(ചുരമാന്തുന്ന സ്വാര്‍ത്ഥതയുടെ അടക്കാനാവാത്ത ദാഹം!
- തണ്ണിത്താഹം.
പുളിച്ച കള്ളില്‍ കുതിര്‍ന്ന കൂട്ടക്കൂത്താട്ടിന്റെ ഒടുക്കം ആടിയാടി അവര്‍ പുല്‍പ്പായില്‍ കുഴഞ്ഞു വീണ കാഴ്ച സ്തബ്‌ധനായി നോക്കിനിന്ന എന്റെ പേനയില്‍ തികട്ടിവന്നത് ഇങ്ങനെ....)
മച്ചില്‍ തൂക്കിയ കമ്പിക്കൂട്ടിലെ രണ്ട് തത്തകളും, ഒരു കുത്ത് പഴയ ചീട്ടും- കിളിവേലാണ്ടിയുടെ പണിസാമാനങ്ങളായി.
നിത്യേന തത്തയുടെ ചവണക്കൊക്കിന്റെ കൊത്തേറ്റ് ചീട്ടുകളുടെ കോലംകെട്ടിരിക്കുന്നു. വക്കും കോണും പറിഞ്ഞിട്ടും പുതിയൊരു കുത്ത് ചീട്ട് വാങ്ങിയില്ല. അതിനുള്ള വകയില്ലായിരുന്നു. തത്തമ്മ കൊത്തിയെടുത്തിടാറുള്ള ചീട്ട് ഏതുഗണത്തില്‍ പെടുന്നുവെന്നു പോലും തിരിച്ചറിയാന്‍ പറ്റാത്ത പരുവത്തിലാണ് അതിന്റെ കിടപ്പ്. എന്തുതന്നെയായാലും ഭാവിഫലം പറയുന്നതില്‍ വേലാണ്ടി മുന്നില്‍ത്തന്നെ. നാടും നാട്ടാരുടെ ചൂരും കണ്ടറിഞ്ഞ് ആണ്ടോടാണ്ട് ശേഖരിച്ചുവെച്ച എണ്ണിയാല്‍തീരാത്ത സംഗതികള്‍ അയാളുടെ തലച്ചോറില്‍ കൂനകൂടി കിടപ്പുണ്ട്. ചിതംപോലെ പലപ്പോഴും, മനുഷ്യന്റെ കൈവരകള്‍ മറികടന്നും അയാള്‍ തന്റെ മണ്ടക്കകത്തെ കൂന ചിള്ളിത്തപ്പി പുറത്തെടുത്ത വസ്തുതകള്‍ നിരത്തി തന്ത്രപൂര്‍വ്വം അന്യന്റെ ഭാവി പ്രവചിച്ചു. ചുമലില്‍ കിളിക്കൂടും പേറി പൊള്ളുന്ന നിലത്ത് അരണ്ടുവീഴുന്ന സ്വന്തം നിഴലില്‍ ചവിട്ടിനടന്ന് വീടുകള്‍തോറും തെണ്ടി, അപരന്റെ ഭാവി പാട്ടായി പാടിക്കേള്‍പ്പിച്ചു. വഴിയളക്കാതെ നടന്നു തളര്‍ന്ന് ഒടുവില്‍ സ്വന്തം ഭാവിയുടെ കരാളരൂപം പതിഞ്ഞ നിഴലില്‍ ഊരകുത്തിവീണു, കിടപ്പിലായി.
യജമാനന്‍ കട്ടിലിലായതോടെ തിന്നാന്‍ ധാന്യം കിട്ടാതെ തത്തകള്‍ രണ്ടും ചത്തു. അയാളുടെ കിടപ്പുമുറിയില്‍ ഒരു മൂലയ്ക്ക് ഒഴിഞ്ഞ കിളിക്കൂട് മാറാലകെട്ടി കഴുക്കോലില്‍ തൂങ്ങിനിന്നു. അതിന്റെ ഇരുമ്പുകമ്പികളില്‍ അള്ളിപ്പിടിച്ചുനിന്ന് ചിലച്ച പല്ലിയുടെ ദിശനോക്കി അയാള്‍ ഗണിച്ചു. ദുശ്ശകുനം മനക്കണ്ണില്‍ കണ്ടു വിറച്ചു!
