

വേലാണ്ടിയെ കുളിപ്പിച്ചു നടുവകത്ത്‌ കിടത്തിക്കഴിഞ്ഞു. ഉടുപ്പിക്കാന്‍ കോടിയും, ചാര്‍ത്താന്‍ പൂമാലയും നാട്ടുകാരുടെ വകയാണ്‌. പാവപ്പെട്ടവനായാലും പണക്കാരനായാലും അതേറ്റു വാങ്ങണമെന്ന നാട്ട്‌വഴക്കം പണ്ടേ ഉണ്ട്‌. പട്ടും പൂമാലയുമായി സെക്രട്ടറി ദാസപ്പന്‍മാഷ്‌ നേരത്തേ എത്തിയിരുന്നു. പരസഹായം കൂടാതെ കാര്യങ്ങള്‍ നടത്താന്‍ കഴിവില്ലാത്തവര്‍ക്ക്‌ കമ്മിറ്റിയുടെ ദാനപ്പണം വേറെയും കിട്ടാറുണ്ട്‌. കാളിക്കുട്ടിയുടെ കൊച്ചുപുരയിലും അല്ലറച്ചില്ലറപ്പൈസ ദാസപ്പന്‍വഴി എത്തിക്കൊണ്ടിരുന്നു. പെറുക്കിപ്പിടിച്ച്‌ കുറച്ച്‌ തുട്ട്‌, കാലഹരണപ്പെട്ട വേലാണ്ടിയുടെ പേരില്‍ ഭജനക്കാരുടെ `തണ്ണിത്താഹ`ത്തിനുവേണ്ടി തായംമുക്ക്‌ ഷാപ്പിലെ അന്തോണിയുടെ പണപ്പെട്ടിയിലും ചെന്നു വീണു.

അവകാശം ഭദ്രമായി വീതിച്ചെടുത്ത ഭജനക്കക്ഷികള്‍ അഞ്ചും മരണവീട്ടില്‍ കയറിച്ചെന്നത്‌ ദുശ്ശകുനത്തോടെയാണ്‌. കാലുകഴുകാന്‍ പടിക്കല്‍വെച്ച വാല്‍ക്കിണ്ടിയും വെള്ളവും, തബലക്കാരന്‍ തമ്പാന്റെ കുഴഞ്ഞ കൊക്കരക്കാല്‌ തട്ടി താഴെവീണു.
"പണ്ടാരം മനിശമ്മാര ബയ്‌നടക്കാനും
തമ്മേയ്ക്കേല!"- മുറുമുറുപ്പിനിടയില്‍ തമ്പാന്‍ പടിക്കല്ലിലിട്ടൊരു ചവിട്ടും കൊടുത്തു. കല്ലനങ്ങിയില്ല, തമ്പാന്റെ കാലുളുക്കി. നോവുകൊണ്ട കാലുംപേറി മുടന്തിക്കൊണ്ടാണ്‌ തുടര്‍ന്നുണ്ടായ നടത്തം.
കാലുകഴുകാതെയാണ്‌ അഞ്ചുപേരും അകത്തു കടന്നത്‌. കാലില്‍ വെള്ളമൊഴിച്ചിട്ടുമാത്രമേ അകത്തു കയറാവൂ എന്ന കീഴ്‌വഴക്കം ഭജനസംഘം ലംഘിച്ചുവെങ്കിലും ആര്‍ക്കും ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം പോരായിരുന്നു. ചോദിച്ചാല്‍ അവര്‍ ഭജനം പാടാതെ വന്നവഴി ഇറങ്ങിപ്പോകും. സമാജക്കാര്‍ക്ക്‌ ഇരുനൂറിന്റെ ചേതം, അത്രതന്നെ. കൈയിലെത്തിയ ഇരുനൂറ്‌ കള്ളില്‍ കലങ്ങി വയറ്റിലെത്തിക്കഴിഞ്ഞിരിക്കുന്നു.

സംഘത്തിലെ നീണ്ടുമെല്ലിച്ച മീശക്കാരന്‍ നീര്‍ക്കോലിച്ചെല്ലപ്പനാണ്‌ പാട്ട്‌ തുടങ്ങിയത്‌. നീര്‍ക്കോലിയുടെ വലുപ്പമേ ഉള്ളെങ്കിലും തൊണ്ടകുത്തിപ്പുറത്തുവിട്ട ആലാപനം, കാലനോടുള്ള വെല്ലുവിളിപോലെ, മോന്തായം കുലുങ്ങുന്ന ഉച്ചസ്വരത്തിലാണ്‌ പുറത്തുവന്നത്‌. വേലാണ്ടിപ്പാവത്തിന്റെ വേളയ്ക്ക്‌ കമ്പക്കയറിട്ട കാലന്‍ ഒപ്പിച്ചുപോയ ഏടാകൂടത്തിനെതിരെ രാമനോടുതന്നെ വേണം തങ്ങളുടെ ഹരജി ബോധിപ്പിക്കല്‍ എന്നുറച്ചമട്ടില്‍, പിളര്‍ത്തിപ്പിടിച്ച വായോടെ തലകുലുക്കിക്കൊണ്ടയാള്‍ പാടി:
"ജാനകീരാമാ............"

ഹാര്‍മോണിയക്കാരന്‍ ഹരീരന്‍, നീര്‍ക്കോലി പാടുന്ന പാട്ടിന്റെ ശബ്ദഘോഷത്തിനൊത്ത്‌ ഉച്ചസ്ഥായി സ്വീകരിച്ച്‌ ശ്രുതി കൊടുത്തു. `അല്ല പിന്നെ,` എന്ന്‌ മനസ്സില്‍ പറഞ്ഞുകൊണ്ടാവണം, പാട്ടിനും ഹാര്‍മ്മോണിയം വായനയ്ക്കും ഹരംകൊടുത്തുകൊണ്ട്‌ തബലയോടൊട്ടിയിരുന്ന്‌ തമ്പാന്‍, വീറോട്ടും കുറയാതെ, കൊട്ടാനും തുടങ്ങി. താളലയം തൊട്ടുവെക്കാന്‍പോലുമില്ലാതെ, ഏതോ പ്രമാദലഹരിയില്‍പ്പെട്ട്‌, പാട്ടിന്റെ ദിശ ഒരു വശത്തേക്കും തബലക്കൊട്ട്‌ മറ്റൊരുവശത്തേക്കും നീങ്ങി. മേല്‍പറഞ്ഞ രണ്ടു ദിശയിലും പെടാതെയുള്ള തകര്‍പ്പനടിയാണ്‌, ജഞ്ചിറക്കാരന്റേത്‌. അടിയുടെ ഊക്ക്‌ കണ്ടാല്‍ അയാളുടെ ചെമ്പുവളയിട്ട കൈ, ജഞ്ചിറയുടെ തുകലു പൊട്ടിച്ചപ്പുറത്ത്‌ എപ്പോഴാണെത്തുകയെന്ന്‌ പറയാനാവില്ല.

