Sunday, January 2, 2011
കാലം തിരുത്തിക്കുറിക്കുന്ന പ്രകൃതിഭംഗി!
എവിടെ? നീലാകാശമെവിടെ? നീലക്കടലെവിടെ?
- ഹൃദയഹാരിയായ പുതുവര്‍ഷ പ്രകൃതിയുടെ വിസ്മയവിലാസം എവിടെ?
അക്ഷത ഗ്രാമരമണീയതയില് ഉന്മീലിതമായ അഭിനിവേശം വീണ്ടും നെഞ്ചില്‍ തിരുകി, ഉന്മത്തതയോടെ കണ്ണോടിച്ചപ്പോള്‍....
ചക്രവാളസീമകളില്‍, തീജ്വാലയുടെ പുളയുന്ന പാളികള്‍! കണ്ണ് മങ്ങിപ്പിക്കുന്ന തീനാളങ്ങള്‍ക്കു പിറകില്‍, ഭൂമികുലുങ്ങുന്ന ഗര്‍ജ്ജനം!
ആടോലാലംബനായ മര്‍ത്ത്യന്റെ വിജ്ഞാ
നമണ്ഡപം വിട്ടെങ്ങോ അന്തിയുറങ്ങിയ ദിനകരന്‍, ഗര്‍ജ്ജനം കേട്ടുണര്‍ന്നില്ലേ? കാലത്തിന്റെ നിശബ്ദകാഹളം കേട്ടുണര്‍ന്നെത്താറുള്ള പ്രഭാകരന്റെ പ്രഭാങ്കുരം തെങ്ങോലത്തലപ്പത്ത് തങ്കച്ചായം പുരട്ടാറുള്ളതു മുടങ്ങിയോ?
തെങ്ങോല വിട്ട കാക്കച്ചിറകടി തൊട്ടുണര്‍ത്തിയ അണ്ണാരക്കണ്ണന്‍ വേലിത്തലപ്പു വിട്ടിറങ്ങി, മഞ്ഞുലച്ച കുശമണ്ണില്‍ കാലടിയാഴ്ത്തി വാല്‍പൊക്കിപ്പായുന്നു....
മാങ്കൊമ്പില്‍ കലഹിച്ചു, കനവുടച്ചോടിയ കണവനെത്തേടിയുയര്‍ന്ന കുയില്‍വിളി, പൂവന്റെ കൊക്കരക്കോ വിഴുങ്ങുന്നു....
ചുറ്റും മഴ കോരിച്ചൊരിയുന്നു, ഭ്രാന്തുകൊണ്ട ചൊരിച്ചല്‍....
ചൊരിയട്ടെ, ഉന്മത്തതയോടെ കോരിച്ചൊരിയട്ടെ...
വരണ്ട ഭൂമിയുടെ പിളര്‍ന്ന ചുണ്ടുകളില്‍ ദാഹജലം അരുവിയായിട്ടിറങ്ങട്ടെ....
ഇരുട്ടിന്റെ ആത്മാവില്‍ ഇടിമിന്നലിന്റെ കഠാരി ആഴത്തിലിറങ്ങട്ടെ....
കുടമുല്ലപ്പൂക്കളുടെ അടരുന്ന ദലങ്ങളില്‍ ചുണ്ടമര്‍ത്തി കരിവണ്ടുകള്‍ കരയട്ടെ....
നനഞ്ഞു തണുത്ത ഇരുട്ടിന്റെ കറുത്ത കമ്പിളിക്കുള്ളില്‍ വിറച്ചുറങ്ങുന്ന
ആല്മരക്കൊമ്പില് തൂങ്ങി കടവാതിലുകള്‍ തേങ്ങിക്കരയട്ടെ....
എങ്കിലേ, എങ്കില്‍മാത്രമേ, വിടരുന്ന മറ്റൊരു പുലരിയുടെ ലഹരിയില്‍ മയങ്ങുന്ന പ്രപഞ്ചത്തിന്റെ സ്വര്‍ഗ്ഗീയത നമുക്കാസ്വദിക്കാനാവൂ. പുതുവര്‍ഷാഘോഷത്തില്‍, എന്റെ കൈയിലെ പൂത്തിരി തുപ്പിത്തെറിപ്പിക്കുന്ന കൊച്ചു നക്ഷത്രങ്ങളുടെ തിളക്കം, എങ്കിലേ കൂടുകയുള്ളൂ....
പരാശക്തിക്ക് കൂപ്പുകൈ!
Subscribe to:
Posts (Atom)