വിറയലോടെ വേലാണ്ടി കിടന്ന കിടപ്പുതന്നെ- വെക്കം വീര്‍ത്തമരുന്ന നെഞ്ചില്‍ കുടുങ്ങിനില്‍പ്പുള്ള ചിലമ്പിച്ച നിശ്വാസമായും, കാളിക്കുട്ടി നീട്ടുന്ന തുരുമ്പെടുത്ത കോളാമ്പിയില്‍ വായറിയാതെ വീഴുന്ന ചുകന്ന നുരയായും!
അഴുക്കുപുരണ്ട ചുമരില്‍ പതിയാറുള്ള ഒഴിഞ്ഞ കിളിക്കൂടിന്റെ നീളുന്ന നിഴല്‍ അങ്കലാപ്പോടെ തുറിച്ചു നോക്കിക്കൊണ്ട് അയാള്‍ പിച്ചുംപേയും പറയും. അതു കേട്ട് മകള്‍ തങ്കച്ചി ഉള്‍ക്കിടിലത്തോടെ പെറ്റമ്മയെ വിളിക്കും. വിളികേട്ട് തള്ള വീണ്ടും പാഞ്ഞെത്തും. മനോദുഃഖം ഉരുക്കിയൊഴിച്ച വാക്കുകളില്‍ തറവാട്ട് ദൈവത്തെ വിളിക്കും: "ന്റെ തര്‍വാട്ട് ബദ്രേ, ഈ ദെണ്ണങ്കണ്ട് ന്‌ക്കാമ്പയ്യേയ്..."
ഒരേയൊര് അകസാമാനമായി കുടീലുള്ള കാലിളകിയ പീഞ്ഞക്കട്ടില്‍പ്പുറത്ത് വിരിച്ച പായില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന്, ചാതംകിട്ടാതെ വെപ്പ്രാളംകൊള്ളുന്ന കെട്ട്യോനെ നോക്കി, കട്ടില്‍ചാരി കാളിക്കുട്ടി ഇരിക്കും. സിമെന്റ്പോയ നിലത്ത് സന്ധിവീക്കമുള്ള കാലുകള്‍ നീട്ടി ചാഞ്ഞിരിക്കെ, ആശയറ്റ് മച്ച് നോക്കിക്കിടക്കുന്ന തന്റെ കണ്ണായ കണവനോട് ഉരിയാടാന്‍, കാളിയ്ക്ക് വെറും മൗനസാന്ത്വനങ്ങള്‍ മാത്രമേയുള്ളൂ.
ഭജനസംഘപ്പ്രമാണി, തബലക്കാരന്‍ തമ്പാന്‍ പതിവുപോലെ വന്ന് അന്വേഷിച്ചു പോയി: "ബേലാണ്ടിക്ക് ബേഗത്തില് ബേതൊംണ്ടാകട്ടെ കാളീ. ബെസമം എല്ലാര്‍ക്കൂണ്ട്ന്ന് നീ നിരീച്ചോ. എന്നാപ്പിന്ന ഞാ കീയട്ട്. നാളക്ക് ഇഞ്ഞ്യുംങ്ങ് ബെരാലോ..."