പാട്ടുകള്‍ തമ്മില്‍ ഒരു നിമിഷനേരത്തെ അകലംപോലും ഉണ്ടാകരുതെന്ന്‌ ചട്ടംകെട്ടി ഉറപ്പിച്ചതു പോലെ അടുത്ത പാട്ട്‌ ഉടനെ തുടങ്ങി:
"ഒരിടത്തു മരണം, ഒരിടത്തു ജനനം,
ചുമലില്‍ ജീവിത ഭാരം..."

കരയുന്നവരുടെ കരച്ചില്‍, ഭജനം പാടി നിര്‍ത്താമെന്ന്‌ കേട്ടിട്ടുണ്ട്‌. എന്നാലോ, എല്ലാ ജീവിതഭാരവും ചുമലില്‍ പിടിപ്പിച്ച്‌, കരയാത്തവരെയും കരയിപ്പിച്ചേ വേറെകാര്യമുള്ളൂ എന്ന മട്ടില്‍ പഴയ ഒരു സിനിമാപ്പാട്ടുമായാണ്‌ ഭജനസംഘം ഇപ്പോള്‍ അരങ്ങത്ത്‌. `ഒരിടത്തു ജനന`ത്തിനു പകരം, `ഒരിടത്തു മരണം`കൊണ്ട്‌ തുടങ്ങിയെന്നുമാത്രം. മരവിച്ച വേലാണ്ടി കട്ടിലോടൊട്ടിക്കിടപ്പുള്ള ഈ അമൂര്‍ത്തനിമിഷത്തില്‍, മൂപ്പുറ്റ ചെത്തുകള്ള്‌ ഉള്ളില്‍ വീശിയ ചൂട്ടുതീ അകക്കണ്ണില്‍ തെളിയിച്ച സിദ്ധാന്തമാണിതെന്ന്‌ മറ്റുള്ളോര്‍ക്കെടുക്കാം: മരണം, ആദ്യം; ജനനം, പിറകേ....

പ്രതീക്ഷിച്ചതു സംഭവിച്ചു. ശോകാത്മകമായ ഈ ഗാനത്തിന്‌ അകമ്പടിയെന്നോണം പശ്ചാത്തലത്തില്‍ പെണ്ണുങ്ങളുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍ മെല്ലെ വീണ്ടും തലപൊക്കി. അപ്പോള്‍, പാട്ടിന്റെ ശോകരസം, ആനുപാതികമായി കൂടിക്കൊണ്ടുമിരുന്നു. വികാരാധിക്യത്താല്‍ മന്ദംമന്ദമായി ഗാനം നിലച്ചു, തബലക്കൊട്ടിന്റെ പിരിമുറുക്കം കെട്ടു. തിമര്‍ത്തടിക്കപ്പെട്ട ജഞ്ചിറപോലും നിശ്ചലമായി. വായനനിര്‍ത്തി, ദൈന്യഭാവത്തോടെ ഇടതുവിരലുകളാല്‍ ഹാര്‍മോണിയത്തിന്റെ ബെലൗസ്‌ ചലിപ്പിച്ചുകൊണ്ട്‌ അല്‍പ്പനേരം ഹാര്‍മോണിയക്കാരന്‍ പെണ്ണുങ്ങളുടെ തേങ്ങലടികള്‍ക്കു ശ്രുതിയിട്ടുകൊടുത്തു.
ഇതിനിടയില്‍, മൗനാവലംബരായി ഇരുന്നുപോയ പാട്ടുകാരെ ഉണര്‍ത്തേണ്ട പരമദൗത്യം, ജാഗ്രത വിടാതെ അതുവരെ പതുക്കെ മുട്ടിക്കൊണ്ടിരുന്ന കിങ്ങിണിക്കാരന്‍ ഏറ്റെടുത്ത്‌, തന്റെ മുട്ടിന്റെ ഒച്ച പെട്ടെന്നു കൂട്ടി. കിങ്ങിണിയുടെ ആരവാരം കേട്ടു സഹകാരികള്‍ ഉണര്‍ന്നു, അവരവരുടെ കരണീയം തുടര്‍ന്നു.

പാടാന്‍ ചുമതലപ്പെട്ട പാട്ടുകാരുടെ ദുരവസ്ഥ കണ്ടറിഞ്ഞാവണം, അടുത്തതായി, കിങ്ങിണിക്കാരന്‍ തന്നെയാണ്‌ പാട്ടേറ്റെടുത്തത്‌.
"ദേവീ, ശ്രീദേവീ, തെടിവരുന്നൂ ഞാന്‍,
നിന്‍ ദേവാലയ വാതില്‍ തേടി വരുന്നൂ ഞാന്‍...."

ചത്ത വീട്ടിന്റെ പശ്ചാത്തലം മാറ്റിപ്പിടിച്ചുകൊണ്ട്‌ പാടിയ പാട്ടും, ഒത്തുപിടിച്ചുള്ള തന്റെ കിങ്ങിണിമുട്ടും ഉച്ചശ്രുതിതേടി വീണ്ടും ആരോഹണം തുടങ്ങവെ, കണ്ണില്‍ തീപ്പൊരി പാറിവീണതുപോലെ പോളകള്‍ അമര്‍ത്തി ചിമ്മിക്കൊണ്ട്‌ അന്തംവിട്ട്‌ മറ്റു നാലംഗങ്ങളും കിങ്ങിണിയെ നോക്കി കുത്തിയിരിപ്പായി. ഇതുകണ്ടുനിന്ന വീട്ടുകാരും, സഹതപിക്കാനെത്തിയ നാട്ടുകാരും, ആശ്ചര്യത്തോടെ മുഖത്തോടുമുഖം നോക്കി പിറുപിറുക്കാനും തുടങ്ങി. തുടങ്ങിയ പാട്ട്‌ പാടിത്തീര്‍ത്തെങ്കിലും, പ്രതികരണം അപ്രീതികരമെന്നു കണ്ടപ്പോള്‍, പാട്ടുകാര്‍ മുന്നറിയിപ്പില്ലാതെ
തന്നെ എഴുനേറ്റു പടിയിറങ്ങിപ്പോയി. ഗമയോടെ മുന്നില്‍ നടക്കാറുള്ള പ്രമാണിത്തമ്പാന്ന്‌, പരുക്കേറ്റ കാലുമായി ഏറ്റവും പുറകിലായി മുടന്തിനടക്കാനേ ഒത്തുള്ളൂ. പുലയാട്ട്‌ പറഞ്ഞില്ലെങ്കിലും ചുണ്ടുകളില്‍ നൊടിപ്പുമായി വീര്‍പ്പിച്ച മുഖം കാട്ടിക്കൊണ്ടാണ്‌ പടികടന്നത്‌.