നാക്കൊന്ന്, മനസൊന്ന്. മനസ് പറഞ്ഞതിങ്ങനെ: `ഇനീം നിന്റെ കെട്ട്യോന്‍ ഊര്‍ദ്ദംബലി തൊടങ്ങീല്ലേ, കാളിക്കുട്ട്യേ...?`
ഒടുക്കത്തെ ആ വലി എത്തിയിട്ട് വേണം ഹാര്‍മ്മോണിയവും, കിങ്ങിണിയും തബലയും ജഞ്ചിറയും ഒക്കെ താങ്ങി മരണവീട്ടില്‍ ചെന്ന് എഴപറിഞ്ഞ പുല്ലുപായില്‍ കൂടിയിരുന്ന് ഭജനമേള തുടങ്ങാന്‍. നിബന്ധനകളില്ലാതെ, അമ്പലക്കമ്മിറ്റി ഭജനസംഘത്തിന് ഏല്‍പ്പിച്ചതാണ് ഈ ചുമതല. പാട്ടേത്, കൊട്ടേത്? എല്ലാം സംഘക്കാരുടെ എതം പോലെ. പാട്ടുകളുടെ പോക്കനുസരിച്ച് ഒപ്പിച്ചെടുക്കുന്ന ഇടവേള, പക്ഷെ, തായംമുക്കിലെ ഷാപ്പില്‍ത്തന്നെയാവണം എന്ന് ഇക്കൂട്ടര്‍ക്ക്, നിര്‍ബന്ധമുണ്ട്.
നാട്ടുസമ്പ്രദായപ്പ്രകാരം, കാളിക്കുട്ടി കഴുത്തിലെ ചരട് അഴിച്ചുവെക്കേണ്ട ദിവസവുംകാത്ത് വേലാണ്ടിയുടെ വീട്ടുപടി കയറിയിറങ്ങിക്കൊണ്ടിരുന്ന തമ്പാന്‍ ക്ഷമകെട്ടിരിക്കെ, ഒരുദിവസം ഉറുപ്പിക നൂറിന്റെ രണ്ട് കടലാസ് കൈയ്യില്‍ ചെന്ന് വീണു. നോട്ടുകടലാസുകളുടെ മറവില്‍ കുറിച്ചിടപ്പെട്ട സന്ദേശം എളുപ്പത്തില്‍ അയാള്‍ വായിച്ചെടുത്തു: വേലാണ്ടിയുടെ കതകയ്ഞ്ഞു! സന്ദേശവുമായി ഗോത്രക്കമ്മിറ്റി സെക്രട്ടറി വിക്കന്‍ദാസപ്പന്‍മാഷ് തേടിച്ചെന്നെത്തിയതും മൂക്കനന്തോണിയുടെ തായംമുക്കിലെ കള്ളുഷാപ്പില്‍ത്തന്നെ.
"നീട്ട് കൈ," എന്നും പറഞ്ഞ് വാദ്‌വെക്കുംപോലെ നൂറിന്റെ നോട്ട്കടലാസ് തമ്പാന്റെ ഉള്ളംകൈയ്യില്‍ കമിഴ്ത്തിയടിച്ച്കൊണ്ട് ചെറിയൊരു താക്കീത്: "ഇനി മയ്യാക്കി ബേഗങ്ങട്ട് ചെന്ന് ബജനം തൊടങ്ങ്ക്കോ."
"തെരക്കാക്കാമ്പെരട്ട് മാഷേ, ഇതങ്ങന പോയി തൊടങ്ങാമ്പറ്റ്ന്ന ബജനോല്ലാ. ചത്ത പൊരെയ്‌ലെ ബജനാ. അയ്ന് ഉശിരും ബീര്യോം ഇനീം കിട്ടാന്‍ണ്ട്ന്ന് കൂട്ടിക്കോ." പ്രതികരണം പ്രതീക്ഷിച്ചതുതന്നെ. നൂറിന്റെ കടലാസുകള് നീട്ടിക്കൊടുത്തത് ഇക്കൂട്ടരുടെ `തണ്ണിത്താഹ` ത്തിനാണെന്നു മനസ്സിലാക്കിയ ദാസപ്പന്‍മാഷ് ഉടക്കാന്‍ നിന്നില്ല. നാട്ടുനടപ്പു പ്രകാരം നിവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ അയാള്‍ക്ക് വേറെ ഇനിയും കിടക്കുന്നുണ്ട് താനും.