ഏതാണ്ട്‌ അരമണിക്കൂറിന്റെ ഇടവേളയ്ക്കു ശേഷം, ആരോടോ പകതീര്‍ക്കാനുണ്ടെന്ന മട്ടില്‍ പാട്ടുകാര്‍ പൂര്‍വ്വാധികം പദവിന്യാസപ്പിഴപ്പോടെ തിരിച്ചെത്തി. പല്ലുകളില്‍ പുരണ്ടുകിടപ്പുള്ള വെറ്റിലക്കറ പോലെ അവരഞ്ചുപേരുടെ കണ്ണുകളിലും ചുകപ്പ്‌ നിറം കണ്ടു. വന്നപാടെ അവര്‍ പുല്‍പായില്‍ ചെന്ന്‌ ഇരുന്നു. കുഴഞ്ഞുവീണെന്നു വേണം പറയാന്‍. അവര്‍ തേടിപ്പോയ ശ്രീദേവിയും, ദേവാലയവാതിലും ഏതെന്ന്‌, നോക്കിനിന്നവര്‍ക്ക്‌ ഇപ്പോള്‍ ശരിക്കും പിടുത്തംകിട്ടി.

ആസവസേവനത്താല്‍ ആര്‍ജ്ജിച്ച ഊര്‍ജ്ജം പ്രയോഗിച്ച്‌ ചത്തുമലച്ച്കിടക്കുന്ന വേലാണ്ടിത്തത്തയെ മിണ്ടിപ്പിക്കാനും, അറ്റുപോയ ചിറകുകള്‍ വീണ്ടും മുളപ്പിച്ചു പറത്താനും മോഹിച്ചിട്ടെന്നപോലെ നാടകീയത ഒട്ടും കുറക്കാതെ തന്നെ തുടങ്ങി, പണ്ടെന്നോ പാടിമറന്ന ഒരു നാടകപ്പാട്ട്‌:
"മിണ്ടാത്തതെന്താണ്‌ തത്തേ?
ഒന്നും മിണ്ടാത്തതെന്താണ്‌ തത്തേ...?"

പാട്ടിലെ, `മിണ്ടാത്തതെന്താണ്‌ തത്തേ....?` യുടെ ഈണത്തിനൊത്ത്‌ കൈനീട്ടി, ദയനീയത കലര്‍ത്തിയ ചോദ്യവുമായി, ഒന്നും മിണ്ടാതെ കിടക്കുന്ന വേലാണ്ടിയുടെ ജഡത്തിലേക്ക്‌ തന്റെ ചോരക്കണ്ണെറിഞ്ഞ ശേഷം മെയ്യിളക്കിക്കൊണ്ട്‌ തമ്പാന്‍ ഏറിയ ഭാവപ്പ്രകടനത്തോടെ തബല ആഞ്ഞുകൊട്ടി. അഭിനിവേശത്തിന്റെ മൂര്‍ഛയില്‍, മടക്കിവെച്ച കാല്‍മുട്ട്‌ നിയന്ത്രണം വിട്ടു മുന്നോട്ട്‌ തള്ളിപ്പോയി. ആ തള്ളില്‍ കിട്ടിയ തട്ടേറ്റ്‌ ശവക്കട്ടിലിന്റെ ഇളകിക്കിടന്ന കാല്‌ `പടേ`ന്ന്‌ ആടിവീണു. അതോടെ സമനിലതെറ്റി ചരിഞ്ഞ കട്ടിലില്‍നിന്നും നാട്ടുകാരണിയിച്ച പട്ടുടുപ്പും പൂമാലയുമടക്കം വേലാണ്ടിയുടെ ജഡം ഊരിക്കുത്തി താഴേക്കുവന്ന്‌, തബലരണ്ടും രണ്ടുവശത്തേക്ക്‌ തെറിപ്പിച്ചുകൊണ്ട്‌ തമ്പാന്റെ മടക്കുകാലില്‍ത്തടഞ്ഞ്‌, ഒരു നോക്കുകുത്തി പോലെ നില്‍പ്പായി. ഓര്‍ക്കാപ്പുറത്ത്‌ തെന്നിവന്നെത്തിയ വേലാണ്ടിയുടെ വിറങ്ങലിച്ച ചവിട്ടും, മരവിച്ച കാലിന്റെ തണുപ്പും ഏറ്റപ്പോഴാണ്‌ തബലത്തമ്പാന്റെ കൂമ്പിപ്പോയ ചോരക്കണ്ണ്‌ തുറക്കുന്നതും
, തൊട്ടു മുന്‍പില്‍ ചരിഞ്ഞുനില്‍പ്പുള്ള സാക്ഷാല്‍ വേലാണ്ടിയുടെ രൂപം കാണുന്നതും.