വേലാണ്ടിയെ കുളിപ്പിച്ചു നടുവകത്ത് കിടത്തിക്കഴിഞ്ഞു. ഉടുപ്പിക്കാന്‍ കോടിയും, ചാര്‍ത്താന്‍ പൂമാലയും നാട്ടുകാരുടെ വകയാണ്. പാവപ്പെട്ടവനായാലും പണക്കാരനായാലും അതേറ്റു വാങ്ങണമെന്ന നാട്ട്‌വഴക്കം പണ്ടേ ഉണ്ട്. പട്ടും പൂമാലയുമായി സെക്രട്ടറി ദാസപ്പന്‍മാഷ് നേരത്തേ എത്തിയിരുന്നു. പരസഹായം കൂടാതെ കാര്യങ്ങള്‍ നടത്താന്‍ കഴിവില്ലാത്തവര്‍ക്ക് കമ്മിറ്റിയുടെ ദാനപ്പണം വേറെയും കിട്ടാറുണ്ട്. കാളിക്കുട്ടിയുടെ കൊച്ചുപുരയിലും അല്ലറച്ചില്ലറപ്പൈസ ദാസപ്പന്‍വഴി എത്തിക്കൊണ്ടിരുന്നു. പെറുക്കിപ്പിടിച്ച് കുറച്ച് തുട്ട്, കാലഹരണപ്പെട്ട വേലാണ്ടിയുടെ പേരില്‍ ഭജനക്കാരുടെ `തണ്ണിത്താഹ`ത്തിനുവേണ്ടി തായംമുക്ക് ഷാപ്പിലെ അന്തോണിയുടെ പണപ്പെട്ടിയിലും ചെന്നു വീണു.
അവകാശം ഭദ്രമായി വീതിച്ചെടുത്ത ഭജനക്കക്ഷികള്‍ അഞ്ചും മരണവീട്ടില്‍ കയറിച്ചെന്നത് ദുശ്ശകുനത്തോടെയാണ്. കാലുകഴുകാന്‍ പടിക്കല്‍വെച്ച വാല്‍ക്കിണ്ടിയും വെള്ളവും, തബലക്കാരന്‍ തമ്പാന്റെ കുഴഞ്ഞ കൊക്കരക്കാല് തട്ടി താഴെവീണു.
"പണ്ടാരം മനിശമ്മാര ബയ്‌നടക്കാനും തമ്മേയ്ക്കേല!"- മുറുമുറുപ്പിനിടയില്‍ തമ്പാന്‍ പടിക്കല്ലിലിട്ടൊരു ചവിട്ടും കൊടുത്തു. കല്ലനങ്ങിയില്ല, തമ്പാന്റെ കാലുളുക്കി. നോവുകൊണ്ട കാലുംപേറി മുടന്തിക്കൊണ്ടാണ് തുടര്‍ന്നുണ്ടായ നടത്തം.
കാലുകഴുകാതെയാണ് അഞ്ചുപേരും അകത്തു കടന്നത്. കാലില്‍ വെള്ളമൊഴിച്ചിട്ടുമാത്രമേ അകത്തു കയറാവൂ എന്ന കീഴ്‌വഴക്കം ഭജനസംഘം ലംഘിച്ചുവെങ്കിലും ആര്‍ക്കും ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം പോരായിരുന്നു. ചോദിച്ചാല്‍ അവര്‍ ഭജനം പാടാതെ വന്നവഴി ഇറങ്ങിപ്പോകും. സമാജക്കാര്‍ക്ക് ഇരുനൂറിന്റെ ചേതം, അത്രതന്നെ. കൈയിലെത്തിയ ഇരുനൂറ് കള്ളില്‍ കലങ്ങി വയറ്റിലെത്തിക്കഴിഞ്ഞിരിക്കുന്നു.
സംഘത്തിലെ നീണ്ടുമെല്ലിച്ച മീശക്കാരന്‍ നീര്‍ക്കോലിച്ചെല്ലപ്പനാണ് പാട്ട് തുടങ്ങിയത്. നീര്‍ക്കോലിയുടെ വലുപ്പമേ ഉള്ളെങ്കിലും തൊണ്ടകുത്തിപ്പുറത്തുവിട്ട ആലാപനം, കാലനോടുള്ള വെല്ലുവിളിപോലെ, മോന്തായം കുലുങ്ങുന്ന ഉച്ചസ്വരത്തിലാണ് പുറത്തുവന്നത്. വേലാണ്ടിപ്പാവത്തിന്റെ വേളയ്ക്ക് കമ്പക്കയറിട്ട കാലന്‍ ഒപ്പിച്ചുപോയ ഏടാകൂടത്തിനെതിരെ രാമനോടുതന്നെ വേണം തങ്ങളുടെ ഹരജി ബോധിപ്പിക്കല്‍ എന്നുറച്ചമട്ടില്‍, പിളര്‍ത്തിപ്പിടിച്ച വായോടെ തലകുലുക്കിക്കൊണ്ടയാള്‍ പാടി:
"ജാനകീരാമാ............"
ഹാര്‍മോണിയക്കാരന്‍ ഹരീരന്‍, നീര്‍ക്കോലി പാടുന്ന പാട്ടിന്റെ ശബ്ദഘോഷത്തിനൊത്ത് ഉച്ചസ്ഥായി സ്വീകരിച്ച് ശ്രുതി കൊടുത്തു. `അല്ല പിന്നെ,` എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടാവണം, പാട്ടിനും ഹാര്‍മ്മോണിയം വായനയ്ക്കും ഹരംകൊടുത്തുകൊണ്ട് തബലയോടൊട്ടിയിരുന്ന് തമ്പാന്‍, വീറോട്ടും കുറയാതെ, കൊട്ടാനും തുടങ്ങി. താളലയം തൊട്ടുവെക്കാന്‍പോലുമില്ലാതെ, ഏതോ പ്രമാദലഹരിയില്‍പ്പെട്ട്, പാട്ടിന്റെ ദിശ ഒരു വശത്തേക്കും തബലക്കൊട്ട് മറ്റൊരുവശത്തേക്കും നീങ്ങി. മേല്‍പറഞ്ഞ രണ്ടു ദിശയിലും പെടാതെയുള്ള തകര്‍പ്പനടിയാണ്, ജഞ്ചിറക്കാരന്റേത്. അടിയുടെ ഊക്ക് കണ്ടാല്‍ അയാളുടെ ചെമ്പുവളയിട്ട കൈ, ജഞ്ചിറയുടെ തുകലു പൊട്ടിച്ചപ്പുറത്ത് എപ്പോഴാണെത്തുകയെന്ന് പറയാനാവില്ല.
പാട്ടുകള്‍ തമ്മില്‍ ഒരു നിമിഷനേരത്തെ അകലംപോലും ഉണ്ടാകരുതെന്ന് ചട്ടംകെട്ടി ഉറപ്പിച്ചതു പോലെ അടുത്ത പാട്ട് ഉടനെ തുടങ്ങി:
"ഒരിടത്തു മരണം, ഒരിടത്തു ജനനം,
ചുമലില്‍ ജീവിത ഭാരം..."
കരയുന്നവരുടെ കരച്ചില്‍, ഭജനം പാടി നിര്‍ത്താമെന്ന് കേട്ടിട്ടുണ്ട്. എന്നാലോ, എല്ലാ ജീവിതഭാരവും ചുമലില്‍ പിടിപ്പിച്ച്, കരയാത്തവരെയും കരയിപ്പിച്ചേ വേറെകാര്യമുള്ളൂ എന്ന മട്ടില്‍ പഴയ ഒരു സിനിമാപ്പാട്ടുമായാണ് ഭജനസംഘം ഇപ്പോള്‍ അരങ്ങത്ത്. `ഒരിടത്തു ജനന`ത്തിനു പകരം, `ഒരിടത്തു മരണം`കൊണ്ട് തുടങ്ങിയെന്നുമാത്രം. മരവിച്ച വേലാണ്ടി കട്ടിലോടൊട്ടിക്കിടപ്പുള്ള ഈ അമൂര്‍ത്തനിമിഷത്തില്‍, മൂപ്പുറ്റ ചെത്തുകള്ള് ഉള്ളില്‍ വീശിയ ചൂട്ടുതീ അകക്കണ്ണില്‍ തെളിയിച്ച സിദ്ധാന്തമാണിതെന്ന് മറ്റുള്ളോര്‍ക്കെടുക്കാം: മരണം, ആദ്യം; ജനനം, പിറകേ....