വേലാണ്ടിത്തത്ത മിണ്ടിയില്ലെങ്കിലും എഴുനേറ്റുവന്ന്‌ പറക്കാന്‍ തയ്യാറായി നില്‍പ്പുറപ്പിച്ചതു കണ്ട തബലത്തമ്പാന്‍ സംഭ്രാന്തിയോടെ എണീറ്റ്‌ ഞൊണ്ടുകാലും തൂക്കിയെടുത്ത്‌, ആടിയാടി പുറത്തേക്കുള്ള വഴിതേടി ഓടി. ഇതുകണ്ട്‌ സ്തംഭിച്ചിരുന്ന പാട്ടുകാരനും, കിങ്ങിണിക്കാരനും, ജഞ്ചിറക്കാരനും പിന്നാലെ അതേ വേഗത്തില്‍ ഒപ്പിച്ചുപിടിച്ചോടി.
എന്നാലോ, നാദാപുരം വെന്തതൊന്നും ആലിയറിഞ്ഞില്ല എന്ന അവസ്ഥയിലായിരുന്നു ഹാര്‍മ്മോണിയം ഭാഗവതര്‍. കൈവിട്ടുപോയ ശ്രുതിയുമായി, അപ്പോഴും ഹാര്‍മ്മോണിയക്കട്ടകളില്‍ തലകുത്തി, വിദ്വാന്‍ ഒരേ ഇരിപ്പായിരുന്നു!
ശ്രുതിക്കുഴലിനെ കരിച്ച ചാരായം പള്ളയില്‍ പേറി പാട്ടുകാരും മറ്റ്‌ അകമ്പടിക്കാരും സ്ഥലം വിട്ടതില്‍പ്പിന്നെ അല്‍പ്പം കഴിഞ്ഞാണ്‌ അയാള്‍ പാട്ട്‌ നിലച്ച വേദിയിലേക്കുണര്‍ന്ന്‌, തലപൊക്കി
ചുറ്റും നോക്കിയത്‌. കൂട്ടുകാരാരെയും കാണാഞ്ഞ്‌, കണ്ണു തിരുമ്മി വീണ്ടുമൊന്ന്‌ നോക്കിയപ്പോള്‍, കള്ളിടപാടുകൊണ്ടു കിട്ടിയ ഇരട്ടക്കാഴ്ചയില്‍ കണ്ടു: `ദേ നിക്ക്ണൂ, കിടന്നിടംവിട്ട്‌ വേലാണ്ടി!`

"യെന്റെ വേലാണ്ടീ..." നീട്ടിയുള്ള ഒരു വിളി മാത്രമേ പിന്നെ കേട്ടുള്ളൂ.
ഹാര്‍മ്മോണിയം വിദ്വാനും തടിതപ്പി.

41 comments:

  1. ദീര്‍ഘമായ ഒരിടവേളക്ക് ശേഷം ഈ തണ്ണിത്താഹവുമായി വന്നു വല്ലാതെ ചിരിപ്പിച്ചല്ലോ. കിളിവേലാണ്ടിയുടെ കിളിയേയും കിളിക്കൂടിനെയും നിറം കെട്ട ചീട്ടിനെയും കുറിച്ച് ഏറെ ചാരുതയോടെ തന്നെ വര്‍ണിച്ചു തുടങ്ങുന്നതു വായിക്കുമ്പോള്‍ ഒരു ശോക കഥയാകുമെന്നാണ് വിചാരിച്ചത്. പതുക്കേ പതുക്കെ ശോകരസം പോയി നല്ല നര്‍മ്മത്തിലേക്ക് വാക്കുകള്‍ വഴി നടത്തിയപ്പോള്‍ അറിയാതെ ഒരു പുഞ്ചിരി വിടര്‍ന്നു. തമിഴ് നാട്ടില്‍ മരിച്ചയാളെ ഘോഷയാത്രയാക്കി പാട്ടു പാടി കൊണ്ടു പോവുമെന്ന് കേട്ടിട്ടുണ്ട്. ഇവിടെ ശോക ഗാനങ്ങള്‍ പാടി ചടങ്ങ് പൂര്‍ണമാക്കാന്‍ കൊണ്ടു വന്ന ഭാജനക്കാര്‍ ലഹരിപ്പുറത്ത് "മിണ്ടാതതെന്താണ് തത്തെ?" എന്ന് പാടുന്നെടത്തു നര്‍മത്തിന്റെ പഞ്ച് പൂര്‍ണമായി. നല്ല അവതരണം. കൂടുതല്‍ എഴുതുക.

    ReplyDelete
  2. ദീര്‍ഘമൌനത്തിന് ശേഷം ലക്ഷണമൊത്തൊരു കഥയുമായിട്ടാണല്ലോ വരവ്. ആ പാട്ടുകളുടെ വൈവിധ്യം ചിരിപ്പിച്ചു കേട്ടോ. ഇപ്പോഴും മരണവീടുകളില്‍ ഇങ്ങിനെയൊക്കെ കേള്‍ക്കാം..റിംഗ് ടോണുകളായിട്ട്

    ReplyDelete
  3. നന്നായി എഴുതി കേട്ടോ. ആദ്യമായാണിവിടെ എത്തുന്നതെന്ന് തോന്നുന്നു. രസിച്ച് വായിച്ചു.

    ReplyDelete
  4. രസകരമായ എഴുത്ത്. വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  5. നന്നായി ....വ്യതസ്തമായ ഒരവസ്ഥ നന്നായി ഒപ്പിയെടുത്തു .... ഇടവേളകളില്ലാതെ കഥകള്‍ പോരട്ടെ.

    ReplyDelete
  6. ഹാവു...
    തണ്ണി ത്താഹം ചിരിപ്പിച്ചു കളഞ്ഞല്ലോ.പേനയില്‍ നിന്നും ഇതുപോലെ ഒരു പാട് തികട്ടി വരട്ടെ
    http://leelamc.blogspot.com/

    ReplyDelete
  7. ഹ്ഹ്ഹ്ഹ് ഹ..!!
    രസായിട്ട്ണ്ട്..

    നാദാപുരം വെന്ത കഥ ആലി അറിഞ്ഞില്ല, ആ കഥ ഞാനുമറീല്ലാട്ടാ

    ReplyDelete
  8. ഒരു ജീവിതത്തിന്റെ സകലഭാരവും ചുമന്ന കിളിവേലാണ്ടിയെ ഭംഗിയായി വരച്ചിട്ടു, കാളിക്കുട്ടിയുടെ "ന്റെ തര്‍വാട്ട്‌ ബദ്രേ, ഈ ദെണ്ണങ്കണ്ട്‌ ന്‌ക്കാമ്പയ്യേയ്‌.." എന്ന വിലാപം മനസ്സില്‍ തട്ടുന്നതായി.....
    നിഷ്ക്കളങ്കരായ നല്ലവരായ നാട്ടുകാരുടെ പരിഛേതമായി ഭജനക്കാര്‍.
    `തണ്ണിത്താഹം`വായിച്ചു കഴിയുമ്പോള്‍ ചിരിക്കണൊ കരയണൊ എന്ന അവസ്ഥയിലായിപ്പോയി, വായിക്കാന്‍ നല്ല ഒഴുക്കുണ്ട്, ഇഷ്ടമായി ഈ കഥ.