പ്രതീക്ഷിച്ചതു സംഭവിച്ചു. ശോകാത്മകമായ ഈ ഗാനത്തിന് അകമ്പടിയെന്നോണം പശ്ചാത്തലത്തില്‍ പെണ്ണുങ്ങളുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍ മെല്ലെ വീണ്ടും തലപൊക്കി. അപ്പോള്‍, പാട്ടിന്റെ ശോകരസം, ആനുപാതികമായി കൂടിക്കൊണ്ടുമിരുന്നു. വികാരാധിക്യത്താല്‍ മന്ദംമന്ദമായി ഗാനം നിലച്ചു, തബലക്കൊട്ടിന്റെ പിരിമുറുക്കം കെട്ടു. തിമര്‍ത്തടിക്കപ്പെട്ട ജഞ്ചിറപോലും നിശ്ചലമായി. വായനനിര്‍ത്തി, ദൈന്യഭാവത്തോടെ ഇടതുവിരലുകളാല്‍ ഹാര്‍മോണിയത്തിന്റെ ബെലൗസ് ചലിപ്പിച്ചുകൊണ്ട് അല്‍പ്പനേരം ഹാര്‍മോണിയക്കാരന്‍ പെണ്ണുങ്ങളുടെ തേങ്ങലടികള്‍ക്കു ശ്രുതിയിട്ടുകൊടുത്തു.
ഇതിനിടയില്‍, മൗനാവലംബരായി ഇരുന്നുപോയ പാട്ടുകാരെ ഉണര്‍ത്തേണ്ട പരമദൗത്യം, ജാഗ്രത വിടാതെ അതുവരെ പതുക്കെ മുട്ടിക്കൊണ്ടിരുന്ന കിങ്ങിണിക്കാരന്‍ ഏറ്റെടുത്ത്, തന്റെ മുട്ടിന്റെ ഒച്ച പെട്ടെന്നു കൂട്ടി. കിങ്ങിണിയുടെ ആരവാരം കേട്ടു സഹകാരികള്‍ ഉണര്‍ന്നു, അവരവരുടെ കരണീയം തുടര്‍ന്നു.
പാടാന്‍ ചുമതലപ്പെട്ട പാട്ടുകാരുടെ ദുരവസ്ഥ കണ്ടറിഞ്ഞാവണം, അടുത്തതായി, കിങ്ങിണിക്കാരന്‍ തന്നെയാണ് പാട്ടേറ്റെടുത്തത്.
"ദേവീ, ശ്രീദേവീ, തെടിവരുന്നൂ ഞാന്‍,
നിന്‍ ദേവാലയ വാതില്‍ തേടി വരുന്നൂ ഞാന്‍...."
ചത്ത വീട്ടിന്റെ പശ്ചാത്തലം മാറ്റിപ്പിടിച്ചുകൊണ്ട് പാടിയ പാട്ടും, ഒത്തുപിടിച്ചുള്ള തന്റെ കിങ്ങിണിമുട്ടും ഉച്ചശ്രുതിതേടി വീണ്ടും ആരോഹണം തുടങ്ങവെ, കണ്ണില്‍ തീപ്പൊരി പാറിവീണതുപോലെ പോളകള്‍ അമര്‍ത്തി ചിമ്മിക്കൊണ്ട് അന്തംവിട്ട് മറ്റു നാലംഗങ്ങളും കിങ്ങിണിയെ നോക്കി കുത്തിയിരിപ്പായി. ഇതുകണ്ടുനിന്ന വീട്ടുകാരും, സഹതപിക്കാനെത്തിയ നാട്ടുകാരും, ആശ്ചര്യത്തോടെ മുഖത്തോടുമുഖം നോക്കി പിറുപിറുക്കാനും തുടങ്ങി. തുടങ്ങിയ പാട്ട് പാടിത്തീര്‍ത്തെങ്കിലും, പ്രതികരണം അപ്രീതികരമെന്നു കണ്ടപ്പോള്‍, പാട്ടുകാര്‍ മുന്നറിയിപ്പില്ലാതെ തന്നെ എഴുനേറ്റു പടിയിറങ്ങിപ്പോയി. ഗമയോടെ മുന്നില്‍ നടക്കാറുള്ള പ്രമാണിത്തമ്പാന്ന്, പരുക്കേറ്റ കാലുമായി ഏറ്റവും പുറകിലായി മുടന്തിനടക്കാനേ ഒത്തുള്ളൂ. പുലയാട്ട് പറഞ്ഞില്ലെങ്കിലും ചുണ്ടുകളില്‍ നൊടിപ്പുമായി വീര്‍പ്പിച്ച മുഖം കാട്ടിക്കൊണ്ടാണ് പടികടന്നത്.