    ReplyDelete
  9. പേരുപോലെ തന്നെ വ്യത്യസ്തമാർന്ന ഒരു കഥ
    വളരെ നന്നായിട്ടുണ്ട്.
    ഇനിയും ഇതുപോലെ പുതുമയാർന്നത് പ്രതീക്ഷിക്കുന്നു.
    ആശംസകൾ

    ReplyDelete
  10. ഏതേത് ഭാവത്തിലാവണം ഇവിടമെന്റെ ഹൃദയാലാപനം.
    ഒരേ സമയം ചിരിപ്പിക്കുകയും അതിന്റെ മറു പാതിയില്‍ കരയിപ്പിക്കുകയും വല്ലാതെ കണ്ടു ക്ഷോഭിച്ചു പോവുകയും ചെയ്യുന്ന ഒരു വായനാനുഭവമാണ് ഈ അക്ഷരങ്ങള്‍ എന്നിലൂട്ടുന്നത്.
    ജീവിച്ചിരിക്കേ വായ്ക്കരിയിടാന്‍ ആകുമോ ഇക്കൂട്ടങ്ങള്‍ക്ക്..?

    ReplyDelete
  11. ഒരു പുതുമ അനുഭവപെട്ടു

    ReplyDelete
  12. ആദ്യഭാഗം വായിച്ചപ്പോള്‍ നര്‍മ്മപ്രദം ആണെന്ന് തോന്നിയില്ല. പക്ഷെ, അവസാനം വരെ വായിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ആശംസകള്‍ :-)

    ReplyDelete
  13. പുതുമയിൽ തിളപ്പിച്ച തണ്ണിത്താഹം ദാഹം തീർക്കാൻ പര്യാപ്തമായി. ആശംസകൾ...........

    ReplyDelete
  14. നന്നായിരിക്കുന്നു ...വ്യത്യസ്തമായ രചന

    ReplyDelete
  15. ഈ എഴുത്ത് അവസാനം നർമ്മത്തിൽ എത്തിച്ചേരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല മാഷേ... തണ്ണിയടിച്ച് ബോധം കുറവാണെങ്കിലും കട്ടിലിൽ നിന്നിറങ്ങി വന്ന വേലാണ്ടിയെ കണ്ട് പേടിച്ച് പായാൻ നല്ല ബോധമുണ്ടായിരുന്നുവല്ലേ തണ്ണിത്താഹക്കാർക്ക്...

    അഭിനന്ദനങ്ങൾ..

    ReplyDelete
  16. തനി വടക്കൻ നാട്ടുഭാഷയുടെ താളലയത്തോടെ സഹിത്യത്തിൽ ചാലിച്ച് നർമ്മത്തിൽ ഉപസംഹരിച്ച ഉഗ്രൻ രചനാവൈഭവത്തോടെ നാളുകൾക്ക് ശേഷം ഗംഗാധരൻ സാർ വീണ്ടും ബൂലോകത്തിന്റെ കൈയ്യടി നേടിയതിൽ അഭിനന്ദനങ്ങൾ....!

    ReplyDelete
  17. :)
    ആ ചിത്രം ഒഴിവാക്കാം. അല്ലാതെ തന്നെ വാക്കുകൾ കൊണ്ട്‌ മനോഹരമായി ആ ചിത്രം വരച്ചിടുന്നുണ്ട്‌.

    ReplyDelete
  18. നല്ല ഗൌരവത്തിൽ അങ്ങനെ വായിച്ച് വായിച്ച്......ഒടുക്കം പൊട്ടിച്ചിരിച്ചു പോയി. ഇനീമിങ്ങനെ മിണ്ടാതിരിയ്ക്കേണ്ട, ഇടയ്ക്കിടെ ഓരോ പോസ്റ്റുകൾ ഉഷാറായി വരട്ടെ....

    ReplyDelete
  19. സലാം,
    പതിവു പോലെ വിശദമായിട്ടൊരു അഭിപ്രായം ചേര്‍ത്തു വെച്ചു. ഈ നല്ലൊരു കൈനീട്ടത്തിന്ന്‌ ഒരുപാട്‌ നന്ദി.

    അജിത്‌ ഭായ്‌,
    താങ്കളുടെ നല്ല വാക്കുകള്‍ ചൂടോടെ കൈപ്പറ്റുന്നു. ദീര്‍ഘമൗനം ഈ വിഡ്ഢിയ്ക്ക്‌ ഒട്ടും ഭൂഷണമായില്ല, സമ്മതിച്ചു.
    പിന്നെ, സാഹിത്യം അറിയില്ല എന്ന്‌ നടിച്ച്‌ പുസ്തകവും കക്ഷത്തിലിറുക്കി ബൂലോകത്തുനിന്നും ചുളുവിലങ്ങ്‌ പുറത്തു കടക്കാമെന്നുള്ള താങ്കളുടെ വ്യാമോഹം ഒഴിവാക്കണം, അജിത്‌ ഭായ്‌. അരുത്‌, പോകരുത്‌.

    മനോരാജ്‌,
    ആദ്യ വരവില്‍ തന്നെ ആത്മവീര്യം ഊട്ടുന്ന താങ്കളുടെ ആദ്യാക്ഷരങ്ങള്‍ക്ക്‌ ആദരവോടെ നന്ദി.

    keraladasanunni,
    വീണ്ടും വന്നു വായിച്ചു കുറിച്ചിട്ടതിന്‌ നന്ദി.

    പഥികന്‍,
    പഥികനായ താങ്കളുടെ പന്ഥാവില്‍ തടഞ്ഞ ഒരു ദുശ്ശകുനമായില്ലല്ലോ ഈ തണ്ണിത്താഹം, ശ്ശ്‌ സമാധാനമായി.
    ഇടവേളകള്‍ നീളാതിരിക്കാന്‍ ശ്രമിക്കാമെന്നു മാത്രം.

    ലീല എം ചന്ദ്രന്‍,
    ടീചറേ, നമസ്കാരം! ആദ്യ സന്ദര്‍ശനത്തില്‍ തന്നെ ലീലടീച്ചറെ ഒന്നു ചിരിപ്പിക്കാന്‍ സാധിച്ചുവല്ലോ എന്ന സംതൃപ്തി തന്നെ ധാരാളം.