ഏതാണ്ട് അരമണിക്കൂറിന്റെ ഇടവേളയ്ക്കു ശേഷം, ആരോടോ പകതീര്‍ക്കാനുണ്ടെന്ന മട്ടില്‍ പാട്ടുകാര്‍ പൂര്‍വ്വാധികം പദവിന്യാസപ്പിഴപ്പോടെ തിരിച്ചെത്തി. പല്ലുകളില്‍ പുരണ്ടുകിടപ്പുള്ള വെറ്റിലക്കറ പോലെ അവരഞ്ചുപേരുടെ കണ്ണുകളിലും ചുകപ്പ് നിറം കണ്ടു. വന്നപാടെ അവര്‍ പുല്‍പായില്‍ ചെന്ന് ഇരുന്നു. കുഴഞ്ഞുവീണെന്നു വേണം പറയാന്‍. അവര്‍ തേടിപ്പോയ ശ്രീദേവിയും, ദേവാലയവാതിലും ഏതെന്ന്, നോക്കിനിന്നവര്‍ക്ക് ഇപ്പോള്‍ ശരിക്കും പിടുത്തംകിട്ടി.
ആസവസേവനത്താല്‍ ആര്‍ജ്ജിച്ച ഊര്‍ജ്ജം പ്രയോഗിച്ച് ചത്തുമലച്ച്കിടക്കുന്ന വേലാണ്ടിത്തത്തയെ മിണ്ടിപ്പിക്കാനും, അറ്റുപോയ ചിറകുകള്‍ വീണ്ടും മുളപ്പിച്ചു പറത്താനും മോഹിച്ചിട്ടെന്നപോലെ നാടകീയത ഒട്ടും കുറക്കാതെ തന്നെ തുടങ്ങി, പണ്ടെന്നോ പാടിമറന്ന ഒരു നാടകപ്പാട്ട്:
"മിണ്ടാത്തതെന്താണ് തത്തേ?
ഒന്നും മിണ്ടാത്തതെന്താണ് തത്തേ...?"