    നിശാസുരഭി,
    നാഥാപുരം വെന്ത കഥ സത്യത്തില്‍ ഞാനും കേട്ടിട്ടേ ഉള്ളൂ, നിസു (ഈ ചന്തമിയന്ന സംബോധനം നമ്മുടെ മരുഭൂമി രമേശനില്‍ നിന്നും കടം വാങ്ങിയതാണ്‌, കേട്ടോ).

    മാണിക്യം,
    മാണിക്യത്തിളക്കമുള്ള താങ്കളുടെ നല്ലവാക്കുകള്‍ എന്റെ മനമിളക്കി. നന്ദി!

    the man to walk with,
    Thank you.

    Kalavallabhan,
    കലാവല്ലഭാ, നന്ദി. തീര്‍ച്ചയായും ശ്രമിക്കുന്നതായിരിക്കും.

    നാമൂസ്‌,
    ജീവിതാവബോധം ഒട്ടും ഇല്ലാതെ, തനിക്കുവേണ്ടിമാത്രമായി ഉള്ളതാണെന്ന്‌ ധരിക്കപ്പെട്ട തന്റേതായ ചെറിയ ലോകത്തില്‍ ഇന്നത്തേയ്ക്കു മാത്രമായി പൊറുത്തുവരുന്ന സമൂഹത്തിന്‌ ഉള്‍ക്കനമുള്ള ചിന്ത അന്യമാണല്ലോ, നാമൂസേ. നമുക്കു കേഴാം. വന്നു വിലപ്പെട്ട അഭിപ്രായം കുറിച്ചതിനു നന്ദി.

    mottamanoj,
    നന്ദി, മനോജ്‌.

    ReplyDelete
  20. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു,
    നന്ദി. സ്വപ്നജാലകം തുറന്നിട്ട്‌ വല്ലപ്പോഴെങ്കിലും ഒന്ന്‌ കീഴ്പോട്ട്‌ നോക്കുകയേ വേണ്ടൂ, സാബൂ. ഇപ്പുറത്തൊരിടത്ത്‌ സിഡ്നിയില്‍തന്നെ ഒരു കോണില്‍ ഞാനും കുടിയിരിപ്പുണ്ട്‌.

    sm sadique,
    സന്തോഷമേയുള്ളൂ, സാദിഖ്‌ ഭായ്‌.

    My Dreams,
    സ്നേഹപൂര്‍വ്വം, നന്ദി.

    വിനുവേട്ടന്‍,
    അങ്ങിനെ നര്‍മ്മത്തിലെത്തിക്കണമെന്ന്‌ ഞാനും വിചാരിച്ചേയില്ല, വിനുവേട്ടാ. സംഗതികളുടെ കിടപ്പ്‌ നിയന്ത്രണം വിട്ടതായി കണ്ടപ്പോള്‍ പൊതുജന സമക്ഷം ഒരു പരാതിതന്നെ ബോധിപ്പിക്കാമെന്നു തോന്നി. കൈത്തരിപ്പ്‌ തീരോളം എഴുതിവന്നപ്പോള്‍ പരാതിക്കാരനായ എനിക്കും ചിരിവന്നുപോയി.
    വന്നു മിണ്ടിയതില്‍ സന്തോഷം.

    മുരളീമുകുന്ദന്‍,
    തനി നാടന്‍ ശീലില്‍ കഥ പറഞ്ഞ്‌ അനുവാചക ഹൃദയം കേരഹരിതമാക്കാറുള്ള ബിലാത്തിപ്പട്ടണക്കാരന്‍ മുരളീഭായിയുടെ കൈയില്‍നിന്നും ചോര്‍ന്നുകിട്ടുന്ന പ്രശംസയുടെ മാറ്റ്‌ ഒട്ടും കുറയ്ക്കാതെതന്നെ ഈ കൈയില്‍ സൂക്ഷിക്കുക എന്ന ദൗത്യം നിര്‍വഹിക്കേണ്ടതിന്റെ ഭാരം ഓര്‍ക്കുമ്പോള്‍ ഈയുള്ളവന്റെ നെഞ്ചത്തൊരു കിടുകിടുപ്പ്‌ ഉണ്ടെന്നു മാത്രം.
    നന്ദി, നന്ദി!

    Sabu M H,
    കനമുള്ള അഭിപ്രായങ്ങളുമായി ബൂലോകത്തെത്താറുള്ള സാബുവിന്റെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി. ആ ചിത്രം ഒരു ചിത്രകാരനായ എന്റെ അളിയന്‍ അജിത്‌ (നമ്മുടെ അജിത്‌ ഭായ്‌ അല്ല, കേട്ടോ) ഈ കഥ വായിച്ചപ്പോള്‍ വരച്ചേല്‍പ്പിച്ചതാണ്‌. അദ്ദേഹത്തിന്റെ ഔദാര്യം സ്വീകരിച്ചു കഥാമേനിയ്ക്ക്‌ ഊനം തട്ടാത്തവിധത്തില്‍ വാലില്‍ തിരുകിവെച്ചുവെന്നേ ഉള്ളൂ. വായിക്കാനെത്തിയതിനു നന്ദി.

    Echmukutty,
    വന്നു വായിച്ചതില്‍ സന്തോഷം, എച്ച്മുക്കുട്ടീ.
    എഴുതാന്‍ വേണ്ടി ഇരുന്ന്‌ എഴുതുക എന്നത്‌ അല്‍പം ശ്രമകരമാവും. എങ്കിലും, ശ്രമിക്കാം എന്നു മാത്രം തല്‍ക്കാലം വാക്കു തരാം.

    ReplyDelete
  21. ഭാഷയുടെ വിഭിന്ന ഭാവം,തനി വടക്കൻ നാട്ടുഭാഷയുടെ താളലയത്തോടെയുള്ള അവതരണം...ഒരു വി.കെ.എൻ.ടച്ച് ഇടക്ക് ബ്ലോഗുകളിൽ കാണഞ്ഞപ്പോൾ വിഷമം തോന്നി,ഈ തിരിച്ച് വരവിൽ വളരെ സന്തോഷം...എഴുതിത്തുടങ്ങുന്ന ബ്ലോഗ് കൂട്ടർക്ക് ഈ രചനകൾ പാഠം ആകട്ടേ....അങ്ങക്ക് എല്ലാ ഭാവുകങ്ങളും...