പാട്ടിലെ, `മിണ്ടാത്തതെന്താണ് തത്തേ....?` യുടെ ഈണത്തിനൊത്ത് കൈനീട്ടി, ദയനീയത കലര്‍ത്തിയ ചോദ്യവുമായി, ഒന്നും മിണ്ടാതെ കിടക്കുന്ന വേലാണ്ടിയുടെ ജഡത്തിലേക്ക് തന്റെ ചോരക്കണ്ണെറിഞ്ഞ ശേഷം മെയ്യിളക്കിക്കൊണ്ട് തമ്പാന്‍ ഏറിയ ഭാവപ്പ്രകടനത്തോടെ തബല ആഞ്ഞുകൊട്ടി. അഭിനിവേശത്തിന്റെ മൂര്‍ഛയില്‍, മടക്കിവെച്ച കാല്‍മുട്ട് നിയന്ത്രണം വിട്ടു മുന്നോട്ട് തള്ളിപ്പോയി. ആ തള്ളില്‍ കിട്ടിയ തട്ടേറ്റ് ശവക്കട്ടിലിന്റെ ഇളകിക്കിടന്ന കാല് `പടേ`ന്ന് ആടിവീണു. അതോടെ സമനിലതെറ്റി ചരിഞ്ഞ കട്ടിലില്‍നിന്നും നാട്ടുകാരണിയിച്ച പട്ടുടുപ്പും പൂമാലയുമടക്കം വേലാണ്ടിയുടെ ജഡം ഊരിക്കുത്തി താഴേക്കുവന്ന്, തബലരണ്ടും രണ്ടുവശത്തേക്ക് തെറിപ്പിച്ചുകൊണ്ട് തമ്പാന്റെ മടക്കുകാലില്‍ത്തടഞ്ഞ്, ഒരു നോക്കുകുത്തി പോലെ നില്‍പ്പായി. ഓര്‍ക്കാപ്പുറത്ത് തെന്നിവന്നെത്തിയ വേലാണ്ടിയുടെ വിറങ്ങലിച്ച ചവിട്ടും, മരവിച്ച കാലിന്റെ തണുപ്പും ഏറ്റപ്പോഴാണ് തബലത്തമ്പാന്റെ കൂമ്പിപ്പോയ ചോരക്കണ്ണ് തുറക്കുന്നതും, തൊട്ടു മുന്‍പില്‍ ചരിഞ്ഞുനില്‍പ്പുള്ള സാക്ഷാല്‍ വേലാണ്ടിയുടെ രൂപം കാണുന്നതും.
വേലാണ്ടിത്തത്ത മിണ്ടിയില്ലെങ്കിലും എഴുനേറ്റുവന്ന് പറക്കാന്‍ തയ്യാറായി നില്‍പ്പുറപ്പിച്ചതു കണ്ട തബലത്തമ്പാന്‍ സംഭ്രാന്തിയോടെ എണീറ്റ് ഞൊണ്ടുകാലും തൂക്കിയെടുത്ത്, ആടിയാടി പുറത്തേക്കുള്ള വഴിതേടി ഓടി. ഇതുകണ്ട് സ്തംഭിച്ചിരുന്ന പാട്ടുകാരനും, കിങ്ങിണിക്കാരനും, ജഞ്ചിറക്കാരനും പിന്നാലെ അതേ വേഗത്തില്‍ ഒപ്പിച്ചുപിടിച്ചോടി.
എന്നാലോ, നാദാപുരം വെന്തതൊന്നും ആലിയറിഞ്ഞില്ല എന്ന അവസ്ഥയിലായിരുന്നു ഹാര്‍മ്മോണിയം ഭാഗവതര്‍. കൈവിട്ടുപോയ ശ്രുതിയുമായി, അപ്പോഴും ഹാര്‍മ്മോണിയക്കട്ടകളില്‍ തലകുത്തി, വിദ്വാന്‍ ഒരേ ഇരിപ്പായിരുന്നു!
ശ്രുതിക്കുഴലിനെ കരിച്ച ചാരായം പള്ളയില്‍ പേറി പാട്ടുകാരും മറ്റ് അകമ്പടിക്കാരും സ്ഥലം വിട്ടതില്‍പ്പിന്നെ അല്‍പ്പം കഴിഞ്ഞാണ് അയാള്‍ പാട്ട് നിലച്ച വേദിയിലേക്കുണര്‍ന്ന്, തലപൊക്കി ചുറ്റും നോക്കിയത്. കൂട്ടുകാരാരെയും കാണാഞ്ഞ്, കണ്ണു തിരുമ്മി വീണ്ടുമൊന്ന് നോക്കിയപ്പോള്‍, കള്ളിടപാടുകൊണ്ടു കിട്ടിയ ഇരട്ടക്കാഴ്ചയില്‍ കണ്ടു: `ദേ നിക്ക്ണൂ, കിടന്നിടംവിട്ട് വേലാണ്ടി!`
"യെന്റെ വേലാണ്ടീ..." നീട്ടിയുള്ള ഒരു വിളി മാത്രമേ പിന്നെ കേട്ടുള്ളൂ.
ഹാര്‍മ്മോണിയം വിദ്വാനും തടിതപ്പി.