    ReplyDelete
  22. ബിലാത്തി മലയാളിയിലെ ഇയാഴ്ച്ചത്തെ വരാന്ത്യത്തിൽ ഈ കഥയുടെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ ഗംഗാധരൻ സാർ

    ദേ ഇവിടെ നോക്കുമല്ലൊ
    Current Issue Oct 14-21(WEEK 42)

    https://sites.google.com/site/bilathi/vaarandhyam

    ReplyDelete
  23. നല്ല രചന. ഒരു വ്യത്യസ്തമായ ശൈലി.

    ReplyDelete
  24. ആദ്യമായാണ് അങ്ങയുടെ രചനകള്‍ വായിക്കുന്നത്.വായിച്ച് കമന്റ് എഴുതാതെ മാറ്റിവെച്ച് വീണ്ടും വായിച്ചു.എത്ര ഭംഗിയായാണ് അങ്ങ് എഴുതുന്നത്.ഇപ്പോള്‍ സിഡ്നിയില്‍ പ്രവാസിയായി കഴിയുമ്പോഴും., തനി വടക്കന്‍ മലബാര്‍ ഗ്രാമീണജീവിത സ്പന്ദനം അങ്ങയുടെ ഉള്ളില്‍ ഉണ്ട് എന്ന് തെളിയിക്കുന്നുണ്ട് ഈ രചന.

    നിലവാരമുള്ള നല്ല വായനാനുഭവം... അങ്ങയുടെ മറ്റു രചനകള്‍കൂടി വായിക്കുവാന്‍ താത്പര്യമുണര്‍ത്തി ഈ വായന....

    ReplyDelete
  25. ചന്തുനായര്‍
    വന്നു വീണ്ടും പുറത്തു തട്ടിക്കൊണ്ടാണ്‌ പോയത്‌. നന്ദി. പഴമക്കാരായ നമ്മില്‍ നിന്ന്‌ തുടക്കക്കാര്‍ക്കും, അവരില്‍ നിന്ന്‌ നമുക്കും ധാരാളം കൈമാറി എടുക്കന്‍ ഉണ്ട്‌ എന്നു തന്നെയാണ്‌ താങ്കളുടെ അഭിപ്രായത്തില്‍ നിന്നു എനിക്കു വായിച്ചെടുക്കാന്‍ സാധിച്ചതും.

    മുരളീമുകുന്ദന്‍
    വലിയ ഉപകാരം. നന്ദി ഇവിടെ കുറിച്ചിടുന്നു.

    കുസുമം ആര്‍ പുന്നപ്ര
    കുസുമം ആദ്യമായി എത്തിയതാണിവിടെ എന്നാണെന്റെ ഓര്‍മ്മ. അഭിപ്രായത്തിനു നന്ദി.

    Pradeep Kumar
    സുഹൃത്തേ, നന്ദി.
    ഇന്നിന്റെ കാല്‍ക്കീഴില്‍ ചവിട്ടിമെതിക്കപ്പെടാന്‍ മാത്രം പിന്‍വാതില്‍പ്പുറത്ത്‌ നിലം പറ്റി നില്‍ക്കുന്ന ഇന്നലെയുടെ ജീണ്ണിച്ചു പറിഞ്ഞു കിടപ്പുള്ള ചവിട്ടിപ്പായകള്‍ ഇതാ ഇവിടെ:
    വിശ്വാസങ്ങള്‍
    ഒടിയന്‍
    പൊട്ടന്‍ ചന്തു
    (പഴയ പോസ്റ്റുകളില്‍ നിന്നും ചിള്ളിയെടുത്ത്‌ വായിച്ചാലും)

    ReplyDelete
  26. ഒരു പാട് കാരണങ്ങളാല്‍ വായന പലകുറി പൂര്‍ത്തിയായില്ല .ഇപ്പോളാണ് പൂര്‍ണ്ണമായി വായിക്കാന്‍ പറ്റിയത് ..ഈ കഥയെ രണ്ടു കഥയായി രണ്ടു ഭാവത്തില്‍ എഴുതാം എന്നാണു എനിക്ക് തോന്നിയത് .ആദ്യ ഘട്ടത്തിലെ ശോക മൂക ഭാവം /പെട്ടെന്ന് നര്‍മ്മമായി മാറുന്ന transition അത്ര എളുപ്പമായി വായനക്കാരുടെ ഉള്ളില്‍ നടന്നില്ല എന്നതാണ് എന്റെ അനുഭവം
    കൊണ്ട് തോന്നുന്നത് ,
    വേലാണ്ടി എന്ന പക്ഷിശാസ്ത്ര ക്കാരന്റെ ജീവിതം മാത്രം ഒരു തീം ആയെടുത്തു എഴുതിയാല്‍ മനോഹരമായ ഒരു കഥയാകും
    മരണ വീട്ടില്‍ ഭജന നടത്താന്‍ വെള്ളം അടിച്ചു പോയവര്‍ക്ക് സംഭവിക്കുന്ന അമളികള്‍ മാത്രം ഫോകസ് ചെയ്തു നര്‍മ്മവും പ്രയോഗിക്കാം ..എന്റെ എളിയ നിര്‍ദേശം മാത്രമാണിത് കേട്ടോ സര്‍ ,
    ഈ എഴുത്തും മനോഹരമായിട്ടുണ്ട് ..ആശംസകള്‍ :)

    ReplyDelete
  27. അമേശ്‌ അരൂര്‍

    രമേശന്‍ ചൂണ്ടിക്കാണിച്ച പ്രകാരത്തിലുള്ള രണ്ടുഭാവങ്ങളുടെ സങ്കലനം പ്രത്യക്ഷത്തില്‍ ഉണ്ടാവണം എന്ന്‌ രചനാരംഭത്തില്‍ ഒട്ടും തന്നെ ഉദ്ദേശിച്ചിരുന്നില്ല. സംഭവാനുക്രമേണ കഥയില്‍ വന്നുചേര്‍ന്ന അവസ്ഥാന്തരം കടുത്ത ചായക്കൂട്ടോടെ വരച്ചിടാന്‍ ശ്രമിച്ചപ്പോള്‍ മേല്‍പറഞ്ഞ ഭാവങ്ങളുടെ ആക്കം അതാതിന്റേതായ ഏറ്റക്കുറച്ചിലോടെ ചോര്‍ന്നുപോയതാവാം മൂഖ്യ കാരണം. വേലാണ്ടി മരിച്ചു, എന്നു മാത്രം പറഞ്ഞു തുടങ്ങുന്നതിനു പകരം, ദയനീയനായ വേലാണ്ടിയുടെ പഞ്ഞംപിടിച്ച പശ്ചാത്തലം എടുത്തുകാട്ടി. അപ്പോള്‍ ഉണ്ടായ ശോകഭാവം, പിന്‍തുടര്‍ന്നെത്തിയ കള്ളില്‍കുതിര്‍ന്ന സ്വാര്‍ത്ഥത പുറംതുപ്പിയ നര്‍മ്മഭാവത്തിന്മേല്‍ ഒരു ചരമാവരണമായി നിലനിന്നുപോയി എന്ന്‌ കണ്ടെത്താം. എന്തായാലും, ഈ ന്യൂനത കൊണ്ടുണ്ടായേക്കാവുന്ന വായനാനുഭവത്തിന്റെ ഏറ്റക്കുറച്ചില്‍ ഫലത്തില്‍ എന്താവാമെന്ന്‌ രമേശന്റെയും മറ്റു പല വായനക്കാരുടെയും വിശദീകരണത്തിലൂടെ ഗ്രഹിക്കാന്‍ ഇടകിട്ടിയതില്‍ സന്തോഷമുണ്ട്‌. വിശദമായ ഈ വിലയിരുത്തലിന്‌ ഏറിയ നന്ദി.

    ReplyDelete
  28. ഇരിപ്പിടം പുതിയ ലക്കത്തില്‍ ഈ ബ്ലോഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്

    ReplyDelete
  29. പ്രിയ സുഹൃത്തേ, ഒരുപാട്‌ നന്ദി.

    ReplyDelete
  30. എത്ര മനോഹരമായ അവതരണം.. മാതൃകയാക്കാൻ പറ്റുന്ന പോസ്റ്റ്. അഭിനന്ദനങ്ങൾ...

    ReplyDelete
  31. നന്നായി മാഷേ.. ഭാഷയില്‍ അല്‍പ്പം പുതുമ തോന്നി
    നന്നായി എന്ജോയ്‌ ചെയ്തു. തീര്‍ച്ചയായും വീണ്ടും വരും,..

    ReplyDelete
  32. ഈ കഥയില്‍ ഞാനേറ്റവും ആസ്വദിച്ചത് അന്യം നിന്നു പോവുമോ എന്ന് നാം ഭയക്കുന്ന അനവധി മലയാളപദപ്രയോഗങ്ങളാണ്. കൂനകൂടി, ചിതംപോലെ, ചിള്ളിത്തപ്പി...തുടങ്ങി ആദ്യഭാഗത്തെ ചിത്രം വരച്ചുവെച്ചപോലെ വര്‍ണ്ണിച്ചപ്പൊള്‍ ലക്ഷ്ണമൊത്ത ഒരു കഥ വായിക്കുന്ന സുഖം.

    സ്വന്തം കല്യാണച്ചടങ്ങിന് മോരുകുടിച്ച് ആടിയെത്തിയ നവവരനെക്കുറിച്ച് വായിച്ചതോര്‍മ്മ വന്നു.

    ReplyDelete
  33. ആധ്യമയിട്ടാണ് ഇവടെ വന്നത് വെറുതെ ആയില്ല ..ലാളിത്യം തോന്നുന്നുണ്ട് ...ആശംസകള്‍

    ReplyDelete
  34. Jefu Jailaf
    kanakkoor
    ചിരാമുളക്‌
    Pradeep paima

    ആദ്യ സന്ദര്‍ശകരായ എന്റെ സുഹൃത്തുക്കളേ, നിങ്ങളുടെ കൂട്ടുകെട്ടുകള്‍ക്കു മുന്‍പില്‍ എന്റെ നമോവാകം!
    നിങ്ങളുടെ വാക്കുകള്‍ എനിക്കുത്തേജനം. നന്ദി.

    ReplyDelete
  35. valare asswadhyakaramayi..... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..................

    ReplyDelete
  36. അവസാനമെത്തിയപ്പോൾ ചിരിക്കണൊ അതോ കരയണൊയെന്ന് അറിയില്ലായിരുന്നു. കാരണം ആദ്യഭാഗം തന്നെ. അതിന്റെ ശോകമൂകഭാവത്തിൽ നിന്നും പുറത്തുകടക്കാനായില്ല.
    "ന്റെ തര്‍വാട്ട്‌ ബദ്രേ, ഈ ദെണ്ണങ്കണ്ട്‌ ന്‌ക്കാമ്പയ്യേയ്‌..." ഈ ഡയലോഗായിരുന്നു മനസ്സ് നിറയെ...!
    പല വാക്കുകളും ആദ്യമായിട്ടാ കേൾക്കുന്നത്.
    നന്നായിട്ടെഴുതി.
    ആശംസകൾ..

    ReplyDelete
  37. hello sir,
    I am coming here for the first time..
    i liked it.. my malayalam editor doesnt work.. i will come again..

    ReplyDelete
  38. റൊമ്പ .. പ്രമാദമാന എഴുത്ത് എന്ന് ഇതിനെയല്ലേ പറയേണ്ടത്..
    കുറച്ചു നാളുകള്‍ക്കു ശേഷം ആദ്യന്തം രസിച്ചു വായിച്ച രചന ...
    കൈ വഴക്കമുള്ള ഒരു ക്രാഫ്റ്റ് മാന്‍ അതി മനോഹരമായി ഇഴ ചേര്‍ത്ത ഈ
    തണ്ണി താഹം മനസ്സിലെന്നും തങ്ങി നില്‍ക്കും ..
    ആശംസകള്‍ സര്‍ ,,,,,, ഫോളോ ചെയ്തിട്ടുണ്ട് .. എങ്കിലും പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍
    വിഷമം ഇല്ലെങ്കില്‍ ഒരു മെയിലിലൂടെ വിളിക്കുക .....

    ReplyDelete
    Replies
    1. jayarajmurukkumpuzha,
      വി കെ,
      കൂതറ Hashim,
      എല്ലാവരും വന്ന്‌ അല്‍പമെങ്കിലും രസിച്ചു പോയതില്‍ സന്തോഷം.

      SREEJITH MOOTHEDATH, ആദ്യ വരവിനും വായനയ്ക്കും കുറിപ്പിനും നന്ദി.
      വേണുഗോപാല്‍,
      ആദ്യസന്ദര്‍ശനത്തില്‍ തന്നെ തൃപ്തിയോടെ പ്രമാദമാന വാക്കുകള്‍ കുറിച്ചിട്ടു പോയതിന്‌ ഏറിയ നന്ദി.

      Delete